
പൊതുവഴികളിലേക്ക് നീളുന്ന ആചാരങ്ങൾ!
കഥാപരിസരം : വൈകിട്ട് ഏഴ് മണി സമയം. തൊട്ടടുത്ത ടൗണിൽ നിന്നും വീട്ടിലേക്കുള്ള യാത്ര.
എന്നും ഏറെ തിരക്കുള്ള വീട്ടിലേക്കുള്ള വഴിയേ ലേഖകൻ ഇരുചക്രനിൽ വരുമ്പോൾ വഴി മുഴുവൻ പതിവിലും കവിഞ്ഞ ഗതാഗത കുരുക്ക്! പതിവുശൈലിയിൽ വണ്ടി കുത്തിക്കയറ്റി മുമ്പിലെത്തിയപ്പോഴാണ് മനസിലായത്, അതൊരു ആരാധനാലയത്തിൻ്റെ ശക്തിപ്രകടനമാണ്. വാഹനങ്ങൾ ജാഥക്ക് അകമ്പടി സേവിച്ചുകൊണ്ട് നിരങ്ങി നീങ്ങുന്നു.
വളച്ചുകെട്ടലില്ലാതെ ചോദിക്കട്ടെ, റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു പെരുകുന്ന ഈ കാലഘട്ടത്തിൽ, പൊതുജനങ്ങളുടെ സ്വൈര്യ സഞ്ചാരം തടസ്സപ്പെടുത്തി അവരെ ബുദ്ധിമുട്ടിക്കാനായി, അവരുടെ തെറി കേൾക്കാനായി, കേൾപ്പിക്കാനായി ആരാധനാലങ്ങളിൽ നിന്നും എന്തിനാണ് ആചാരങ്ങളെ പെരുവഴിയിലേക്ക് പിടിച്ചിറക്കുന്നത്..? എന്തു നേട്ടമാണ് ഈ വഴി തടയൽ കൊണ്ട് ലഭിക്കുന്നത്? മറ്റ് മതവിഭാഗങ്ങൾ അത് ചെയ്യുന്നുണ്ടെങ്കിൽ തങ്ങളും അത് ചെയ്യണം എന്ന് എന്തിനാണ് വാശിപിടിക്കുന്നത്? ഒരു മതേതര സമൂഹത്തിൽ, തങ്ങളുടെ മതാചാരങ്ങൾ മറ്റ് മതസ്ഥർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ തങ്ങളുടെ തന്നെ പരിസരത്തിനകത്ത് ഒതുക്കുകയല്ലേ വേണ്ടത്? ഈ പ്രകടനം പോകുന്ന വഴിയിൽ, റോഡ് വികസനത്തിന് തടസ്സമായി മറ്റൊരു മതവിശ്വാസത്തിൻ്റെ തണലിൽ ഒരു വലിയ ആൽമരം, പ്രതിഷ്ഠയും മതചിഹ്നങ്ങളും അലങ്കാരങ്ങളുമായി ഹൈവേയിലേക്ക് ഇറങ്ങി തഴച്ചു വളർന്ന് നിൽക്കുന്നു. ഒരിക്കൽ ഔദ്യോഗിക സർക്കാർ വാഹനത്തിൽ വന്നിറങ്ങിയ ഉയർന്ന ഒരുദ്യോഗസ്ഥ, പാദുകങ്ങൾ അഴിച്ച് വച്ച് റോഡിൽ നിന്ന് ആ പ്രതിഷ്ഠയെ തൊഴുന്നത് തെല്ലൊരു ആശങ്കയോടെയാണ് ഞാൻ കണ്ടുനിന്നത്. രാത്രിയുടെ ഏകാന്തതയിൽ ആ മരത്തിലെ അലങ്കാരപ്പണികൾ പതിയെപ്പതിയെ വർദ്ധിച്ചു വരുന്നുമുണ്ട്. വലിയ സ്ഥിരം ആരാധനാലയങ്ങളും മിനി ആരാധനാലയങ്ങളും കാണിക്കവഞ്ചികളുമൊക്കെ യാതൊരു വകതിരിവുമില്ലാതെ വികസനത്തിന് തടസ്സമായി വഴിവിലങ്ങി നിൽക്കുന്നതിൽ ഒരു വീണ്ടുവിചാരം, എല്ലാ മതവിഭാഗങ്ങൾക്കും മതനേതാക്കൾക്കും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നില്ലേ?
തൊട്ടടുത്ത് വ്യത്യസ്ഥ മതസമൂഹങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലുൾപ്പെടെ, വിശേഷ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ മൈക്കിലൂടെയും കരിമരുന്ന് പ്രയോഗങ്ങളിലൂടെയും ദിവസങ്ങളോളം ശബ്ദമലിനീകരണം നടത്തുന്നതിൽ ഒരു നിയന്ത്രണം അനിവാര്യമല്ലേ?
തൂണിലും തുരുമ്പിലും ഓരോ അണുവിലും ദൈവസാന്നിധ്യമുണ്ടെന്നും, ഇരിക്കുന്നിടം തന്നെ ആരാധനാലയമാണെന്നും, പ്രവർത്തിയാണ് പ്രാർത്ഥനയെന്നും വിശ്വസിക്കുന്ന, എല്ലാ മതങ്ങളോടും ബഹുമാനം മാത്രമുള്ള ഒരു വിശ്വാസിയുടെ കുത്സിതചിന്തകൾ മാത്രമാവേണ്ടതാണോ ഈ വിഷയം?








