ഓർമകളുടെ സർവകലാശാല

“If literature is to be truthful, it must speak the language of the people.” Leo Tolstoy

ജീവിതത്തിന്റെ യഥാർത്ഥ ചരിത്രം മനുഷ്യൻ എങ്ങനെ ഓർക്കുന്നു എന്നതിലൂടെയാണ് രൂപപ്പെടുന്നത്. ഓർമ്മകലാശാല എന്ന കൃതി നമ്മെ കൊണ്ടുപോകുന്നതും സംഭവങ്ങളിലേക്കല്ല, ഓർമ്മയിലേക്കാണ്. ഒരുപക്ഷെ എവിടേം രേഖപെടുത്താതെപോയവരുടെ, ഓർമകളിൽ മാത്രം തങ്ങി നിൽക്കുന്നവരുടെ ഇത്തരം പ്രാദേശിക ചരിത്രം ഒരു കഥയെന്നപോലെ ഈ പുസ്തകത്തിന്റെ ഓരോ അധ്യായങ്ങളിലും നിറയുമ്പോൾ ഇതിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മനുഷ്യരും ഒരു പ്രദേശത്തിന്റെ മാത്രമല്ല എല്ലാ ദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് എന്ന് മനസിലാകും, അവരുടെ പേരുകളിൽ മാത്രമേ മാറ്റമുണ്ടാകൂ.

ഈ പുസ്തകത്തിലെ ആദ്യത്തെ അധ്യായമായ തവയിൽ ബീവുമ്മ വായിക്കുമ്പോൾ, പഴയ പൊന്നാനിയുടെ തീരദേശ ജീവിതം മുഴുവൻ ഓർമ്മയായി മാറുന്നു. എഴുത്തുകാരൻ ആത്മകഥാത്മകമായി, തന്റെ ഉമ്മയായ ബീവൂമ്മയുടെ ബാല്യകാലം, കുടുംബപരമ്പര, അവരെ വളർത്തിയ കാലഘട്ടത്തിന്റെ സാമൂഹിക പശ്ചാത്തലം എന്നിവയെ വളരെ നിഷ്കളങ്കമായ ഭാഷയിൽ വരച്ചുവെക്കുന്നു. ആഖ്യാനത്തിന്റെ നിഷ്കളങ്കത തന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അക്കാലത്തെ മരുമക്കത്തായം നിലനിന്നിരുന്ന തെക്കൻ മലബാറിലെ മുസ്ലിം കുടുംബങ്ങളുടെ ഘടനയും, അമ്മയിലൂടെ പാരമ്പര്യം കൈമാറുന്ന ജീവിതരീതിയും ഇതിൽ വായിച്ചെടുക്കാം. പിതാവിനെ ചെറുപ്പത്തിൽ നഷ്ടപ്പെട്ട ബീവൂമ്മയെയും അവരുടെ സഹോദരങ്ങളെയും, കഠിനാധ്വാനത്തിലൂടെ വളർത്തിയ പാത്തുണ്ണിയുടെ കരുത്തും അമ്മത്വത്തിന്റെ മഹത്വവും ഈ ഭാഗം ഓർമ്മിപ്പിക്കുന്നു. കഠിനമായ ജീവിത യാഥാർഥ്യങ്ങളിലൂടെ ഓർമയെ മണ്ണിന്റെ മണവുമുള്ളഭാഷയിൽ കുറിച്ചിടുന്നു. “മണ്ണപ്പം ചുട്ടും, ചിരട്ട പെറുക്കിക്കൊണ്ട്, ഉണങ്ങിയ പ്ലാവില, കോട്ടി കളിച്ചും” എന്ന പോലുള്ള വരികൾ, ആ ഗ്രാമത്തിന്റെ നിസ്സാര ജീവിതാനന്ദങ്ങളെ ജീവനോടെ പകർത്തുന്നു. ഇത് വായിക്കുമ്പോൾ, ഒരു കാലഘട്ടം, ഒരു കുടുംബം, ഒരു സ്ത്രീയുടെ ജീവിതയാത്ര. എല്ലാം ചേർന്ന് മലയാളത്തിന്റെ മണ്ണിൽ നിന്നുയരുന്ന ഒരു സ്മാരകമായി തോന്നുന്നു. ചുരുക്കത്തിൽ, തവയിൽ ബീവുമ്മ സ്നേഹത്തിൻറെ, പോരാട്ടത്തിൻറെ, നാടിൻറെ സ്മൃതികളാൽ നിറഞ്ഞ ഒരു ജീവനുള്ള ചരിത്രമാണെന്നത് വായനക്കാരന്റെ ഹൃദയത്തിൽ സ്പർശിക്കുന്നു.

