
തിളച്ച് തിളച്ച് തുളുമ്പുന്ന
ഭൂമിയുടെ നഗ്നമാറിലേയ്ക്ക്
നരക ശിരസ്സിൽ നിന്നൊരു
ഇരുൾ നദി വരിനീട്ടി വരുന്നത്,
ജനിമൃതികളുടെ
ജാതകക്കണക്കിൻ
താളിയോലക്കെട്ടു ചുമന്നാണ്.
കുരുന്നു ശവങ്ങൾ
കൂട്ടിയിട്ട കത്തിയമർന്ന
സ്കൂൾ വരാന്തയിൽ,
അവർക്ക് തീക്കച്ചകൾ
ഞൊറിഞ്ഞു കെട്ടിയത്
മനുഷ്യർ തന്നെ..
നിരത്തി കിടത്തിയ
ബാല്യങ്ങൾ
ചിതറിയ പാവകളിലേയ്ക്ക്
കണ്ണെറിയുന്നു.
മതക്കനപ്പു കയ്ച
പാൽക്കുപ്പികളിൽ
വിഷക്കൊഴുപ്പടിഞ്ഞു
തുളുമ്പുന്നു.
ബോംബർ മിസൈലുകളുടെ
കണ്ണുകൾ മൃതഭോഗാസക്തിയിൽ
ഇടിഞ്ഞകെട്ടിടത്തിൽ
തൂങ്ങിയാടുന്ന കബന്ധങ്ങളിൽ
മരണ മൗനം തുന്നുന്നു…
സോമരസനദിയിൽ
കുളിച്ചുകയറിയ ദൈവം
പറുദീസയിൽ
തരുണികളുടെ മാറിടത്തിൽ
വിരലോടിക്കുന്നു..
കാപട്യത്തിൻ്റെ പെരുങ്കടൽ
ഉരുകിയൊലിച്ചു
കാലത്തിൻ്റെ
കണ്ണു നീർലാവയാകുമ്പോൾ
തൊലിപ്പുറത്ത്
നീതിയുടെ കുരിശു രൂപം
വരയ്ക്കുന്നുയാളുടെ പേരെന്താണ് ?
കാടത്തത്തിൻ്റെ നെറുകയിൽ
സൂര്യൻ മറവിയുടെ ജാലകത്തിലൂടെ
കാണുന്നത്
ചിന്നിച്ചിതറിയിട്ടും
കൈവിരൽ നുണയുന്ന
പൈതലുകളെ തിരയുന്ന
മാതൃത്വത്തെയാണ്.
വികൃത മനസ്സിൻ്റെ
ശാസ്ത്രനിർധാരണിയിൽ
കൂട്ടിക്കിഴിച്ച് കാലം
വലിയ ശൂന്യതയുടെ
ഇടനാഴിയിലേയ്ക്ക്
ഭൂമിയുടെ ദിശ തിരിയ്ക്കുന്നു..
മതാന്ധതയുടെ
മരവിച്ച വിരലുകൊണ്ട്
കൊത്തിയുണ്ടാക്കിയ
വചനങ്ങളാൽ ആർക്കും
ഭൂമിയിലെ
തീമഴയണയ്ക്കാനാവില്ല..
വെറുപ്പിൻ്റെ വെളുത്തചിറകിൽ
നിരാശയുടെ
ചുവന്നലോഹം പഴുത്തു
തൂവുമ്പോൾ
അജ്ഞതയുടെ പുഴുക്കൾക്ക്
മൾബെറിയുടെ
ഇതളുനൽകുകയാണു ഞാൻ..
പിശാചിന്റെ
വിചാരണക്കൂട്ടിൽ നിന്ന്
ദൈവം
അത് കണ്ണിമയ്ക്കാതെ
ഉറ്റുനോക്കുന്നു…









