ഗള്‍ഫനുഭവങ്ങള്‍-19 : പട്ടേലും ഭണ്ഡാരിയും തേപ്പ്‌ലയും

ഇന്ത്യയിലെ കച്ചവട സമൂഹത്തില്‍ മാര്‍വാഡികള്‍ക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ.. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നുള്ള കച്ചവട സമൂഹമാണ് ഇക്കൂട്ടർ. പട്ടേല്‍, ജെയിന്‍ തുടങ്ങിയ വിഭാഗത്തിലുള്ളവരുടെ ജീനിലുള്ളതാണ് വ്യാപാരം.

പത്താം ക്ലാസ് കഴിഞ്ഞാല്‍ കോളേജില്‍ പോകുന്നതും ഉപരിപഠനവുമൊന്നും ഇവര്‍ക്ക് വലിയ താല്‍പര്യമുള്ള വിഷയമല്ല. സര്‍ക്കാര്‍ ജോലി തേടി പോകുകയും പെന്‍ഷന്‍ പറ്റും വരെ സര്‍ക്കാരിന്റെ തുച്ഛശമ്പളവും വാങ്ങി ജീവിക്കാനുള്ള മനസ്സൊന്നും അവര്‍ക്കില്ല.

പിഎസ് സി പരീക്ഷ എഴുതി എങ്ങിനെയെങ്കിലും ഒരു സര്‍ക്കാര്‍ ജോലി നേടണമെന്ന ശരാശരി മലയാളി യുവാവിന്റെ മനസ്സ് കണ്ട് മാര്‍വാഡികള്‍ അന്തം വിടും.

സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകളും നോക്കി ഇരിക്കുന്ന ഗുമസ്ത ജോലികള്‍ക്ക് മാര്‍വാഡികളൊന്നും പോകില്ല . കോളേജില്‍ പോയി ജീവിതം പാഴാക്കാതെ നേരിട്ട് കച്ചവടം, അതും അപ്പനപ്പൂപ്പന്‍മാരായി കൈമാറി ലഭിച്ച കച്ചവടം നടത്തണം. ഇതാണ് ശരാശരി മാര്‍വാഡി യുവാവിന്റെ മനസ്സ്.

പതിനെട്ട് വയസ്സുകഴിഞ്ഞാല്‍ ഇവരെ കച്ചവടത്തിലേക്ക് ഇറക്കി വിടുകയാണ് കാരണവർമാർ ചെയ്യുന്നത്. മഫ്തലാല്‍ പട്ടേലും കച്ചവടത്തിലേക്ക് വന്നത് ഇങ്ങിനെ തന്നെയാണ്.

സുഹൃത്തും ബിസിനസ് പങ്കാളിയുമായ സാജനാണ്, ഒരു വിമാനയാത്രയ്ക്കിടെ,
പട്ടേലിനെ പരിചയപ്പട്ടെത്.. ദുബായിലേക്ക് , പൈപ്പിന്റെ ബിസിനസ് ആവശ്യവുമായാണ് പട്ടേല്‍ വരുന്നത്. മെറ്റല്‍ ട്രേഡ് നടത്തുന്ന ചിലരെ നേരത്തെ അറിയാം.

സാജന്‍ സഹായിക്കാമെന്ന് ഏറ്റു. പട്ടേല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് സാജന്‍ ക്ഷണിച്ചപ്പോള്‍ തൊപ്പിവെച്ച്, പാളത്താറുടുത്ത് , പാന്‍മസാല ചവച്ച് പ്രായമേറിയ ഒരാളായിരുന്നു മനസ്സില്‍. നേരിൽ കണ്ട് പരിചയപ്പെട്ടപ്പോള്‍ നീല ജീന്‍സും നെഹ്‌റു ജാക്കറ്റും ധരിച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ .വായിൽ പാന്‍ മസാലയുമില്ല. ഉടുമുണ്ടായി പാളത്താറുമില്ല..

ഹോട്ടല്‍ റൂമിലേക്ക് നേരേ കൊണ്ടുപോയാക്കി. പട്ടേല്‍ ധനികനാണെന്നും ദുബായില്‍ സര്‍പ്ലസ് മെറ്റീരിയല്‍സ് എടുക്കാന്‍ വന്നതാണെന്നും സാജന്‍ പറഞ്ഞു.

