ഗള്‍ഫനുഭവങ്ങള്‍-7 : റൗണ്ടെബൗട്ടും, യൂ ടേണുമെടുത്ത് പൊരിവെയിലത്ത്..ശിഹാബ്

ഖുബ്ബൂസും സുലൈമാനിയും പ്രവാസികളുടെ ഔദ്യോഗിക ഭക്ഷണമാണെങ്കിലും പലപ്പോഴും ബാച്ചിലർ ജീവിതങ്ങളുടെ വിരസതയില്‍ നവപരീക്ഷണങ്ങള്‍ക്കും അവസരമൊരുങ്ങാറുണ്ട്.

അന്ന് ഗോതമ്പ് പുട്ടായിരുന്നു മെനു. കൂടെ ദാല്‍ഫ്രൈ. അല്‍നാദയിലെ അടുക്കളയില്‍ ഗോതമ്പ് പുട്ടിന്റെയും ഇടയിലിടുന്ന തേങ്ങയുടേയും വേവിന്റെ മണം വിശപ്പ് കലഹിക്കുന്ന വയറുകളിലേക്ക് അരിച്ചെത്തി.

വെള്ളിയാഴ്ച പകല്‍. എല്ലാവരും വൈകി എഴുന്നേറ്റുവരുന്നതേയുള്ളു. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ചേര്‍ന്ന ബ്രഞ്ചാണ് അടുപ്പിനു മുകളില്‍. ഗസ്റ്റ് ഉണ്ട്. ശിഹാബ്. ഫ്യൂജൈറയിലെ പോര്‍ട്ടിലെ ജോലി സ്ഥലത്തു നിന്നും ഏതോ പഠാന്‍ ടാക്‌സിയില്‍ കയറി അയാൾ അല്‍ നാദയില്‍ എത്തി.

ഗൂഗിള്‍ മാപും, വാട്‌സ്ആപുമില്ലാത്ത രണ്ടായിരത്തിലെ ആദ്യ ദശകത്തിന്റെ ആദ്യ പകുതിയാണ് സംഭവകാലം.

ഫ്യുജൈറയില്‍ നിന്നും കയറിയപ്പൊഴേ ശിഹാബിന് അല്‍നാദയിലെ ഞങ്ങളുടെ ലൊക്കേഷനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തിരുന്നു. വെള്ളിയാഴ്ചയാണെങ്കിലും ഓട്ടം ഒത്തുവന്നതിന്റെ ആവേശത്തില്‍ പഠാന്‍ ഡ്രൈവര്‍ വഴിയെല്ലാം അറിയാമെന്ന് ഏറ്റു.

നൂറു കിലോമീറ്റര്‍, ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ സമയം. ഞങ്ങള്‍ കുറിച്ചുവെച്ചു . പതിനൊന്ന് മണിയോടെ ഇഷ്ടന്‍ എത്തും. ബിരിയാണിയും കോഴിയുമൊന്നും വേണ്ട ഏതെങ്കിലും നാടന്‍ വിഭവം മതിയെന്നായിരുന്നു ശിഹാബിന്റെ നിര്‍ദ്ദേശം.

അങ്ങിനെയാണ് അന്ന് രാവിലത്തെ പാചകത്തിന്റെ ചുമതലക്കാരനായ വെജിറ്റേറിയന്‍ കൂടിയായ എനിക്ക് ഗോതമ്പ് പുട്ടും ദാല്‍ഫ്രൈയും എന്നാശയം മനസ്സില്‍ തോന്നിയത്.

ശിഹാബ് സന്തോഷത്തോടെ സമ്മതം മൂളി.

‘ഗോതമ്പ് പുട്ട് കഴിച്ചിട്ടില്ല.. നോട്ടെ.. വായ വെയ്ക്കാന്‍ കൊള്ളോന്ന്.. ‘

രണ്ട് മൂന്നു കുറ്റി പുട്ടും ദാല്‍ ഫ്രൈയും റെഡിയായി. അടുക്കളയില്‍ എത്തിയവര്‍ ഒരോരുത്തരായി ടേസ്റ്റ് നോക്കി പോയതോടെ രണ്ടു കുറ്റി പുട്ട് കാണാതായി.

