ഐസ് ക്യൂബില്‍ ഒരു സ്ഫോടനം

ഐസ് ക്യൂബില്‍ വിരല്‍ കൊണ്ടു തൊടുമ്പോള്‍ മൗനത്തെ സ്പര്‍ശിക്കുന്ന പ്രതീതി. ഐസ് ക്യൂബ് (എന്‍റെ ദൃഷ്ടിയില്‍ അല്പം വിമുഖതയോടെ) ഉരുകുമ്പോള്‍ വാക്കുകള്‍ ഉളവാകുകയായി, പ്രതീതി നിലയ്ക്കുകയായി. തോടിനുള്ളിലേയ്ക്ക് പിന്‍വാങ്ങാന്‍ ഒരു ഒച്ചിനെ അനുവദിക്കുന്നതു പോലെ, തിടുക്കപ്പെട്ട് ഞാനത് ഫ്രീസറില്‍ തിരികെ വെക്കുന്നു. എനിക്കൊരു ഭയമുണ്ട്. എന്‍റെ കയ്യിലെ ഗ്ലാസില്‍ ഇട്ടാല്‍ അത് പൊട്ടിത്തെറിക്കുമോ?

എഴുതപ്പെടാത്തൊരു കവിതയ്ക്ക് വായിക്കപ്പെടലിനോടുള്ള ഭീതി ഐസ് ക്യൂബില്‍ ഞാന്‍ സങ്കല്പിക്കുന്നു. എന്തെന്നാല്‍ അതിന്‍റെ ഭൗതിക സ്വത്വം മൗനമാണ്, ഹിമത്തിന്റെ തന്നെ സ്വത്വമാണ്. എനിക്കത് ഭഞ്‌ജിക്കാമോ?

ഐസ് ക്യൂബില്‍ ഒരു സ്ഫോടനം എപ്പോളെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ? സോഷ്യൽ ഡ്രിങ്കിങ് എന്നറിയപ്പെടുന്ന എതു ചടങ്ങിലും എന്‍റെ രീതി എന്നും “ഓണ്‍ ദ റോക്സ്” ആയിരുന്നതിനാല്‍ അതെനിക്ക് പരിചിതം. അതിന്‍റെ ഭൗതിക നിയമങ്ങളും പരിചിതം. അത്തരമൊരു സ്ഫോടനം, കൃത്യമായി പറഞ്ഞാല്‍ ഉൾസ്ഫോടനം (ഇംപ്ലോഷന്‍), എല്ലാവരും കണ്ടിരിക്കാന്‍ ഇടയില്ല. ഐസ് ക്യൂബുകള്‍ ഉണ്ടാക്കാനുള്ള തട്ടില്‍ വെള്ളം കൊണ്ട് പല്ലാങ്കുഴി കളിച്ചാല്‍ അത് കാണാം. അപ്പപ്പോഴത്തെ ആവശ്യത്തിന്നായി ഉപയോഗിക്കുന്നൊരു ട്രേയില്‍ ചില കുഴികള്‍ ശൂന്യമായിരിക്കില്ല. മറ്റു ചില കുഴികളില്‍, പൊട്ടിയേടത്തുറഞ്ഞു കൂടിയ അവക്ഷിപ്തങ്ങള്‍ ഉണ്ടാകും. അവയ്ക്കു മേല്‍ നിങ്ങള്‍ പുതിയ വെള്ളമൊഴിക്കുന്നു. ട്രേ നിറയുന്നു. പിന്നെ യഥാകാലം ട്രേ പുറത്തെടുത്താല്‍, ഉള്ളില്‍ വിള്ളലുകളും തടവിലാക്കപ്പെട്ട വായുക്കുമിളകളും എല്ലാം ഉള്ളൊരു ക്യൂബെടുത്ത് വെള്ളത്തില്‍ ഇട്ടാല്‍ കേള്‍ക്കാം ഞാന്‍ പറഞ്ഞ സ്ഫോടനം.

എന്തിന് ഇത്രയും വിവരണം, ഇതുപോലൊരു വിവരണം? എന്‍റെ മനസ്സ് കാലാവസ്ഥയിലാണ്, ഒരു ഹിമ ഭൂദൃശ്യത്തിലാണ്, അതില്‍ എത്രാമത്തെയോ വീട്ടിലെ പന്ത്രണ്ടു വയസ്സായൊരു മനസ്സിലാണ്, ഉരുകിയൊലിച്ചാല്‍ കവിതയാകാവുന്നൊരു ഐസ് ക്യൂബിലാണ്, ഇവയത്രയും താപശാസ്ത്രത്തിലൂടെയും ശബ്ദ ശാസ്ത്രത്തിലൂടെയും എത്താവുന്നൊരു സമ്മിളിതത്തിലാണ്. ഈ ആഖ്യാനം ഒരു ശ്രമം മാത്രമാണ്.

