
അടച്ച പുസ്‌തകത്താളിലുറങ്ങുന്ന
നേർത്ത വെളിച്ചത്തിൻ്റെ രേഖകൾ
കാലത്തിൻ്റെ ചുരമിറങ്ങുന്നു.
മൂടൽമഞ്ഞിൽ
ഗോത്രത്തിൻ്റെ കൈപിടിച്ച
വൃക്ഷം ഇലപൊഴിച്ച്
കാത്തു നിൽക്കുന്നു.
നിദ്രയിലെ ഒടുങ്ങാത്ത
വളവുകളുമായൊരു വഴി
പുഴപോലെയൊഴുകുന്നു.
അനന്തതയിൽ അമ്മിഞ്ഞ
നുണഞ്ഞ
കുഞ്ഞു നക്ഷത്രം ഉടുപ്പണിയാതെ
ഇടകണ്ണിട്ട് നോക്കുന്നു.
നേർക്കാഴ്ചയിൽ കടലുകൾ
വേർപിരിഞ്ഞ അപഭ്രംശ രാത്രിയിൽ
തീത്തിരകൾ പുണർന്ന മൗനം
ചിതറിയാളുന്നു.
തേൻ നിറച്ച വാക്കുമായൊരു കാറ്റ്
ചുമരിൽ കരിപുരണ്ടവൻ്റെ
കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന ചിത്രം
വരയ്ക്കുന്നു..
അഴിഞ്ഞാടിയ മുടികോന്തിക്കെട്ടി
രാത്രി ചുടലപൂത്ത മിഴികളുമായി
പ്രഭാതത്തെ ചുവപ്പണിയിക്കുന്നു.
സത്രവരാന്തയിൽ ഒരാൾ
മടിയിലൊരു പാഥേയവുമായി മിഴി
നട്ടിരിയ്ക്കുന്നത്
ആരെയായിരിക്കും.?
പടവുകൾ അടച്ചുകെട്ടിയ
നദിക്കരയുടെ അതിരുകളിൽ
ആരോ നാഗരൂപ ശിലനാട്ടുന്നു.
വൈകിയ ശിഷ്‌ടലിപികളാൽ
കാലത്തോട് മാപ്പെഴുതുന്നു
ഋുതുക്കൾ.
വിറ കൊണ്ട ചുണ്ടുകൾ
വിരലിലേയ്ക്കൊരു കവിതയുടെ
അസ്‌ത്രമയച്ച് ചിറകുകൊഴിഞ്ഞ്
അടർന്ന് വീഴുന്നു…