‘ഇങ്ങിനെയാണേല്‍ നടക്കില്ല. ഇത് എന്ത് പരിപാടിയാ.. ശിഹാബ് വരുമ്പോഴേക്കും പുട്ടുകുറ്റി മാത്രം കാണും. ”

എന്റെ ശാസനയോടുകൂടിയുള്ള സ്വരം കേട്ട് പലരും വിശപ്പടക്കി തല്‍ക്കാലം മടങ്ങി.

ഒന്നേ കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.

‘എത്തി, അല്‍ നാദയിലെത്തി. ഇനി ടാക്‌സിക്കാരനെ വിടണോ, അതോ കുറേ ദൂരമുണ്ടോ. ?”

നമ്മുടെ ഫ്‌ളാറ്റിലെത്താനുള്ള വഴി ശിഹാബിന് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ അല്‍നാദയുടെ മുക്കും മൂലയും പരിചയമുള്ള ബിനു മുന്നോട്ട് വന്നു.

ഇനിയുള്ള സംഭാഷണങ്ങള്‍ ഇങ്ങിനെയായിരുന്നു

‘എവിടെയാണ് ഭായ് നില്‍ക്കുന്നത്. ?’

‘അല്‍ നാദ ‘

‘അവിടെ നിന്നാല്‍ ഏറ്റവും ഉയരമുള്ള കെട്ടിടം ഏതാണ് കാണുന്നത്.?’

‘ബൂര്‍ജ് ദുബായ് .’ (ഇന്ന് ബുര്‍ജ് ഖലീഫ)

‘ബുര്‍ജ് ദുബായിയോ ? നിങ്ങള്‍ എവിടാ ഷെയ്ഖ് സായിദ് റോഡിലാണോ ? അത് ദുബായിയാണ്. നിങ്ങള്‍ അല്‍ നാദ ഷാര്‍ജയിലേക്ക് വരു.. ‘

‘ അല്‍ നാദ, ഷാര്‍ജയിലാണ് . ഇവിടെ നിന്ന് നോക്കിയാല്‍ ഇരുപതു കിലോമീറ്റര്‍ അകലെ പണി പൂര്‍ത്തിയായി വരുന്ന ബുര്‍ജും കാണാം. അതാണ് പറഞ്ഞത്. ‘

‘ അത് വിട്. നാട്ടില്‍ നിന്ന് നോക്കിയാല്‍ സൂര്യനേയും ചന്ദ്രനേയും കാണാം. ഇവിടെ നിന്ന് നോക്കിയാലും കാണാം. അതല്ല ഉദ്ദേശിച്ചത്. ‘
തൊട്ടടുത്തുള്ള കെട്ടിടം. ഏതാ. ? ‘

‘കുറെ കെട്ടിടങ്ങള്‍ ഉണ്ട് . എല്ലാത്തിനും ഏതാണ്ട് ഒരേ ഉയരമാണ്. ‘

‘അതു പോട്ടെ, അടുത്തുള്ള കടയോ, റസ്റ്റൊറന്റോ ഉണ്ടോ. ? ‘

‘ഉണ്ട് . ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ്. ‘

‘കുഴഞ്ഞല്ലോ , അവിടെത്തന്നെ മൂന്ന് ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റുണ്ട് മാഷേ, ന്യൂ ഫാത്തിമ , അല്‍ ഹിലാല്‍ ഫാത്തിമ, നൂര്‍ ഫാത്തിമ…’

‘അങ്ങിനെ ചോദിച്ചാല്‍ ഞാനും കുഴങ്ങും, എല്ലായിടത്തും ഫാത്തിമ എന്നു മാത്രമേ കാണാനുള്ളു.. ചെറിയ അക്ഷരത്തില്‍ അതിനു മുമ്പ് എഴുതിവെച്ചിട്ടുള്ളത് കണ്ണിനു പിടിക്കണില്ല. ‘

ഇവരുടെ സംഭാഷണത്തിന്നിടെ നാലാമത്തെ പുട്ടും ഞാന്‍ കുത്തിയിട്ടു.

