നാട്ടിലെ ഓരോ ഉത്സവങ്ങൾക്കും ഒരു ഗൾഫ് പതിപ്പുണ്ടാകും. ഓണം ഗൾഫ് മലയാളികളുടേയും ദേശീയോത്സവമാണ്. ചിങ്ങമാസം വന്നു ചേർന്നാലാണ് നാട്ടിൽ ഓണമെങ്കിൽ ഗൾഫിൽ അങ്ങിനെയുള്ള യാതൊരു നിർബന്ധങ്ങളുമില്ല.
ഓഗസ്റ്റ് മാസം വരെയാണ് ഗൾഫിലെ വേനൽക്കാലം. സെപ്തംബർ തുടങ്ങിയാൽ രണ്ടു മാസം വരെ നീളുന്ന ഓണാഘോഷമാണ് എവിടേയും . പ്രവാസി സംഘടനകളുടെ വാർഷികാഘോഷമാണ് ഓണക്കാലം. രണ്ടിൽ കുറയാത്ത സംഘടനകളിൽ അംഗമായിരിക്കും ഓരോ പ്രവാസിയും.
ഈയുള്ളവനും നാലോളം സംഘടനകളിൽ അംഗത്വമുണ്ട്. എന്ന് പറഞ്ഞാൽ , നാല് ഓണ സദ്യ ഉണ്ണാം. അത്ര തന്നെ.
കോവിഡിന് തൊട്ടുമുമ്പുള്ള ഓണാഘോഷക്കാലമായിരുന്നു അത്. ആറു വർഷത്തെ ദുബായി വാസത്തിനു ശേഷം അബുദാബിയിലേക്ക് പറിച്ചു നട്ട വേള. ശരീരം അബുദാബിയിലും മനസ്സ് ദുബായിലുമായുള്ള അവസ്ഥ . അബുദാബിയിൽ പരിചയമുള്ള മുഖങ്ങളെ തിരഞ്ഞ് മടുത്ത സമയം. അപ്പോഴാണ് ഓണാഘോഷം ഒത്തുവന്നത്.
ഒരു ഫാമിലി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഓണം- തിരുവരങ്ങ് – എന്നോ മറ്റോ പേരിട്ട് ഒരാഘോഷം . സംഘാടകർക്ക് ഒരേ നിർബന്ധം , ഗ്രൂപ്പിലെ ആസ്ഥാന ഗായിക കൂടിയായ എൻ്റെ ഭാര്യ തന്നെ വേണം ഇക്കുറിയും പ്രാർത്ഥനാ ഗീതം ആലപിക്കാൻ.
അബുദാബിയിൽ നിന്ന് ഭാര്യയും രണ്ട് പെൺമക്കളുമായി ഒരുങ്ങിക്കെട്ടിയെത്താൻ വൈകുമെന്നതിനാൽ ഒഴിവാക്കാൻ കഴിവതും ഞാൻ ശ്രമിച്ചു നോക്കി. പക്ഷേ, സംഘാടകരായ ബന്ധുക്കളും സുഹൃത്തുക്കളും വിടുന്ന മട്ടില്ല.
രാവിലെ പത്തിനുള്ള ഈശ്വര പ്രാർത്ഥന എനിക്കു വേണ്ടി അവർ പതിനൊന്നിനാക്കി. പത്തിന് പൂക്കള മത്സരം വെച്ചു അഡ്ജസ്റ്റ് ചെയ്തു. പൊതുയോഗം ഉദ്ഘാടനം എല്ലാം പതിനൊന്നിന്ന് .
അങ്ങിനെ ആ സുദിനം വന്നു ചേർന്നു. നാട്ടിൽ തിരുവോണവും ത്രീ നാരായണ ജയന്തിയും ആറൻമുള്ള ഉതൃട്ടാതി ജലമേളയും കഴിഞ്ഞ് ദീപാവലി ആഘോഷമായി അപ്പോഴാണ് അറബിക്കടലിന്നക്കരെ ഓണാഘോഷം പൊടിപൊടിക്കുന്നത്.
