അന്നാണ് അവള് ആദ്യമായി ഒരു ചിത്രശലഭത്തെ നേരിട്ട് കാണുന്നത്.
എമിഗ്രേഷനും കഴിഞ്ഞ് ബാഗുകള്‍ തിരഞ്ഞുപിടിച്ച് , പുറത്ത് കാത്തുനില്ക്കുന്ന അപരിചിതമായ നൂറുക്കണക്കിന് മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ അവനെ തിരഞ്ഞു. മേഘനാഥന്. എന്റെ നേരനുജനെ.
അതിനിടയ്ക്കാണ്.. കോഴിക്കോട്ട് വിമാനത്താവളത്തിനു മുന്നിലെ തിരക്കിലേക്ക് അവള് ഓടി മറഞ്ഞത്.
ഹായ് ബട്ടര്‍ഫ്ളൈ.. എന്നു വിളിച്ചുകൊണ്ട് ഓടുന്നത് ഞാന്‍ കാണുമ്പോഴേക്കും അവള് തിരക്കിലെവിടെയൊ മറഞ്ഞിരുന്നു.
എന്നെ അവന് കണ്ടെത്തി. ബാഗുകള്‍ ട്രോളിയിലേക്ക് മാറ്റുന്നതിന്നിടെ ഞാന്‍ അവളുടെ പിന്നാലെ പാഞ്ഞു.
എഴു വയസ്സുകാരി. ഓര്മവെച്ച ശേഷം ആദ്യമായാണ് അവള് നാട്ടിലേക്ക് വരുന്നത്.
ദേശാന്തരജീവിതത്തിന്നിടയില് മൂന്നു വര്‍ഷം തുടര്‍ച്ചയായി നാട്ടിലേക്ക് പോവാതിരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വാര്‍ഷിക ലീവ് സറണ്ടര്‍ ചെയ്തും, വിമാന ടിക്കറ്റിന്റെ പേരില്‍ നല്കുന്ന പണവും സമ്പാദിക്കുക.
കുടുംബവുമായി പ്രവാസഭൂമികയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ ആരെ കാണാന്‍. അമ്മയെ ഇടയ്ക്ക് വിസിറ്റ് വീസയില്‍ കൊണ്ടുവന്നിരുന്നു. മൂന്നു മാസം അമ്മ കൂടെ നിന്നു. അച്ഛനെ എന്റെ വിദ്യാഭ്യാസ കാലത്തു തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
ഭാര്യയുടെ കുടുംബത്തിലാണെങ്കില്‍, അമ്മയും, അച്ഛനും ഒരേയൊരു സഹോദരനും എന്നേയ്ക്കുമായി വിടപറഞ്ഞുപിരിഞ്ഞിരുന്നു.
ഇൗ ഒരു പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള യാത്ര മടുപ്പായിരുന്നു. ഗൃഹാതുരത്വത്തിന്റെ അടയാളങ്ങള്‍ മനസ്സില്‍ നീറുന്ന വിങ്ങലുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോഴും. നാട്ടിലേക്ക് പോവാന്‍ മനസ്സ് വന്നിരുന്നില്ല.
അതിന്നിടയില്‍ പെട്ടുപോയത് എന്റെ രണ്ടു പെണ്മക്കളായിരുന്നു. അവര്‍ക്ക് നാട് എന്ന ഒരു ഫീല്‍ തന്നെയില്ലായിരുന്നു. മലയാളം കൊരച്ചു കൊരച്ചു അരിയുന്നവര്.
മലയാള ഭാഷയെ അതിരറ്റ് സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ മക്കളെ അക്ഷര സ്ഫുടതയോടെ മാതൃഭാഷ സംസാരിപ്പിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു.
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഇല്ലിട്രേറ്റ് പിള്ളേര്‍സ്. അവര്‍ സംസാരിക്കുന്നതെങ്കിലും നല്ല മലയാളത്തിലാകണം എന്ന് ഞാന്‍ ആഗ്രഹിച്ചു.