‘എന്തായി വഴി പറഞ്ഞ് കൊടുത്തോ. ബിനു..? ഞാന്‍ ചോദിച്ചു.

‘ ഇല്ല.. മൂപ്പര് എവിടാ നിക്കണതെന്ന് അറിയാതെ എങ്ങിനെ വഴി പറഞ്ഞു കൊടുക്കും. ‘

അടുത്ത ഊഴം പണിക്കരുടേതായിരുന്നു.

ശാന്തമായി അദ്ദേഹം തുടങ്ങി.

‘ ഹലോ, നിങ്ങള്‍ നില്‍ക്കുന്ന അടുത്ത് എന്തായുള്ളത്. ?’

‘ ഒരു വലിയ വേസ്റ്റ് ബിന്‍… ‘

‘വേസ്റ്റ് ബിന്‍, എല്ലായിടത്തുമുണ്ട്. അടുത്തുള്ള കട ഏതാണ്. ? ‘

‘ഇവിടെ നിരവധി കടകളുണ്ട്. ഏത് പറയണം. ? നിങ്ങള്‍ പറയുന്ന കടയുടെ മുന്നില്‍ വന്ന് ഞാന്‍ നില്‍ക്കാം. ‘

‘ ശിഹാബെ, അടുത്ത് ഒരു പെട്രോള്‍ പമ്പ് കാണുന്നുണ്ടോ. ?

‘ഉണ്ട്. എപ്‌കോ പമ്പ് , ‘

‘ ഹൊ രക്ഷപ്പെട്ടു. പമ്പ് ഇപ്പോള്‍ ഇടത്തോ വലത്തോ.. ?’

‘ റോഡിനു ഇരുവശത്തുമായി രണ്ട് പമ്പുണ്ട്. ഇടത്തും വലത്തും. ‘

ഇതോടെ പണിക്കര്‍ കുഴഞ്ഞു. അടുത്തത് എന്റെ ഊഴമായിരുന്നു.

പക്ഷേ, ഞാനൊഴിഞ്ഞു.

‘ നിങ്ങള്‍ തന്നെ പറഞ്ഞ് കൊടുക്ക്. ‘

അടുത്ത പുട്ടിനായി ഗോതമ്പും പീരയുമിട്ടുകൊണ്ടിരുന്ന ഞാന്‍ കൈ കാണിച്ചു കൊടുത്തു. മൊബൈല്‍ പിടിക്കാനാവില്ല.. ‘

പുട്ടിന്റെ മണം കേട്ട് അടുത്ത മുറിയില്‍ നിന്നെത്തിയ ശ്രീധര്‍ ഭായ് സ്ഥലം പറഞ്ഞു കൊടുക്കുന്ന പുകില് കണ്ട് ദൗത്യം ഏറ്റെടുത്തു.

മൈക്ക് ശ്രീ ലൂക്കിന് കൈമാറുന്നു. പഴയ നെഹ്‌റു ട്രോഫി വള്ളംകളിയിലെ റേഡിയോ കമന്ററി പോലെ പണിക്കര് പറഞ്ഞു.

‘ ഭായ്. നിങ്ങള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു. ? ‘

പറഞ്ഞു പറഞ്ഞു മടുത്ത ശിഹാബിന് സഹികെട്ടു.

‘ പത്ത് പതിനഞ്ച് മിനിറ്റായി ഞാന്‍ ഒരേ നില്‍പ്പാണ്. നിങ്ങളുടെ ബില്‍ഡിംഗ് കൃത്യമായി പറഞ്ഞു തന്നാല്‍ ഞാന്‍ എത്തിക്കോളാം. ബില്‍ഡിംഗിന്റെ പേര് അവിടുത്തെ ലാന്‍ഡ് മാര്‍ക് എന്തേലും പറ.. ‘

ശ്രീധര്‍ ഭായ് വിടുന്ന മട്ടില്ല..

