1992 ലെ ഒരു പ്രഭാതം. സാധാരണ വിടരുന്നതുപോലെ അന്നും പൊട്ടിവിടര്‍ന്നു. കിടക്കട്ടെ തുടക്കത്തില്‍ അല്പം സാഹിത്യം. അല്ലാതെ പരാപരാ നേരം വെളുത്തു എന്നു പറഞ്ഞാല്‍ എഴുത്തുകാരന്റെ ശൈലി ഇല്ലെന്നു പറഞ്ഞു തിരിച്ചയക്കുന്നെങ്കിലോ.
നഗരത്തിലെ ഒരു കടലോരപ്രദേശം, ജാതിമത, വര്‍ഗ്ഗ, വര്‍ണ്ണഭേദമില്ലാതെ സ്നേഹിച്ചും സഹിച്ചും സഹായിച്ചും കൊടുത്തും വാങ്ങിയും പരസ്പരം ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന തീരമത്സ്യ മേഖലാഗ്രാമം, പൂന്തുറ.
ഇന്നേക്കു 27 കൊല്ലം മുമ്പുളള ഒരു നശിച്ച പ്രഭാതത്തില്‍, ചെറിയ ഒരു സംഭവത്തിന്റെ പേരില്‍ നടന്ന ആസൂത്രിതമായ വലിയൊരു ലഹള, വര്‍ഗ്ഗീയ ലഹള. സാധാരണക്കാര്‍ക്കു ദു:ഖങ്ങളും, ദുരിതങ്ങളും, കൊടിയ നഷ്ടങ്ങളും മാത്രം ബാക്കി വച്ച ലഹള. ലഹളകളും അക്രമങ്ങളും ലാഭം കൊയ്യുന്ന ഒരു വിഭാഗമുണ്ട്, എന്നും ജാതിയുടേയും മതത്തിന്റേയും കൊടിയുടേയും കുരിശ്ശിന്റേയും പളളിയുടേയും അമ്പലത്തിന്റേയും പേരില്‍വരെ തമ്മിലടിപ്പിച്ചു ലാഭം കൊയ്യുന്ന അവസര രാഷ്ട്രീയ മുതലാളിമാര്‍. രാഷ്ട്രീയം രാഷ്ട്രസേവനമെന്നതു പഴമൊഴി. ഇന്നു രാഷ്ട്രീയം വെറും ബന്ധുസേവ എന്നതു പുതുമൊഴി. പിന്നെ പറയുന്നതൊക്കെ കളളമൊഴി. പഴി മുഴുവന്‍ കേട്ടു വോട്ടു ചെയ്ത ജനം പെരുവഴി. ഭരണത്തിലും, സ്വാധീനത്തിലും അധികാരത്തിലും ഏഴയലത്ത്പോലും എത്തിപ്പെടാതെ പോകുന്ന ദരിദ്രനാരായണന്മാര്ക്കു പെരുവഴി ശരണം, ശരണം പൊന്നയ്യപ്പാ.
പറഞ്ഞു പറഞ്ഞു വിഷയം മാറിപ്പോയി. സാമൂഹ്യബോധം കൊണ്ട് ചിലതു പുലമ്പിപ്പോയതാണ്. ചുമരിലൊട്ടിക്കല്ലേ.. .. .. ..
അന്നും സൂര്യന് പതിവു തെറ്റാതെ കിഴക്കുതന്നെ ഉദിച്ചു. പടിഞ്ഞാറുഭാഗത്തായി ചില ഛിദ്രശക്തികളും ഉണര്ന്നുപൊങ്ങി. നിമിഷനേരം കൊണ്ട് ചുമ്മാ കുറെ ബോംബുകളും സ്വന്തമായി വീണു പൊട്ടിത്തെറിച്ചു. അങ്ങിങ്ങായി ചുമ്മാ ചില വീടുകളും നിന്നു കത്തി ജ്വലിച്ചു. കൂട്ടത്തില്‍ കൂട്ട നിലവിളികളും വെറുതെ പരിസരമാകെ ഉയര്‍ന്നു. അങ്ങനെ മനസ്സിനെ ത്രസിപ്പിക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന, കുളിരുകോരുന്ന കാഴ്ചകള്‍ കണ്ടു അന്തംവിട്ടു കുന്തം വിഴുങ്ങി നെഞ്ചുവിരിച്ചു രസിച്ചു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ഈ മഹാപരമകാരുണ്യ ഭാഗ്യവാനും യൂണിഫോമില്‍ സന്നിഹിതനായിരുന്നു. മങ്ങിയ കാഴ്ചകള്‍ കണ്ടു നടക്കാന്‍ കണ്ണട അന്നില്ലായിരുന്നു. ദുരന്തങ്ങളും അപകടങ്ങളും കണ്ടു നില്ക്കാന് എന്തു രസമാണെന്നോ. പറ്റുമെങ്കില്‍ ഒരു സെല്‍ഫിയുമെടുക്കാം. ന്യൂജെന്‍ സെല്‍ഫിഷ് ഫോട്ടോപിടിത്തം.
വ്യാപകമായി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ കണ്ടു എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരുടെ വേഷത്തില്‍ ലാത്തിയും തോക്കുമേന്തി പോലീസുകാരുടെ നീണ്ട പോലീസ് മതില്. അടിയന്തിര നിര്‍ദ്ദേശം കൊടുത്തു ശക്തമായ നടപടി സ്വീകരിക്കേണ്ട ഏമാന്മാരുടെ ചെറിയ മതില്. എതിര് വശത്തു അക്രമകാരികളുടെ വന്മതില്, പിന്നാലെ വനിതാമതില്‍. അധികാരികള്‍ സുരക്ഷിത മതില്‍കെട്ടിനുളളില്‍, സര്‍ക്കാര്‍ മതില്ക്കെട്ടിനുളളില് സ്വസ്ഥം.