ബട്ടര്‍ഫ്ളൈയെ മലയാളത്തില്‍ പൂമ്പാറ്റയെന്നാണ് വിളിക്കുകയെന്ന് ഒരിക്കല്‍ ഞാന്‍ ഇളയ മകളോട് പറഞ്ഞു.
അവളുടെ മുഖം അറപ്പിലും വെറുപ്പിലും ചുക്കി ചുളിയുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്.
ഉം എന്താണ് ഇഷ്ടപ്പെട്ടില്ലേ..
പൂമ്പാറ്റ എന്നാല്‍ എന്ത്ര മനോഹരമായ പേരാണ്. പൂവുകളില്‍ നിന്ന് തേന്‍കുടിക്കുന്ന നല്ല ഭംഗിയുള്ള ജീവി
നോ.. അച്ഛാ.. അടുക്കളയിലൊക്കെ കാണാറുള്ള ആ കൊക്രോച്ചിന്റെ … അതല്ലേ പാറ്റ… അതിന്റെ മേല്‍ ഏത്ര പൂവും തേനും ഉണ്ടായിട്ട് എന്താണ് കാര്യം.
ഞാന്‍ ഉത്തരം മുട്ടിയവനെ പോലെ ഇരുന്നു.
ഓക്കാനിക്കാാന് വരുന്നതുപോലെ ഒരാക്ഷന്‍ അവള് കാണിച്ചു.
പൂമ്പാറ്റയെന്നു മാത്രമല്ല, ശലഭം എന്നും പറയും ചിത്രശലഭം. മലയാളത്തില്‍ ബട്ടര്ഫ്ളൈസിനുള്ള മറ്റൊരു നല്ല പേരാണ്.
ചിത്രശലഭങ്ങളെ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പ്രവാസിക്കുഞ്ഞിനെ പറഞ്ഞിട്ട് കാര്യമില്ല. നാട്ടില്‍ വന്നിറങ്ങിയപ്പോഴെ ഇതാണ് സ്ഥിതിയെങ്കില്‍ ഇവള് ഇനി ഒരോന്നിനേയും ലൈവായി കാണുമ്പോള്‍ അതിനു പിന്നാലെ പായുമല്ലോ എന്നോര്‍ത്തായിരുന്നു എന്റെ ആധി.
അറൈവല്‍ ഗേറ്റിനു മുന്നില്‍ നിന്ന് പറന്നു പോയ ആ പൂമ്പാറ്റ …! അല്ല ചിത്രശലഭം… !! ഡിപ്പാര്‍ചര്‍ ഗേറ്റിലൂടെ അകത്തേക്ക്. അവിടെ കാവല്‍ നിന്നിരുന്ന സിഐഎസ്എഫ് ജവാനാണ് എന്റെ മകളെ തടഞ്ഞുവെച്ചത്.
ഞാന്‍ ഓടിയെത്തിയപ്പോള്‍ അയാള്‍ ഹിന്ദിയില്‍ എന്തൊക്കൊയോ എന്നോട് പറഞ്ഞു.
നീ കാരണം ആ ജവാന്റെ വഴക്ക് അച്ഛന് കേള്‍ക്കേണ്ടി വന്നു. ഞാന്‍ പറഞ്ഞു.
ഇങ്ങിനെ ഓടിപ്പോവരുത്. തിരക്കിന്നിടയില്‍ പെട്ടാല്‍ പിന്നെ കണ്ടെത്താന്‍ പാടായിരിക്കും. ശാസനയുടെ സ്വരത്തിലാണെങ്കിലും മാന്യമായി ഞാന്‍ മകളോട് പറഞ്ഞു.
പക്ഷേ, അവളുടെ എക്സൈന്റ്മെന്റ് അപ്പൊഴും അവസാനിച്ചിരുന്നില്ല. ബട്ടര്‍ഫ്ളൈയുടെ വലിപ്പം, നിറം, വളരെ താഴ്ന്നു പറന്നത് ഒക്കെ അവള് വിവരിക്കുകയായിരുന്നു.
