പ്രണയം യഥാർത്ഥത്തിൽ എന്താണ്?
മനസ്സിൽ പ്രണയം മൊട്ടിടുക എന്ന പ്രയോഗത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്. നമ്മൾ പോലുമറിയാതെ നമ്മുടെയുള്ളിൽ വിടരാനായി കാത്തിരിക്കുന്ന ഒരു പൂമൊട്ടിനെ ഒരാൾ തൊട്ടുണർത്തുക മാത്രമല്ലേ യഥാർത്ഥത്തിൽ സംഭവിക്കുന്നത്? ജന്മങ്ങൾ താണ്ടാനും തപസ്സിരിയ്ക്കാനും യുദ്ധം ചെയ്യാനും കടൽകടക്കാനും പ്രേരിപ്പിക്കുന്ന അനിർവ്വചനീയ ആ അനുഭൂതി നമ്മളിൽ തന്നെയല്ലേ ഒളിഞ്ഞിരിക്കുന്നത്? ഓരോരുത്തർക്കും തന്റെ അനുഭവങ്ങൾക്കനുസരിച്ച് ഒരു നിർവചനം കൊടുക്കാം. പ്രണയം മനസ്സിൽ ഉണരുന്ന വികാരം മാത്രമല്ല, അതുണർത്തുന്ന ശരീരത്തിന്റെ പ്രതികരണം കൂടിയാണ്. ദ്വന്ദ്വയുദ്ധം മാത്രം പരിചിതമായ മനുഷ്യന്റെ വൈകാരികതകൾ ഉണർത്താനും അതിന്റെ വിവിധ തലങ്ങൾ അനുഭവിച്ചറിയാനും മറ്റൊരാൾ വന്നു ചേരണം. ആ ഒരാൾ, അല്ലെങ്കിൽ മറ്റൊരാൾ ആരെന്നുള്ളത് നിയോഗം.
ചിരകാലം അടുത്തെവിടെയൊക്കെയോ ഉണ്ടായിരുന്നിട്ടും ഒരിക്കലും കാണാതിരുന്ന ആ മുഖം എന്തിന് അന്നുച്ചയ്ക്ക് ആ ഇടനാഴികയിൽ വെച്ചു കണ്ടു എന്നറിയില്ല. ആദ്യത്തെ കാഴ്ചയിൽ, ആദ്യത്തെ നോട്ടം കണ്ണിൽ പതിഞ്ഞ വ്യക്തികൾ വേറെയും ഉണ്ടായിരുന്നിരിക്കണം പക്ഷേ രണ്ടു സൂചിമുനകൾ കൊണ്ട് എന്റെ കണ്ണുകളെ കോർത്തിടാൻ ഒരാൾക്ക് കഴിഞ്ഞത് ജീവിതത്തിലാദ്യമായിട്ടാണ്, അതും ശ്രമം പോലുമില്ലാതെ. ആ കണ്ണുകൾക്കൊരു ആജ്ഞാശക്തിയുണ്ടായിരുന്നു. അതെന്നോട് കണ്ണുകൾ താഴ്ത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആ തീക്ഷണമായ കണ്ണുകളുടെ വെല്ലുവിളിയിൽ മനസ്സ് പതറിയെങ്കിലും, ആത്മാഭിമാനം എന്നെ കണ്ണുകളെടുക്കാൻ അനുവദിച്ചില്ല. എന്റെ മുഖത്തിന് എല്ലാ വികാരങ്ങളെയും മറയ്ക്കാനുള്ള കഴിവുമുണ്ട്. പക്ഷേ അന്ന്, ആ ഇടനാഴികയുടെ ദൂരം ഞാൻ കണക്ക് കൂട്ടിയതിലും കൂടുതലായിരുന്നു.
