
ലോകം കണ്ട എക്കാലത്തെയും മഹത്തായ ഇതിഹാസ കാവ്യം ഹോമറിന്റെ ഒഡീസി ഒരു സിനിമയാകുമ്പോൾ സാഹിത്യ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയിലേക്ക് പ്രവേശിക്കുക. അതും ലോക പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ആകുമ്പോൾ, നോളന്റെതായ ചലച്ചിത്ര ഭാഷ്യത്തിന് അതിന്റെ സാങ്കേതിക മികവിൽ ഒഡീസിയിലെ സാഹസികതയെ കൂടുതൽ മികവോടെ പകർത്താനും കാഴ്ച്ചയിൽ ആവേശം ജനിപ്പിക്കാനും കഴിഞ്ഞേക്കാം, എന്നാൽ അതുമാത്രമാണോ സിനിമയെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. ഏതാണ്ട് ക്രിസ്തുവിനും മുമ്പ് ഏതാണ്ട് എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതുന്ന ഹോമറിന്റെ ‘ഒഡീസി’ (Odyssey), ഒരു ഗ്രീക്ക് പുരാണ കഥ എന്ന രീതിയിൽ മാത്രമല്ല ലോകം കണ്ടത്. മനുഷ്യജീവിതത്തിന്റെ അതിജീവനത്തിന്റെയും മാനസിക സംഘർഷങ്ങളുടെയും സർവ്വകാലികമായ ഒരു മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധാനന്തരം പത്തു വർഷക്കാലം സമുദ്രത്തിലൂടെ അലഞ്ഞുതിരിഞ്ഞ്, ഒട്ടേറെ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് സ്വന്തം ജന്മനാടായ ഇത്തക്കയിലേക്കും പ്രിയപ്പെട്ടവരിലേക്കും തിരിച്ചെത്താൻ ഒഡീസിയസ് നടത്തുന്ന പോരാട്ടവും അതിലൂടെ ചർച്ച ചെയ്യുന്ന സ്നേഹം, വിരഹം, ധാർമ്മികത, സ്വന്തം വേരുകളിലേക്കുള്ള തിരിച്ചുവരവ് എന്നീ സാർവത്രികമായ മാനവിക മൂല്യങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇക്കാലമത്രയും ലോകം ഇതിഹാസകാവ്യമായി കാത്തുസൂക്ഷിച്ചതും ഈ പ്രത്യേകതകളാലാണ്.

എന്നാൽ സാഹസികതകളും ധർമ്മസങ്കടങ്ങളും നിറഞ്ഞ ഹോമറിന്റെ ഈ കാവ്യത്തെ നോളന്റെ സിനിമയിലേക്ക് വരുമ്പോൾ സാങ്കേതിക വിദ്യയുടെ ആർഭാടങ്ങളിൽ മുങ്ങിപ്പോയ ഒന്നായി മാറുകയാണ്. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങൾ നിറയുമ്പോഴും ആത്യന്തികമായി കാവ്യത്തിന്റെ മാനവികതയും ദർശനികതയും സിനിമയിൽനിന്നും ചോർന്നുപോകുന്നു. ഹോമറിന്റെ കാവ്യത്തിൽ ഓഡിസിയസ് എന്നാൽ വൈവിധ്യമാർന്ന ചിന്തകളും സംഗീത പ്രേമവും വിരഹവും സ്നേഹവും നിറഞ്ഞ ഒരു സങ്കീർണ്ണ കഥാപാത്രമാണ്. എന്നാൽ നോളന്റെ സിനിമയിലേക്ക് വരുമ്പോൾ ഇത് കേവലം രക്തച്ചൊരിച്ചിലും അക്രമവും നിറഞ്ഞ ഒരു ആക്ഷൻ സിനിമയായി മാറുന്നു. അക്കാലത്തെ ഗ്രീക്ക് സംസ്കാരത്തിന്റെ ജീവതുടിപ്പുകൾക്ക് പകരം ‘ഗെയിം ഓഫ് ത്രോൺസ്’, ‘ലോർഡ് ഓഫ് ദി റിങ്സ്’ തുടങ്ങിയ ആധുനിക ജനപ്രിയ പോപ്പ്-കൾച്ചർ ശൈലികളാണ് നോളൻ ഈ സിനിമയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സിനിമാ ആവിഷ്കാരത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സംവിധായകനാണ് എങ്കിലും ഇത്തരം ഇതിഹാസങ്ങളെ സ്വീകരിക്കുമ്പോൾ അതിന്റെ ചട്ടക്കൂടിൽ നിന്നുവേണം ഒരുക്കാൻ. മാത്രമല്ല ഒഡീസി സംഗീതാത്മകമായ കാവ്യമാണ് അതിൽ പാട്ടുകാർക്കും സംഗീതജ്ഞർക്കും വലിയ സ്ഥാനമുണ്ട്, എന്നാൽ സിനിമയിൽ സംഗീതത്തിന്റെ ക്ലാസിക്കൽ തലം ഒഴിവാകുകയും പകരം ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്താൽ ഒഡീസിയെന്ന കാവ്യത്തിന്റെ പ്രമേയത്തോടു യോജിക്കാത്ത തരത്തിൽ ഒച്ചപ്പാടുകൾ മാത്രമായി മാറുന്നു.