നമ്മള് ചാത്തമംഗലത്തെ വീട്ടിലേക്ക് ചെല്ലട്ടേ. അവിടെ നിറയെ പൂമ്പാറ്റകളാണ്. പിന്നെ, തുമ്പികളും, നിരവധി പക്ഷികളും. നീ എന്തൊക്കെ കാണാന്‍ കിടക്കുന്നു.
ചിത്രശലഭവും പൂമ്പാറ്റയും മാത്രമല്ല, കോട്ടെരുമയും കുറിഞ്ചാത്തനും നാസ്തിസ്പൃക്കയുമെല്ലാം ഉണ്ടാകും.
അതൊക്കെ മോണ്സ്റ്റേഴ്സാണോ എന്നായിരുന്നു അവളുടെ ചോദ്യം.
ബാഗുകള്‍ കാറിനുള്ളിലേക്ക് വെയ്ക്കുമ്പോള്‍ അനുജനാണ്. കോട്ടെരുമയും കുറിഞ്ചാത്തനുമൊക്കെ എടുത്തിട്ടത്.
ഇതെല്ലാം ചെറിയ ജീവികളാണ്. കോഴിക്കോട്ട് ചാത്തമംഗലത്തെ വീട്ടിലെത്തിയാല്‍ മയിലും കുയിലും കാക്കത്തമ്പുരാട്ടിയും (ഇതിന് കാറാളംചാത്തന് എന്ന ഭയപ്പെടുത്തുന്ന പേരാണ് ചാത്തമംഗലത്തുകാര് പറയുന്നത്.) പൂച്ചയും നായ്ക്കളും ചിലപ്പോള്‍ കുറുനരിയെ വരെ കാണാനാകും.
കോട്ടെരുമ, കോട്ടിട്ട് വരുന്ന എരുമയൊന്നുമല്ല, അതൊരു ചേറിയ പ്രാണിയാണ്. മഴക്കാലത്ത് തൊടിയില്‍ നിന്നും വീടിന്റെ ഉമ്മറത്തും മറ്റും വന്നിരിക്കും. രാവിലെ ചെരുപ്പ് ഇടാന്‍ ഒരുങ്ങുമ്പോള്‍ കോട്ടെരുമകളെയൊക്കെ കുടഞ്ഞുകളയണമത്രെ..
അവളുടെ ആവേശം പേടിയൊടൊപ്പം
അണപൊട്ടി.
അച്ഛാ ഗൂസ്ബംബ്സ് വരുന്നു..
പേടിച്ചട്ടല്ലേ..
അതേ.. അവള് നിഷ്കളങ്കമായി പറഞ്ഞു.
പതിനഞ്ചുകാരിയായ മൂത്തവള്‍ ഇടയ്ക്കെപ്പഴോ ഒരു മാസം നാട്ടില്‍ വന്നു നിന്നതിനാല്‍ അവള്‍ക്ക് അത്ര വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല. പേടിയും.
അമ്പതു ഡിഗ്രിക്കടുത്ത് ചൂടിൽ നിന്നും രക്ഷപ്പെട്ട് പറന്നു പൊങ്ങി നാലര മണിക്കൂറിനുള്ളില്‍ കരിപ്പൂരില്‍ ഇറങ്ങുമ്പോള്‍ വരവേല്‍ക്കാന്‍ ഇരുണ്ടു കൂടിയ മാനവും ഉണ്ടായിരുന്നു. കാര്‍ നീങ്ങിത്തുടങ്ങിയപ്പോഴേ മഴ ആര്‍ത്തലച്ചുവന്നു. തുള്ളിക്കൊരു കുടം പെയ്യുന്ന മഴയത്ത് ഇറങ്ങി നടക്കാന്‍ എനിക്ക് തോന്നി.