‘ അല്ലല്ല. നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് കൃത്യമായി പറ.. ഇവിടെ കൃത്യമായി ഞാന്‍ എ്ത്തിച്ചു തരാം. പത്തു കൊല്ലമായി അല്‍ നാദയില്‍ ‘

പുട്ടിനു തയ്യാറാക്കി വെച്ച ഗോതമ്പ് കാലിയായി. നിലവില്‍ അഞ്ചു കുറ്റി റെഡിയായി. ഇതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. അഞ്ചാറു പേര്‍ക്ക് ഇത് ധാരാളം. ഗോതമ്പല്ലേ അധികം ആരും കഴിക്കില്ല.

ശ്രീധര്‍ ഭായ് ഒടുവില്‍ ശിഹാബ് എത്തിയ സ്ഥലം കൃത്യമാക്കി മനസ്സിലാക്കി.

‘ നേരെ പോകുക.. പെട്രോള്‍ പമ്പ് വരും, നേരേ മുന്നോട്ട്, ആദ്യം കാണുന്ന റൗണ്ടഎബൗട്ട്.. അവിടെ നിന്നും യൂ ടേണ്‍
എടുത്ത് വരിക, അടുത്ത പമ്പ് കാണും, അതിനു മുന്നിലൂടെ ഫ്രീ റൈറ്റ്, വീണ്ടും മുന്നോട്ട് വരിക താഴെ, സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കട കാണാം. ആ കെട്ടിടത്തിന്റെ രണ്ടാം നില, ഫ്‌ളാറ്റ് നമ്പര്‍ 212 ‘

ശിബാബിന് കൃത്യമായി വഴി പറഞ്ഞു കൊടുത്തതിൻ്റെ വിജയഭാവം ശ്രീധർ ഭായിയുടെ ശരീരഭാഷയിലും വാക്കുകളിലുമുണ്ടായിരുന്നു.

‘ ദേ, ഇത്രേയുള്ളു. ഇതിനാണ് എല്ലാവരും കൂടി. അയാളെ വട്ടാക്കിയത്. ‘

ലാസ്റ്റ് പുട്ട് കുത്തിയിടുന്ന എന്നെ നോക്കി ശ്രീധര്‍ ഭായ് മൊഴിഞ്ഞു

‘ അല്ല, നിങ്ങള്‍ ജേര്‍ണലിസമൊക്കെ പഠിച്ചതല്ലേ, എഫ്കടീവ് കമ്യൂണിക്കേഷന്‍ വല്ലതും അറിയാമോ.. ഒരാളോട് കൃത്യമായി എങ്ങിനെ ആശയവിനിമയം നടത്തണമെന്ന് നിങ്ങളെ പഠിപ്പിച്ചിട്ടില്ലേ.. ? ‘

‘കമ്യൂണിക്കേഷനല്ലല്ലോ, കുശിനിപ്പണിയല്ലേ ഞാന്‍ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് മൈക്ക് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ആശയക്കുഴപ്പമില്ലാതെ ആളെ ഇതിനു മുമ്പ് എത്തിച്ചേനെ..’

‘ ഇനി ഇപ്പോള്‍ അങ്ങിനെ പറയാം. ഞാന്‍ കമ്യൂണിക്കേഷനൊന്നും പഠിച്ചിട്ടില്ല.. പക്ഷേ, വെളിവുണ്ട്. ഏത് , വെളിവ്.. ‘ശ്രീധര്‍ഭായ് തലയില്‍ വിരല്‍ തൊട്ട് പറഞ്ഞു..

.എട്, പുട്ട് എടുത്തോ. കഴിച്ചേക്കാം. .’