കഥ പറച്ചിലിലും ഏറെ വേറിട്ട വഴിയാണ് നോളൻ സ്വീകരിച്ചിട്ടുള്ളത്. ഒഡീസിയസ് തന്റെ അനുഭവങ്ങൾ വിവരിക്കുന്ന രീതിയിലാണ് ഹോമർ അവതരിപ്പിക്കുന്നത് അതിൽ സത്യമാണോ അതോ അയാൾ നിർമ്മിച്ചെടുത്ത കഥയാണോ എന്ന് വായനക്കാരിൽ സംശയം ജനിപ്പിക്കുന്നു എങ്കിൽ അത്തരത്തിൽ ഒരു കൺഫ്യൂഷനിലേക്ക് ക്രിസ്റ്റഫർ നോളൻ പ്രേക്ഷകരെ വിടുന്നില്ല ഇതിൽ പറയുന്നതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന തലത്തിൽ യാതാർഥ്യം ആക്കി അവസാനിപ്പിക്കുന്നു. ഹോമറിന്റെ കാവ്യത്തിൽ ആണെങ്കിൽ ആത്മീയവും ദൈവീകവുമായ സാന്നിദ്ധ്യങ്ങൾക്ക് വലിയ പ്രാധാന്യവും ഉണ്ട് , അഥീന ദേവിയെ ഒരു സാധാരണ മനുഷ്യസ്ത്രീയായി അവതരിപ്പിക്കുന്നത് ഈ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു.

ഇതിഹാസത്തിലെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളാണ് നായകൻ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച്, തന്റെ പ്രിയപ്പെട്ട നായയായ ‘ആർഗോസ്’ (Argos) യജമാനനെ തിരിച്ചറിഞ്ഞു മരിക്കുന്ന രംഗവും, ഭാര്യ പനലോപ്പിയുമായുള്ള പുനഃസമാഗമവും. ഹോമറിന്റെ കാവ്യത്തിൽ ഈ രംഗങ്ങൾ നൽകുന്ന വികാരതീവ്രത നോളന്റെ സിനിമയിൽ തികച്ചും യാന്ത്രികവും ലളിതവുമായിപ്പോയി. ദുരന്തങ്ങളും അപ്രതീക്ഷിത തിരിച്ചടികളും നിറഞ്ഞ ആധുനിക ലോകത്ത്, പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ പിടിച്ചുനിൽക്കാനുള്ള മനുഷ്യന്റെ ആന്തരിക കരുത്തിനെയാണ് ഒഡീസിയസ് പ്രതിനിധീകരിക്കുന്നത്. രാക്ഷസന്മാരോടും പ്രകൃതിശക്തികളോട് പോരടിച്ച് മുന്നേറുന്ന അവൻ ഓരോ മനുഷ്യന്റെയും അതിജീവന പോരാട്ടങ്ങളുടെ പ്രതീകമാണ്.എന്നാൽ സിനിമ കാണുന്ന പ്രേക്ഷകന് ആ ഫീൽ ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ആഗോളവൽക്കരണത്തിന്റെയും കുടിയേറ്റങ്ങളുടെയും ഈ കാലത്ത് ‘വീട്’ അല്ലെങ്കിൽ ‘മാതൃഭൂമി’ എന്ന സങ്കല്പത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രവാസവും അന്യവൽക്കരണവും അനുഭവിച്ചറിയുന്ന ആധുനിക മനുഷ്യന് സ്വന്തം വേരുകളിലേക്കും സ്നേഹബന്ധങ്ങളിലേക്കും തിരികെ നടക്കാനുള്ള ഒഡീസിയസിന്റെ ആഗ്രഹം ഏറെ വൈകാരികമായി അനുഭവപ്പെടുന്നു. കേവലം കായികബലത്തിനപ്പുറം ബുദ്ധിയും, തന്ത്രവും, വാക്‌ചാതുരിയും (Mêtis) ഉപയോഗിച്ചാണ് ഒഡീസിയസ് പ്രതിസന്ധികളെ തരണം ചെയ്യുന്നത്. ആയുധങ്ങളേക്കാൾ വലിയ ശക്തി മനുഷ്യന്റെ യുക്തി ചിന്തയ്ക്കാണെന്ന സന്ദേശം ഈ ഡിജിറ്റൽ യുഗത്തിലും ഏറെ പ്രസക്തമാണ്.