പ്രവാസിക്കുഞ്ഞുങ്ങള്‍ക്ക് നേരിട്ടു പരിചയമുള്ള നാലു ജീവികളെ കാണുകയുള്ളു. പാറ്റയാണ് അതിലൊന്ന്, ഇവര്‍ക്ക് നിത്യവും പരിചയമുള്ള ഏറ്റവും വലിയ ജീവി പൂച്ചയാണ്. ഫ്ളാറ്റുകളിലും വില്ലകളിലും വളര്‍ത്തുന്ന ചെറിയ നായ്ക്കുട്ടികളെയും ഇവര്‍ കണ്ടിട്ടുണ്ടാകും. ചെറിയ പൂച്ചക്കുഞ്ഞുങ്ങളുടെ വലുപ്പം മാത്രമേ ഇവറ്റകള്ക്കുണ്ടാകു.
പക്ഷികളില്‍ പ്രാവും പിന്നെ മാടത്തയും. ഇതിന്നപ്പുറം ജന്തുവൈവിധ്യത്തെക്കുറിച്ച് ഇവര്‍ക്ക് നേരിട്ട് കണ്ട് പരിചയമുണ്ടാകില്ല.
സ്കൂളുകളില്‍ നിന്ന് ഫീല്‍ഡ് ട്രിപ്പ് എന്ന പേരില്‍ കൊണ്ടുപോകുമ്പോൾ അക്വേറിയമോ, മൃഗശാലയൊ ആണ് പിന്നെ അപൂര്‍വ്വ അനുഭവമെന്ന് പറയാവുന്നവ. കണ്ണാടിക്കൂട്ടിനുള്ളിലോ ഇരുമ്പു കൂട്ടിലോ കിടക്കുന്ന മൃഗങ്ങളെ കണ്ടതിന്റെ ദൃശ്യാനുഭവം കാണും.
കോട്ടെരുമയെന്ന് പേരുള്ള, കേള്‍ക്കുമ്പോള്‍ ഭീകരരൂപിയായ ചെറിയ ഒരു പ്രാണിയെ കുറിച്ച് അനുജന് ഇവര്‍ക്ക് വിവരിച്ചു കൊടുത്തു. ടിന്നിലൊക്കെ അടച്ചു വെച്ചാല്‍ അരിയിലും മറ്റും കാണുന്ന ചെറിയ ജീവിയാണ്, കേള്‍ക്കുമ്പോള്‍ പേടി തോന്നുന്ന, കുറിഞ്ചാത്തന്‍. കൊച്ചി, തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ഇതിനെ ഉച്ചന്‍ എന്നാണ് പറയുക.
ശരിക്കും മോണ്‍സ്റ്റേഴ്സ് ..അല്ലേ.. ? മോള് ചോദിച്ചു.
അപ്പോഴാണ് ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം എനിക്കോര്‍മ്മ വന്നത്.
അന്ന് സ്കൂളിന് അവധിയായിരുന്നു. പക്ഷേ, അദ്ധ്യാപികയായ ഭാര്യ പതിവു പോലെ ജോലിക്ക് പോയി. രാവിലെ ഒമ്പത് മണിയോടെ ഞാനും ഓഫീസിലേക്ക് തിരിച്ചു. പോകുമ്പോള്‍ മക്കള്‍ രണ്ടു പേരും നല്ല ഉറക്കത്തിലായിരുന്നു. കഷ്ടപ്പെട്ട് മൂത്തമകളെ വിളിച്ചുണര്‍ത്തി വാതില്‍ അകത്തു നിന്നു പൂട്ടിയെന്ന് ഉറപ്പുവരുത്തിയാണ് ഓഫീസിലേക്ക് ഇറങ്ങിയത്.
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കണമെന്നും പത്ത് മിനിട്ട് മാത്രം ഡ്രൈവുള്ള സ്ഥലത്തു നിന്നും അച്ഛന് ഓടി വരാമെന്നും പറഞ്ഞിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായതോടെ മൊബൈല്‍ ശബ്ദിച്ചു. വീട്ടിലെ ലാന്‍ഡ് ലൈനില്‍ നിന്നാണ്.. മറുതലയ്ക്കല്‍ മൂത്തമകള്‍.
