
ആർക്കാണാർക്കാണ്
ഏറ്റം സ്നേഹമെന്ന ചോദ്യത്തിലാണ്
കുഴയുന്നത്, മത്സരിക്കുന്നതും.
പരിഭവിച്ച് ഇഷ്ടമില്ലെന്ന്
മുഖം തിരിച്ചാൽ
ഉമ്മകളുടെ പെരുമഴ, സമ്മാനം.
ഉള്ളുപൊട്ടിക്കരഞ്ഞാൽ
എന്താണെന്നെന്താണെന്നു
ചോദിച്ച് കെട്ടിപിടിക്കും,
നെഞ്ചിലേയ്ക്ക് മുഖമമർത്തി
താടി നെറ്റിയിലുരസ്സും,
കഴുത്തിലാഴ്ത്തിയിക്കിളി കൂട്ടും.
നീയെനിക്കായെന്ത്
ചെയ്തെന്ന ചോദ്യത്തിൽ
നിനക്കെന്നെതന്നുവെന്ന
മറുപടിയിൽ കണ്ണുനിറയും ,
തോളിൽചാരി
കണ്ണിലേക്ക് നോക്കുമ്പോൾ
നെറ്റിയിലൊരുമ്മ,
ജീവൻ്റെ കഷണം.
യാത്രപറയുമ്പോൾ വിങ്ങിപ്പൊട്ടും,
ചിരിച്ച് കൈവീശി നിക്കും,
തിരികെവിളിക്കണമെന്ന്,
ചേർത്തുനിർത്തണമെന്നാശിക്കും.
നെറ്റിയിലേറ്റ ജീവൻ്റെ കഷ്ണവുമായി
അടുത്ത കൂടിക്കാഴ്ച്ചയ്ക്കായി
കാത്തിരിക്കും, ജീവിക്കും.









