
അനന്തവിഹായസ്സിൽ നിന്നും
പറന്നെത്തിയ പപ്പപ്പക്ഷി —
പക്ഷിച്ചിറകുകൾ കൊഴിച്ച്,
കൊക്കുകൾ ഉരച്ച് തള്ളി,
ഓർമകൾക്കും
യാഥാർത്ഥ്യത്തിനുമിടയിൽ,
മറന്നുപോയ അക്കങ്ങൾക്കും
അക്ഷരങ്ങൾക്കുമിടയിൽ,
നിസംഗനായയാൾ ചിന്തിച്ചു —
“ഞാനെത്ര തോറ്റുപോയൊരു പപ്പയാണ് “
പക്ഷേ ഞാൻ —
മനുഷ്യനിൽ നിന്നും
പക്ഷിയിലേയ്ക്കുള്ള ചിറകേറ്റിലൂടെയും,
ഭൂമിയിൽ നിന്നും
ആകാശത്തിലേയ്ക്കുള്ള
സഞ്ചാരത്തിലൂടെയും,
നേടിയ അനുഭവങ്ങളിൽ നിന്നും —
ഒരു പുതിയ ഭാഷയിൽ,
ഒരു പുതിയ ചിന്തയിൽ,
ഒരു പുതിയ പപ്പയെ
സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കുന്നു —
“നിനക്കുള്ള ഞാനാവാൻ വേണ്ടി മാത്രം “
വാക്കുകൾ പൂക്കും
മൗനവസന്തങ്ങളിൽ
ഞാൻ പുതുപിറവിയാവുകിൽ
നീ മാത്രമാണതിൻ ആകാശവും ഭൂമിയും.