പെട്രോളിയം കമ്പനികളുടെ പ്രൊജക്ട് ഷട്ട് ഡൗണിനു ശേഷം അവശേഷിക്കുന്ന സര്‍പ്ലസ് പൈപ്പുകളാണ് പട്ടേലിനു വേണ്ടത്. സ്റ്റെയിന്‍ലസ് സ്റ്റീലും, കാര്‍ബണ്‍ സ്റ്റീലും എല്ലാം.. മാസം 500 ടണ്‍ കുറഞ്ഞത് വേണം.

സാജനും ഞാനും മെറ്റീരിയല്‍സ് അന്വേഷിച്ചു പരക്കം പാഞ്ഞു. കണ്ടെത്തിയ ഇടത്തെല്ലാം പട്ടേലിനേയും കൊണ്ടു പോയി. കണ്ടതെല്ലാം പട്ടേല്‍ എടുത്തു. ലാഭവിഹിതം ഞങ്ങള്‍ക്കു തന്നു. മാസം ഒന്നു കഴിഞ്ഞപ്പോള്‍ പട്ടേല്‍ വീണ്ടുമെത്തി. പൈപ്പുകള്‍ ഇന്ത്യയിലേക്ക് കപ്പലേറി.

ഞങ്ങള്‍ കൂടുതലടുത്തു. ഒരിയ്ക്കല്‍ പട്ടേലിനു പകരമെത്തിയത് അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കളിയായ ഭണ്ഡാരിയാണ്. പട്ടേല്‍ ഗുജറാത്തില്‍ നിന്നാണെങ്കില്‍ ഭണ്ഡാരി രാജസ്ഥാനില്‍ നിന്നാണ്. ഭണ്ഡാരിക്കും കിട്ടി ഗൾഫിലെ പെട്രോളിയം കമ്പനികളിലെ അധികപ്പറ്റ് പൈപ്പുകള്‍.

ഭണ്ഡാരി വന്നപ്പോഴാണ് കൈയ്യിലെ വലിയ ചോറ്റുപാത്രം ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെ, പട്ടേലിന്റെ കൈവശവും ഈ പാത്രം കണ്ടിരുന്നു. ചപ്പാത്തി പോലെ ചുട്ടെടുത്ത ഭക്ഷണം തേപ്പ്‌ല എന്നാണ് ഇതിന്റെ പേര്. നെയ്യില്‍ വറുത്ത കോലന്‍ പച്ചമുളകു മാത്രം മതി തേപ്പ്‌ല കഴിക്കാന്‍. വലിയ ചോറ്റുപാത്രത്തില്‍ നൂറിലധികം തേപ്പ്‌ലയുണ്ട്. പച്ചമുളകും ചേര്‍ത്ത് തേപ്പ്‌ല കഴിക്കുമ്പോള്‍ ഭണ്ഡാരി ഇത് എനിക്കും സാജനും വെച്ചുനീട്ടി.

ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണമായതിനാലാണ് തേപ്പ്‌ല യാത്രയ്ക്കിടെ കൊണ്ടു വരുന്നതെന്ന് ഭണ്ഡാരി പറഞ്ഞു. നല്ല രുചിയുള്ള ഐറ്റംതന്നെ.. ഗുജറാത്തികളുടേയും രാജസ്ഥാനികളുടേയും പ്രധാനപ്പെട്ട ഭക്ഷണമാണ് തേപ്പ്‌ല.

പുറത്തും നിന്നും ഭക്ഷണം കഴിക്കാത്ത ഇക്കൂട്ടരെ സമ്മതിച്ചുകൊടുത്തു. പണച്ചെലവില്ല, വയറിനും സുഖം.

മൂന്നു നേരവും തേപ്പ്‌ല കഴിക്കുന്ന അവരെ നോക്കി ഞാന്‍ അത്ഭുതപ്പെട്ടു. ഗോതമ്പുമാവ് തൈരില്‍ കുഴച്ചെടുത്ത് മഞ്ഞപ്പൊടി, മുളകുപൊടി, ഉലുവച്ചീര, അയമോദകം, ജീരകം, എന്നിവയെല്ലാം ചേര്‍ത്താണ് ചപ്പാത്തി പോലെ പരത്തി തേപ്പ് ല ചുട്ടെടുക്കുന്നത്. പക്ഷേ, ദിവസം മൂന്നു നേരവും ഇതു മാത്രം കഴിക്കുകയെന്നാല്‍ അതി കഠിനം തന്നെ.