ഇതിനിടെ ബോംബ്, വാള്, കല്ല്, കട്ട, കുറുവടി, കുന്തം, കൊടചക്രം തുടങ്ങിയ നിത്യോപയോഗ സാധനസാമഗ്രികള്‍ അടങ്ങിയ ലഹളക്കാരുടെ കളിപ്പാട്ടങ്ങള്‍ ചറപറാ ചീറിപ്പാഞ്ഞുവരുന്നുണ്ട്. ആരെക്കൊയോ ആരുടെയൊക്കെയോ നേര്‍ക്ക് കൊലവിളി നടത്തിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തമായി ഓടുന്നുണ്ട്. ഓട്ടം കണ്ടാല്‍ നാഷണല്‍ ഗെയിംസിനുളള പോക്കാണെന്നു തോന്നും. കൂട്ടത്തില്‍ ചില ലുക്കുളള പീക്രി പിളേളരും. വര്‍ഗ്ഗീയ ലഹളയല്ലെ, അവര്‍ തമ്മിലടിക്കുകയോ, വെട്ടുകയോ, കുത്തുകയോ, കൊല്ലുകയോ ചെയ്യട്ടേ, നമ്മള് വെറുതെ തലയിട്ടു കഷ്ടപ്പെട്ടു കിട്ടിയ പണികളയുന്നതെന്തിനു എന്നു ചിന്തയില്‍ നിഷ്ക്രിയ ഭാവത്തിന് നില്ക്കുന്നതും കാണാം ബഹുമാന്യരായ കുറെ യൂണിഫോം ധാരികള്‍. കഷ്ടം തന്നെ യേമാനെ.. .. .. കഷ്ടം.
എന്തായാലും മുന്നിലെ കാഴ്ചകള്‍ അത്ര സുഖകരമാകുന്നില്ല എന്തോ ഒരു കുഴപ്പം. പണ്ടേ ആലോചനാശേഷിയില്ലാത്തതുകൊണ്ട് ശരീരമാസകലം ഏതോ മറുതയുടെ ബാധകേറും പോലെ, ഒരു തോന്നല്‍. കൊലവിളികളും, കൂട്ട നിലവിളികളും പല പല വിളികളും കൂട്ടത്തില്‍ തെറിവിളികളും അന്തരീക്ഷത്തിലാകെ മുഴങ്ങി കേള്‍ക്കുന്നു. ഉത്സവകാലങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന നാമജപം പോലും തെറിജപമാണെന്നും കണ്ടെത്തിയ മന്ത്രിമാര്‍ വാഴുന്ന നാടാണ് ഇന്നു ദൈവത്തിന്റെ നാട്, ദൈവത്തിനും സ്വന്തം നാടില്ല.
പുരുഷപോലീസില് കയറിയതിന്റെ കുഴപ്പം കൊണ്ട്, ഉളളിലെ കലാവാസനയും കാരുണ്യവാസനയും വഴിമാറി. സാഹസിക വാസന കേറി തലപൊക്കി തുടങ്ങി, എന്നെ കൊല്ലിക്കാനായിട്ട്. രക്ഷിക്കണെ എന്റെ മക്കളെ കൊല്ലല്ലേ, രക്ഷിക്കണേ. ഞങ്ങളെ രക്ഷിക്കണെ എന്ന കൂട്ടനിലവിളികേട്ടു എടുത്തു ചാടാന്‍ തന്നെ തീരുമാനിച്ചു. സ്വന്തം ഭാര്യ ചിത്ര കെട്ടിയകാലം മുതല്‍ പറയുന്നതാണ് എടുത്തുചാട്ടം കൂടുതലാണെന്ന്. എന്തായാലും ചാടണം, എന്നാ പിന്നെ എടുത്തു ചാടാം. എന്റെ ചാട്ടം തടയാന്‍ കൂടെയുളളവര്‍ ശ്രമിച്ചുനോക്കി. കേട്ടില്ല അതെങ്ങെനെ, വരാനുളളതു വഴിയില്‍ തങ്ങില്ല എന്നാണല്ലോ പഴയ പോലീസുകാരന് നെഞ്ചിലിടി തങ്കപ്പന്‍പിളള ലാത്തിയും പാറാവും എന്ന പുസ്തകത്തില്‍ നെഞ്ചിലടിച്ചു പറഞ്ഞിട്ടുളളത്.
എടുത്തു ചാടിച്ചെന്നു കേറിക്കൊടുത്തതോ സുഖസുന്ദരസ്വപ്ന ഗൃഹത്തിനുളളില്‍ തീ ആളിക്കത്തുന്ന ചെറുവീടിനുളളില് രക്തത്തില്‍ കുളിച്ചു സുഖിച്ചു കിടന്നു ഞെരങ്ങുന്ന ഗൃഹനാഥന് സ്വസ്ഥം. സ്വന്തം ഭര്‍ത്താവിനെ സമാധാനത്തോടെ വെട്ടുന്നത് കണ്ട് പേടിച്ചു വിറച്ച് ചലനം നഷ്ടപ്പെട്ട് രക്ത പങ്കിലമായ ഭാര്യ നിശ്ചലം. അക്രമത്തിന്റെയും തീവയ്പ്പിന്റെയും കാരണമറിയാതെ വഞ്ചനയുടെയും ചതിയുടെയും ലാഞ്ചനപോലുമറിയാത്ത മതവെറിയില്ലാത്ത പിഞ്ചുകുഞ്ഞ് തൊട്ടിലില്‍ നിദ്രയില്‍ ഭദ്രം.
