
നെസ്റ്റിലെ നിലംതൊടുന്ന കതിരുകൾ!
വളരെ യാദൃശ്ചികമായാണ് ഒരു കോതമംഗലം യാത്രയിൽ ഞാനാ സ്വപ്നലോകത്ത് എത്തിയത്. മറ്റൊരു പ്രധാന യാത്രയ്ക്കിടെ നടത്തിയ ആ റൂട്ട് ഡൈവേർഷൻ സത്യത്തിൽ എനിക്കത്ര സുഖിച്ചില്ല. പോകുന്ന വഴി എൻ്റെ സഹോദരീ ഭർത്താവിൻ്റെ അടുത്ത ഒരു ബന്ധുവിൻ്റെ വീട്ടിൽ കൂടി കയറിപ്പോകാം എന്ന നിർദ്ദേശത്തെ ഞാൻ എതിർത്തെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ ഒടുവിൽ എനിക്ക് പിന്തുണയ്ക്കേണ്ടി വന്നു.
“കഷ്ടി അൻപത് കടന്ന, എങ്കിലും അത്രയുമൊന്നും പ്രായം തോന്നിക്കാത്ത, വേഷത്തിലും ഭാവത്തിലും അവിശ്വസനീയമായ ലാളിത്യം പുലർത്തുന്ന ദമ്പതികൾ! മുംബൈയിൽ അവർക്ക് രണ്ട് സ്കൂളുകളുണ്ട്. പാലായിലെ ബ്രില്യൻ്റ്സ് പോലൊരു വൻസ്ഥാപനം മുംബൈയിൽ ഉണ്ടായിരുന്നത് അടുത്തിടെയാണ് കൈമാറ്റം ചെയ്തത്. എറണാകുളത്തും ഇടുക്കിയിലുമൊക്കെ തരക്കേടില്ലാത്ത സെറ്റപ്പുണ്ട്. അവരെ ഒന്ന് പരിചയപ്പെടണം, അവർ നമ്മുടെ പല സങ്കല്പങ്ങളേയും ധാരണകളേയും മാറ്റിമറിക്കും” എന്നതാണ് എനിക്ക് അളിയൻ തന്ന പ്രഥമവിവരം.
പത്തുപതിനഞ്ച് ബന്ധുക്കളുമായി മനസില്ലാമനസ്സോടെയാണ് ഞാനാ ആലീസിൻ്റെ വണ്ടർലാൻ്റിലേക്ക് കടന്ന് ചെന്നത്.

ചതുര കരിങ്കൽപ്പാളികൾക്കിടയിൽ പുല്ലുകൾ പിടിപ്പിച്ച, ഉയരത്തിലേക്കുള്ള വഴികളിലൂടെയാണ് “നെസ്റ്റ്” എന്ന് പേരിട്ടിരിക്കുന്ന ആ രമ്യഹർമ്മ്യത്തിൻ്റെ പോർട്ടിക്കോയിലെത്തുക. ആറേഴേയിരം സ്ക്വയർ ഫീറ്റെങ്കിലും വരുന്ന ആ ഭീമൻ സൗധത്തിൽ ആകെ മൂന്ന് കിടപ്പുമുറികളും നാല് ശുചിമുറികളും മാത്രമാണുളളത്. ബാക്കി മുഴുവൻ തെളിഞ്ഞ പ്രകാശം നിറഞ്ഞ ഓപ്പൺ സ്പേയ്സുകൾ മാത്രം. തെല്ലും ജാടയില്ലാത്ത ലാളിത്യം നിറഞ്ഞ ആ വീട് ഒരു ചരിത്രസ്മാരകം കാണുന്ന ആവേശത്തോടെയാണ് ഞാൻ കണ്ടത്.
അതിമനോഹരമായ ആ അന്തരീക്ഷത്തിൽ, ഷൂട്ട് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് പല സിനിമാ സീരിയൽ നിർമ്മാതാക്കളും, അവിടെ ഒരു റിസോർട്ടിലെന്നപോലെ താമസിക്കാൻ താല്പര്യപ്പെട്ട് ഒട്ടേറെ ടൂറിസ്റ്റുകളും സമീപിക്കുന്നുണ്ടെങ്കിലും സ്വകാര്യത ആഗ്രഹിക്കുന്ന അവർ ഇതുവരെ ആർക്കും അതിന് അനുമതി കൊടുത്തിട്ടില്ല. അത്യാവശ്യത്തിന് പൊതുവായ ഒരു വാട്ട്സാപ് നമ്പർ ഉണ്ടെന്നല്ലാതെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മറ്റ് സമൂഹമാധ്യമങ്ങൾക്കൊന്നും നെസ്റ്റിൻ്റെ അതിർത്തികൾക്കുള്ളിലേക്ക് പ്രവേശനമില്ല.

