പ്രണയശിഷ്ടനോട് കവിത പറയുന്നത്

നീയെത്ര കുട്ടിക്കുറുമ്പൻ,
ചൊന്നതൊന്നുമേകേൾക്കാതിരുന്നോൻ!
പ്രണയമരുതെന്നു ചൊന്നതാണന്നേ,
പ്രാണവേദന താങ്ങാതിരിക്കാൻ,

നെഞ്ചു പൊട്ടിപ്പിളർന്നുളളിലേറും
ഉടലിലെമ്പാടുമുയിരിനെത്തേടും
ചുണ്ടിലുപ്പും നിണവും ചുവയ്ക്കും
കണ്ണിലാവിയായ് കണ്ണീരെരിക്കും

നീറ്റലായള്ളിപ്പിടിക്കും
നോവിൻ തേങ്ങലാലുളളം പിടയ്ക്കും
ജീവനറ്റുപോം വേദനയ്ക്കുള്ളിൽ
നീയകപ്പെട്ടു പോകാതിരിക്കാൻ.

നഷ്ടമാംപ്രണയത്തിലൂടെ
നീ ശിഷ്ടമായുരുകുന്നനേരം
പറയാതെയിന്നുനീയേറ്റു.-
ന്നൊറ്റയ്ക്കു നിന്റെയീ ദു:ഖം !

നോക്കിലൂടല്ലിന്നു വാക്കാൽ
വഴിയിലൂടല്ലിന്നു മൊഴിയാൽ
ഞാനക്ഷരംപൂക്കും വസന്തം
നിന്റെ വരവുകാത്തല്ലേയിരിപ്പൂ

ഒരു ചുമൽത്താങ്ങും നിനക്കായ്
കാത്തു ഞാൻ വച്ചിരുന്നില്ലേ
എന്നിട്ടുമെന്തെന്റെ ചാരേ
നീ വന്നില്ല, നോവൊന്നു ചൊല്ലാൻ

എന്നാലുമിന്നെനിക്കാമോ
പോരാതെ നിൻ വാതിലോളം
കേൾക്കാതിരിക്കാനുമാവോ, ഞാനി-
രമ്പുന്നൊരൊച്ച,നിൻ നെഞ്ചിൽ!

പോകട്ടെ ചോരച്ച പ്രണയം,
നോവട്ടെ തെല്ലുനാൾ ഹൃദയം!
പിന്നെഞാൻകൊണ്ടുപോം നിന്നെ
എന്നക്ഷരക്കയറിൽക്കുരുക്കി!

കോട്ടയം സ്വദേശി. ജോലി റബ്ബർ ബോർഡിൽ.ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും മുഖപുസ്തകത്തിലുമൊക്കെ കഥകളും കവിതകളുംഎഴുതാറുണ്ട്