
റാവുത്തർ ക്രോസ്സ് റോഡിലെ ഒരു കെട്ടിടത്തിൽ പതിനൊന്നു മാസങ്ങളായി ആയാളും മറ്റു വിവാഹിതരായ നാലു കൂട്ടുകാരുമാണ് താമസം.രണ്ടാം ശനിയാഴ്ചകളിൽ അയാളൊഴികെ ബാക്കിയെല്ലാവരും സ്വന്തം വീടുകളിലേക്ക് പോകും. അയാൾക്ക് പോകാൻ വീടില്ലാഞ്ഞിട്ടല്ല, അവിടെ അയാളെ കാത്തിരിക്കുന്നത് അമ്മയുടെയും ചേട്ടത്തിമാരുടെയും ദുർമുഖങ്ങളും ശാപവചനങ്ങളുമാണ്.അത് കേൾക്കാനും കാണാനും അയാൾക്ക് താൽപ്പര്യവുമില്ല. ജാലകത്തിനരികെ, ഇരുട്ടിലേക്ക് നോക്കി അയാൾ കുറുനരികളുടെ ഓലിയിടീൽ ശ്രദ്ധിച്ചു.
അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ശ്രീ.സതീഷ് ബാബു പയ്യന്നൂരിന്റെ “ദൈവമേ നീ ആർക്ക് കൂട്ടു പോയിരിക്കുന്നു? “എന്ന ചെറുകഥയിലെ ഈ ഭാഗം വെറുമൊരു കഥാസന്ദർഭം മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ നേർച്ചിത്രമാണ്. വീടുണ്ടായിട്ടും “വീട് പോലെ” തോന്നാത്ത അവസ്ഥ പലർക്കും പരിചിതമാണ്. അവിടെ സ്നേഹമോ ആശ്വാസമോ ഇല്ല. പലരും മാനസികമായ അകലം പാലിക്കുന്നു.

Image Credits : Facebook – Satheesh Babu Payyanur
പെട്ടെന്നാണ് ഗേറ്റിന്റെ ചിലമ്പിച്ച ഒച്ചയോടെ ഒരു സ്ത്രീ രൂപം തെളിഞ്ഞു വന്നത്. ഇരുട്ടിന്റെ കറുത്ത കൈകളിൽ നിന്നും വഴുതി മാറിവന്ന അവർ ദുർഗേടത്തിയുടെ വീടന്വേഷിച്ചു വന്നതാണ്. രാത്രിയുടെ ഭയാശങ്കകളും വിറയലും അവളിൽ പ്രകടമായിരുന്നു. ഗോമതിയെന്നായിരുന്നു അവളുടെ പേര്. മഹാദേവപുരമാണ് ദേശം. ന്യൂ ഇന്ത്യ കമ്പനിയിൽ സ്റ്റെനോയുടെ ഇന്റർവ്യുന് വന്നതാണ്. പി. ജി . ഗേൾസ് സ്കൂളിലെ അധ്യാപിക ദുർഗ്ഗ പരമേശ്വരന്റെ വിലാസമാണ് അവരുടെ കയ്യിലുള്ളത്.
ആ ലൈനിലൊന്നും ഗേൾസ് ഹൈസ്കൂളിലെ ടീച്ചേർസ് താമസമുള്ളതായി അയാൾക്കറിവില്ല. ഗോമതി ആ വിലാസത്തിൽ കത്തെഴുതുകയും ടെലഗ്രാം ചെയ്യുകയും ചെയ്തതാണ്. അവർ സ്റ്റേഷനിൽ കാത്തുനിൽക്കുമെന്നും കരുതി. പക്ഷെ വണ്ടി വൈകിയതാണ് പ്രശ്നമായത്. രാത്രിയാവുകയും ചെയ്തു.