പേർഷ്യക്കാരൻ മൊയ്‌തുണ്ണി എന്ന ഓർമ്മ വായിക്കുമ്പോൾ തന്നെ , ഒരു ചെറുനാടിന്റെ മണ്ണിനും അതിലെ മനുഷ്യർക്കും ഇടയിലെ അദൃശ്യബന്ധം എത്ര ശക്തമാണെന്ന് തോന്നിപ്പിക്കും. എരമംഗലത്തുനിന്ന് ലോകത്തിന്റെ അറ്റങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഒരു സാധാരണ യുവാവിന്റെ ജീവിതകഥയാണിതിലുള്ളത്, പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ എവിടെയും എഴുതപ്പെടാത്ത പോയ സാമൂഹിക ചിത്രവും നമുക്ക് വായിച്ചെടുക്കാം. കറുത്ത ഔക്കറെന്ന പിതാവിന്റെ കാർക്കശ്യത്തിൽ നിന്നും സ്വാതന്ത്ര്യം തേടി നാടുവിട്ടു പുറപ്പെട്ട മൊയ്‌തുണ്ണിയുടെ യാത്ര, ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു തലമുറയുടെ പുറപ്പെട്ടുപോക്കാണ്. ഗ്രാമത്തിന്റെ മണവുമുള്ള ഭാഷയും, പാടശേഖരങ്ങളുടെയും കായലിന്റെയും ഗന്ധമുള്ള പരിസരവിവരണങ്ങളും വായനക്കാരനെ അതിനകത്തേക്ക് ആകർഷിക്കുന്നു. അന്നത്തെ ബോംബെയിലേക്കും (ഇന്ന് മുംബയ്) പിന്നെ ബർമ്മയിലേക്കും (ഇന്നത്തെ മ്യാൻമാർ) നീളുന്ന മൊയ്‌തുണ്ണിയുടെ ജീവിതയാത്ര, ദുരിതത്തിന്റെയും പ്രതീക്ഷയുടെയും ഇടയിൽ നടക്കുന്ന മനുഷ്യനിലയുടെ പ്രതീകമാണ്. നാട്ടുചുറ്റുപാടിന്റെ അവസ്ഥയെയും വിദേശ ജീവിതത്തിലെ ഏകാന്തതയും മനോഹരമായി ഈ ഓർമ്മയിൽ ആലസ്യമില്ലാത്ത നാട്ടുപ്രസംഗത്തിന്റെ താളത്തിലാണ് പറയുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ അവശേഷിക്കുന്നത്, ഓലപ്പെരയുടെ മണമുള്ള ഒരു ദേശസ്മരണയും, പിതൃവിരോധത്തിന്റെ തീയിൽ നിന്നു സ്വാതന്ത്ര്യം കണ്ടെത്തിയ ഒരു മനുഷ്യന്റെ മുഖവുമാണ്. ഇത് വെറും മൊയ്‌തുണ്ണിയുടെ കഥയല്ല ദേശംവിട്ടുപോയ അനവധി മലയാളി യുവാക്കളുടെ കൂട്ടമനസ്സിന്റെ ജീവിതത്തിന്റെ ചോര കലർന്ന ഉമിനീരിനാൽ ഉള്ള ഒച്ചയാണത്. നാട്ടിൽ അത് പേർഷ്യയിൽ പോയ മൊയ്‌തുണ്ണിയുടെ ദൂരാന്തരസാന്നിധ്യം പോലും ഈ ദാരിദ്ര്യപൂർണ ജീവിതങ്ങൾക്ക് ഒരു പ്രതീക്ഷയുടെ മന്ദപ്രകാശമായി തോന്നും.

“മൊഞ്ഞമ്മമാർ” എന്ന ഈ അദ്ധ്യായത്തിലെത്തുമ്പോൾ ഒരു കുടുംബത്തിന്റെ കുടിയിറക്കത്തിന്റെയും ജീവിത പോരാട്ടത്തിന്റെയും ചരിത്രപരമായ സത്യത്തെ ഹൃദയസ്പർശിയായ കഥപോലെ പറഞ്ഞുപോകുന്നു. അതിലൂടെ ഗ്രാമീണ കേരളത്തിലെ പഴയ സാമൂഹ്യഘടനയും ജന്മിമാരുടെയും കാര്യസ്ഥന്മാരുടെയും അധികാരവ്യവസ്ഥയും ഈ രചനയിൽ നൂൽപ്പാലം പോലെ നെയ്തിരിക്കുന്നു.പ്രത്യേകിച് മധ്യ മലബാറിലെ മുസ്‌ലിം കുടുംബങ്ങളിലൂടെ കാട്ടിലെ പറമ്പിൽ നിന്നും തുടങ്ങിയ കുടിയിറക്കങ്ങളുടെ ദാരിദ്ര്യാനുഭവങ്ങൾ, ഉമ്മയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വേദന, അലച്ചിൽ എല്ലാം സംഭാഷണങ്ങളിൽ വ്യക്തം

“ഉമ്മ ഇങ്ങളെന്താണ് ആലോചിക്കുന്നത്?”