അച്ഛാ.. ഉടനെ വരണം. ഇവിടെ ഒരു മോണ്‍സ്റ്റര്‍ ജീവി..
അവള് ഉറക്കത്തിലാണോയെന്നും സ്വപ്നം കണ്ടതിന്റെ ഹാങ്ങോവറാണോയെന്നും ഞാന്‍ സംശയിച്ചു.
എന്നാല്‍, ശബ്ദത്തില്‍ പന്തികേടു തോന്നിയ ഞാന്‍ അവളോട് വിശദമായി ആരാഞ്ഞു.
ജീവിയോ.? .അടുക്കളയിലെ പാറ്റയല്ലാതെ എന്ത് ജീവിയാണ് അവിടെ. ഒരു എട്ടുകാലി പോലുമില്ലാത്ത നാട്. പല്ലിയോ, പഴുതാരയോ, വണ്ടോ ഒന്നും ഗള്‍ഫ് നാടുകളില്‍ ഇക്കാലമത്രയും കണ്ടിട്ടില്ല. നാട്ടില്‍ നിന്നും ആരെങ്കിലും പെട്ടിയും തൂക്കി വന്നപ്പോള്‍ കയറിപ്പറ്റിയാല്‍ പോലും ഈ ചൂടൊന്നും ഇവറ്റകള് സഹിക്കൂലെന്ന് ബോധ്യവുമുണ്ട്.
പിന്നെ എന്ത് ജീവി.. ?
വലിയ ജീവി.. ഐ മീന്‍ എ ജയന്റ്.. ബിഗ് വണ്‍.
എന്റെ മനസ്സിലൂടെ ജൂറാസിക് പാർക്കിലേയും ലോസ്റ്റ് വേള്ഡിലേയും ഡൈനോസറുകളുടെ ചിത്രം ഓടി വന്നു.
ഡൈനോസറിന്റെയത്രയുമുണ്ടോ.. ? ഞാന്‍ ചോദിച്ചു. അച്ഛാ.. കളിയാക്കണ്ട. അത്രയുമൊന്നുമില്ല. പക്ഷേ, വലുതാണ്.
പൂച്ചയോളമുണ്ടോ ?
ഇല്ല..
പാറ്റയെ പോലെയാണോ ?
അതിിലും ഒക്കെ ബിഗ്..
ഓകേ.. റിലാക്സ്. മറ്റവള് എവിടെ
അവളെ എഴുന്നേല്‍പ്പിച്ചു. കട്ടിലിനു മുകളില്‍ കയറി നില്‍ക്കുകയാണ് ഞങ്ങള്‍.
ഓക്കേ, ഈ മോണ്‍സ്റ്റര്‍ അനങ്ങാതെ ഇരിക്കുകയാണോ.. അതോ മൂവ് ചെയ്യുന്നുണ്ടോ.
അനങ്ങുന്നില്ല. എന്നാല്‍, കൊമ്പ് അനങ്ങുന്നുണ്ട്.
മോള്. അടുക്കള വരെ ഒന്ന് പോകാമോ.. അവിടെയുള്ള ഏതെങ്കിലും വലിയ പാത്രം എടുത്ത് അതിനുമുകളിലേക്ക് വയ്ക്ക്..
ഇല്ല.. ഞാനില്ല.. അത് എന്നെ ബൈറ്റ് ചെയ്യും.
അവളെ സമാധാനിപ്പിച്ചു. ധൈര്യം കൊടുത്തു. അങ്ങിനെ അടുക്കള വരെ പോയി അരിവയ്ക്കുന്ന സ്റ്റീല്‍ പാത്രം എടുത്തു കൊണ്ടു വന്നു അതിനെ മൂടി.
