
നിരന്തരം
പഴികേട്ടു മടുത്തു
വിരസമായ് ജീവനം…
കാലമെത്രയായ്
സഹിക്കുന്നു;
കടൽ
നിന്റെ പരന്ന അറിവെന്ന
അഹന്തയ്ക്കൊരുപമ
ജന്തുവർഗ്ഗത്തിൽ
സസ്തനി
അസ്തിത്വമൂർച്ചയാൽ
നൊന്തുകലഹിക്കും
സ്വത്വസഞ്ചാരികൾ…
അകിടുവറ്റി
മാറിൽ ഒട്ടിവലിഞ്ഞ
മുലക്കണ്ണ്;
വിളറി ശുഷ്ക്കിച്ച
ഇടം വലം മറുകുകൾ
മൂർച്ചയറ്റ സ്ത്രൈണതേ
ജ്ഞാനാർത്തിപെരുത്ത
അതിപ്രതാപി
പുരുഷനെന്ന പ്രാചീന
ബിംബാധാരി;
ആദിയിൽ
ദൈവം നിനക്കുതന്ന
പറുദീസാനഷ്ടത്തിന്റെ
തിരസ്ക്കാരമുദ്രകൾ;
മുരടിച്ച മുലക്കണ്ണുകൾ –
ഒറ്റശബ്ദത്തിൽ
പഴിയെ പരിഹസിച്ചു;
ആഴക്കിണറിലെ
നിഗൂഢ ബ്രഹ്മചാരി….
കീഴ്പ്പോട്ടു നോക്കൂ
ഇരുട്ടിനെ
മുറിച്ചുകടക്കാനുള്ളശേഷി
നിന്റെ കണ്ണകൾക്കില്ല
മഹാജീവന്റെ
വെളിച്ചം
ജലത്തിന്റെ
ഏകത
നീ കാണുന്നതോ
ഏകതയുടെ അപരത്വം;
അഴിഞ്ഞുപോകുന്ന
പുരാവൃത്തങ്ങളുടെ
അടയാളം…
നീ
പരഹൃദയജ്ഞാനത്തിന്റെ
തനിയാവർത്തനം
പരന്ന അറിവ്
പരന്ന ദുരിതത്തിന്റെ
വിസർജ്യം
മിഥ്യാഭ്രമങ്ങളെ
പുൽകിയ ചോദന…
കിണർ
വട്ടത്തിൽ
തുറസ്സായ
ആകാശജാലകം…
കാണുന്നു ഞാൻ
ജ്യോതിർഗോളങ്ങളെ
മിഴിവോടെ
കേൾക്കുന്നു ഞാൻ
മഴയുടെ താളപ്പെരുമയിൽ
കടലിൻ ഗസൽ…
നോക്കൂ
എന്റെ ശുഭചിന്തയ്ക്ക്
നന്മനേരുവാൻ
നട്ടുച്ചനേരത്ത്
പടവിറങ്ങിവരുന്നു
ജ്യോതിർഗോളത്തിന്റെ
കർമ്മസാക്ഷി….
നോക്കൂ
ജീവജലത്തിൻ
നിലാസ്പർശം
എന്റെ ഏകാന്തതയ്ക്ക്
ഭാവുകമേകുവാൻ
നട്ടുച്ചരാത്രിയിൽ
പടവിറങ്ങി വരുന്നു
ജ്യോതിർഗോളത്തിലെ
പ്രേമസ്വരൂപൻ….