കോണ്‍റാഡ് എയ്ക്കന്‍റെ “സൈലന്റ് സ്നോ, സീക്രറ്റ് സ്നോ’ എന്ന കഥയില്‍, പോസ്റ്റ്മാന്‍റെ ബൂട്ടുകള്‍ വീഴുന്ന ശബ്‌ദം നടവഴിയിലെ ഉരുളങ്കല്ലുകള്‍ക്ക് മുകളിലെ മഞ്ഞടുക്കില്‍ പുതഞ്ഞു പോകുന്നു — പോള്‍ ഹാസ്ല്‍മാന്‍ എന്ന പന്തണ്ടുകാരന്‍റെ ഹിമാവിഷ്ടമായ മതിവിഭ്രമത്തിലെ ആദ്യത്തെ ശ്രവ്യ വിശദാംശം. അതൊരു ദിവാസ്വപ്നമാണ്. പുറത്ത് മഞ്ഞില്ലാതെ വെയില്‍ പടര്‍ന്നു നില്‍ക്കുമ്പോള്‍, പോള്‍ കിടക്കയില്‍ കിടന്നു കാണുന്ന മനോഹരമായൊരു ഹിമസ്വപ്നം. മടുപ്പനായൊരു ലോകത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും തനിക്കുള്ള അഭയം. ഭൂമിശാസ്ത്രത്തില്‍ പരിചയപ്പെട്ട “നിതാന്ത ഹിമഭൂമി”. പോള്‍ ഒരു ചിത്തരോഗിയാവുകയാണ്, തന്‍റെ പ്രജ്ഞയില്‍ നിന്ന് പോലും അകന്നു പോകാന്‍ തുടങ്ങുകയാണ്.

When it snows, the world gets quieter.

ഏറ്റവും അടുത്തുള്ള ഒച്ചകള്‍ മഞ്ഞില്‍ പുതഞ്ഞു പോകില്ല. മഞ്ഞു മൂടിയൊരു തെരുവിലെ പാര്‍പ്പിടങ്ങളെ ദൂര സൂചകമായ നാഴികക്കല്ലുകളായി സങ്കല്പിച്ചാലെന്നോണം പോളിന്‍റെ മനസ്സ് വരവുപോക്കുകള്‍ രേഖപ്പെടുത്തുന്നു. ഒരു ദിവസം ആറാം വീടിന്നരികില്‍ എത്തിയാല്‍ കേള്‍ക്കാമായിരുന്ന പോസ്റ്റ്‌മാന്റെ കാലൊച്ച പിറ്റേന്നു കേള്‍ക്കുന്നത് അഞ്ചാം വീടിനു കീഴില്‍ എത്തുമ്പോള്‍ മാത്രം. മഞ്ഞിന്‍റെ ഒച്ച അടുക്കുന്നതും പോസ്റ്റ്‌മാന്റെ കാലൊച്ച അകലുന്നതും, ഇടവേളകള്‍ സമവും കൃത്യവുമല്ലാത്ത അനുപാതത്തില്‍. ഓര്‍ക്കുക, മഞ്ഞിന്‍റെ ഒച്ച കേള്‍ക്കാവുന്നത് പോളിന് മാത്രം (വേനലില്‍ തനിക്ക് വേണ്ടിയല്ലേ ഹിമത്തിന്റെ അധിനിവേശം?). ശാസ്ത്രത്തിലാകട്ടെ, ഹിമം ഒരു ശബ്‌ദഭുക്കാണ്.

ഭൂഗുരുത്വത്തിലേക്ക് വളയുന്ന വെളിച്ചത്തെപ്പറ്റി ഐൻസ്റ്റൈൻ പറഞ്ഞു (പ്രപഞ്ചത്തിലെ ഏറ്റവും പ്രജ്ഞാബദ്ധമായ കവിത). തണുപ്പിലേക്ക് വളയുന്ന ശബ്ടത്തെപ്പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിമത്തിന്റെ സ്വച്ഛതയെപ്പറ്റി എത്രയോ പേര്‍ പറഞ്ഞിരിക്കുന്നു. ശബ്ദശാസ്ത്ര ജ്ഞാനിയായ ഡേവിഡ്‌ ഹെറിന്‍റെ ശ്രദ്ധ ഹിമത്തിന്റെ ഭൗതികമായ സ്വച്ഛതയിലാണ്. ഹിമത്തിന്‍റെ നിശ്ശബ്‌ദതയുടെ രഹസ്യം അദ്ദേഹത്തിന് കൃത്യമായറിയാം.

