
മുറിവേറ്റ
എല്ലാവരും തിരിച്ചുപോയി
ദുഃഖത്തിന്റെ
കൊടുംവേനലേറ്റ്
കരുവാളിച്ചുപോയ
ഞാനൊഴികെ.
അമീബപോലെ
ഇഴഞ്ഞ് വഴുത്ത ആകൃതിയില്ലാത്ത
ഈറൻ ജീവിതം
എന്നെയവിടെ കാത്തുനിന്നു.
മുഷിഞ്ഞ സ്വരാജ്യഭൂപടത്തിൽ
തർക്കത്താൽ ഞളുങ്ങിപ്പോയ
വിഭാജ്യ സംസ്ഥാനംപോലെ
കെട്ടിക്കിടക്കുന്ന അശാന്തമായ
ചലജലം ചവിട്ടാതെ
ചാടിച്ചാടി അവരെല്ലാം
തിരിച്ചുപോയി,
തവളജന്മങ്ങൾ.
ഞാനപ്പോഴും പോയില്ല
തോരാനിട്ട തുണിയിലെ
വെള്ളമിറ്റിത്തീർന്നില്ല,
നോക്കിനിന്ന്
ജന്മമൊന്ന് തീരാൻപോകുന്നു.
ഉറുമ്പരിച്ച
എന്റെ പാന്ഥാവിൽ
ഉപ്പുകലർന്ന കണ്ണീരിന്റെ
പഞ്ചസാരത്തരികൾ.
കുഴഞ്ഞു വീണു
അറ്റുപോയ കാട്ടുവള്ളിയിൽ
കാൽകുടുങ്ങി
തിരിച്ചുപോകാൻ തുടങ്ങിയവർ.
കുനിഞ്ഞുനോക്കുമ്പോൾ
പൊക്കിൾക്കൊടി കണക്കെ
നീണ്ട കത്തീറ്ററും
അതിനുള്ളിലൊരു ഓവുചാലും .
പുകയിലത്തണ്ട് കണക്കെ
ഉണങ്ങിപ്പോയ എന്റെ
പൊക്കിൾക്കൊടി
അക്കാണുന്ന
വിഭാജ്യ സംസ്ഥാനത്താണ്,
എന്നിട്ടും ഞാൻ പോയില്ല.
അദൃശ്യതയിലിരുന്ന്
പൊക്കിൾക്കൊടി ബന്ധം വിളിച്ചില്ല,
ഉണങ്ങിയത് വീണതുകൊണ്ടാവണം.
പച്ചയ്ക്ക് മുറിച്ചുകളഞ്ഞിരുന്നേൽ
ജന്മം പഴുപ്പിന്റെ വേദനയാൽ
അകംപുറം നീറിയേനെ.
ആരോ മുറിവിൽ
കുത്തിയിളക്കി
ഞാൻ ചുട്ടുപഴുത്ത വ്രണമായി
ചലനദി,പ്രളയത്തിലുദിച്ച് വെട്ടിത്തിളച്ചു
ഏഴായിപ്പിളർന്ന സൂര്യനെപ്പോലെ.
വിസ്തൃതമായ പഴുപ്പിന്റെ പടർച്ച
ഭൂപടം വിഴുങ്ങുന്നു
അപൂർവമായൊരു കിളിയൊച്ച
മുറിവിന്റെ കരയിലിരുന്ന്
പുഴുവിനെക്കാത്തു.
പ്രപഞ്ചം പുഴുവായി.
അന്യാധീനപ്പെട്ട ദേശത്തിരുന്ന്
അതിന്റെ പ്രച്ഛന്നവേഷം ഞാൻ
കണ്ടുനിന്നു.
പഴുത്ത ഇലച്ചുരുളിന്റെ മറവിലൂടെ
കിടക്കയിലേക്കിഴഞ്ഞത്
കത്തീറ്ററിലൂടെ നൂണുപോകുന്നു,
കവചവും കുണ്ഡലങ്ങളും
അരിച്ചുകൊണ്ട്…
‘കൊന്നുതാ… കൊന്നുതാ’യെന്ന്
മുഴക്കമേറിയ ശബ്ദവുമായി
സ്വർഗ്ഗസമാനമായ നരകത്തിലവർ
അലഞ്ഞു നടന്നു,
പൊട്ടിപ്പിളർന്ന് ദ്രവിച്ച
അശ്വത്ഥാമാവിന്റെ ആത്മാവുപോലെ.









