
കണ്ണിനു പകരം കണ്ണ്
പല്ലിനു പകരം പല്ല്
എന്ന് പഴയനിയമം
നിന്റെ സഹോദരനെ
നീ നിന്നെപ്പോലെ സ്നേഹിക്കുക
എന്ന് പുതിയ നിയമം
നീയല്ലാത്തവൻ
നിനക്കു വിജാതീയൻ
എന്ന് പഴയ നിയമം
അപരൻ, അവനാരായാലും,
നിന്നോടെങ്ങനെ വേണമെന്ന്
നീ കരുതുന്നുവോ
അങ്ങനെതന്നെ
നീ അവനോടും
എന്ന് പുതിയ നിയമം
പഴയത്, പുതിയതിനു വഴിമാറിയ-
തറിയാത്ത ജനനായകർ
ചോരയിൽ ചിരി കണ്ടെത്തി
അട്ടഹസിക്കുന്നു.
തങ്ങൾ കുരിശിൽ തറച്ചത്
അധർമ്മത്തെയാണെന്നും
ഇന്നും അതുതന്നെ തുടരുന്നു എന്നും
വീമ്പുപറയുന്നവന്
ഇളംചിരി മാഞ്ഞാലെന്ത്?
നിറവയർ പിളർന്നാലെന്ത്?
ചോര തുളുമ്പുന്ന
വീഞ്ഞുകോപ്പകളിൽ
അവരിന്ന് ലഹരി തിരയുന്നു.
സമൃദ്ധിയുടെതീൻമേശകളിൽ
കിളുന്നു മാംസം കൊതിയേറ്റുന്നു.
നിലവറ നിറയെ
ഉപ്പിലിട്ട ഭരണികൾ..
പിഞ്ചു നെഞ്ചും കരളും
വെവ്വേറെ, വെവ്വേറെ.
കുട്ടകങ്ങളിൽ
തിളയ്ക്കുന്ന
മൂപ്പെത്താത്ത എല്ലുകൾ
അമർത്യതയുടെ
അമൃതുപകർത്തുന്നു.
അവരുടെ അരങ്ങുകളിൽ
നിഷ്കളങ്ക കബന്ധങ്ങൾ
സംഘനൃത്തം ചവിട്ടുന്നു
മുളയിലേ നുള്ളിയാൽ
മുച്ചൂടും മുടിപ്പിക്കാം എന്നതാവാം
അവരുടെ വേദവാക്യം .
ഭൂമിയിലെ ആദ്യസോദരൻ കായേൻ
അനുജ,നാബേലിന്റെ രക്തം ചിന്തി.
‘നിന്റെ സഹോദരന്റെ രക്തം
നീതിക്കായി എന്റെ പക്കൽ കേഴുന്നു’
എന്ന് ദൈവം ചൊടിച്ചു;
കായേൻ അനുതപിച്ചു.
ഇന്നിതാ ഇവിടെ
ആയിരം ആബേലുമാർ മരിച്ചുവീഴുന്നു.
ദിഗന്തങ്ങൾക്കപ്പുറത്തുനിന്ന്
അതേ ദേവവിലാപം
ഭൂമിക്കു മീതെ മുഴങ്ങുന്നുണ്ട്; കഷ്ടം!
ബധിരമായ കർണ്ണങ്ങളിൽതട്ടി
അത് ഉടഞ്ഞുടഞ്ഞു ചിതറുന്നു !
കുറിപ്പ്: പഴയ നിയമവും പുതിയ നിയമവും ബൈബിളിന്റെ രണ്ടു ഭാഗങ്ങൾ. യഹൂദന്മാർക്ക് പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങൾ മാത്രമാണ് വേദപുസ്തകം. അവർ ഇന്നും ഒരു രക്ഷകനെ കാത്തിരിക്കുന്നു. ക്രിസ്തുവിനെ രക്ഷകനായി അവർ അംഗീകരിച്ചിട്ടില്ല.









