
ഉടഞ്ഞ ശംഖിന്റെ നിറഞ്ഞ മൗനത്തിൽ
ഒലിച്ചിറങ്ങിയ പ്രകമ്പനങ്ങളോ?
തെളിഞ്ഞുകത്തുവാൻ കൊതിച്ചതീക്കനൽ
അണഞ്ഞു ചാരമായ് മറഞ്ഞതെന്തിനോ?
ഒഴിഞ്ഞുപോയൊരാ മഴക്കാറിൻ മനം
വിതുമ്പിയെത്തിയ പ്രളയസംഗമം.
തളർന്നുറങ്ങിയ തകർന്നജീവിതം
കിനാവുകണ്ടുകൊണ്ടുണർന്നെണീക്കയോ?
കടുത്ത വേനലിൽ കരിഞ്ഞൊടുങ്ങിയ
വെളുത്തപൂവിതൾ, തളർന്ന നൊമ്പരം.
പ്രണയിനിയുടെ മുഖത്തൊഴിക്കുവാൻ
ശിലാതൈലം തേടിയിറങ്ങിടുന്നവർ.
പിറന്നുവീഴുന്ന ശിശുക്കളെക്കൊല്ലാൻ
തുനിഞ്ഞിറങ്ങുന്നോ , വിവേകശൂന്യത?
പിടഞ്ഞുവീഴുന്ന തമസ്സിലമ്മതൻ
മുലചുരത്തുന്ന ശിശുക്കളെത്രപേർ
പണത്തിനപ്പുറം പരുന്തുമെത്തില്ല –
ന്നുറച്ചിടുന്നവർ നിറഞ്ഞു ഭൂമിയിൽ
നരാധമൻമാരാണവർക്കു ചുറ്റിലും
നടുങ്ങിവീണുടഞ്ഞിടുന്നഭിമാനം.
കനത്തമോഹങ്ങൾ പടുത്തുയർത്തിയോ –
രിരുമ്പിനെവല്ലും ഹൃദയമുള്ളവർ
കറുത്തരാത്രിയിൽ പതിയിരുന്നിതാ
കശാപ്പുചെയ്തിടുന്നതും സഹിപ്പുനാം.
കരുത്തുകാട്ടുവാനരുംകൊലയ്ക്കവർ
കരുതിവച്ചിടുന്നപാരബോംബുകൾ
വരുംതലമുറയ്ക്കറിവുനൽകുവാൻ
വെറും രണാങ്കണക്കഥകൾ മാത്രമോ?
വരുംവരായ്കകൾ സഹിച്ചുപോവുക
വരുന്നകാലമോ വെറും പരാജയം!
കരുത്തുകാട്ടുവാൻ തുനിഞ്ഞിറങ്ങിയാൽ
കഴുത്തെഴുത്തുകൾ നിണം പകർന്നിടും
വരുമൊരുദിനം വിശാലവിശ്വവും
ചാരാചാരങ്ങളും നശിച്ചുപോയിടും
പ്രപഞ്ചയാത്രയിൽ പുനർജ്ജനിക്കുമോ?
പുതിയ സംസ്കാരം പടുത്തുയർത്തുവാൻ.
(ശിലാതൈലം =പെട്രോൾ )