അടുത്തേക്ക് നടന്നടുക്കുംതോറും കാന്തത്തോടടുത്ത മൊട്ടുസൂചിപോലെ, ആ അപരിചിതമായ ആകർഷണബിന്ദുവിലേക്ക് ഞാനറിയാതെ മനസ്സ് ഗതി കേന്ദ്രീകരിച്ചു തുടങ്ങി. ശരീരം അതിനോട് പ്രതികരിച്ചു. ശ്വാസം മുട്ടിക്കുന്ന, എന്തെന്നറിയാത്ത ഭീതിയോടെ. ശക്തികൂടിയ ഹൃദയ സ്പന്ദനങ്ങൾ, കവിളത്ത് നിന്ന് അന്തരീക്ഷത്തിലേക്ക് പടരുന്ന ഊഷ്മാവ്, തണുത്ത് വിയർത്ത ഉള്ളംകൈകൾ, തളർച്ച അനുഭവപ്പെടുന്ന കാലുകൾ. അടുത്തെത്തും മുൻപ് ആ കണ്ണിൽ നിന്നും എന്നെ പറിച്ചെടുത്തില്ലെങ്കിൽ ശരിയാവില്ല എന്നു തോന്നി തലച്ചോറ് നിർദേശങ്ങൾ തന്നിട്ടുണ്ടാവും. തൊട്ടു മുൻപിലെത്തിയപ്പോൾ ഞാൻ കണ്ണെടുത്തു, മുഖത്ത് അതേ നിർവികാരഭാവത്തോടെ. ശാന്തമായൊഴുകുന്ന പുഴപോലെ എന്റെ വഴിയിലെ തടസ്സത്തെ മറികടന്ന ശേഷം, തലച്ചോറിന് പ്രതികരിക്കാനാവും മുൻപ് ഞാൻ തിരിഞ്ഞു നോക്കി.
പുറം തിരിഞ്ഞു നിന്ന, എന്റെ മനസ്സുലച്ച കഥാനായകൻ അതേ നിമിഷത്തിൽ തിരിഞ്ഞ് എന്റെ കണ്ണുകൾ പരതി. ഒരു സംശയനിവാരണം! ലക്ഷ്യം കണ്ട കണ്ണുകളുടെ ആഹ്ലാദം രണ്ടു ചുണ്ടുകളിലും ഒരു നറുപുഞ്ചിരിയായി വിരിഞ്ഞിരിക്കണം. നട്ടുച്ചയ്ക്ക് മനസ്സിന്റെ ആകാശത്തൊരു കൊള്ളിയാൻ. പിന്നീട് നടന്നില്ല. ഓടി. ക്ലാസ്സിലെ ബെഞ്ചിൽ തലചായ്ച്ചു കണ്ണടച്ചപ്പോൾ, അപ്പോഴും അടങ്ങാത്ത ഹൃദയമിടിപ്പുകളുടെ ഇടയിൽ തെളിഞ്ഞ അതേ കണ്ണുകൾ. ആ ഉച്ചകാറ്റിന് പുതുമയുടെ സൗരഭ്യം. ശരീരത്തിൽ ഒരു അജ്ഞാതപ്രേരണകളുടെ നിഗൂഢത. ഹൃദയത്തിൽ അനുഭവതീവ്രതയുടെ അമ്പരപ്പ്……ആദ്യപ്രണയം.
സംഭവിച്ചു കഴിഞ്ഞാലും, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ എടുക്കുന്ന സമയം, മനസ്സ് പുതിയൊരാശയത്തെ സ്വീകരിക്കാനെടുക്കുന്ന സമയത്തെയനുസരിച്ചാണ്. അതിനായി ഒരുപാട് നടപടി ക്രമങ്ങൾ മറികടക്കണം. ജീവിതത്തിന്റെ നിയമപുസ്തകം അച്ചടിച്ചുവെച്ച തലച്ചോറിനോട് വാദിച്ചു ജയിക്കലാണ് ആദ്യത്തെ കടമ്പ. പ്രത്യേകിച്ചു പ്രണയിക്കില്ല എന്ന ഒരു മുൻവിധി നിലനിന്നിരുന്നെങ്കിൽ. അതിനിടയിലുണ്ടാവുന്ന മാനസികശാരീരിക സംഘർഷങ്ങൾ വിശപ്പില്ലായ്മയായും, ആസ്വസ്ഥതയായും, ദേഷ്യക്കൂടുതലായും, ഉറക്കക്കുറവായും ഒക്കെ പുറത്ത് വരാം. സ്വീകാര്യതയുടെ അടുത്ത ഘട്ടത്തിൽ വരുന്നതാവാം മുഖത്തെ മോഹക്കുരു. സ്വന്തം മനസ്സിലുണരുന്ന മോഹത്തിന്റെ ശരീരത്തിൽ തെളിയുന്ന അടയാളത്തെ, മറ്റൊരാളുടെ മോഹത്തോട് ചേർത്തൊരു പഴമൊഴിയിൽ ലോകം ഒളിപ്പിച്ചതാവാം.