ഹിമം സൃഷ്ടിക്കുന്ന മൗനം ഒരു കവിസങ്കേതമോ വികല്‍പമോ അല്ല. കൊടുംതണുപ്പില്‍ ചുറ്റുപാടുകളിലെ ആള്‍പ്പെരുമാറ്റം ചുരുങ്ങും, തെരുവുകളില്‍ ഗതാഗതം ചുരുങ്ങും. പക്ഷേ, ഈ ആപേക്ഷിക വിജനതക്ക് മുഴുവനായും വിശദീകരിക്കാനാവുന്നതല്ല ഹിമത്തിന്‍റെ സാന്നിധ്യത്തില്‍ അശബ്ദതയോളം എത്തുന്ന ശബ്ദച്ചുരുക്കം. അതിന്‍റെ ഉണ്മ ഭൗതികമാണ്. പൊതുവേ HVAC (ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കൺഡീഷനിംഗ്) വ്യവസ്ഥകളില്‍ സാധാരണമായ ചില വസ്തുക്കളോളം (ഒരു പക്ഷേ, അതില്‍ക്കൂടുതലും) ശബ്ദ ആഗിരണ ക്ഷമത ഹിമത്തിനുണ്ട്. ഇതളക്കാനുള്ള ഉപാധിയിലെ കുറിമാനങ്ങള്‍ 0 തൊട്ട് 1 വരെയാണ്. മനുഷ്യ ശ്രവ്യ പരിധിക്കുള്ളിലെ ശബ്‌ദങ്ങളെ അപേക്ഷിച്ച് പറഞ്ഞാല്‍, രണ്ടംഗുലം കട്ടിയില്‍ ഹിമാവൃതമായൊരു സ്ഥലപ്പരപ്പിന്‍റെ ആഗിരണ ക്ഷമത 0.6 (അറുപതു ശതമാനം) വരെയാകാം. ബൂട്ടുകള്‍ ധരിച്ച പോസ്റ്റ്മാന്‍റെ കാലൊച്ചയെ അത് ഒപ്പിയെടുക്കും — ധവള ധവളമായൊരു ഒപ്പുകടലാസു പോലെ.

ഡേവിഡ്‌  ഹെറിന്‍ ഓര്‍മ്മിപ്പിക്കുന്നു: “ഹിമം സുഷിരമയമാണ്”. നുരകള്‍ പോലെ തോന്നിക്കുന്നതും, കിടക്കകളില്‍ നിറയുന്നതുമായ ‘ഫോം’ എന്ന ദ്രവ്യത്തെ ഓര്‍ക്കുക. അതു പോലൊരു പ്രതലം ഒലിയെ മുഴുവന്‍ മാറ്റൊലിയാകാന്‍ അനുവദിക്കില്ല; അതിലെ സുഷിര സംവിധാനം കുറെയേറെ ഒച്ച വലിച്ചെടുക്കും. വെറും പന്ത്രണ്ടാം വയസ്സില്‍ ചുറ്റുപാടുമുള്ള ഹിമത്തെ മുഴുവന്‍, ആകയാല്‍ ഒരു ഋതുവിനെ മുഴുവന്‍, സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചതാണ് പോള്‍ ഹാസ്ല്‍മാന്‍റെ ദുരന്തമെന്ന് ഞാന്‍ കരുതുന്നു. ഹിമത്തെ തന്‍റേതു മാത്രമാക്കാനുള്ള സാമൂഹിക ഉള്‍വലിയലില്‍ അതിന്‍റെ തന്നെ സുഷിരങ്ങള്‍ പോളിനെ വലിച്ചെടുക്കുന്നു.

(ഏതെങ്കിലും വിഷയത്തോട് അഭിനിവേശമുള്ളൊരു വ്യക്തി അതേ വിഷയത്തെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ തള്ളിക്കളയുകയാണെങ്കില്‍, ആ വിഷയത്തില്‍ നിങ്ങളുടെ പ്രവേശനത്തോടു പോലും അസഹിഷ്ണുത പ്രകടിപ്പിക്കയാണെങ്കില്‍, ഒരര്‍ത്ഥത്തില്‍ അത് ധാര്‍ഷ്ട്യമാകാം. പക്ഷേ, മറ്റൊരര്‍ത്ഥത്തില്‍, ആ വിഷയത്തെ സ്വകാര്യവത്കരിക്കാനുള്ള ഭ്രാന്തമായ ശ്രമമാണ് അയാളുടെ നിലപാട് സൂചിപ്പിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.)

