സർവ്വം സൗരഭം : പ്രവാചകന്‌ ഒരു മറുമൊഴി – 6

തീനും കുടിയും

ആഗ്രഹങ്ങളെ മഴുവായ് കരുതി
മൂർച്ച കൂട്ടാതിരിക്കുക.
ക്ഷമയുടെ കണികകൾ
ആവോളം ചേർത്ത്
നേർപ്പിച്ച വീഞ്ഞായ്
അവയെ കരുതുക ; നുകരുക!

ഓർക്കുക,
സുഗന്ധം പരത്തുമ്പോളും
ഓരോ ആപ്പിൾ ഞെട്ടും
ഒരു കത്തിമുനയെ പ്രതീക്ഷിക്കുന്നുണ്ട്.

ഭക്ഷണം തയ്യാറാക്കുമ്പോൾ
നിങ്ങൾ ഒരു പുരോഹിതന്റെ
അദൃശ്യ മേലങ്കിയണിയുന്നുണ്ട്;
അവിശുദ്ധകുർബാനയൊന്ന് നിർവഹിക്കുന്നുണ്ട്.

അതു കൈക്കൊളളുന്നവരോട്
ഇങ്ങനെ പ്രാർത്ഥിക്കുവാൻ കൽപ്പിക്കുക:
‘ഹൃദയത്തിൻറെ അറകളിൽ നിന്നെൻറെ കോപത്തെ കുടഞ്ഞുകളയുക.
സ്നേഹ മുന്തിരിയുടെ വിത്തുകളെ വിതയ്ക്കുക!’

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.