സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 1

ഈയിടെ ‘പ്രവാചകനെ’ വീണ്ടും വായിക്കാൻ കയ്യിലെടുത്തു .
അപ്പോൾ ഒരു കവിതപോലെ ഉതിർന്നുവീണ മുത്തുമണികളെ ഓരോന്നായ് കൂട്ടിയോജിപ്പിക്കാൻ ഞാൻ ശ്രമിച്ചു ശ്രമിച്ച്, ഒരു കാവ്യം തന്നെ ആയിത്തീർന്നു!  
അതാണ്,സർവ്വം സൗരഭം:പ്രവാചകന് ഒരു മറുമൊഴി.

വിഷാദിയുടെ സുവിശേഷം

എൻറെ വിഷാദക്കടൽക്കര.
സങ്കടപ്പെട്ട് കൂനിക്കൂടിയിരുന്ന എന്നെ ജിബ്രാൻ നിഷ്കരുണം തള്ളിയിട്ടു.
എൻറെ ശ്വാസകോശങ്ങളോ
ഒന്നു പിടഞ്ഞു.
പക്ഷേ സാന്ദ്രത കുറയുകയായിരുന്നു.
അടിത്തട്ടിലേക്ക് ,
മടിത്തട്ടിലേക്ക്..
ഹാ!കടലിൻറെ ഗർഭപാത്രച്ചുമരിന്മേൽ
ഞാനതു കണ്ടെത്തി:
എനിക്കായ് എഴുതപ്പെട്ട വരികൾ!

വരൂ
നമുക്കൊരുമിച്ച്
ആത്മാവിൻറെ മുറിവുകളെ
കഴുകി വൃത്തിയാക്കി
മരുന്നു പുരട്ടാം.
ഹൃദയ വയലുകളിലേക്ക്
സാന്ത്വന ലേപനം ഇറ്റിക്കാൻ
കാറ്റിനെ അനുവദിക്കാം!

ഭാഗം 1 :
കപ്പലിൻറെ വരവ്

എൻറെ ആകാംഷയുടെ
കപ്പൽപ്പായകൾ വന്യമായി ഉലഞ്ഞാടുന്നു.
എൻറെ നാവികരോ,
അക്ഷമയുടെ മേലങ്കികൾ എടുത്തണിഞ്ഞിരിക്കുന്നു!
അവരുടെ സമയമാണ് എനിക്കുള്ള ഭിക്ഷ!

അവരോടു ഞാൻ പറയുന്നു;
കാറ്റാണ് എൻറെ കപ്പിത്താൻ;
വിശ്വാസമാണ് എൻറെ പായ്മരം.

കരിനാഗങ്ങളെപ്പോൽ
ഈറൻ നീൾമുടി അഴിച്ചിട്ട്
ഒതുക്കുകല്ലുകൾ കയറി
എന്നിലേയ്ക്കണയുന്ന സമുദ്രമേ,
നിൻറെ നെറ്റിമേൽ
സ്നേഹമുദ്ര പതിപ്പിക്കുവാൻ
ഈയുള്ളവനെ അനുവദിച്ചാലും!

കാറ്റേ ,
എൻറെ ചുംബനത്തെ
അടർത്തിക്കൊണ്ടു പോകരുതേ!

പ്രിയ നാവികരരേ,
നിങ്ങൾ കേട്ടുവോ?
കടലിൻറെ മടിയിലിരുന്ന്
കാറ്റ് എന്നോടു ചോദിക്കുന്നു:

‘ഏതു മഴയാൽ നിറയ്ക്കും ഞാൻ
നിന്നാശതൻ പാത്രങ്ങളെ?’

ഉപ്പുമണമേ,
എൻറെ കണ്ണീർച്ചാലുകളിൽ
തെന്നിവീഴാതെ സൂക്ഷിക്കുക നീ !

വയലായി മലർന്നു കിടക്കാം ഞാൻ;
വിതച്ചോളൂ നിൻറെ വിത്തുകൾ..
ആവോളം ,
ആവോളം…!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.