ഫ്രീസറില്‍ തിരികെ വെച്ച ഐസ് ക്യൂബ് ഞാന്‍ വീണ്ടും പുറത്തെടുക്കുന്നു, എന്‍റെ ഗ്ലാസിലെ ബ്രാൻഡിയില്‍ ഇടുന്നു. ഉള്ളില്‍ ഒരു കുമിള ഉണ്ടായിരുന്നതിനാല്‍ സ്ഫോടനം. ഞാന്‍ പോളിനെ വിമോചിപ്പിച്ചിരിക്കുന്നു!– ഈ കുറിപ്പിന്‍റെ ഹിമാബാധയില്‍ നിന്നെങ്കിലും.

അപ്ഡേറ്റ്

സ്ഥിതമായൊരു വസ്തു സ്ഥിതം, ഏതെങ്കിലും ശക്തി അതിനെ ചലിപ്പിക്കാത്തേടത്തോളം. ചലിക്കുന്നൊരു വസ്തു ചലിച്ചു കൊണ്ടിരിക്കും, ഏതെങ്കിലും ശക്തി അതിന്‍റെ ചലനം തടുക്കാത്തേടത്തോളം. ഇനേര്‍ഷ (“ഷ്യ” ആവശ്യമില്ല. റഷ്ഷ, പ്രഷ്ഷ, ഇനേര്‍ഷ). ഇത് ന്യൂട്ടന്‍റെ ഒന്നാം നിയമത്താല്‍ സിദ്ധം. കേള്‍ക്കുമ്പോള്‍ ഉടനെ മനസ്സിലായെന്നു തോന്നുമെങ്കിലും ഭൗതിക ശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണമായൊരു വിചാരമാത്രയാണ് ഇനേര്‍ഷ (ഒപ്പം, ഒരു നര്‍ത്തകിക്ക് നല്‍കാവുന്ന അതി മനോഹരമായൊരു വേദിപ്പേരും).

എഴുത്തിലെ ഇനേര്‍ഷയോ? റോബര്‍ട് ഫ്രോസ്റ്റ് ഒരു ഐസ് ക്യൂബിന്റെ ഇനേര്‍ഷ തകര്‍ത്തത് ഞാന്‍ ഓര്‍ക്കുന്നു.

ഫ്രോസ്റ്റ് ഒരു ഐസ് ക്യൂബെടുത്ത് മിനുസമുള്ളൊരു നിലത്ത്‌ വെക്കുന്നു. ആദ്യം ഇനേര്‍ഷ. പിന്നെ ഹിമക്കട്ട പതുക്കെ ഉരുകാന്‍ തുടങ്ങുന്നു. സ്വന്തം ഉരുക്കത്തില്‍ അത് പതുക്കെ ചലിക്കാന്‍ തുടങ്ങുന്നു. വസ്തുവെ ചലിപ്പിക്കുന്നത് വസ്തു തന്നെയാകായാല്‍ ന്യൂട്ടന്‍റെ നിയമം ഭംഗപ്പെടുന്നില്ല (ചലനം നിയമത്തിന്‍റെ പരിധിക്കു പുറത്ത്). ഗുണപാഠം: സ്വയം ഉരുകലിന്റെ ചാലകശക്തിയില്‍ ചരിക്കുന്നൊരു പ്രതിഭാസമാണ് യഥാര്‍ത്ഥ കവിത. അന്യമായൊരു ഉന്ത് അതിന്നാവശ്യമില്ല. നിങ്ങളുടെ ഐസ് ക്യൂബ് അതില്ലാതെ ചലിക്കുന്നില്ലെങ്കില്‍ ദയവു ചെയ്ത് അതിനെ തൊഴിക്കാതിരിക്കുക. പകരം, അതെടുത്ത് ഒരു ഗ്ലാസിലിടുക. പിന്നെ, ദയനീയമായൊരു പരാജയം മറന്ന്, നമുക്കൊരുമിച്ച് പറയാം: “ചിയേഴ്സ്!”

ഞാന്‍ പറഞ്ഞത് കവിതയുടെ വിമോചനശാസ്ത്രം.

സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