അയാളുടെ ജീവിതത്തിലാണെങ്കിൽ ഇതുവരെ ഒരു പെൺകുട്ടിക്കും സ്ഥാനമുണ്ടായിരുന്നില്ല, ഇടയ്ക്കിടെ സ്വപ്നം കാണാറുള്ള തന്റെ കുഞ്ഞനുജത്തിയല്ലാതെ. അവൾ കയ്യിലുള്ള അഡ്രസ്സ് തേടി അടുത്ത വീടുകൾ കയറാനൊരുങ്ങിയെങ്കിലും അയാളത് വിലക്കി. എട്ടുകട്ടയുടെ ടോർച്ചുമായി ദുർഗേടത്തിയുടെ വീടന്വേഷിച്ചിറങ്ങിയ അയൾക്കുനേരെ കോളനിയിലുള്ളവർ ചീഞ്ഞളിഞ്ഞ പഴങ്ങളും മരസാമാനങ്ങളും വലിച്ചെറിഞ്ഞു. തെരുവിലയാൾ തെറ്റിദ്ധരിക്കപ്പെട്ടു. ചിലർ മടിക്കുത്തിലും കീശയിലും തപ്പിനോക്കി.
അയാൾ ഗോമതിയെ സഹായിക്കാൻ ശ്രമിക്കുമ്പോൾ കോളനിയിലെ ആളുകൾ തെറ്റിദ്ധരിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. പലപ്പോഴും നല്ല ഉദ്ദേശ്യങ്ങൾ പോലും ഇന്നും സംശയത്തോടെ കാണുന്ന ഒരു പ്രവണത സമൂഹത്തിൽ കാണാം. ഗോമതി രാത്രിയിൽ ഒറ്റയ്ക്ക് എത്തുമ്പോൾ അവൾ അനുഭവിക്കുന്ന ഭയം ഇന്നും സ്ത്രീകൾ നേരിടുന്ന യാഥാർത്ഥ്യമാണ്. പഠനത്തിനോ ജോലിക്കോ പുറത്ത് പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പില്ലാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നു.
ഏകാന്തതയും ജീവിതത്തിൽ നല്ല ബന്ധങ്ങളില്ലാത്ത ശൂന്യതയും, ഒറ്റപ്പെടലും ഇന്നത്തെ സമൂഹത്തിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഗോമതിക്ക് രാത്രി സുരക്ഷിതമായ താമസ സൗകര്യം കിട്ടാത്തത് സമൂഹത്തിലെ സ്ത്രീസുരക്ഷയുടെ കുറവ് കാണിക്കുന്നു.
ഗോമതിക്ക് അവിടെ നിൽക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല. ലോഡ്ജിലോ വിമെൻസ് ഹോസ്റ്റലിലോ നിൽക്കാനായിരുന്നു ആഗ്രഹം. രാത്രി സുരക്ഷിതമല്ലാത്തതുകൊണ്ട് കിഴക്കെയറ്റത്തുള്ള മുരുകേശന്റെ മുറി അവളെ കാട്ടിക്കൊടുത്തു . ബാത്ത് റൂമിലേക്കുള്ള വഴി പ്രകാശിപ്പിച്ചു കൊടുത്തു.
തന്റെ സംരക്ഷണത്തിൽ ഗോമതി സുരക്ഷിതയാണെന്ന് അയാൾ സമാധാനിച്ചു. അവൾക്ക് ബ്രെഡും ജാമും ചൂട് ചായയും പകർന്നു. മുരുകേശന്റെ മുറിയിലെ ദുർഗന്ധവും ചില അശ്ലീല ചിത്രങ്ങളും ഗോമതിയെ ആ റൂമിൽ തങ്ങുന്നതിൽ നിന്ന് പിന്തരിപ്പിച്ചു. ഇടനാഴിയിൽ പായ വിരിച്ച് അവൾ ഉറങ്ങാൻ കിടന്നു.

