സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 5

ദാനം

പരിണാമം സംഭവിച്ച ദാഹമത്രേ ദാനം !

ആഗ്രഹം …
അതിൻറെയധരങ്ങൾ സദാ
ദാഹിച്ചു കൊണ്ടേയിരിക്കുന്നു .
നന്മകളെ മുഴുവൻ ദഹിപ്പിക്കാൻ ശക്തിയുണ്ട് ആ ദാഹത്തിന്.

ദൈവം ചില കരങ്ങളെ മാത്രം
ചുംബന യോഗ്യമായ് തെരഞ്ഞെടുക്കുന്നു.
അതീവ രഹസ്യമായൊരു തെരഞ്ഞെടുപ്പ്.

‘ആത്മദാനമാണ് ഏറ്റവും മഹത്തായ ദാനം’ എന്നൊരു അറിവ് അവരുടെ പ്രജ്ഞയിൽ പച്ചകുത്തിയതിനുശേഷം ദൈവം അപ്രത്യക്ഷനാകുന്നു.

അകത്തുള്ളതിനേക്കാൾ ശ്രേഷ്ഠമല്ല പുറത്തുള്ള ഒരു ദേവാലയവും
എന്ന തിരിച്ചറിവിലേക്ക്
അവരോരോരുത്തരും ഞെട്ടിയുണർന്ന്
ജാലകങ്ങൾ ബലമായ് തുറന്നിടുമ്പോൾ,
താഴെ വൃത്തിഹീനമാം തെരുവ്.

അറിയാത്തൊരു ചോദ്യമപ്പോൾ പൊട്ടിപ്പുറപ്പെടുന്നു:
‘ഓരോ ദിവസവും,
ഓരോ നിമിഷവും ,
സ്രഷ്ടാവിന്റെ നമുക്കുള്ള
ദാനമായിരിക്കേ
എന്തിനു പുതിയ അർഥശൂന്യമായ നിർവചനങ്ങൾ ചമയ്ക്കുന്നു?’

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.