ഹൃദയമുളളവര്ക്കു ഹൃദയഭേദകമായ കാഴ്ച. അതില്ലാത്തവര്ക്കു കണ്ണിനു ആനന്ദം, ആഹ്ളാദം. കണ്ടുനില്‍ക്കാനും, കാത്തുനില്‍ക്കാനും നിലവിലെ എന്റെ ക്രൂരമനസ്സ് അനുവദിച്ചില്ല. പേടിച്ചരണ്ട നിമിഷങ്ങള്‍ വിറയാര്‍ന്ന കൈകള്‍, കൂടെയുളളവരെ സഹായത്തിനായി വിളിക്കാന്‍ കഴിയാതെ വറ്റിവരണ്ടു പോയ തൊണ്ട. എങ്കിലും വിളിച്ചു, പേരെടുത്തു വിളിച്ചു, അലറിവിളിച്ചു.
മേല്നിര്ദ്ദേശത്തിനു കാത്തു നില്‍ക്കാതെ വിളികേട്ട ഭാഗത്തേക്കും മറ്റുമായി ഉശിരുളള പോലീസുകാര്‍ ചിതറിയോടുന്നു. ചിലരെ തടയുന്നു. ചിലരെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഇതൊന്നും ചെയ്യാതെ സ്ഥാനമാനങ്ങളില്‍ വലിപ്പമുളളവര് സ്വന്തം സ്ഥാനം അനങ്ങാതെ ഉറപ്പിക്കുന്നതും കണ്ടു, ബഹുമാനിച്ചു.
അക്രമത്തിനു തുനിയുന്ന ഏതൊരാളെയും ലിംഗഭേദമില്ലാതെ, ജാതിമതപരിഗണനയില്ലാതെ കുചേലകുബേര വ്യത്യാസമില്ലാതെ സ്ഥാനവലിപ്പം നോക്കാതെ ചുരുക്കത്തില്‍ മുഖംനോക്കാതെ നടപടിയെടുക്കുന്ന പോലീസിനെ മാത്രമേ സമൂഹം അംഗീകരിക്കുകയുളളൂ. അല്ലാത്ത പ്രവര്‍ത്തിക്ക് സദാചാര പോലീസ് എന്ന് വിളിപ്പേരുണ്ടാകും. ഞാന്‍ വെറുതെ കാടുകയറിപ്പോയി.
പെരുമാറ്റത്തില്‍ സൗമ്യതയും പ്രവര്‍ത്തിയില്‍ കരുത്തും എന്ന പൊതുചിന്തയില്‍ കത്തി എരിയുന്ന വീട്ടിലെ മൂന്നു ജീവനുകളില്‍ ഒന്നിനെ വലിച്ചിഴച്ചു പുറത്തിട്ടു. മറ്റൊന്നിനെ പുറത്തേക്കു തളളി മാറ്റാന്‍ ശ്രമിച്ചു. മൂന്നാമത്തെ പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍നിന്നും പൊക്കിമാറ്റി പുറത്തേക്കു രക്ഷപ്പെടുന്നതിനിടയില്‍ എട്ടിന്റെ പണിക്ക് കമ്പിപാരയുമായി ചുറ്റും കുറെ പണിക്കാരെത്തി.
പേടിച്ചുവിറച്ചുപോയ എന്റെ തോളില്‍ ഒരുവന് പാരവച്ചു ചെറുതായി മെല്ലെ തലോടി. ഒറ്റ തലോടലില്‍ തന്നെ തലയ്ക്കകത്തു ഒന്നുമില്ലാത്തതുകൊണ്ടും കഷണ്ടി ഉളളതുകൊണ്ടും തലമൊത്തം കറങ്ങി താഴെ വീണു പോയി. കയ്യിലിരുന്ന കുഞ്ഞ് എന്നെ കൈവിട്ടു പറന്നു പോയി. കംസന്റെ കയ്യില്‍ നിന്നും എട്ടാമത്തെ കുഞ്ഞു പോയതുപോലെ മുകളിലോട്ടാണോ താഴോട്ടാണോ പോയതെന്നറിയില്ല. കയ്യീന്നു പോയി. പൊടികുഞ്ഞു എന്നെ കൈവിട്ടു പോയി.
കിട്ടിയതും വാങ്ങി സന്തോഷത്തോടെ കറങ്ങിയ തലയുമായി തിരിച്ചു ഓടി പോകാമെന്നു വിചാരിച്ചു. കൈവിട്ടു പോയ കുഞ്ഞിനു അപകടം പറ്റി എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി. ഉടനെ സാഹസിക ധൈര്യം എവിടുന്നോ ഇരച്ചുകയറി വന്നു. അന്ത്യകൂദാശ സ്വീകരിക്കലാണ് അടുത്ത ചാട്ടമെന്നു ബോദ്ധ്യമുണ്ടെങ്കിലും പിന്മാറാന് കഴിഞ്ഞില്ല. എന്റെ സാഹസികതക്കു വിരാമമിട്ടുകൊണ്ട് പഞ്ചായത്തു പൗരാവലിയുടെ വിപുലമായ സ്വീകരണപരിപാടി ഉടനെ വീണ്ടും ചുറ്റിലും ഒരുങ്ങി നില്‍ക്കുന്നുണ്ട്. രക്ഷപ്പെട്ടോടാ ഓടിക്കോടാ എന്നൊക്കെ കൂടെയുളള പോലീസുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എവിടെ, ഓടാന്‍ ആഗ്രഹമുണ്ട് നടക്കണ്ടേ. ഇതിനിടയില്‍ ആക്രമണ സ്വീകരണകമ്മറ്റിയിലെ ഒരുവന് പാരകൊണ്ട് കഷണ്ടി തലയ്ക്കടിച്ചു സ്വീകരിച്ചു. ആശംസ പറഞ്ഞുകൊണ്ട് മറ്റൊരുത്തന് കുറുവടി കൊണ്ടടിച്ചു. പണ്ടേ വികൃതമായ മുഖം അടിച്ചു ഭീകരരൂപമാക്കി, എന്നെ സ്നേഹിച്ചു തലോടി. കൂട്ട സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ കുറെ തടയാന്‍ ശ്രമിച്ചു നോക്കി, ട്രെയിനിംഗില്‍ കിട്ടിയതെല്ലാം പയറ്റി നോക്കി. വെട്ട്, അടി, എറി, കടിപിടി, നുളള്, മാന്ത് തുടങ്ങിയ വിപുലമായ ചടങ്ങോടെ പൂന്തുറ കലാപരിപാടി ഒന്നാം ദിവസം അവസാനിച്ചു. എന്റെ ശരീരത്തില്‍ 92 ലെ വര്‍ഗ്ഗീയ ലഹളയില്‍ കൊല്ലാന്‍ നറുക്കു വീണതു എന്റെ പേരായിരുന്നു. ഇതില്‍പ്പരം ഒരു പൗരസ്വീകരണം ഒരു പോലീസുകാരനും കിട്ടാനില്ല. ഇതിനിടയ്ക്കു കിട്ടിയ ഇടവേളയില്‍ ഞാനൊറ്റയക്ക് കൂട്ടനിലവിളി നടത്തി നോക്കി.