ഇതിന്നിടയില്‍ ഞാന്‍ മേലധികാരികളുടെ അനുവാദം വാങ്ങിച്ച് വീട്ടിലേക്ക് കാറോടിച്ചു വന്നു. കുട്ടികള്‍ മാത്രമേ വീട്ടിലുള്ള.. ഒരു എമര്‍ജന്‍സി കോള്‍ വന്നു. ഒന്നു പോയ് നോക്കട്ടെ എന്നു മാത്രമേ ഞാന്‍ ഓഫിസില്‍ പറഞ്ഞുള്ളു.
പൊടിക്കാറ്റ് അടിച്ച് മുന്നിലേക്കുളള കാഴ്ച പരിധി കുറഞ്ഞിരുന്നു. എന്നാലും അപകടകരമല്ലാത്ത വേഗതയില്‍ കാറോടിച്ച് ഫ്ളാറ്റിലെത്തി.
ഗള്‍ഫിലെ നഗരങ്ങളിലും മോണ്‍സ്റ്റര്‍ ജീവികള്‍ വന്നോ.. ഇവ ജനജീവിതത്തിന് ഭീഷണിയാകുമല്ലോാ എന്നെല്ലാം ഓര്‍ത്ത് ആശങ്കപ്പെട്ടാണ് വരവ്.
ബെല്ലടിച്ചു. വാതില്‍ തുറന്നു തന്നു. എവിടെയാണ് മോണ്‍സ്റ്റര്‍ …
ശ്ശ്.. ഒച്ചവെയ്ക്കണ്ട. ഞങ്ങള്‍ മിണ്ടാതെ ഇരിക്കുകയാണ്. അത് വയലന്റാകും.
പാമ്പും, പഴുതാരയും, തേളും എട്ടുകാലിയും എന്നു വേണ്ട സകലമാന ക്ഷുദ്രജീവികള്ക്കുമൊപ്പം ഉണ്ടും ഉറങ്ങിയും ജീവിച്ചു വന്ന എനിക്ക് ഇതൊക്കെ എന്ത്. വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരു രാത്രിയില്‍ എന്തോ അനങ്ങുന്ന ശബ്ദം കേട്ട് ഉണര്‍ന്ന ഞാന്‍ ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ അണലി പോലെ തല ത്രികോണാകൃതിയിലുള്ള പാമ്പിനെ കണ്ടു. പുറത്തുപോയി മുപ്പല്ലി കൊണ്ടുവന്ന് അതിന്റെ തലയില്‍ കുത്തിപ്പിടിച്ചു. പിറ്റേന്ന് രാവിലെ അയല്പക്കത്തുള്ള ആരോ പറഞ്ഞത് ഇത് അണലിയല്ല. ഒരു സൈസ് ഓട്ടുപാമ്പാണെന്നാണ്.
ഗള്‍ഫിലെ ഫ്ളാറ്റില്‍ ക്ഷുദ്രജീവികളൊന്നും ഉണ്ടാവില്ലെന്ന് എനിക്കുറപ്പായിരുന്നു.
നേരിയ ഭയമുണ്ടായിരുന്നു. എന്നാലും മുറിയില്‍ നിലത്ത് കമഴ്ത്തിവെച്ചിരുന്ന സ്റ്റീല്‍ പാത്രം ഞാന്‍ മറിച്ചിട്ടു. കൈയ്യില്‍ മുപ്പല്ലിയൊന്നുമുണ്ടായിരുന്നില്ല. എന്നാലും തറ തുടയ്ക്കുന്ന മോപ്പിന്റെ പിടി ഊരി കൈയ്യില്പ്പിടിച്ചിരുന്നു.
സൂക്ഷിച്ചു നോക്കി. നാട്ടിലെ തെങ്ങുകളുടെ മണ്ടതുരക്കുന്ന കൊമ്പന് ചെല്ലിയെന്നു തോന്നിപ്പിക്കുന്ന ഒരു ജീവി. അനങ്ങുന്നില്ല. പക്ഷേ, എസിയുടെ കാറ്റേറ്റ് അതിന്റെ കൊമ്പുകള്‍ ചെറുതായി മൂവ് ചെയ്യുന്നുണ്ട്. മോപ്പിന്റെ വടി കൊണ്ട് തട്ടി നോക്കി. ചത്തു മലച്ചു കിടക്കുകയാണ് മോണ്‍സ്റ്റര്‍.
