
ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളെ ആദരിക്കാൻ അസോസിയേഷൻ നടത്തിയ ചടങ്ങിൽ അവൾക്കും അവാർഡ് ഉണ്ടായിരുന്നു. അന്പത്തിയൊന്നാമത്തെ വയസ്സിൽ അവൾ നേടിയെടുത്ത മാസ്റ്റേഴ്സ് ബിരുദമാണ് അവളെ ആദരവിന് അർഹയാക്കിയത്.
ആഴ്ചയിൽ അഞ്ചുദിവസം ജോലി, മൂന്ന് കുട്ടികൾ, കുടുംബം ഇതിനിടയിൽ അവളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് നേടിയെടുത്ത വിജയത്തിൻറെ പ്രസക്തി ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ സദസ്യരെ ഓർമിപ്പിച്ചു. അപ്പോഴെല്ലാം അവളുടെ മുഖത്ത് തെളിഞ്ഞുനിന്ന ശാന്തമായ പുഞ്ചിരിയിൽ മനസ്സുടക്കി ഇരിക്കുകയായിരുന്നു ഞാൻ.
കഴിഞ്ഞ പതിനഞ്ചു വർഷമായി എനിക്ക് അവളെ അറിയാം. ഒരേ ഡിപ്പാർട്ട്മെൻറ്ൽ ആണ് ഞങ്ങൾ ജോലി ചെയ്യുന്നത്. അതിനപ്പുറം അത്യാവശ്യകാര്യങ്ങൾ തുറന്നുപറയുന്ന മാനസികമായ ഒരു അടുപ്പവും ഞങ്ങൾ തമ്മിലുണ്ട്. ഒരുപാട് കാലമായുള്ള അവളുടെ ആഗ്രഹമായിരുന്നു ഈ മാസ്റ്റേഴ്സ്. പത്തു വർഷത്തിനു മുൻപ് അവൾക്ക് തടസ്സം കുട്ടികൾ ചെറുതായിരുന്നു എന്നതാണ്. അവരുടെ കാര്യങ്ങളും വീട്ട് ജോലികളും കഴിഞ്ഞ് പഠനത്തിനായി നീക്കിവെക്കാൻ സമയം ഇല്ലായിരുന്നു.
കുട്ടികൾ കുറച്ചു കൂടി മുതിർന്നപ്പോൾ കോഴ്സ് ഫീസ് വില്ലനായി. “പഠിക്കുന്നത് ഒക്കെ നിൻറെ ഇഷ്ടം. അവസാനം ഫീസ് അടയ്ക്കുന്നത് കൊണ്ട് ലോൺ അടയ്ക്കാൻ പറ്റില്ല എന്ന് പറയരുത്.” എന്നായിരുന്നു ഭർത്താവിൻറെ പിന്തുണ. വീട്ടിലെ കാര്യങ്ങൾക്കും അവൾ മുടക്കൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം വീട്ടിലേക്കുള്ള സാമഗ്രികൾ വാങ്ങുന്നതുപോലും ഏറ്റവും ചുരുങ്ങിയ നിലയിലാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാട്ടിൽ പോക്കും, ഇവിടെത്തന്നെ അത്യാവശ്യമല്ലാത്ത യാത്രകളും ഷോപ്പിങ്ങുകളും എല്ലാം ഒഴിവാക്കിയാണ് അവൾ ഫീസിനുള്ള തുക മിച്ചം വെച്ചത്. അസൈൻമെന്റുകൾ സമർപ്പിക്കേണ്ട സമയത്തും പരീക്ഷാസമയത്തും എല്ലാം അവൾക്ക് പതിവിലേറെ മാനസിക സമ്മർദ്ദം കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