‘ആളു വരട്ടെ, ശിഹാബ് വന്നിട്ട് കഴിക്കാം. ‘

ഏതായാലും, ശ്രീധര്‍ഭായ് കൃത്യമായി വഴി പറഞ്ഞുകൊടുത്തു. സംശയമേതുമില്ലാതെ ശിഹാബ് എല്ലാം മൂളിക്കേട്ടു. അസാമാന്യ കമ്യൂണിക്കേഷന്‍ സ്‌കില്‍. ഞാന്‍ അത്ഭുതപ്പെട്ടു. അബദ്ധത്തിലെങ്ങാനും മൈക്ക് എനിക്ക് കിട്ടുകയും ശിഹാബിന് അത് മനസ്സിലാകാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്റെ ജേര്‍ണലിസം പാഴായിപ്പോയേനെ എന്ന് എനിക്ക് തോന്നി.

അതിന്നിടയില്‍ എനിക്ക് നേരിയ സംശയം തോന്നി, ശിഹാബ് കാര്‍ മടക്കിയച്ചുവെന്നല്ലേ, പറഞ്ഞത്. അല്‍നാദയില്‍ നിന്നും സിഗ്നല്‍ ക്രോസ് ചെയ്ത് പെഡസ്ട്രിയനിലൂടെ വന്നാല്‍ ഇവിടെ എത്താനല്ലേയുള്ളു, പിന്നെ എന്തിനാണ് കാറില്‍ കയറി, റൗണ്ടബൗട്ടും യൂടേണും..

വെയിലല്ലേ ..ഞാന്‍ സമാധാനിച്ചു. പാവം ഉച്ചവെയില്‍ കൊണ്ട് വാടണ്ട. കാറില്‍ തന്നെ വരട്ടെ.

മിനിട്ടുകള്‍ കടന്നു പോയി. നാലു മിനിട്ടില്‍ എത്തേണ്ടയാള്‍.. പത്ത് മിനിട്ട് കഴിഞ്ഞിരിക്കുന്നു.

പണിക്കരാണ് ശിഹാബിനെ ഫോണിൽ വിളിച്ചത്.

‘എവിടെ..? നിങ്ങൾ എത്താറായോ, ഭായ് ? ‘

‘റൗണ്ടബൗട്ടിലെത്തി ഇനി യൂ ടേണാണ്.. ‘

വെള്ളിയാഴ്ചയും ട്രാഫിക്കോ ? . പണിക്കര്‍ ആത്മഗതം പറഞ്ഞു. പിന്നേയും പത്ത് മിനിറ്റ് കഴിഞ്ഞു..

ഇക്കുറി ബിനുവാണ് ഫോണ്‍ വിളിച്ച് ചോദിച്ചത് .വിശപ്പു മൂലം ഏവരുടേയും ക്ഷമകെട്ടു.

‘ സഹോദരാ എത്താറായോ..? ഞങ്ങള്‍ക്ക് വിശന്ന് വയറുകത്തുന്നു. ‘

മറുതലയ്ക്കല്‍ ശിഹാബിന് വലിയ അരിശം വന്നിരുന്നു. സ്പീക്കർ ഫോണിലൂടെ ശിഹാബിൻ്റെ സ്വരം കേട്ടു .

‘നിങ്ങള്‍ക്ക് വിശപ്പ്. എനിക്ക് ദാഹവും നല്ല ക്ഷീണവും ഒപ്പം ഉണ്ട്. വയ്യാതായി.. ‘

‘ബാ.. വേഗന്ന് വാ.. ‘

ബിനു ഫോണ്‍ താഴെ വെച്ചു.

പിന്നേയും പത്ത് മിനിറ്റ് പോയി.

ഇക്കുറി ഫോണ്‍ ഞാനെടുത്തു. ശിഹാബിനെ വിളിച്ചു.

