സിംഹം @ വേർഷൻ 2.0

ഈ സിംഹത്തിന്റെ
തോളൽപ്പം ചെരിഞ്ഞിട്ടാണ്,
ആധിയുടെ ചില്ലുകഷ്ണം തറഞ്ഞ്
സ്വല്പം താണ മുതുക്.
അതിന്റെ കണ്ണിൽ
നമ്മൾ മാത്രമായിരുന്നു,
കണ്ണാടിയിൽ നോക്കുംപോലെ.

നമ്മൾ കാണുമ്പോൾ,
വഴിയാത്രക്കാരൻ ഉപേക്ഷിച്ചുപോയ
മാതളംപോലെ
കുന്നിന്റുച്ചിയിൽ
പഴുത്ത് പഴുത്തങ്ങനെ
നടുപ്പുറത്ത് സൂര്യൻ,
ചിലപ്പോൾ
വെടിയുണ്ട തുളച്ചമാതിരിയുണ്ടത്
വെളുത്ത മേഘശല്കങ്ങൾ
വിഹരിക്കുന്ന ആകാശം
ഗാന്ധിയുടെ നെഞ്ചുപോലെ.

സ്നേഹത്തിൽ ലുബ്ധനാണ്
ഈ സിംഹം.
പൂർവികർ
രാജാവായിരുന്നതിന്റെ
തഴമ്പാകാം, സടയിലിപ്പഴുമുള്ള
ഗാഭീര്യമെന്ന് ആളുകൾ
വ്യാഖ്യാനിച്ചു.

അവർ സിംഹത്തിന്റെ
ഛായാചിത്രത്തിൽ
ഇല്ലാത്ത സടയ്ക്ക്/താടിയ്ക്ക്
തീകൊളുത്തി.
അതിന്റെ ആത്മനിർവൃതിയിൽ
ഊറ്റം കൊണ്ടു.
എന്നിട്ടും അവർക്കിടയിൽ
പരമസാധുവായി വാണു സിംഹം.

അവർ വിശ്വമാനവികതയിൽ
വിശ്വസിച്ചില്ല,
പകുതി സമയവും
കുന്നുമ്പുറത്തേക്ക്
വൃഥാ കല്ലെറിഞ്ഞുകൊണ്ടിരുന്നു.
കുന്നിന് മറവിൽ
സിംഹമടയുണ്ടെന്നും
അവർ അധികാരമോഹികളെന്നും
മുദ്രാവാക്യം വിളിച്ചു.
സടയില്ലാത്ത സിംഹമായി
ജീവിക്കാൻ
അവർ ആക്രോശിച്ചു.

പക്ഷേ,
അവരറിയുന്നില്ല
എക്സ്പയറി ഡേറ്റ് കഴിഞ്ഞ
പൂർവകാലത്തിൽ നിന്നുമെത്രയൊ
അപ്ഡേറ്റായ
സിംഹത്തിന്
സട വെറും സട മാത്രമാണെന്ന്.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.