കോഴ്സിന്റെ ഭാഗമായി സമയബന്ധിതമായി ചെയ്തുതീർക്കേണ്ട ഒരു ഓൺലൈൻ ക്വിസ് ഉണ്ടായിരുന്നു. സഹായത്തിനായി മൂത്തകുട്ടിയെയും അദ്ദേഹത്തിനെയും അവൾ കൂടെ നിർത്തിയിരുന്നു. പക്ഷേ പരിചയമില്ലാത്തതിനാൽ അക്കാര്യത്തിൽ അവർക്ക് അവൾ ആഗ്രഹിച്ചത് പോലെ സഹായിക്കാനായില്ല. എന്ന് മാത്രമല്ല ആ സ്ട്രെസ്സിൽ അവർ തമ്മിൽ കയർത്ത് സംസാരിക്കുകയും ചെയ്തു. ദേഷ്യപ്പെട്ട് അദ്ദേഹo മുറിയിലേക്ക് പോയതിനു പിന്നാലെ നിശ്ചലമായ ലാപ്ടോപ്പ് അവളുടെ മാനസികസമ്മർദ്ദവും ഹൃദയമിടിപ്പും കൂട്ടി. പരീക്ഷയുടെ വിലപ്പെട്ട നിമിഷങ്ങൾ കൊഴിഞ്ഞു വീഴ്കെ മുറിയിലേക്ക് കയറിച്ചെന്ന അവൾ കണ്ടത് ഇൻറർനെറ്റിന്റെ മോഡത്തിലെ മിന്നുന്ന ലൈറ്റുകളാണ്. ഓഫ് ചെയ്ത് ഓണാക്കിയ മോഡo വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അവളുടെ ക്ഷമയും പരീക്ഷയുടെ അവശേഷിക്കുന്ന സമയവും അവസാന അറ്റത്തായിരുന്നു. മോഡം ഓഫ് ചെയ്തു എന്ന കാര്യം അദ്ദേഹം പൂർണമായി നിഷേധിക്കുകയും ചെയ്തു.
എല്ലാ കടമ്പകളും കടന്നു കോഴ്സ് പാസായി. യൂണിവേഴ്സിറ്റി ഗ്രാജുവേഷൻ സെറിമണി മറ്റൊരു സംസ്ഥാനത്ത് ആയിരുന്നു. മറ്റു ബിരുദധാരികൾക്കൊപ്പം ഗ്രാജുവേഷൻ കോട്ടും തൊപ്പിയും വെച്ച് കയ്യിൽ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രം രണ്ട് പതിറ്റാണ്ടുകളായുള്ള അവളുടെ സ്വപ്നമായിരുന്നു. രണ്ടുദിവസത്തേക്ക് എങ്കിലും വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ അവൾ ആ സ്വപ്നം ത്യജിച്ച് സർട്ടിഫിക്കറ്റ് പോസ്റ്റൽ വഴി വരുത്തി. പിന്നീട് വാടകയ്ക്ക് എടുത്ത ഗ്രാജ്വേഷൻ കോട്ടിട്ട് അവളുടെ ആ സ്വപ്നം ക്യാമറയിൽ പകർത്തിയത് ഞാനാണ്.
അവാർഡ് സ്വീകരിച്ച് മറുപടി പ്രസംഗത്തിന് എത്തിയ അവളുടെ വാക്കുകളിലേക്ക് ഞാൻ കാതുകൂർപ്പിച്ചു. ” ഈ വിജയം എൻറെ ഭർത്താവിന് സമർപ്പിക്കുന്നു. അദ്ദേഹത്തിൻറെ പ്രോത്സാഹനവും പ്രചോദനവും ഉണ്ടായിരുന്നില്ലെങ്കിൽ എനിക്കിത് സാധ്യമാകില്ലായിരുന്നു.”
നിറഞ്ഞ കൈയ്യടികൾക്കൊപ്പം സ്റ്റേജിൽ നിന്നും സദസ്സിൽ നിന്നും എല്ലാ കണ്ണുകളും മുൻ നിരയിലിരുന്ന അദ്ദേഹത്തിലേക്ക് പതിയുമ്പോൾ കുനിഞ്ഞ ആ മുഖത്ത് ഒരു ചിരി പടരുന്നുണ്ടായിരുന്നു. ആ ചിരിക്ക് വിളർച്ചയുടെ നിറമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമായിരിക്കും! ഞാനവളെ മനസ്സാ ആലിംഗനം ചെയ്തു.
ഇപ്പോഴാണ് നീയെന്ന സ്ത്രീയുടെ വിജയം പൂർണമായത്.