വീടിൻ്റെ ഫസ്റ്റ് ഫ്ലോർ മുഴുവൻ ഓപ്പൺ സ്പേസാണ്. അതിലൊരു ഭാഗത്ത് അമ്പത് പേർക്ക് സുഖമായി ഒത്തുകൂടാനുള്ള സൗകര്യമുണ്ട്. അടുത്ത ഭാഗത്ത് ബില്യാർഡ്സ്, ടേബിൾ ടെന്നീസ്, സോക്കർ, ക്യാരംസ്, ചെസ് തുടങ്ങിയ വിവിധ ഗെയിമുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വീടിന് മുകളിൽ നിന്നുള്ള പരിസരവീക്ഷണം മനം കുളിർപ്പിക്കും.

പത്തേക്കറോളം വരുന്ന ആ ഭൂമിയിലെ ഏറ്റവും വലിയ ആകർഷണം കൃത്യമായി വെട്ടിയൊതുക്കിയ ഏറ്റവും ഉന്നതനിലവാരത്തിലുള്ള 400 റമ്പുട്ടാൻ മരങ്ങളാണ്. ഒരു മരത്തിൽ നിന്നും 80 കിലോ വിളവെടുക്കാം. മാങ്കോസ്റ്റിൻ, താമര കൃഷികളും അതിൻ്റെ പരിപൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെയൊപ്പം അവിടമാകെ തേനീച്ചക്കൂടുകൾ സ്ഥാപിച്ചിരിക്കുന്നു. രുചികരവും ശുദ്ധവുമായ വൻതേൻ ലഭിക്കുന്നതിനൊപ്പം പരാഗണവും കൂടി നടക്കുന്നത് വിളവിനെ സാരമായി സ്വാധീനിക്കുന്നുണ്ട്.
ഇവിടെ 600 കോഴികളെ വളർത്തുന്ന നൂതന സൗകര്യങ്ങളോട് കൂടിയ ഒരു കോഴിവളർത്തൻ കേന്ദ്രമുണ്ട്. ഇത്രയേറെ വൃത്തിയുള്ള ഒരു കോഴി ഫാം ഞാൻ എവിടെയും കണ്ടിട്ടില്ല. കോഴികൾക്ക് കീഴിലായി കുഴിയിൽ നാലടി കനത്തിൽ കോഴി വിസർജ്യം ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ചെറിയ ദുർഗന്ധം പോലും അവിടെ അനുഭവപ്പെടുന്നില്ല. അത്ര ശാസ്ത്രീയമായാണ് ആ കോഴിക്കൂട് നിർമ്മിച്ചിരിക്കുന്നത്. കോഴിക്കാഷ്ടം മരങ്ങൾക്കും ചെടികൾക്കും ഇടവളമാവുകയും ചെയ്യുന്നു. ഇടയ്ക്കിടെ കുന്തിരിക്കം പുകച്ച് കൂട് അണുവിമുക്തമാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ ആ കോഴികൾ ദിവസം 450 നാടൻ മുട്ടകൾ വരെ നൽകുന്നു.