ഒരു മഹായുദ്ധത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഒരു യോദ്ധാവ് നടത്തുന്ന മാനസികമായ പോരാട്ടവും ഈ കൃതി അടിവരയിടുന്നുണ്ട്. യുദ്ധത്തിന്റെ ഭീകരതയും അത് മനുഷ്യന്റെ മനസ്സിലുണ്ടാക്കുന്ന മുറിവുകളും ഇന്നും ലോകത്ത് ആവർത്തിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളാണ്.
സാങ്കേതികവിദ്യയും ദൃശ്യവിസ്മയങ്ങളും നിറഞ്ഞ ആധുനിക സിനിമകൾക്ക് ഒരുപക്ഷേ ഒഡീസിയിലെ സാഹസിക നിമിഷങ്ങളെ പകർത്തിവെക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, നൂറ്റാണ്ടുകൾക്കിപ്പുറവും ഈ ഇതിഹാസം വായനക്കാരെ സ്വാധീനിക്കുന്നത് അതിലെ ആക്ഷൻ രംഗങ്ങൾ കൊണ്ടല്ല; എന്ന് സംവിധായകൻ മറക്കുകയും ഹോമറിന്റെ സാഹിത്യത്തേക്കാൾ ഉപരി, ആധുനിക ഹോളിവുഡ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിർമ്മിച്ച ഒരു ‘നോളൻ സിനിമ’ (Nolan’s Odyssey) മാത്രമായി ഇത് അവശേഷിക്കുന്നു. 2017ൽ ഇറങ്ങിയ എമിലി വിത്സന്റെ ഒഡീസിയുടെ പരിഭാഷയാണ് നോളന്റെ സിനിമക്ക് ആധാരം എന്നാണ് മനസിലാകുന്നത്. ഈ കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച പരിഭാഷയാണ് ഇത്. ഭാഷാപരമായ പുതിയ അന്വേഷണങ്ങളും പരീക്ഷണങ്ങളും ഉൾപ്പെട്ട ഈ കൃതിയെ സിനിമയിലേക്ക് വഴി വെച്ച് എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഇത് ഹോമറിന്റെ ഒഡീസിയല്ല നോളന്റെ ഒഡീസിയാണ് എന്ന് പല ചലച്ചിത്ര നിരൂപകരും പറയുന്നുണ്ട്. ഈ സിനിമ അതിന്റെ പൂർണ്ണ സാങ്കേതിക മികവ് മനസിലാക്കൂ കാണാൻ പാകത്തിൽ ഉള്ള തിയ്യറ്റർ തന്നെ ലോകത്ത് അകെ 14 എണ്ണമേ ഉള്ളൂ അതിലൊന്നുപോലും ഇന്ത്യയിൽ ഇല്ലതാനും, ഇന്ത്യയിൽ തന്നെ ഐ മാക്സ് പോലുള്ള തിയറ്ററിൽ കാണുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് അത്ര എളുപ്പമല്ല ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം രൂപ ഒരു സിനിമക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരിക എന്നതും പ്രായോഗികമല്ല. ഈ പരിമിതികൾ എല്ലാം ഉൾകൊള്ളുന്ന കാഴ്ചയെ പലർക്കും ആസ്വാദിക്കാൻ ആകുന്നുള്ളൂ എന്നിട്ടു പോലും ഈ സിനിമ സാങ്കേതികമായി അത്ഭുതപ്പെടുത്തുന്നുണ്ട്, ക്രിസ്റ്റഫർ നോളൻ ഫിലിം മേക്കിങ്ങിൽ ഒരു അത്ഭുതമനുഷ്യൻ തന്നെ എന്ന് വീണ്ടും തെളിയിക്കുന്നുമുണ്ട്. നോളന്റെ ഒഡീസിയെ കാണാൻ തിയറ്ററിൽ എത്തുന്നവരെ ഈ സിനിമ നിരാശപ്പെടുത്തുന്നില്ല എന്ന് പറയാതെ വയ്യ.