ഇത് ചത്തു. ഞാന്‍ പറഞ്ഞു.
കൊമ്പ് അനങ്ങുന്നുണ്ടായിരുന്നു. മോള് പറഞ്ഞു.
അത് ആ ഏസിയുടെ കാറ്റേറ്റാണ്. നീ ഇതിനാണോ എന്നെ വിളിച്ചു വരുത്തിയത്.
സത്യമായിട്ടും .. ഞങ്ങള്‍ പേടിച്ചു. ഇളയ മകള്‍.. കട്ടിലില്‍ നിന്നും ഇറങ്ങുന്നില്ല.
ഞാന്‍ അതിനെ എടുത്ത് പ്ലാസ്റ്റിക് കൂടിലാക്കി.. പുറത്തുള്ള ഡസ്റ്റ് ബിന്നിലിട്ടു. ഈന്തപ്പനകളില് വസിക്കുന്ന ഇവന് പൊടിക്കാറ്റിനൊപ്പം പറന്നു വന്നതാകും. ബാല്‍ക്കണിയിലൂടെയോ മറ്റോ മുറിയിലെത്തി. സമാധിയായി. ഇത്രേയുള്ളു വിഷയം.
നീയൊക്കെ നാട്ടില്‍ വളരാത്തതിന്റെ കുഴപ്പമാണ്. പാമ്പും പഴുതാരയും എട്ടുകാലിയും എല്ലാം ഉള്ള വീട്ടിലാണ് വളരേണ്ടിയിരുന്നത്. അപ്പോള്‍ ഈ പേടിയൊക്കെ പോകും. ഞാന്‍ പറഞ്ഞു.
ഞങ്ങളൊന്നും നാട്ടിലേക്കില്ലേ.. ഇവിടെ തന്നെ കഴിഞ്ഞോളാം. ഇളയ മകള്‍ പറഞ്ഞു.
മോളേ..
പാമ്പും പഴുതാരയും മാത്രമല്ല, പലവര്‍ണ്ണത്തിലുള്ള പൂക്കളും. പിന്നെ ബട്ടര്‍ഫ്ളൈസും തുമ്പിയും ..നാട്ടില്‍ ഉണ്ട്.
മഴയും പുഴയും മലയും ഉണ്ട്.
നീ ഒരു മഴവില്ല് നേരിട്ട് ഇതുവരെ കണ്ടിട്ടുണ്ടോ. ?
അതൊക്കെ കാണണം.. പക്ഷേ, മോണ്‍സ്റ്റേഴ്സിനെ പേടിയാ..
അടുത്ത വെക്കേഷന് നമ്മള്‍ക്ക് നാട്ടിലേക്ക് പോകാം. എല്ലാത്തിന്റേയും പേടിയൊക്കെ മാറ്റിയിട്ടേ ഇനി കാര്യമുള്ളു. ഞാന്‍ പറഞ്ഞു.
അന്നത്തെ വാക്ക് ഞാന്‍ പാലിച്ചു. ഇന്നിതാ.. നാട്ടിലെത്തി. മകള്‍ ചിത്രശലഭത്തിനു പിന്നാലെ ഓടി. ഇനി കോട്ടെരുമയുടേയും കുറിഞ്ചാത്തന്റേയും മുന്നിലേക്ക് മക്കളെ നിന്നെയൊക്കെ ഞാന്‍ എറിഞ്ഞു കൊടുക്കാന്‍ പോകുകയാണ്. ധൈര്യം ഉള്ളവരാണെങ്കില്‍ നിങ്ങള്‍ സര്‍വൈവ് ചെയ്യും.
രണ്ടു പേരും ഒരേ സ്വരത്തില്‍ നീട്ടിവിളിച്ചു പറഞ്ഞു.
അച്ഛാ..
ദുഷ്ടനാണച്ഛന്.