റോഡിന്റെ നാനാവശത്തും ലാത്തിയും പാത്തിയും, തോക്കും, തോട്ടയും കോപ്പുമായി തലയെടുപ്പും പടയെടുപ്പുമായി വീരശൂര പരാക്രമികള്‍ നെഞ്ചുവിരിച്ചു എന്തൊക്കെയോ ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ഗമയില്‍ ജീപ്പില്‍ ചാരി നിന്നവരും അലക്ഷ്യമായി ചുമരില്‍ ചാരി നിന്നവരും, തോളില്‍ നക്ഷത്രങ്ങള്‍ വരിവരിയായി വച്ചവരും കൊടിവച്ച കാറില്‍ പറന്നു പതുക്കെ പതുക്കെ വന്നവരും ചോരയുളളവരും ചോരത്തിളപ്പുളളവരുമായ കുറെ പേര് പണി തുടങ്ങി കഴിഞ്ഞിരുന്നു. കണ്ണില്കണ്ടവരെയും കയ്യില്‍ കിട്ടിയവരെയും ഓടിച്ചുവിട്ടു. ചുരുക്കം ചില മനസു മരവിച്ചവരും മരവിച്ച ചോരയുളളവരും പുരുഷവര്ഗ്ഗത്തില്പ്പെടാത്തവരുമായ നിര്‍ഗുണ പരബ്രഹ്മങ്ങള്‍ മണ്ണും ചാരി നില്‍പ്പുണ്ട്. ഒരലങ്കാരത്തിന് യൂണിഫോമില്‍ അവിടെ നിന്നവരുമുണ്ട്. പിൽക്കാലത്ത് അക്രമ സ്ഥലങ്ങളില്‍ പാത്തും പതുങ്ങിയും ഒതുങ്ങിയും തൂങ്ങിയും തൂണും ചാരിനിന്ന ഏമാന്മാര് ഐപിഎസ്സും അവാര്‍ഡും റിവാര്‍ഡും വാരിക്കൂട്ടിയതിനു കയ്യും കണക്കുമില്ല. രാഷ്ട്രപതി മെഡല്‍വരെ വാങ്ങിക്കൂട്ടിയ ചില മഹാന്മാരെ കണ്ടാല്‍ ചിരിച്ചുചാവും. അവാര്‍ഡുകാര്യം പറഞ്ഞു വിവാദമാക്കുന്നില്ല. ചിലപ്പോള്‍ കേറി നിരസിച്ചുകളയും. ഇപ്പോള്‍ അവാര്‍ഡും റിവാര്‍ഡിനും കുറച്ചെങ്കിലും യോഗ്യതയുളളവര്ക്കു കിട്ടുന്നു എന്നതു ആശ്വാസം.
അര്‍ഹതയ്ക്ക് അംഗീകാരം കിട്ടിയെന്നു വരില്ല. അംഗീകാരത്തിനായി അര്‍ഹത തേടിയെത്താറുമില്ല. വീണ്ടും വിഷയം മാറിപ്പോയി. ഇതിനിടെ ബോധമില്ലാതെ ചാകാന്‍ തയ്യാറായി ആറടിനീളത്തില്‍ കിടന്ന എന്നെ മൂന്നുനാലു പോലീസുകാര്‍ വാരിക്കൂട്ടി തൂക്കിയെടുത്തു ചുരുട്ടിമടക്കി നാലടിയാക്കി പോലീസ് ജീപ്പിന്റെ പുറകിലിട്ടടച്ചു. ചെറിയ നിലവിളി ശബ്ദത്തോടെ ജീപ്പ് ചീറിപ്പാഞ്ഞു ജനറല്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നു തുരുമ്പു പിടിച്ച ഇരുമ്പുകട്ടിലില്‍ എന്റെ പ്രതിഷ്ഠ നടത്തി. എന്റെ പ്രതിഷ്ഠയുടെ പേര് മൃതപ്രായസ്വാമി. എന്റെ നിലവിളികേട്ടു ഓടിയെത്തി രക്ഷിച്ചെടുക്കുന്നതിനു മുന്‍കൈ എടുത്തതു ശശിധരന് എന്ന പോലീസുകാരനായിരുന്നു. ഇന്നും കടപ്പാട്, എന്നും കടപ്പാട്. പണ്ടേ വലിയ ബോധമില്ലാത്ത എനിക്ക് ബോധം വരുമ്പോള്‍ 4-ാം വാര്‍ഡില്‍ 4-ാമത്തെ ബെഡില്‍ 4 ഒട്ടിപ്പുമായി നെടുനീളത്തിലുളള കിടപ്പ്, സുഖം, സ്വസ്ഥം, സുന്ദരം ഒന്നുമറിയണ്ട. ആബ്സന്റ്, പരേഡ്, പാറാവ്, നൈറ്റ് ഒന്നുമില്ല.