‘ മാഷേ ,, ഇതെവിടെയാ..? വഴി തെറ്റിയോ. ? നാലഞ്ചു മിനിറ്റു മതി ഇവിടെയെത്താൻ. . ഇപ്പോള്‍ എന്ത് ട്രാഫിക്കാണ് ..? വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോട് അടുക്കുന്നു. ഇപ്പോൾ റോഡിൽ ട്രാഫിക് ജാം ഒന്നും കാണുന്നില്ലല്ലോ ?’ ബാൽക്കണിയിലൂടെ മുന്നിലെ റോഡിലേക്ക് നോക്കി ഞാൻ പറഞ്ഞു

‘ഒരു ട്രാഫിക്കുമില്ല.. ഓരം ചേര്‍ന്നാണ് വരുന്നത്. ‘

‘ഏത് ഓരം.. ? ‘

‘വഴിയോരം. ദേ അടുത്ത പെട്രോള്‍ പമ്പ് എത്തി, ഇനി ഫ്രീ റൈറ്റും ആദ്യം കാണുന്ന ബില്‍ഡിംഗും ..’

‘നിങ്ങള്‍ നന്നായ് അണയ്ക്കുന്നുണ്ടല്ലോ..? കാറിലല്ലേ.. ?’

‘കാറോ ? അവനിപ്പോള്‍ ഫ്യുജെയ്‌റയില്‍ മടങ്ങിയെത്തിക്കാണും. ‘

അവിടെ പ്ലേറ്റില്‍ ഇരിക്കുന്ന പുട്ടുകുറ്റി ഒരുമിച്ച് വായിലേക്ക് ഇറക്കാവുന്ന വലുപ്പത്തിലാണ് ഞാന്‍ അറിയാതെ വാ പൊളിച്ചു പോയത്.

‘ശിഹാബേ.. എന്താ നിങ്ങള്‍ പറയുന്നതേ.. റൗണ്ടബൗട്ടും, യൂടേണും എടുത്ത് ഏതാണ്ട് രണ്ടര കിലോമീറ്റര്‍ ഈ ഉച്ച വെയിലത്ത് നിങ്ങള്‍ നടക്കുകയാണോ ?
പെഡസ്ട്രിയന്‍ ക്രോസ് വഴി ഈ റോഡിലേക്ക് കടക്കാന്‍ മൂന്നു മിനിറ്റ് പോലും വേണ്ടായിരുന്നു. ‘

‘ ഫോണില്‍ വഴി കാട്ടിയ വ്യക്തി പറഞ്ഞു തന്നതു പോലെ ഞാന്‍ നടന്നു വരുന്നു. വഴി കൃത്യമായിരുന്നു. തെറ്റിയിട്ടില്ല. ‘

‘പക്ഷേ, അത് കാറില്‍ വരാനുള്ള വഴിയായിരുന്നു. നടന്നാണ് വരുന്നതെന്ന് നിങ്ങള്‍ പറഞ്ഞില്ലേ.. ? ‘

‘ആ മനുഷ്യന്‍ ചോദിച്ചതുമില്ല, ഞാന്‍ പറഞ്ഞതുമില്ല.. ‘

എവിടെ ശ്രീധര്‍ഭായ്.? ആ കമ്യൂണിക്കേഷന്‍ വിദഗ്ദ്ധന്‍ .. ഞാന്‍ ഉറക്കെ ചോദിച്ചു.

‘എന്നാ ഭായ് കാര്യം.? ആളെത്തിയില്ലേ..? ‘ ഹാളിലിരുന്ന് കമ്യൂണിക്കേഷനും സെയില്‍സും തമ്മിലുള്ള അന്തർധാരയെ കുറിച്ച് പണിക്കരോട് ലെക്ചര്‍ അടിച്ചുകൊണ്ടിരുന്ന ശ്രീധര്‍ഭായിയെ ഞാന്‍ കൈയ്യോടെ പിടികൂടി.

‘ മാഷേ, കമ്യൂണിക്കേഷനിലെ ബാലപാഠം താങ്ങള്‍ക്കറിയില്ലേ..? ശിഹാബിനോട് നടന്നാണോ, കാറിലാണോ വരുന്നതെന്ന് ചോദിച്ചോ..? നിങ്ങള്‍ കാറില്‍ വരുന്ന വഴിയല്ലേ.. പറഞ്ഞു കൊടുത്തത്. ? ‘

‘അല്ല, അയാള്‍ കാറിലല്ലേ ഫ്യജൈറയില്‍ നിന്നും വന്നത് ?.. നടന്നാണോ. ?’