“ഞാനെ കാട്ടിലെ പറമ്പിൽ താമസിക്കുമ്പോൾ ഇടിയാട്ടയിലെ തിത്തയാണ് പാത്തയ്ക്ക് മൂല കൊടുത്തിരുന്നത്. പാത്തയ്ക്ക് മുലകുടിബന്ധമുണ്ട് തിത്തയുമായിട്ട്. മൊഞ്ഞമ്മയാണ്.” “ഇക്ക് ഇസ്സും ബോധവും ഇല്ലാത്ത കാലം അല്ലേർന്ന്.” “അതൊക്കെ അന്റെ ഇപ്പാടെ ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ.”

സംഭാഷണങ്ങളിൽ നിന്ന് തന്നെ ആ കാലത്തേ വായിച്ചടുക്കാം. ഒരുപക്ഷെ ഇന്നത്തെ തലമുറക്ക് പരിചിതമല്ലാത്ത ബന്ധമാണ് മുലകുടിബന്ധം എന്നത്. മൊഞ്ഞമ്മ എന്ന പേരിൽ തന്നെ ആ ബന്ധം ഇഴചേർന്നു നിൽക്കുന്നുണ്ട്, അക്കാലങ്ങളിൽ മുലകുടിബന്ധം എന്നത് ഒട്ടുമിക്കവരിലും അലിഞ്ഞുചേർന്ന ഒന്നാണ്, ജനനം കൊണ്ട് മാത്രമല്ല മുലകുടി ബന്ധത്തിലൂടെയും അന്ന് അമ്മമാർ ഉണ്ടായിരുന്നു സ്വന്തം ഉമ്മയോടെന്നപ്പോലെ ചേർത്തുപിടിക്കുന്ന അത്തരം ബന്ധങ്ങൾ ഇന്ന് അന്യം എന്ന് തന്നെ പറയാം. മൊഞ്ഞമ്മമാരുടെ മുലകുടിബന്ധങ്ങൾ, അയൽപ്പക്കത്തിലെ സഹവർത്തിത്വം, പഴയകാല ബന്ധങ്ങളുടെ രക്തസ്‌നേഹമുള്ള ഓർമ്മകൾ എല്ലാം ചേർന്ന് ഈ അധ്യായം ഒരു സമൂഹത്തിന്റെ ആത്മാവിനെയാണ് തുറന്നുവെക്കുന്നത്.