വാരാന്ത്യ അവധി ദിനങ്ങളിൽ ഒന്നിലാണ് സംഘടനകൾ ഓണാഘോഷ തീയ്യതി നിശ്ചയിക്കുക. അങ്ങിനെ , ഒരു വെള്ളിയാഴ്ച ദിനം രാവിലെ നേരത്തേ ഉണർന്നെഴുന്നേറ്റ് ഒരുങ്ങിക്കെട്ടി ദുബായിലേക്ക്.
എത്ര ശ്രമിച്ചിട്ടും ഇറങ്ങാൻ സമയം 9 മണി കഴിഞ്ഞു. ഒന്നര മണിക്കൂറിലേറെ വേണം ദുബായിയിലെത്താൻ.
തലേന്ന് ചെയ്യാത്തതിനാൽ ഇടയ്ക്ക് പെട്രോൾ അടിച്ച് , ടയർ പ്രഷർ ചെക്ക് ചെയ്ത് … യാത്ര തുടർന്നപ്പോളും അബുദാബി അതിർത്തി കടന്നിരുന്നില്ല.
പത്ത് മണിയോട് അടുത്തപ്പോൾ കോൾ എത്തി. എവിടെ എത്തി എന്നാണ് ചോദ്യം. 11 മണിക്ക് മുമ്പേ എത്തില്ലേ ?
എത്തും .ലൊക്കേഷൻ അറിയാം … എന്നൊരു ഉറപ്പും കൊടുത്തു.
ആ ഉറപ്പ് പാലിക്കാൻ ആക്സിലറേറ്ററിനെ നീട്ടി ചവിട്ടി.. സ്പീഡ് പരിധി മണിക്കൂറിൽ 140 കിലോമീറ്റർ . ദുബായിയിൽ ബഫർ റേഞ്ച് ഉണ്ട്. 100 കിലോമീറ്റർ വേഗ പരിധിയുള്ളിടത്ത് ബോണസ്സായി 20 കിലോമീറ്റർ കൂടി ലഭിക്കും. 120 കടന്നാൽ സ്പീഡ് റഡാർ പിടികൂടും.
140 കണ്ടതിനാൽ 150 -160 റേഞ്ചിൽ വണ്ടി പറന്നു. അബുദാബി അതിർത്തി പെട്ടെന്ന് പിന്നിട്ടു. ദുബായ് കടന്നപ്പോൾ വേഗ പരിധി 120 ആയി ചുരുങ്ങി. എന്നാലും ബഫർ ഉപയോഗിച്ച 140 ൽ താഴെ പിടിച്ച് ഓടി.
ഈശ്വര പ്രാർത്ഥന ആരംഭിക്കുന്നു എന്ന് പറഞ്ഞ് യോഗം ആരംഭിക്കുമ്പോൾ ഭാര്യ വേദിയിൽ . കാർ പാർക്കു ചെയ്യാൻ സ്ഥലം തേടി നടന്ന് ഞാനും ഹാളിലെത്തി.
ഭാര്യയുടെ ഈശ്വര പ്രാർത്ഥന ക്യാമറയിൽ പകർത്താൻ മൊബൈൽ ഫോൺ എടുത്തപ്പോൾ പത്ത് പതിനാറ് SMS സന്ദേശങ്ങൾ . അബുദാബി ട്രാഫിക് ഡിപ്പാർട്ടുമെൻ്റിൻ്റെയാണ് എല്ലാം. അനുവദനീയമായ വേഗപരിധി കടന്നതായി 16 സന്ദേശങ്ങൾ 400 (എകദേശം 8000 രൂപ) ദിർഹം വീതം പിഴ. ട്രാഫിക് ഡിപ്പാർട്ട്മെൻ്റിന് തെറ്റി. എന്തോ ടെക്നികൽ എറർ സംഭവിച്ചു കാണും. ഓരോ സന്ദേശത്തിലും സമയം 10:11,10:12,10:13 … എന്നിങ്ങനെയാണുളളത്. രണ്ട് റഡാറുകൾ തമ്മിൽ കുറഞ്ഞത് രണ്ടു കിലോമീറ്റർ അകലം കാണും .. ഇത് തെറ്റിയത് തന്നെ. ഞാൻ ആശ്വസിച്ചു.