ഗൾഫിലെ റെസ്റ്റൊറന്റുകളിലെ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കാത്ത യാളായിരുന്നു പട്ടേൽ. എന്നാല്‍. അറുപതു വയസ്സിലേറെ പ്രായമുള്ള ഭണ്ഡാരി ഇത്തരം കാര്യങ്ങളില്‍ വലിയ യാഥാസ്ഥിതികത കാണിച്ചിരുന്നു. രാജസ്ഥാനി ജെയിനായതില്‍ ളള്ളി. പുകയില, മദ്യം എന്നിവയൊന്നും അദ്ദേഹം ഉപയോഗിക്കില്ല. തേപ്പ് ല മാത്രമായിരുന്നു ഭണ്ഡാരിയുടെ ഭക്ഷണം.

തേപ്പ്‌ല ഉണ്ടാക്കുന്ന വിധവും പഠിപ്പിച്ചു തന്നശേഷമാണ് ഭണ്ഡാരി ഇന്ത്യയിലേക്ക് മടങ്ങിയത്. പിന്നീട് ഒരിക്കല്‍ വന്നപ്പോള്‍, രാജസ്ഥാനിലെ തന്റെ ഗ്രാമത്തില്‍ വിളയുന്ന കോലന്‍ പച്ചമുളക് എനിക്ക് സമ്മാനിച്ചു.

ഒരിക്കല്‍ വീട്ടില്‍ വെച്ച് തേപ്പ്‌ല ഉണ്ടാക്കി നോക്കി. ഉലുവച്ചീരയെല്ലാം ചേര്‍ത്ത് ഇളക്കിക്കുഴച്ച് ചപ്പാത്തി പോലേ ചുട്ടെടുത്തു. .ഭാഗ്യം – ഭാര്യയ്ക്കും മോള്‍ക്കും ഇഷ്ടമായി. എരിവില്ലാത്ത ആ കോലൻ പച്ച മുളക് നെയ്യിൽ വറത്തെടുത്തത് അവരും കടിച്ചിറക്കി.

വീട്ടിൽ തേപ്പ്‌ല ഉണ്ടാക്കിക്കഴിക്കുമ്പോഴെല്ലാം പട്ടേലിനേയും ഭണ്ഡാരിയേയും സ്മരിക്കും.

യു എ ഇ കൂടാതെ ഒമാനിലും , ഖത്തറിലുമെല്ലാം ഇവരുമായി കച്ചവടാർത്ഥം പോയിട്ടുണ്ട്. അവിടെയെല്ലാം തേപ്പ് ലയും നെയ്യിൽ വറുത്ത കോലൻ പച്ചമുളകും കൂട്ടിനുണ്ടായിരുന്നു. ഒമാൻ പെട്രോളിയം കമ്പനിയുടെ വിജന തീരങ്ങളിലെ പ്രൊജക്ട് സൈറ്റുകളിൽ ദാഹവും വിശപ്പും വന്ന് വലഞ്ഞ അവസങ്ങളിൽ ഇവരുടെ തേപ്പ് ല ആശ്വാസമേകിയിട്ടുണ്ട്.

കോവിഡ് കഴിഞ്ഞ ശേഷം മാര്‍ക്കറ്റ് ഡൗണായതോടെ പൈപ്പിന്റെ കച്ചവടം പൊളിഞ്ഞു. അതോടെ ഭണ്ഡാരിയുടെയും പട്ടേലിൻ്റേയും വരവും നിന്നു.

മഹാമാരിയുടെ വറുതിക്കാലം കഴിഞ്ഞതിനാൽ ഇവർ വീണ്ടും വരുമെന്ന കാത്തിരിപ്പിലാണ് ഞാന്‍. അവർക്കൊപ്പം എരിവില്ലാത്ത ‘ആ രാജസ്ഥാനി കോലൻ പച്ചമുളകും കടൽ കടന്ന് എത്തുമെന്ന പ്രതീക്ഷയും.