പണ്ടേ ഭാഗ്യനമ്പര്‍ 4 ആണ്.
പത്താംക്ലാസ്സിലെ മാര്‍ക്ക് ആകെ മൊത്തം ടോട്ടല്‍ കൂട്ടുമ്പോള്‍ 4, ജോലി കിട്ടിയത് 4ന്, റാങ്ക് ലിസ്റ്റില്‍ 4, കെട്ടിയത് 4 ന്, 4 കിട്ടിയപ്പോള്‍ പൊക്കിയവര് 4, കിടന്ന കട്ടിലിന് കാല് 4, കൂട്ടുകാര്‍ 4, സഹോദരങ്ങള്‍ 4, വേദങ്ങള്‍ 4, വേദനകളും 4, തെക്കോട്ടു എടുക്കുമ്പോഴും കാണും 4 പേര്.
എന്നെ ആശുപത്രിയില്‍ കെട്ടി പൊതിഞ്ഞു വച്ചിരിക്കുന്ന വിവരം കൂടെയുളള പോലീസുകാര്‍ വീട്ടുകാരെ അറിയിച്ചു.സ്നേഹം വാരിവിതറി നാട് മൊത്തം അറിയിച്ച് നിലവിളിച്ചു നെഞ്ചിലടിച്ചുകൊണ്ട് ഭാര്യയും പരിവാരങ്ങളും, ഒടുക്കത്തെ പിന്തുണ അറിയിച്ചു കൊണ്ട് ആശുപത്രിയിലേക്ക് ഓടിയെത്തി. വിവരമറിഞ്ഞു ഭാര്യയുടെ കണ്ണീരും, കുറ്റപ്പെടുത്തലും പിന്നെ മൂക്കുപിഴിഞ്ഞു കട്ടിലില്‍ തേക്കലും. ചേട്ടന്റെ ഈ എടുത്തുചാട്ടമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഭാര്യ പരാതിയോടെ വിതുമ്പി തലോടിക്കൊണ്ട് പറഞ്ഞു കുറ്റപ്പെടുത്തി. എന്റെ എടുത്തുചാട്ടം കൊണ്ടാണ് നിന്നെ കെട്ടേണ്ടി വന്നത് എന്നുപറയണമെന്ന് തോന്നി. പറഞ്ഞില്ല. കാരണം നമ്മുടെ കിടപ്പ് അവശനിലയിലും ആസന്നനിലയിലുമാണ്. കളഞ്ഞിട്ടു പോകുന്നെങ്കിലോ എന്ന് പേടിയുമുണ്ട്. അവിടെ എടുത്തു ചാടിയതല്ല. കടമ നിര്‍വ്വഹിക്കുകയാണ് ഉണ്ടായത്. സ്വജീവന്‍ ബലിനല്‍കിയും മറ്റുളളവരുടെ ജീവനും സ്വത്തും അന്തസ്സും സംരക്ഷിക്കേണ്ട ചുമതല പോലീസുകാരന്റെ കര്‍ത്തവ്യമാണ് എന്ന് പോലീസുകാരനായിരുന്ന എന്റെ അച്ഛന് രവീന്ദ്രനില്‍ നിന്നും ഗുരുക്കന്മാരില് നിന്നും പഠിച്ചിട്ടുണ്ട്. അതാണ് ചട്ടം.
കാല്‍മുട്ടിലെ ചിരട്ട പൊട്ടി, പേട്ട തലയുടെ നെറ്റി പൊട്ടി, നട്ടെല്ലില്‍ ചതവുപറ്റി കെട്ടി പൊതിഞ്ഞു കിടക്കുന്ന എന്നെ കാണാന്‍ ചില്ലറ പൊതികളും പഴവര്‍ഗ്ഗങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടില്‍ കൊളളരുതാത്തവനെങ്കിലും നാട്ടുകാരും എത്തുന്നുണ്ട്. അതില്‍ ചിലരുടെ മട്ടും ഭാവവും കണ്ടാല്‍ എന്നെ ഏതോ ലേറ്റായി വന്ന പാസഞ്ചര്‍ ട്രെയിനിടിച്ചു ചത്തിട്ടു ബോഡി ഫ്രീസറില്‍ വച്ചിരിക്കുന്നതു പോലെയുളള നോട്ടം. ഓര്‍മ്മയില്‍ ഇടയ്ക്കെപ്പോഴാ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെയും വീട്ടുകാരെയും പറ്റി കൂടെയുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു. മൂവരും ജീവനോടെയുണ്ട് എന്നു പറഞ്ഞു സമാധാനിപ്പിച്ചിട്ട് എനിക്ക് ബോധം വരുന്നതുവരെ കാത്തുനിന്ന് പോലീസുകാരന് സ്ഥലം വിട്ടു. വീണ്ടും അക്രമസ്ഥലത്തേക്ക് അതാണ് പോലീസ്. ആ കൂട്ടുകാരനും ചെറിയ പരിക്കുണ്ടായിരുന്നു. നിനക്കൊരു സല്യൂട്ട് മാത്രമേ തരാനുളളൂ എന്റെ കൂട്ടുകാരാ. ഒരു ഏത്തപ്പഴം മാത്രം കഴിച്ചുകൊണ്ട് രണ്ടു ദിവസം ജോലിചെയ്ത പോലീസുകാരെയും പൂന്തുറ കഥകളില്‍ കേള്‍ക്കാം.
