
“നിരയായെണ്ണി വിധിക്കല്ലേ!”
കഥാപരിസരം : ഇഹലോകവാസം വെടിഞ്ഞ എൻ്റെ പ്രിയ സുഹൃത്ത് അപ്പുക്കുട്ടൻ്റെ വീട്ടിലെ സംസ്കാര ചടങ്ങ് !
മിക്ക പോലീസുകാർക്കും റാങ്ക്, സീനിയോറിറ്റി, കഴിവ് തുടങ്ങിയ പലകാര്യങ്ങളിലും ഉള്ളിൽ ചെറിയൊരു ഈഗോയുണ്ടെന്നാണ് വയ്പ്. ആത്മവിശ്വാസം പോലും ഒരുപടി കൂടിയാൽ അത് അഹന്തയാണ്. ഈ പറഞ്ഞ ഗുണഗണങ്ങൾ എന്നിലും തീരെയില്ല എന്ന് സത്യസന്ധമായി പറയാൻ എനിക്ക് കഴിയുന്നില്ല. താഴെ കുറിക്കുന്ന വരികൾ അത് വ്യക്തമാക്കും.
വിശാലമായ മുറ്റം നിറഞ്ഞ പന്തലിന് കീഴെ ജനസഞ്ചയം! 1984 മുതൽ കണ്ടുതുടങ്ങിയ പല മുഖങ്ങളും അവിശ്വസനീയമായ മാറ്റങ്ങൾക്ക് വിധേയമായി അവിടെ കൂടിയിരിക്കുന്നു. ഇരുപത്തിരണ്ടും ഇരുപത്തിമൂന്നുമൊക്കെ അറുപത്തിയഞ്ചും അറുപത്തിയാറുമൊക്കെയായി മാറി നിൻ്റെ ലക്ഷ്യസ്ഥാനം ഏറെ അടുത്തിരിക്കുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ നൽകുന്നു! നടന്നുവന്ന ദൂരത്തോളം എന്തായാലും ഇനി നടക്കാനില്ല. എങ്കിലും കഴിയുന്നത്ര ആർഭാടമായി തന്നെ ബാക്കി വഴികളും നടന്നു തീർക്കുക എന്നത് മാത്രമാണ് നമുക്കിനി ചെയ്യാനുള്ളത്.
പഴയ ഓർമ്മകൾ അയവിറക്കുന്നതിനിടക്ക്, മര്യാദയുടെ പര്യായമായ മുൻ സഹപ്രവർത്തകൻ മോഹനൻ, ദൂരെ കസേരയിൽ ഇരിക്കുന്ന പോലീസ് ലുക്കുള്ള ഒരാളെ ചൂണ്ടിക്കാട്ടി മുമ്പ് പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന ഒരു ക്ലാർക്കായിരുന്നെന്നും ഇപ്പോൾ സി. ഐ. ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തി അദ്ദേഹത്തിൻ്റെ അടുക്കലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ മോഹനൻ, സാർത്തോ റിട്ട.എ സി എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ സാർത്തോ എന്ന പേര് കേട്ടിട്ടുണ്ട് എന്ന് കക്ഷി പറഞ്ഞുവെങ്കിലും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഹസ്തദാനം സ്വീകരിച്ച് ഒന്ന് തിരിച്ച് പരിചയപ്പെടാനുള്ള യാതൊരു മര്യാദയും ആ ഭാഗത്തു നിന്നും ഉണ്ടായില്ല. 1990 ലെ എസ് ഐ എന്ന ലേശം തലക്കനത്തിൽ നിന്നിരുന്ന എനിക്കത് തികഞ്ഞ അപമാനമായി തോന്നി. കക്ഷിയുടെ നിർവ്വികാരത എനിക്ക് തീരെ ദഹിച്ചില്ല. ഔപചാരികതകളൊന്നുമില്ലാതെ ഞാനപ്പോൾ തന്നെ അവിടെ നിന്നും പിൻവാങ്ങി.
എനിക്കനല്പമായ ഗർവ്വുണ്ടെന്ന് നിങ്ങൾക്കും തോന്നിയിരിക്കുമല്ലോ?
ഇനിയാണ് ക്രൂരമായ ആ ട്വിസ്റ്റ്!
ചിതയ്ക്ക് അഗ്നി പകർന്നതോടെ ജനം പിൻവാങ്ങുന്നു. ആ സി ഐക്ക് മര്യാദ തീരെയുണ്ടായില്ലല്ലോ എന്ന ഖിന്നതയോടെ ആൾത്തിരക്കിനിടയിലൂടെ ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് മടങ്ങവേ, തൊട്ടു മുമ്പിൽ അസാധാരണമായ മുടന്തലോടെ നടക്കുന്ന സി ഐയെ കണ്ട് കാലിനെന്ത് പറ്റി എന്ന എൻ്റെ ചോദ്യത്തിന് കിട്ടിയ മറുപടി കേട്ട് ഞാൻ അസ്തപ്രജ്ഞനായി മരവിച്ച് നിന്നു പോയി.
ഔദ്യോഗിക ഡ്യൂട്ടിയ്ക്കിടെ ഒരപകടത്തിൽ അദ്ദേഹത്തിൻ്റെ ഒരു കാൽ മുട്ടിന് തൊട്ടു താഴെ വച്ച് നഷ്ടപ്പെട്ടു. കൃത്രിമക്കാലിലാണ് സഞ്ചാരം! ഇപ്പോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ സൗമനസ്യം കൊണ്ട് തിരക്കില്ലാത്ത ഒരു ചുമതല വഹിക്കുന്നു.
സി ഐ ക്ക് കാര്യം മനസിലായില്ലെങ്കിലും വിക്കിവിക്കി ഞാനദ്ദേഹത്തോട് ക്ഷമ പറഞ്ഞു. ഇനിയും പത്തിരുപത് കൊല്ലത്തോളം സർവീസ് ഉണ്ടാവേണ്ട ആ ചെറുപ്പക്കാരനെ നിമിഷങ്ങൾ കൊണ്ട് ശിക്ഷ വിധിച്ച് അത് മനസിലൊരു ഭാരമായി കൊണ്ടു നടന്ന ഞാൻ തന്നെ ഒരു പാഠമായി നിങ്ങൾക്ക് മുമ്പിൽ നില്ക്കുന്നു!
ഒരു കാര്യത്തിൽ വിധിയെഴുതും മുമ്പ് മൂന്ന് വട്ടം ആലോചിക്കുക. നാലാമത് ഒന്നുകൂടി ആലോചിച്ചാലും തെറ്റില്ല!
“മരണം വരുമൊരു നാൾ ഓർക്കുക മർത്ത്യാ നീ!
കൂടെ പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ!”