പിന്നീട് കാത്തിരിപ്പാണ്. ഉണർവേകിയ വികാരങ്ങൾ വീണ്ടും അനുഭവിക്കാനല്ല, ഇളകിമറിയുന്ന മനസ്സിൽ, ആ വികാരവിക്ഷോഭത്തിന്റെ അലകളടങ്ങി ശാന്തമാവുന്നത് ആ തീരത്തോടടുക്കുമ്പോൾ മാത്രമാണ്. കണ്ണുകൾ കൊണ്ട് ഒന്ന് തൊടുന്ന ആ ഒരേയൊരു നിമിഷം, കടന്നു പോകുമ്പോൾ ചുണ്ടുകളുടെ കോണിൽ ലോകമറിയാതെ അശ്രദ്ധമായി വിടരുന്ന ഒരു പുഞ്ചിരി, ഒരു നീണ്ട ദിവസത്തിന്റെ ഊർജവും ആശ്വാസവും ആണതൊക്കെ. കണ്ടില്ലെങ്കിൽ, ആദ്യം കണ്ടപ്പോൾ തോന്നിയ അതേ അനിശ്ചിതത്വം സൃഷ്ടിക്കുന്ന വീർപ്പുമുട്ടലാണ്, വീണ്ടും കാണുന്നത് വരെ ശ്വസിക്കാതെയിരുന്നു എന്ന തോന്നൽ. ആ രണ്ടു കണ്ണുകളുടെ തീവ്രത മാത്രമായിരുന്നില്ല എന്നെ പിടിച്ചു വലിച്ചത്, പ്രപഞ്ചത്തിൽ കണ്ടറിയാൻ പറ്റാത്ത പലതും നിലനിൽക്കുന്നു എന്ന തിരിച്ചറിവായിരുന്നു ആദ്യപ്രണയം. കടന്നു പോകുന്ന ജനസഹസ്രങ്ങളിൽ ഒരാൾ. ഓരോരുത്തരും മനസ്സിലെവിടെയോ സൂക്ഷിച്ചിരിക്കുന്ന സങ്കല്പങ്ങളിൽ എവിടെയോ ഉണ്ടാവാം മനസ്സിന്റെ ആ തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മാംശം, അല്ലെങ്കിൽ മനുഷ്യന്റെ ചിന്താശേഷിക്ക് അപ്പുറത്തെ മറ്റെന്തൊക്കെയോ യാഥാർഥ്യങ്ങൾ. നിലനിൽപ്പിനായി, ആത്മപരിണാമത്തിനായി, പ്രകൃതി കൽപ്പിച്ച, നിയമങ്ങൾക്ക് മുൻപിൽ തോൽക്കുന്ന ഞാനെന്ന ഭാവമാണ് പ്രണയം. കാലം കടന്നും ഒരാളെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന മനസ്സിന്റെ രസതന്ത്രം. Where is the end of all likes? ആലോചിക്കാതിരിക്കാം. പരമാവധി.
