
തടവറയേതെന്നു
തീർപ്പുകൽപ്പിക്കും വരെ
നിങ്ങൾ ഇരുമ്പഴിക്ക്
അകത്തോ പുറത്തോ
എന്ന്
എന്താണ് ഉറപ്പ്?
നടിക്കുന്നതാരെന്നു
തീർച്ചയാകും മുൻപ്
തിരശീലയ്ക്ക്
മുന്നിലാര് പിന്നിലാരെന്ന്
എന്താണുറപ്പ്?
സ്വയം കാണും വരെ
കണ്ണാടിയിൽ
കാമറച്ചിത്രങ്ങളിൽ
കൂട്ടുകാരിൽ
കിനാവുകളിൽ
നിങ്ങൾ കാണുന്നത്
നിങ്ങളെത്തന്നെയെന്ന് എന്താണുറപ്പ്?
ഇരുളെല്ലാം രാത്രിക്കെന്നും
വെയിലെല്ലാം
പകലിന്റെതെന്നും
ചിരിയെല്ലാം
ആനന്ദത്തിന്റേതെന്നും
ചിതയെല്ലാം
മോക്ഷത്തിലേക്കുമെന്നും
എന്താണുറപ്പ്?