അസ്വസ്ഥതയും ചിന്താഭാരവും കൊണ്ട് അയാൾ കട്ടിലിൽ തളർന്നു കിടന്നു. ലോകം വളരെ മാറിപ്പോയെന്ന ബോധ്യം അവനെ അലട്ടുന്നു. ബന്ധങ്ങളും സൗഹൃദങ്ങളും എത്ര പെട്ടെന്ന് തകർന്നുപോകുന്നു! ഒരിക്കൽ തോളിൽ കൈവെച്ച് നടന്നവർ തന്നെ ഇന്ന് കഴുത്തുഞെരിക്കുന്നവരായി മാറിയിരിക്കുന്നു. ഭൂമിയിൽ പാവപ്പെട്ടവർ അനുഭവിക്കുന്ന കഷ്ടങ്ങൾ ദൈവം പോലും കാണുന്നില്ലെന്ന തോന്നൽ അവനെ വേദനിപ്പിക്കുന്നു. “ദൈവമേ, നീ ഏത് പിശാചിന്റെ കൂട്ടിലാണ് പോയിരിക്കുന്നത്?” എന്ന ചോദ്യം അവന്റെ മനസ്സിലെ ആകുലതയെ പ്രകടമാക്കുന്നു. ഇതിലൂടെ സമൂഹത്തിലെ സാമ്പത്തിക അസമത്വവും അനീതിയും വ്യക്തമായി പ്രതിഫലിക്കുന്നു.
ലോകത്തിന്റെ കെട്ടനീതിയെക്കുറിച്ചും , നാട്ടിലെ അപരിഷ്കൃത നിയമങ്ങളെ ക്കുറിച്ചും ഓർത്ത് അയാൾക്ക് ഉറങ്ങാനായില്ല. മനസ്സിൽ ഒരിറ്റ് ശാന്തതയുണ്ടായാൽ അതിൽ മറ്റു ദുഷ്ടതകൾ മുങ്ങിമറയുമെന്ന് കണ്ടെത്തി. എന്നാൽ ഇരുട്ടിൽനിന്ന് ചില ഭീകര ചലനങ്ങൾ അയാൾക്ക് വ്യക്തമായി.. കൂട്ടുകാർ കതകിൽ മുട്ടി വിളിക്കുന്നെന്നും ചോദ്യം ചെയ്യുമെന്നും സ്വപ്നം കണ്ട് അയാൾ വീർപ്പുമുട്ടി കരയുന്നു.
ഈ ചെറുകഥയുടെ അവസാനം നമ്മളെ നിർത്തുന്നത് ഒരു കടുത്ത സത്യത്തിന്റെ മുമ്പിലാണ്. മനുഷ്യബന്ധങ്ങൾ ശുഷ്കമായിക്കൊണ്ടിരിക്കുന്നതും, നല്ല ഉദ്ദേശ്യങ്ങൾ പോലും സംശയത്തിന്റെ കണ്ണിലൂടെ മാത്രം കാണപ്പെടുന്നതും, സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങൾ ഇന്നും അപര്യാപ്തമാണെന്നും കഥ ശക്തമായി ഓർമ്മിപ്പിക്കുന്നു. ഒരാളുടെ ഏകാന്തതയും, മറ്റൊരാളുടെ ഭയവും, സമൂഹത്തിന്റെ അനീതിയും ചേർന്ന് ഒരു കാലത്തിന്റെ യാഥാർത്ഥ്യചിത്രം വരച്ചുകാട്ടുന്നു.
അതുകൊണ്ട്, “ദൈവമേ, നീ ആർക്ക് കൂട്ടുപോയിരിക്കുന്നു?” എന്ന ചോദ്യം ഒരു കഥാപാത്രത്തിന്റെ മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ മുഴുവൻ വേദനയുടെയും സംശയത്തിന്റെയും പ്രതിധ്വനിയാണ്. ഈ കഥ നമ്മളോട് ചോദിക്കുന്നത് നാം മനുഷ്യരായി ഇപ്പോഴും പരസ്പരം മനസ്സിലാക്കാനും, വിശ്വസിക്കാനും, സംരക്ഷിക്കാനും തയ്യാറാണോ എന്നതാണ്.
കാലിക പ്രസക്തിയുള്ള ഈ കഥ കഥാകൃത്ത് പലകാലങ്ങളിലെഴുതിയ സമാഹാരങ്ങളിലൊന്നും ഇടംപിടിക്കാത്ത 26 ചെറുകഥകളിൽ ഒന്നാണ്. ഇതേ പേരിലുള്ള ഈ കഥാ സമാഹാരം ഡി സി ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.