പ്രണയത്തിന്റെ അതിമധുരത്തിൽ ഉന്മത്തരായവർക്ക് കാലബോധം നഷ്ടപ്പെടുന്നു. കാറ്റിനും മഴയ്ക്കും എന്നു വേണ്ട, നടന്ന വഴിയിലെ ചുമരുകളുടെയും, എഴുതിയ പേനയുടെ നിറത്തിൽ പോലും ഉണ്ടാവും ആദ്യപ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. ക്ലാസ്സ്മുറികൾക്കും, പേരുകൾ കോറിയിട്ട ബെഞ്ചുകൾക്കും പുറം ലോകത്തേക്കാൾ പരിചിതമാവും ഈ പ്രണയനൊമ്പരങ്ങൾ. പക്ഷേ, ഒരിക്കലും പറയാനോ ചോദിക്കാനോ ധൈര്യപ്പെട്ടില്ല. തിരിച്ചും അത് സംഭവിച്ചില്ല. എല്ലാം എന്റെ മാത്രം തോന്നലുകളായിരുന്നോ എന്ന സംശയം എന്നെ തടഞ്ഞു. വഴികൾ പിരിയുന്ന ആ ദിവസം, ആ സമയം, ഞാൻ പോയില്ല. സ്വീകരിക്കപ്പെടും എന്ന ഭയമോ? സ്വീകരിക്കപ്പെടില്ല എന്ന ഭയമോ? അറിയില്ല. എന്റെ വികാരതീവ്രതകൾ കൊണ്ട് പടുത്തുയർത്തിയ ചില്ലുകൊട്ടാരം ഒരു സങ്കൽപം മാത്രമായിരുന്നു എന്ന് പറയാനോ പറയാതിരിക്കാനോ മറ്റൊരാളെ അനുവദിക്കുക പ്രയാസമായിരുന്നു. മറിച്ചാവാം. ആവാതിരിക്കാം.
പിന്നീടൊരിക്കലും പ്രണയിക്കില്ല എന്നു കരുതിയതാണ്. ആരുമല്ലാത്തൊരാൾ ഒരാൾക്ക് എല്ലാമായിത്തീർന്നു വീണ്ടും ഒന്നുമല്ലാതായിത്തീരുന്ന വേദനയത്രെയുമാണ് പ്രണയത്തിന്റെ സംഭാവന. നഷ്ടങ്ങളുടെ തീവ്രത ആദ്യമായറിയിച്ച ആദ്യപ്രണയം. എങ്കിലും, അടയാളമായി മുഖത്തെ ഒരു കാക്കപ്പുള്ളിയെ മാത്രം നിലനിർത്തി ബാക്കിയെല്ലാം മായ്ച്ചു കളഞ്ഞ്, പറയാതെ അറിയാതെ പോയ പ്രണയത്തിന്റെ അവ്യക്തമെങ്കിലും ഒരു നേർത്ത മധുരരസം ഇന്നും എവിടെയോ തങ്ങിനിൽക്കുന്നതിന്, അതിന്റെ നിഷ്ഫലതയിലേക്ക് നയിച്ച കാലത്തിന് നന്ദി.
ആദ്യപ്രണയം എന്തുകൊണ്ട് അനുപമമാവുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ നൽകാനാവൂ. ഒറ്റ നിമിഷം കൊണ്ട്, അത്രെയും നാൾ തനിക്ക് മാത്രം സ്വന്തം എന്ന് കരുതിയ മനസ്സിനെ മറ്റൊരാൾക്ക് അപഹരിക്കാനാവും എന്ന ആദ്യത്തെ സുഖകരമായ നോവുള്ള അറിവ്. ഒരു നിമിഷം കൊണ്ട് ലോകം തന്നെ സുന്ദരമാക്കുന്ന അനുഭൂതി നൽകാൻ പ്രണയത്തിന് കഴിയും എന്ന ആദ്യത്തെ തിരിച്ചറിവ്. ഇതൊക്കെ കവിളിൽ ചുവപ്പ് പകർന്ന ആദ്യാനുരാഗ സ്മരണകൾ. പ്രണയം, പക്ഷേ ഈ പറഞ്ഞതൊക്കെയാണോ എന്ന് ഇന്നും അവ്യക്തം. പ്രണയത്തിന്റെ, മനസ്സും ശരീരവും കടന്ന പരമോന്നമായ തലങ്ങളിലേക്ക് നടന്നു കയറിയ ആരെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല. കാരണം മനുഷ്യന്റെ പ്രണയത്തെക്കുറിച്ചുള്ള അറിവ് അത്രയും പരിമിതമാണ്.
P. S – Man is afraid of falling in Love without conditions, for he is incapable of handling the thousand emotions triggered by it.