പണികൾക്കായി ആറ് ജോലിക്കാരുടെ മുഴുസമയ സേവനം ഇവിടെയുണ്ട്. അവർക്ക് താമസിക്കാൻ കോമ്പൗണ്ടിൽ തന്നെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ആ കെട്ടിടത്തിന് മുകളിൽ 15 KW ൻ്റെ സോളാർ പാനലുകൾ ഇടംപിടിച്ചിരിക്കുന്നു. ഇവിടെ നിന്നും ലഭിക്കുന്ന സൗരോർജ്ജം ഈ വീടിൻ്റെയും പരിസരത്തെയും ആവശ്യം കഴിഞ്ഞ് കൊച്ചിയിലെ വീടിൻ്റെ ആവശ്യങ്ങൾ കൂടി പരിഹരിക്കുന്നു.
കോമ്പൗണ്ട് മുഴുവൻ തന്നെ എരുമപ്പുല്ലുകൾ വളർത്തിയിരിക്കുന്നു. പുല്ലുകൾക്കും ചെടികൾക്കും കൃഷികൾക്കും കൃത്യമായി വെള്ളം ലഭിക്കും വിധം സ്പ്രിംഗ്ളർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ടിലെ വെള്ളത്തിൻ്റെ ഒരു ചാൽ ഈ പറമ്പിനുള്ളിലൂടെ പോകുന്നതിനാൽ ജലക്ഷാമം എന്നൊന്നില്ല.
ഒരന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂളിനെ അനുസ്മരിപ്പിക്കുന്ന നിർമ്മാണ മികവോടെ പൂർത്തിയാക്കിയ മീൻകുളവും ഒരു വിസ്മയമായി. മീൻകുളത്തിൽ 1500 വരാലുകളും 500 കരിമീനുമാണ് ഉള്ളത്. ഒന്നര കിലോയോളം തൂക്കം വരുന്ന വരാലുകൾ വില്പനക്ക് സജ്ജമായിരിക്കുന്നു. തീറ്റയിട്ടുകൊടുക്കുമ്പോഴുള്ള അവയുടെ ബഹളം ഒന്ന് കാണ്ടേണ്ട കാഴ്ച തന്നെയാണ്.

ഇതൊക്കെയാണ് അവിടുത്തെ കാഴ്ചാ വിശേഷങ്ങൾ!
പക്ഷെ, ഇതിലെല്ലാറ്റിനുമുപരി എന്നെ ആകർഷിച്ചത് അവരുടെ, തറയിൽ മുട്ടുന്ന നിറഞ്ഞ കതിർക്കുലകൾക്ക് സമാനമായ എളിമയും വിനയവുമാണ്. സ്വപ്നസമാനമായ ഇത്രയേറെ സൗകര്യങ്ങൾ വാരിക്കോരി ദൈവം നൽകിയിട്ടും അഹന്തയുടെയോ പൊങ്ങച്ചത്തിൻ്റെയോ ഒരു തരിപോലും അവടെ ദർശിക്കാൻ കഴിഞ്ഞില്ല എന്നതാണ് എന്നെ വികാരാധീനനാക്കിയത്. ഇത്തിരി ജാഡയൊക്കെ അവർക്കുണ്ടാവും എന്ന എൻ്റെ മുൻവിധി ഇവിടെയും എന്നെ പ്രഹരിച്ചിരിക്കുന്നു. ഇവിടെ വന്നില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്ന് പറഞ്ഞ് കുറ്റബോധത്തോടെ ഗൃഹനാഥനെ ഒന്ന് ആലിംഗനം ചെയ്തിട്ടാണ് ഞാനെൻ്റെ തെറ്റ് തിരുത്തിയത്.
എങ്ങനെയാണ് ഈ ദമ്പതികൾക്ക് ഇത്ര സിംപിളാകാൻ കഴിയുന്നത്? എന്തുകൊണ്ടാണ്, എന്ത് കണ്ടാണ് ഒന്ന് ചിരിക്കാൻ പോലും തയ്യാറാകാതെ, ഇത്തിരി പൊസിഷനുള്ള, ഇത്തിരി സാമ്പത്തികസൗകര്യമുള്ള പലരും അഹങ്കരിക്കുന്നത്? ആരായാലും “ഈ മനോഹര തീരത്ത്” നമുക്ക് ലഭിക്കുന്നത് വളരെ ചുരുങ്ങിയ സമയം മാത്രം ! അപ്പോൾ ഈ മസിലുപിടുത്തവും പകയും വിദ്വേഷവും വീറും വാശിയുമൊക്കെ വിട്ട്, ഇവിടുത്തെ മനോഹര കാഴ്ചകളൊക്കെ കണ്ടും കേട്ടും അനുഭവിച്ചും എല്ലാവരുടെയും മുഖത്തൊക്കെ നോക്കി ചിരിച്ചും സ്നേഹിച്ചും കലഹിച്ചും സന്തോഷത്തോടെ നമുക്ക് ഭൂമിയിൽ നിന്ന് യാത്രയാവുന്നതല്ലേ നല്ലത്?
(നെസ്റ്റ് വാസികളുടെ സ്വകാര്യതയും സ്നേഹപൂർണ്ണമായ അഭ്യർത്ഥനയും മാനിച്ച് അവരുടെ പേരും സ്ഥലവും മററ് വിവരങ്ങളും സ്വകാര്യമായി സൂക്ഷിക്കുന്നു.)