രക്ഷപ്പെട്ട ടി ഗൃഹനാഥന് ബാബുദാസ് മറ്റു പരിക്കേറ്റവരും പല വാര്‍ഡുകളിലായി ചികിത്സയിലുണ്ടായിരുന്നു. എന്റെ ആശുപത്രി വാസമറിഞ്ഞു കൊഞ്ചിറവിളയില്‍ നിന്നും ശക്തിപ്രകടനവും ബക്കറ്റു പിരിവും തലയിണയ്ക്കിടയില്‍ ദുരിതാശ്വാസ നിധിയും നിറഞ്ഞു. ഭാഗ്യം കൊണ്ട് ആരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. അല്ലെങ്കില്‍ തന്നെ പോക്കുകെട്ട പോലീസുകാരനെ വളഞ്ഞിട്ടു തല്ലിയാല്‍ ആരു ചോദിക്കാന്‍, ആരു ഹര്‍ത്താല്‍ നടത്താന്‍, ആര്യനാട്ടു നിന്നും അനുശോചനമറിയിച്ചും, ആദരാഞ്ജലിയര്‍പ്പിച്ചും ചങ്കു ബ്രോകള്‍ ഓടിയെത്തി പിന്തുണച്ചുകൊണ്ടേയിരുന്നു. താങ്ങാനും, തടവാനും, പിടിയ്ക്കാനും നിരവധിപേര്‍. പക്ഷേ ഒന്നും രണ്ടിനും മൂന്നുപേരുടെ തോളില്‍ കയറി സ്വന്തമായിട്ടു പോകേണ്ടി വന്നു. സര്‍ക്കാരാശുപത്രിയുടെ ചികിത്സ കഴിഞ്ഞു. സ്വഭാവം മാറിയിട്ടുണ്ട്. രോഗം പൂര്‍ണ്ണമായി മാറിയിട്ടില്ല. മുട്ടിന്റെ ചിരട്ട ട്രാന്‍സ്ഫറായി ഇരിക്കുകയാണ്. ഈ ചിരട്ടയൊക്കെ എടുത്തു മുട്ടില്‍ വയ്ക്കേണ്ട വല്ല കാര്യവുമുണ്ടോ. അതുകൊണ്ട് നടപ്പ് ബുദ്ധിമുട്ടായിരിക്കും. പിന്നെ.. .. പണ്ടേ ദുര്‍നടപ്പാണ്. ചീത്തപ്പേരിന് ഒരു കുറവുമില്ല.
പിന്നെയല്ലേ ശരിയായ നടപ്പ്.
ബന്ധുക്കളുടെ അടിയന്തിര പോളിറ്റ് ബ്യൂറോ കൂടി. കുടുംബ ഡോക്ടര്‍ നരേന്ദ്രൻ ചേട്ടനുമായി ഗൂഢാലോചന നടത്തി. 33 വയസ്സുളള വന്ദ്യ വയോധികനായ എന്നെ നേര്‍വഴി നടത്താന്‍ നമ്മുടെ നാട്ടുകാരനും, മനുഷ്യസ്നേഹിയുമായ ഡോ. ജയപ്രകാശ് സാറിനെ കാണിച്ചു. (ആയുര്‍വേദ കോളേജില്‍ ഡോക്ടറായിരുന്ന ജയപ്രകാശ്, അദ്ദേഹത്തെ ദൈവം നേരത്തെ തട്ടിയെടുത്തു). അന്നുതന്നെ ജാക്കിവച്ചു പൊക്കി ആയുര്‍വേദ കോളേജിന്റെ ഒഴിഞ്ഞ മൂലയ്ക്ക് മൂലക്കല്ലായി വീണ്ടും പുന:പ്രതിഷ്ഠ നടത്തി. മൂലക്കല്ലില്‍ വികലാംഗ മൂര്‍ത്തി. പാരമ്പര്യ വൈദ്യചികിത്സാ വിധിയുടെ എണ്ണയും, കുഴമ്പും, കിഴിയും. പിഴിയും തടവുമായി തടങ്കലില്‍ തുരുമ്പിച്ച നാലുകാലും ഒരു വാലുമുളള കട്ടിലില്‍ തെക്കു വടക്കായി എന്നെ സ്ഥാപിച്ചു. എണ്ണയുടെയും തൈലത്തിന്റെയും കോരിത്തരിപ്പിക്കുന്ന ഗന്ധത്താല്‍ ഹര്‍ഷപുളകിതഗാത്രനായി വധശിക്ഷക്കു വിധിച്ച എന്നെ ജീവപര്യന്തം തടവാന്‍ വാതചികിത്സയ്ക്കായി കൊണ്ടു നടതളളി.
കട്ടിലിനരികില്‍ കാവലായി ഭാര്യാപിതാവും, കൂട്ടുകാരായി മൂട്ട, കൊതുക്, പാറ്റ പല്ലി തുടങ്ങിയ അധോലോക നായകന്മാരും സദാസമയം. പുലര്‍ച്ചെ എണ്ണയാലഭിഷേകം, ശിരോവസ്തി, അധോഗുസ്തി, കഞ്ഞി, കിഴി, പയറ്, പൂച്ച്, ലേഹ്യം, മുറിവെണ്ണ, ആടിന്റെ സൂപ്പ്, വീട്ടിലെ പൊതിച്ചോറ്, നാട്ടിലെ പഴി, കേസിലെ മൊഴി കൂടാതെ മേമ്പൊടിക്കായി മൊട്ടത്തലയില് തളം, തളം വയ്ക്കണം, തളം വയ്ക്കണമെന്നു പണ്ടും പലരും പറയുമായിരുന്നു. ആഡംബരത്തിനും ഒട്ടും കുറവില്ലാതെ ആഴ്ചയിലുളള മാസക്കുളി.
