കൊല്ലാൻ എത്ര നിമിഷം..?

ഞരമ്പ് മുറിയും വരെ,
കൊരൾവള്ളിമുറുകും വരെ.
അത്ര മതിയാകുമോ.

ഒരുവൾക്ക്
മറ്റൊരാളാൽ
വധിക്കപ്പെടാൻ എത്ര
നിമിഷങ്ങൾ വേണം.

അവളുടെ
ഉടുതുണിയഴിയുംവരെ.
അനുവദിക്കപ്പെടാത്ത
ശരീരസ്ഥലികളിൽ
കാമത്തിൻ്റെ ഉപ്പ് പുരളുംവരെ.

മറ്റൊരാളുടെ
കുഞ്ഞ്,
ഗർഭത്തിൻ്റെ ഭിത്തി-
യിൽ വിദ്വേഷത്തിൻ്റെ
പോറലേൽപ്പിക്കും വരെ.

പ്രണയമാണെന്ന
വാക്കിൽ, ‘കറുപ്പി’ൻ്റെ –
ഉന്മാദം നുരയും വരെ.

കാമത്തിൻ്റെ
ചൂണ്ടയിൽ, ഞാനയാൾ_
ക്കിരയാണെന്ന ബോധ്യം വരെ.

മുലകൾ-
രണ്ടിലും
ദുഖത്തിൻ്റെ പാൽ
ചുരത്തും വരെ.

സ്നേഹത്താൽ
കൂട്ടിക്കെട്ടിയ മുടിക്കെട്ട്
ചതിച്ചവൻ്റെ
നെഞ്ചിലേക്ക്
അഴിഞ്ഞു വീഴുംവരെ.

അതിനപ്പുറത്തേ
ക്കൊന്നും ഒരുവളുടെ
പ്രാണനെ
വലിച്ചിഴക്കാനാവില്ലല്ലോ.

“നിന്നെക്കൊല്ലാൻ
എനിക്കെത്ര
നിമിഷം വേണ്ടിവരു”മെന്ന
ഒരാൺ ചോദ്യത്തിന്
ഇത്രയൊക്കെ നീ
മറുപടി പറഞ്ഞേപറ്റു പെണ്ണേ.

കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശി. 2021 ൽ കാസർകോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജീവനക്കാരനായി പോലീസ് വകുപ്പിൽ എത്തി. മഴ വീടണയുന്നു, തവള, വേവലാതി പിടിച്ചവൻ്റെ ആത്മഹത്യാ കുറിപ്പ് എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ബുക്കർ മീഡിയ പുറത്തിറക്കിയ "ഞാൻ കണ്ട നാർകേളൻ" എന്നത് ആദ്യ നോവലാണ്. ദേശാഭിമാനി പത്രത്തിൻ്റെ നീലേശ്വരം റിപ്പോർട്ടറായി 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ "മരണാസക്തൻ " എന്ന നോവലിൻ്റെ പണിപ്പുരയിലാണ്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട് കൊയിലാണ്ടി കുറുവങ്ങാട് ശക്തി തിയ്യറ്റേഴ്സ് 2010 ൽ ഏർപ്പെടുത്തിയ ഇ.കെ.പി സ്മാരക ചെറുകഥാ അവാർഡ്, പുരോഗമന കലാസാഹിത്യസംഘം ചെറുവത്തൂർ ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ സംസ്ഥാനതല കെ.എം.കെ. സ്മാരക ചെറുകഥാ അവാർഡ്, ജോയിൻ്റ് കൗൺസിലിൻ്റെ 2010 ലെ സംസ്ഥാന ചെറുകഥാ അവാർഡ്, കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സംസ്ഥാനതല വജ്രജൂബിലി പുരസ്ക്കാരം, 2015 ലെ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്ക്കാരം, തെളിനീർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.