പോലീസ് ഡയറി -15 : കള്ളൻ പവിത്രൻ

ജീവിതം വഴിമുട്ടിയ ഒരു മനുഷ്യൻ. കിടക്കാടമില്ല. കഴിക്കാൻ ആഹാരമില്ല. ഉറ്റവരും ഉടയവരുമില്ല.കൂലിവേലക്കു ആരോഗ്യവുമില്ല. എന്തെങ്കിലും വിശപ്പിനുവേണ്ടി കൈനീട്ടിയാൽ കൈ മലർത്തുന്നവരുടെ ഇടയിൽ വിശന്നു തളരുമ്പോൾ വിശപ്പടക്കാൻ ചെറിയ തോതിൽ മോഷണം. വില പ്പെട്ടതോന്നും വേണ്ട. വിശക്കുമ്പോൾ വിറ്റാൽ വിശപ്പകറ്റാൻ വേണ്ട പണം കിട്ടുന്ന എന്തെങ്കിലും ആരുടെയെങ്കിലും വസ്തുക്കൾ തപ്പിയെടുക്കും. അതായിരുന്നു പണ്ട് ഞാൻ എസ്. എച്ഛ്. ഒ ആയിരുന്ന ഒരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കണ്ട ഒരു കള്ളൻ ബാബുവിന്റെ കള്ളത്തരം. പിന്നീട് ഈ മോഷണം ജയിലിൽ പോകാനുള്ള ഒരു എളുപ്പവഴിയായി തെരെഞ്ഞെടുത്തു. ബാബുവിനു നാട്ടിനേക്കാൾ പ്രിയം ജയിലായി. കൃത്യമായി അവിടെ നല്ല ഭക്ഷണം ലഭിക്കും. കടവരാന്തകളിൽ അന്തിയുറങ്ങി ശീലിച്ചു മടുത്ത ബാബുവിനു ജയലറകൾ സ്വർഗീയ സുഖം നൽകി. നിസ്സാര മോഷണത്തിനു ചെറിയ ശിക്ഷ മാത്രം ലഭിച്ചിരുന്ന ബാബു അതുകൊണ്ടു തൃപ്തനായില്ല. അല്പം കൂടി മൂല്യം കൂടിയ മോഷണത്തിലേക്കു ബാബുവിന്റെ മനസ്സിൽ ആഗ്രഹം ജനിച്ചു. അതും മോഷണം നടന്നാൽ കൃത്യമായി പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നവരുടെ മാത്രം വസ്തുക്കളെ ബാബു മോഷണം ചെയ്യാറുള്ളു. ഒരു പക്ഷേ ഉടമസ്ഥൻ മറന്നു പോയാലും മാറ്റാരെക്കൊണ്ടെങ്കിലും മോഷണം ഉടമസ്ഥന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്ന തന്ത്രവും ബാബുവിനുമാത്രം സ്വന്തം.

ഒടുവിൽ ഇയാളെക്കൊണ്ടു സഹികെട്ട ഞാൻ ഒരു ദിവസം ബാബുവിനെ സ്റ്റേഷനിൽ പുറം ജോലിക്കാരനാക്കി. പോലീസുകാർക്ക് ഹോട്ടലിൽ നിന്നും ആഹാരം വാങ്ങി കൊടുക്കുക, സ്റ്റേഷൻ വൃത്തിയാക്കുക. അങ്ങനെ ചെറിയ ചെറിയ ജോലി. ഒരു ചെറിയ സമയം കൊണ്ടു തന്നെ ജോലിയിൽ സത്യസന്ധത പുലർത്തിയ ഈ കള്ളൻ ബാബു എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു ബാബു പെട്ടെന്ന് അപ്രത്യക്ഷനായി. പിറ്റേദിവസം അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ഒരു വിളിവന്നു. നിങ്ങളുടെ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കള്ളൻ ബാബു വിലപിടിപ്പുള്ള മോഷണ മുതലോടുകൂടി ഇവിടെ പിടിയിലായി. അയാളെ കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു. നിങ്ങളെ വിളിച്ചൊന്നു അറിയിക്കാൻ പറഞ്ഞതും ഈ കള്ളൻ ബാബു തന്നെ. നാട്ടിലെ ജീവിതം മടുത്ത ബാബുവിനു ഇഷ്ടം സ്വർഗീയ സുഖമുള്ള ജയിലറ തന്നെ…ഈ കള്ളൻ… വെറുമൊരു കള്ളൻ…പവിത്രൻ.

തിരുവന്തപുരം ഊരുട്ടമ്പലം സ്വദേശി. കേരളാ പോലീസിൽ എസ്.ഐ. ആയി റിട്ടയർ ചെയ്തു. വിവിധ പോലീസ് സംഘടനകളിൽ ഭാരവാഹി ആയിരുന്നു . ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും എഴുതുന്നു