പെട്ടെന്നു പിണങ്ങുന്ന ഞാന്‍, വാതപിത്ത, വൃദ്ധ രോഗി രോഗിണികളുമായി പെട്ടെന്നു ഇണങ്ങി തനി പോലീസ് കൊണം കാണിച്ചു. ദിവസങ്ങള്‍. ആഴ്ചകളും മാസങ്ങളുമാകുന്നു. പുറംലോകം കാണാനും പുറത്തേക്കു ചാടാനും കൊതിയായി. ഒന്നിനു പുറകെ ഒന്നായി പുറത്തുനിന്നും ഭീഷണി, ഏഷണി, കൊല്ലാന്‍ ശ്രമം. കണ്ണാംകുണ്ണി ഒരു പോലീസുകാരന് കാരണം ഡിപ്പാര്‍ട്ടുമെന്റിനും മെനക്കേട്.
ചാകാന്‍ പേടിയില്ല, ഭയം മാത്രമേയുളളൂ. അന്നു തുച്ഛമായ ശമ്പളത്തില്‍ റേഷനരി വാങ്ങാനുളള കാശുപോലും അനുവദിച്ചു കിട്ടുന്നില്ല. അതിനാല്‍ പട്ടിണി കിടന്നു ചാകുമോ എന്ന പേടി മാത്രം. ആശുപത്രിക്ക് 6 നിലകളുണ്ട്. 4 ഭാഗ്യനമ്പറാണല്ലോ അതുകൊണ്ട് 4-ാമത്തെ നിലയില്‍ നിന്ന് താഴേക്ക് ഒരു ചാട്ടം ചുമ്മാ.. .. സത്യം സ്വയം ചാടിചാവുക. സ്വപ്നങ്ങളും, പ്രതീക്ഷകളും അസ്തമിച്ചു. ഈ കിടപ്പു ആര്‍ക്കും ഭാരമാകരുത് അതുകൊണ്ട്. സമയം പാതിരാത്രി. എങ്ങും നിശ്ചലം. കഥയല്ലെ ഇരിക്കട്ടെ, കൂര്‍ക്കം വലിയും, കൊതുകിന്റെ മൂളലും കിളവന്മാരുടെ ഞരക്കവും, വേദനയുടെ പിടയലും അന്തരീക്ഷമാകെ ഭീകരമായ അവസ്ഥ. പാതി മയങ്ങിയ ചന്ദ്രന്റെ വെളിച്ചത്തില്‍ ഇഴഞ്ഞും, തുഴഞ്ഞും, വലിഞ്ഞും നിരങ്ങിയും വല്ല വിധേനയും നാലാമത്തെ നിലവരെയെത്തി. അങ്ങനെ ഞാന്‍ ഒരു പാതിരാത്രി നല്ല നിലയിലെത്തി, ആശ്വാസം. താങ്ങാനാകാത്ത ശരീരവേദന, വിട്ടുമാറാത്ത മനോവേദന കുട്ടികളെ ഓര്‍ത്തു വേദന, കുടുംബത്തെ ഓര്‍ത്തു വേദന എല്ലാ വേദനകള്‍ക്കും കൂടി ഒരൊറ്റമൂലി. എല്ലാം ശുഭം. ശാന്തി ശാന്തി ശാന്തികവാടം.
2 വയസ്സുമാത്രം പ്രായമുളള ലാളിച്ചു കൊതിതീരാത്ത ഇളയമകള്‍ ലക്ഷ്മി, നിതിന്‍ മക്കളെപ്പറ്റി ചിന്ത പിന്തിരിയാന് പ്രേരിപ്പിച്ചു. വായിച്ചു ബോറടിക്കുന്നെങ്കില്‍ ഒരു ചായകുടിച്ചിട്ടു വന്നു വായിക്കണേ, ചാട്ടം ചീറ്റിപ്പോയി. എന്റെ പോക്കുവരവ് ശ്രദ്ധിച്ച വെളുത്തകോട്ടിട്ട സിസ്റ്ററിന്റെ പിന്നിലുളള വിളികേട്ടു ഞാന്‍ ഞെട്ടിത്തെറിച്ചു. ചമ്മി വിളറിവെളുത്തു. പോയതിനെക്കാള് സ്പീഡില്‍ താഴേക്കു നിരങ്ങി. ഉറക്കമില്ലാത്ത കുരിശ് നഴ്സിനെ മനസ്സില്‍ പിരാകിക്കൊണ്ട് ബഡില്‍ കയറി മൂടിപ്പുതച്ചു കിടന്നു. പിറ്റേന്നു മുതല്‍ നഴ്സിന്റെ വക മുറിവെണ്ണ ഫ്രീ. തൈലം ഫ്രീ. ജീവിതം പഴയ എന്‍ എച്ചില് പഴയ പാണ്ടിലോറി കയറിയ പഴയ ആട്ടോറിക്ഷയുടെ പഴയ അവസ്ഥയായി. ചീറ്റിപ്പോയ ആത്മഹത്യാശ്രമം.