‘കാറിലാണ് വന്നത്. അല്‍ നാദയില്‍ വന്നപ്പോള്‍ അയാള്‍ ഇറങ്ങി. കാറ് പറഞ്ഞുവിട്ടു. വെറുതെ ആ റോഡ് ക്രോസ് ചെയ്താല്‍ ഇവിടെ എത്താമായിരുന്നല്ലോ.. നിങ്ങള്‍ ആ മനുഷ്യനെ നടത്തിച്ചു. ഈ പൊരിവെയിലത്ത്, രണ്ട് രണ്ടര കിലോമീറ്റര്‍.. ‘

‘ അല്ല, നിങ്ങള്‍ക്ക് മനസ്സിലായോ, അയാള്‍ നടന്നാണോ, കാറിലാണോ വരുന്നതെന്ന്. ? പിന്നെ എന്തിനാ.. എന്നോട് പറയുന്നേ.. ?’

‘ഞാന്‍ സംസാരിച്ചതേയില്ല.. നിങ്ങളെല്ലാമാണ് സംസാരിച്ചത്. കാറ് പറഞ്ഞു വിട്ടോ എന്ന് നിങ്ങള്‍ ചോദിക്കണമായിരുന്നു. ‘

ഞങ്ങളുടെ ചൂടുള്ള തര്‍ക്കത്തിനിടയില്‍ പുട്ട് ഇരുന്ന് തണുക്കുകയായിരുന്നു.

ഡോര്‍ ബൈല്ലടിക്കുന്ന ശബ്ദം കേട്ടു.

വാടിത്തളര്‍ന്ന് ശിഹാബ് എത്തി.

‘വെള്ളം. ‘ ശിഹാബ് പറഞ്ഞു.

കുടിക്കാനുള്ള വെള്ളവുമായി പണിക്കര്‍ വന്നു.

‘എനിക്ക് വഴി പറഞ്ഞു തന്ന ആ മഹാനെ ഒന്ന് കാണാനാകുമോ.. ? ‘

‘ശ്രീധര്‍ ഭായ്. ‘

ഞാന്‍ വിളിച്ചു.

പെണ്ണുകാണല്‍ ചടങ്ങിന് പെണ്‍കുട്ടി എത്തുന്നതു പോലെ അടുത്ത വാതിലിനു പിന്നില്‍ ശ്രീധര്‍ ഭായ് മറഞ്ഞു നിന്നു.

‘സോറി.. അളിയാ. പറ്റിപ്പോയി. ‘

ഗോതമ്പു പുട്ടും ദാല്‍ ഫ്രൈയുമായി രംഗത്ത് ഞാന്‍ എത്തി. വിശപ്പിന്റെ മുന്നില്‍ രോഷവും ദേഷ്യവുമെല്ലാം കെട്ടടങ്ങി.

അവസാനത്തെ പുട്ടുകഷ്ണം വായില്‍ വെച്ചുകൊണ്ട് ശ്രീധര്‍ഭായ് പറഞ്ഞു. ‘കമ്യൂണിക്കേഷനില്‍ ഇനി നല്ലൊരു ക്ലാസ് ഞാന്‍ എടുക്കും. നേരിട്ട് ഒരു പാഠം പഠിച്ചു ‘

‘ആ പുട്ട് കഷ്ണം ആദ്യം ഇറക്ക്. എന്നിട്ട് മതി ക്ലാസ്’ .

അവിടെ ഒരു കൂട്ടച്ചിരിമുഴങ്ങി. തളർന്ന് അവശനാണെങ്കിലും ശിഹാബിൻ്റെ മുഖത്തും ഒരു ചിരി വിടർന്നു.