റഡാർ വയലേഷൻ സന്ദേശങ്ങൾ വായിച്ചു കൊണ്ടിരിക്കേ ഭാര്യയുടെ ഈശ്വര പ്രാർത്ഥന അവസാനിച്ചു.
വീഡിയോ എടുക്കാൻ വിട്ടു പോയെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.
മൊബൈലിലെ കാൽക്കുലേറ്ററിൽ 16 ഗുണം 400 സമം 6400 എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി.
നാട്ടിലേക്ക് ഈ പണം അയച്ചിരുന്നെങ്കിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സ്വന്തം അക്കൗണ്ടിൽ വന്ന് ചേർന്നേനെ … എന്ന് ഏതൊരു പ്രവാസിയേയും പോലെ ഞാനും കണക്ക് കൂട്ടി.
നാട്ടിലെ സദ്യയുടെ ഏഴയലത്ത് വരാത്ത വാട്ട ഓണ സദ്യയും ഉണ്ട് അംഗത്വ ഫീസും കൊടുത്ത് അബുദാബിക്ക് മടങ്ങുമ്പോൾ ഭാര്യയുടെ മുഖത്ത് പരിഭവം ഉണ്ടായിരുന്നു.
എന്താ സദ്യ അത്ര പോരായിരുന്നു അല്ലേ ? എന്ന എൻ്റെ ചോദ്യത്തിന് മറു ചോദ്യമായിരുന്നു ഉത്തരം.
ഈശ്വര പ്രാർത്ഥനയ്ക്ക് ആലപിച്ച ജയദേവ കൃതിയെകുറിച്ച് ഇതുവരെ അഭിപ്രായം ഒന്നും ഉരിയാടിയില്ല ,എന്താ കാരണം ? എന്നായിരുന്നു.
അത് വളരെ നന്നായിരുന്നു. അതിലും വളരെ നന്നായ ഒരു കാര്യമുണ്ട്. 16 റഡാർ അടിച്ച് നോട്ടീസ് വന്നിട്ടുണ്ട്.
അബുദാബിയിൽ 140 എന്നാൽ 140 തന്നെയാണ്. നോ ബഫർ ഓർ ബോണസ് .. ആറായിരം പോയി.
മാസങ്ങൾ കഴിഞ്ഞ് രജിസ്ട്രേഷൻ പുതുക്കാനെത്തിയപ്പോൾ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി അറിവു കിട്ടി. അങ്ങിനെ ആറായിരം മുവ്വായിരത്തോളം ദിർഹം ആയി കുറഞ്ഞു. അബുദാബി സർക്കാരിന് അതിനുള്ള നന്ദി മനസ്സിൽ രേഖപ്പെടുത്തി പിഴയുമൊടുക്കി മടങ്ങി.
അതിനു ശേഷം രണ്ടു വർഷം കോവിഡ് മൂലം പ്രവാസികളുടെ ഓണാഡോഷം സൂം വഴി യായിരുന്നു. സദ്യയില്ല, അംഗത്വ ഫീസില്ല , റഡാർ ഇല്ല .. സുഖം സ്വസ്ഥം. 2022 ൽ ഓണാഘോഷവും ഈശ്വര പ്രാർത്ഥനയും മടങ്ങിയെത്തിയപ്പോൾ അതി രാവിലെ എഴുന്നേറ്റ് , പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ മുമ്പേ തന്നെ എത്തി.
140 വേഗ പരിധി ഉണ്ടായിരിന്നിട്ടും 120 കടന്നില്ല. ഒരിക്കൽ കൂടി SMS നോക്കി ഉറപ്പു വരുത്തി. ഒന്നും ഇല്ല.
ദൈവത്തിന് നന്ദി ചൊല്ലി. വേദിയിൽ ഭാര്യയുടെ ഈശ്വര പ്രാർത്ഥനയും മുഴങ്ങി.