
യാത്രകളുടെ ദൈവം
എന്നോട് പിണങ്ങിയിരിക്കുന്നു.
അതെന്നെ തെരുവുകൾക്ക്
നനയാൻ കൊടുക്കുന്നു.
*
മുത്തശ്ശിമാർ
കുട്ടികളെപ്പോലെ ചിരിച്ച്
സന്തോഷം നിറയ്ക്കുന്നു.
കുഞ്ഞുങ്ങളുടെയും
സ്ത്രീകളുടെയും മുഖത്ത്
പൂക്കൾ വിരിയുന്നു.
*
ഒപ്പം ജീവിച്ച കാരണത്താൽ
ചിലർ മുറിവേല്പിച്ചകലുന്നു.
സ്നേഹിച്ചവരോ,
മൗനത്തിലേക്ക് തനിച്ചുപോകുന്നു
*
പുതിയവർ വരുന്നു.
പഴയവരിൽ ചിലർ
അവരിലൂടെ
ആവർത്തിക്കുന്നു.
*
കൂട്ടുകാർ
വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോലെ
പെട്ടെന്ന് മരിച്ചുപോകുന്നു.
മുതിർന്നവർ
ഓരോ നോട്ടത്തിലും
യാത്രാമൊഴി ശീലിക്കുന്നു .
*
പുലർച്ചകൾ
തളിർമണം വിതറുന്നു.
ഉച്ചകളിലേയ്ക്കതിനെ വലിച്ചിഴയ്ക്കാൻ
ഞാൻ പാടുപെടുന്നു