ചെറിയൊരു പഴയ ജന്മികുടുംബത്തില് ജനിച്ചുപോയി എന്ന പേരുദോഷമൊഴിച്ചാല് നാട്ടില്‍ ആറടി മണ്ണുപോലും സ്വന്തമായില്ല. സമ്പാദ്യവുമില്ല. ഇനി പണ്ടെത്തെപ്പോലെ ഓടിയും, ചാടിയും, മറിഞ്ഞും ജോലി ചെയ്യാനാവില്ല. പൊട്ടിയ ചിരട്ടയുളള മുട്ടുമായി ഔദാര്യത്തിന്റെ വാതിലുകള്‍ മുട്ടാനുമാവില്ല. എന്നാല്‍ പിന്നെ രാജി വയ്ക്കുക അതായിരുന്നു അടുത്ത ചിന്ത. എങ്ങനെ ജീവിക്കും ചോദ്യം, വല്ല ആട്ടോയും ഓടിച്ചു ജീവിക്കാം. മാന്യമായ തൊഴില്‍ ഇപ്പോള്‍ മോഷണം, പിടിച്ചുപറിക്കല്‍, കഞ്ചാവുകടത്തല്‍, പിഡനം, കൊലപാതകം. നാട്ടിലും അംഗീകാരം.
രാജിപേപ്പര് ജോലിചെയ്യുന്ന മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് കൊടുത്തുവിട്ടു. ആശങ്കയും, നിരാശയും, ഭയവും, ഭീഷണിയും, അവഗണനയും, ദുരിതവും അലട്ടുന്ന നവരസ ചിന്തയുമായി ശൂന്യമായ ചുമരില്‍ നോക്കി കിടക്കുമ്പോള്‍ അതാ വരുന്നു, ദൈവം. കാണപ്പെട്ട ദൈവം ഫുള്‍ യൂണിഫോമില്‍ വെടിപ്പുളള വേഷത്തില്‍ തോളില്‍ നക്ഷത്രങ്ങള്‍ നിരത്തി കയ്യില്‍ വയര്‍ലസ് സെറ്റുമായി സ്വന്തം മേലധികാരി ഇന്‍സ്പെക്ടര്‍ ശ്രീ. ഏ.കെ. വേണുഗോപാല്‍ സര് മുന്നില്‍. കൈ കൂപ്പി തൊഴുതു. അറിയാതെ വിതുമ്പിപ്പോയി. കണ്ണുകള്‍ ഈറനായി പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധത്തിന്റെ ആദ്യസമാഗമം. അടുത്തിരുന്നു സാന്ത്വനിപ്പിച്ചു. തലോടി ആത്മാര്‍ത്ഥതയെപ്പറ്റി പരാമര്‍ശിച്ചു. നേരത്തെ ക്രൈം സ്ക്വാഡില്‍ ജോലിചെയ്ത പരിചയം.
ജീവിതത്തിനു പ്രതീക്ഷയുടെ വെളിച്ചം വീശുന്നു. ചുരുക്കം വാക്കുകള്‍ കൊണ്ട് സമാധാനിപ്പിച്ചിട്ട് വീണ്ടും കാണാമെന്നു പറഞ്ഞു തിരിച്ചു പോയി ദൈവം. ചില മനുഷ്യര്‍ അങ്ങനെയാണ് കടുത്ത ദു:ഖത്തിലും ദുരിതത്തിലും താങ്ങായും തണലായും ആശ്രയമായും ദൈവിക പരിവേഷത്തോടെ അവതരിക്കും. എന്നാല്‍ വേണ്ടപ്പെട്ട ചില മനുഷ്യര്‍ വെറുതെയെങ്കിലും ചെകുത്താന്റെ രൂപത്തിലും ചില സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ദിവസങ്ങള്‍ കുഴമ്പും, തൈലവും, തടവും കിഴിയുമായി ഇഴഞ്ഞു നീങ്ങി. കുടുംബം താങ്ങായി നിന്നു. ഏറെ സ്നേഹവും പിന്തുണയും തന്ന, എന്റെ കൊഞ്ചിറവിളയിലെ നാട്ടുകാരായി പിന്നെ എന്റെ ബന്ധുമിത്രാദികള്‍. ആയുര്‍വേദ ചികിത്സ പൂര്‍ത്തിയായി. ഭാര്യാഗൃഹത്തില്‍ ചെക്കിട്ടവിളാകത്തു എന്നെ വീണ്ടും മാറ്റി സ്ഥാപിച്ചു. വരുത്തനായ ഞാന്‍ അങ്ങനെ കൊഞ്ചിറവിളക്കാരനായി. നീണ്ട കഥ ആയിപ്പോയോ, ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. വേണുഗോപാല്‍ സര് വീണ്ടും വീട്ടിലേക്ക് വന്നു. സര്‍വീസിലേക്കും ജീവിതത്തിലേക്കും കൈപിടിച്ചു നടക്കുവാനുളള പുതിയൊരു നിയോഗവുമായി. സംസ്ഥാന പോലീസ് സേനയില്‍ കോണ്‍സ്റ്റബിളിനു കിട്ടാവുന്ന ഏറ്റവും വലിയൊരു സ്ഥാനവുമായി. യോഗ്യതയെക്കാള്‍ മികച്ച സ്ഥാനം. വര്‍ഷങ്ങളോളം സംരക്ഷണം.
പൂന്തുറ ലഹള സംബന്ധിച്ച് അരവിന്ദാക്ഷമേനോന്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കുറെ പ്രശംസകളും. പിന്നാലെ നാട്ടുകാരുടെ കുറെ അംഗീകാരങ്ങളും. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സ്വാഹാ.. .. ..
ഏറ്റവും വിലമതിക്കപ്പെട്ട അംഗീകാരം ആ കുടുംബം എന്നെ ഓര്‍ക്കുന്നു എന്നതും, കാല്‍നൂറ്റാണ്ടിനു മുമ്പ് തൊട്ടിലില്‍ കിടന്ന ആ കുഞ്ഞ് ജീവനോടെ ഇരിക്കുന്നു എന്നതുമാണ്.