
എൻ്റെ കാൽചുവട്ടിലായിരിക്കുന്ന എന്തിനെയും
എനിക്ക് അളവറ്റ സ്നേഹവുംവാത്സല്യവും കരുതലുമാണ്
കാലുരുമ്മി വാലിളക്കി നടക്കുന്ന
വെളുമ്പി പൂച്ചയെ മാതിരി.
വിളിച്ചാൽ വിളിപ്പുറത്തെത്തി
തലകുനിച്ചു നിൽക്കുന്ന എല്ലാറ്റിനെയും
എനിക്ക് പെരുത്തിഷ്ടമാണ്
ദൂരെ കാണുമ്പോഴേ വാലാട്ടിക്കൊണ്ട്
അടുത്തേക്കോടി നക്കി തുടയ്ക്കുന്ന
കുറുമ്പൻ നായയെപ്പോലെ .
മറുത്തൊന്നും പറയാതെ
എൻ്റെ നിരാശയും ദേഷ്യവും ശാപവാക്കുകളുമൊക്കെ കേട്ട്
ഭാവഭേദമേയില്ലാതെ കണ്മിഴിക്കുന്ന
പാവക്കുട്ടിയെ മാറോട്ചേർത്ത് കൊഞ്ചിക്കാറുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും
നിന്റെ എല്ലാ ബലഹീനതകളെയും ന്യൂനതകളെയും
എനിക്ക് ഉൾക്കൊള്ളാനാവാതെ പോകുന്നത്
എന്തുകൊണ്ടായിരിയ്ക്കും ?









