
അഴിക്കുന്നു
മുറുക്കുന്നു…
വീണ്ടും ശ്രമിക്കുന്നു.
അതേ വേഗത്തിൽ തോൽക്കുന്നു.
ബന്ധങ്ങൾ അങ്ങനെയാണ്…
കുരുക്കിയിടും.
കുരുങ്ങിപ്പിടയും
ചെറിയ വരികളിൽ
എന്തിനാണിത്രയും
വലിയ നിശ്ശബ്ദത…?
അതെന്റെ
കവിതയായതുകൊണ്ട്.
തുടക്കത്തിന്റെ
മനോഹാരിത
എന്തേ
ഒടുക്കത്തിന്റെ
മടുപ്പിന്
കൂട്ടാവാത്തത്?
അവസാനങ്ങൾ
ആരംഭങ്ങളെപ്പോലെ
നുണ പറയാത്തതുകൊണ്ടാവാം.
ഭംഗിയുള്ള അക്ഷരത്തിൽ,
അതിലും ഭംഗിയുള്ള വാക്കുകളിൽ,
ഞാനൊരു കവിത എഴുതി.
അയച്ചുകൊടുത്ത വേഗത്തിൽ തന്നെ
തിരിച്ചെത്തി…
കൂടെയൊരു കുറിപ്പും.
“കവിത എഴുതേണ്ടത്
ഭംഗിയുള്ള വാക്കുകൾ കൊണ്ടല്ല…
ശരിയായ വാക്കുകൾ കൊണ്ടാണ്.”
തന്ന വാക്കുകൾ
ഞാൻ കടമെടുക്കട്ടെ…
ജീവൻ കൊടുത്ത്
ഒരു കവിതയായി
തിരികെ തരാൻ.
എന്നിലൊരു
കവിതയെ അന്വേഷിക്കേണ്ട…
എന്നെ മാത്രം ശ്രദ്ധിച്ചാൽ മതി.
ചിലപ്പോൾ എൻ്റെ നിശ്ശബ്ദത പോലും
ഒരു കവിതയായി മാറാം
പരിചരണം
ശരീരത്തിന്റെ മുറിവുകൾ
ഭേദമാക്കും…
പരിഗണന
മനസ്സിന്റെ വിള്ളലുകൾ
ചേർത്തുവെക്കും…
അതുകൊണ്ടാവാം,
ഹൃദയം എന്നും
പരിചരിച്ചവരെക്കാൾ
പരിഗണിച്ചവരെ
ചേർത്തുനിർത്തുന്നത്.
അലങ്കാരങ്ങളില്ലാത്ത
ചിന്തയെ
ഞാനെന്റെ വാക്കുകൾ കൊണ്ട്
കവിതയാക്കുന്നു.
ആത്മാവ് നല്ലതാണെങ്കിൽ,
എന്തിന് ആശയം മാറ്റണം?
ചില വാക്കുകൾ
തൊടുമ്പോൾ
പൊട്ടിത്തെറിക്കുന്ന
വിത്തുകളാണ്…
എവിടെയെല്ലാം വീഴുന്നുവോ,
അവിടെയെല്ലാം
നിശ്ശബ്ദമായി മുളയ്ക്കും.
മൂന്ന് സെക്കൻ്റുകൾ കൊണ്ട്
എഴുതിത്തീർത്തൊരു വാക്ക്…
ജീവിച്ചുതീർക്കാൻ
മൂന്ന് തലമുറ
പോരാതെ വന്നല്ലോ…
ജീവിതം.









