
ഏതോരാവിൽ തരുനിരതന്നിൽ
കേൾക്കുംഗാനം തരളിതമല്ലോ.
നീലാകാശം നിറയുകയാണോ
നീഹാരത്തിൻ നറുമണിയെല്ലാം?
“തീരംതേടുംതിരയുടെ ദുഃഖം
കാണാനാകും കടലിനുമാത്രം “
വീണ്ടുംവീണ്ടും തിര കരതേടാൻ
വെമ്പൽപൂണ്ടങ്ങണയുവതെന്തേ?
കാടും മേടും കയറിയിറങ്ങും
കാറ്റേ! പോരൂ സുമമണമേകാൻ.
സർപ്പക്കാവിൽ തിരിതെളിയുമ്പോൾ
നൂറുംപാലും കരുതുക നീയും.
തേവാരം ഞാൻ തൊഴുതുവണങ്ങാം
ദേവാ!നിത്യം കനിയണമേ നീ.
സന്ധ്യാദീപം, മമ മനമാകേ,
സായൂജ്യം നീയരുളുക വേഗം.
കാരുണ്യത്തിൻസുഖമറിയാനായ്
തൃപ്പാദത്തിൽ തൊഴുതുണരുമ്പോൾ
തോരാക്കണ്ണീർ തടയുവതാരോ?
തീരാദുഃഖം മറയുകയാണോ?
ആശാപാശം വെറുമൊരുമായാ –
ജാലം നമ്മിൽ മുറുകുകയാണേ.
ആരാണാവോ?ദയചൊരിയാനാ-
യെത്തീടേണേ പരമദയാലൂ!
ഈ ലോകത്തിൻചലനമതല്ലോ
ജീവാത്മാവിൻ നിരുപമസത്യം
കാലം മുൻപേ തുടരുകയാകാം
മർത്യൻ ചേർന്നങ്ങൊഴുകുകയല്ലോ.









