
മഹാതമസ്സുറഞ്ഞിടും ദുരൂഹതേ! പ്രപഞ്ചമേ!
മഹാത്ഭുതം മനോഹരം നിഗൂഢതേ! നമിച്ചിടാം.
തുടക്കവുമൊടുക്കവും തുടർച്ചയും ഭയങ്കരം
തകർച്ചയില്ലൊരിക്കലും തളർന്നിടാതെ പോകയോ?
അഭംഗുരം ഗമിച്ചിടുന്നു, യാത്രയെന്നുനിർത്തിടും?
അനന്തതേയപാരതേ! നിരന്തരം ചലിപ്പു നീ
ശാസ്ത്ര കൗതുകത്തിനപ്പുറം മറഞ്ഞിടുന്നുവോ?
ശസ്ത്രമൊന്നുമില്ല നിന്റെ യാത്രയെത്തടഞ്ഞിടാൻ.
കാലമോടിയെത്തിടുന്നു മുന്നിലാരറിയുവാൻ?
കേവലം കണക്കുകൂട്ടാനാവതില്ല ചൊല്ലിടാം
കാര്യകാരണങ്ങൾ തേടിടുന്നു മാനവൻ ചിരം
കാരണമറിയുവാൻ കഴിവതില്ല തെല്ലുമേ
വിശാലതേ!വിശിഷ്ടഗോള സംഹിതേ! പ്രപഞ്ചമേ!
വികല്പമേതുമില്ല നിൻവിദൂരയാത്ര സന്തതം
വിജനമായ പാതതാണ്ടിയോടിടുന്നതെങ്ങു നീ
വിചിത്രതേ! നിനക്കു രാജപാതയാരൊരു ക്കിയോ?
വലിയൊരു വിസ്ഫോടാനത്തിൽ നിന്നുണർന്നുവന്നുവോ?
വികാസമാണുനീയൊരൊറ്റ ബിന്ദുവിൽത്തുടങ്ങിയോ?
വൈവിധ്യമാർന്നദ്രവ്യജാലമൂർജ്ജവും പകർന്നുവോ?
വിചിത്രമാം പ്രഹേളികേ!തുടർന്നിടും പ്രവേഗമേ!
സങ്കൽപ്പമല്ലയിവിടെയുണ്ട് നീറിടുന്ന ജീവിതം
സങ്കീർണതേ!വരുന്നിതാ കഠിനപാത താണ്ടിയും
സുതാര്യമല്ല നീ രചിച്ചിടും ചരിത്ര സംഭവം
സങ്കോചമൊട്ടുമില്ല നിന്നെയറിയുവാൻ പ്രപഞ്ചമേ!
പ്രബോധനത്തിലാണു മർത്യനന്നുമിന്നു മെന്നുമേ .
പ്രരോദനത്തിനില്ല, ശാസ്ത്രമൊപ്പമുണ്ടറിയണം
പ്രചണ്ഡതേ! പ്രപഞ്ചമേ!യഗമ്യമാണതെങ്കിലും
പ്രകാശരേണുവെത്തിടും പ്രബുദ്ധരായിടും നിജം.
ശസ്ത്രം =ആയുധം
വികൽപ്പം =സംശയം
അഗമ്യം =മനസ്സിലാക്കാൻ പ്രയാസമുള്ളത്
നിജം =തീർച്ച / നിശ്ചയം