സ്വാതന്ത്യ സമരകാലത്തെ ഓർമകളിൽ നിന്നും കേട്ടെടുത്ത കാര്യങ്ങളിലൂടെയാണ് ഇരിക്കകുര തേടി എന്ന അദ്ധ്യായം. ഇരിക്കകുര എന്നത് സ്വന്തമായ ഒരു വീട് എന്നർത്ഥത്തിൽ മലബാറിലെ പ്രയോഗമാണ് ഇതിലെ ആദ്യ പാരഗ്രാഫ്‌ തന്നെ ആ ഓർമകളുടെ മനോഹരമായ ആഖ്യാനമാണ് “നാട് സ്വാതന്ത്ര്യത്തിൻ്റെ സുഖമാസ്വദിക്കുന്നതിന് സമാന്തരമായി ഉമ്മ ദാമ്പത്യത്തിൻ്റേയും ആൺതൊണയുള്ള ഒരു ജീവിതത്തിന്റേയും സുഖം ആസ്വദിക്കുകയായിരുന്നു. മാറഞ്ചേരിയിൽ ലഡുവിതരണവും മൊയ്‌തുമൗലവിയുടെ സ്വാതന്ത്യസമര ആഘോഷപ്രസംഗവും കോൺഗ്രസിൻ്റെ കൊടിതോരണങ്ങളും ഉണ്ടായി. മുളാനുള്ളിപ്പറമ്പിലെ 18 ഏക്കർ വിസ്ത്യതിയുള്ള തെങ്ങിൻപറമ്പിലെ എട്ട് കുടിയിരിപ്പിലെ ഒത്ത നടുക്കായിരുന്നു ഉമ്മയുടെ ഭർത്ത്യഗൃഹം. മൂന്നുമാസം നീണ്ട ദാമ്പത്യം പെട്ടെന്ന് തീർന്നുപോയി” സ്ത്രീജീവിതത്തിന്റെ സഹനവും അവളുടെ വിധിയോടുള്ള പോരാട്ടവും മനസ്സിൽ ആഴമായി പതിയുന്നു. . സ്വാതന്ത്ര്യത്തിന്റെ പുതുപ്രഭാതം ആഘോഷിക്കുന്ന രാജ്യത്തിന്റെ പശ്ചാത്തലത്തിൽ, ഉമ്മയുടെ ജീവിതം അതിന്റെ പ്രതിപ്രതിഭാസം പോലെ അനാഥത്വത്തിലും ദുർഭാഗ്യത്തിലും മുങ്ങിയിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ മധുരം ഒരു ചെറു കാലയളവിൽ തീർന്നുപോകുന്നു. ഭർത്താവ് മൊയ്‌തുണ്ണി ‘പേർഷ്യാ’യിലേക്ക് തൊഴിൽ തേടി പോകുമ്പോൾ, ഗർഭിണിയായ ഉമ്മ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വീഴുന്നു. ഉമ്മയുടെ കണ്ണുനീരിലൂടെയാണ് അന്നത്തെ സ്ത്രീയുടെ നിസ്സാഹായവസ്ഥയും സാമൂഹ്യനിരാലംബതയും നമ്മൾ കാണുന്നത്. ഇത്തരം വിരഹങ്ങൾ മാറഞ്ചേരിയിൽ മാത്രമല്ല ഒരുകാലത്ത് കേരളത്തിലാകമാനം പല സ്ത്രീകളും അനുഭവിച്ചതായിരിക്കും . ഭർത്ത്യവീട്ടിലെ “രണ്ടാംകുടി എളേമ”യുടെ അധികാരവും ഉമ്മയ്ക്കു നേരെയുള്ള അനീതിയും, അടുപ്പിനരികിൽ പൊടിഞ്ഞു വീഴുന്ന അരിമണികളിലൂടെ പ്രതിഫലിക്കുന്ന ദുരിതവും അതീവ സ്പർശനീയമാണ്. ഉമ്മ സ്വന്തം വീട്ടിലേക്കു മടങ്ങുന്ന ആ കാഴ്ച സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി തോന്നുന്നു. പ്രസവസമയത്തിലെ വൈച്ചത്തേറും പൂച്ചൂടി ആയിസാത്തയും ചേർന്ന് ചെയ്യുന്ന ആ വീട്ടുപേറെടുപ്പിന്റെ ദൃശ്യങ്ങൾ ഗ്രാമീണ കേരളത്തിന്റെ പഴയ സാമൂഹ്യജീവിതത്തെയും അതിലെ കൂട്ടായ്മയെയും നമ്മിലേക്ക് പുനർസൃഷ്ടിക്കുന്നു. മൊയ്‌തുണ്ണിയുടെ കത്തുകൾ വായിച്ചപ്പോൾ ഉള്ള നിലവിളിയും, ഉമ്മയും പെറ്റമ്മയും ചേർന്ന് നടത്തുന്ന ജീവിതസമരവും വായനക്കാരന്റെ ഹൃദയത്തെ തൊടുന്നു. ‘ഇരിക്കകുര തേടി’ എന്ന തലക്കെട്ട് പോലെ, ജീവിതത്തിന്റെ ഒരു ഉറവിടം, ഒരു അഭയം തേടി നടക്കുന്ന ഇന്നോളം ഈ രീത്യിൽ ആദിമാരും രേഖപ്പെടുത്താതെ പോയ സ്ത്രീയുടെ യാത്രയാണ് ഈ അധ്യായം.

കുടിയിറക്കത്തിന്റെയും ജീവിതത്തിൻേറയും, സ്ത്രീയുടെ സഹനശക്തിയും, ബന്ധങ്ങളുടെ സ്നേഹഭാരവുമെല്ലാം വായനക്കാരന്റെ മനസിൽ ദീർഘകാലം പതിയുന്ന തരത്തിൽ ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്ര നിയോഗം കൂടിയാണ്. ഇത്തരം ജീവിത ചരിത്രങ്ങൾ രേഖപ്പെടുത്താൻ നിലവിൽ നമുക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നിരിക്കെ മണ്ണിന്റെ മണമുള്ള, പ്രാദേശിക ഭാഷയുടെ താളത്തിൽ വായിക്കാവുന്ന ഓർമകൾക്ക് ഒരു സർവകലാശാല പണിയുകയാണ് ഷൗകത്തലിഖാൻ ഈ പുസ്തകത്തിലൂടെ ചെയ്തത്.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.