കളിപ്പമ്പരം

മാനത്തു മാരിക്കാറിന്നിരമ്പം കേൾക്കുമ്പോഴേ –
യ്ക്കാമയം നിഴലിക്കുന്നമ്മതന്നാനനത്തിൽ

ചോരിവായ് കാട്ടീട്ടുണ്ണീ, പുലമ്പും കൊഞ്ചലുകൾ ,
കാരിരുമ്പാണിപോലെ തുളയ്ക്കും നെഞ്ചിൻകൂട്ടിൽ

വെള്ളിപ്പൂങ്കിണ്ണം നീട്ടിയൊഴുകും പുഴപ്പെണ്ണോ
എള്ളോളമറിയുന്നീലിവൾതൻ സങ്കടങ്ങൾ

കണ്ണീരിന്നുറവുചാൽ സമമായ് മാറീട്ടന്നു  
കുഞ്ഞുകാലുമ്മവച്ചതത്രയും മറന്നുവോ?

പളുങ്കിൻമണിയായിച്ചിതറും കുഞ്ഞോളത്തി-
ന്നിടയിൽ നൃത്തംവയ്ക്കും പരൽമീൻകുഞ്ഞുങ്ങളെ

ഉടുത്തമുണ്ടിന്നറ്റം നിവർത്തി വലയാക്കി-
പ്പിടിച്ചു നീരിലേക്കു തിരിച്ചുവിട്ടീടുമ്പോൾ

തുണിയിൽ തളംകെട്ടുമിത്തിരി നീരിൽനിന്നും
പിടഞ്ഞു പുറത്തെത്തും സ്പന്ദിക്കും നൽപ്രാണനും

ശ്വാസത്തിൻ മിടിപ്പുകൾക്കറുതിവരുത്തീടാൻ
ശേഷിയില്ലൊട്ടുമെനിക്കെന്നതുമറിഞ്ഞീലേ?

കുളിക്കാ,നലക്കാൻ ഞാൻ പോകുമ്പോൾ കൂട്ടിന്നായി
തെളിവെള്ളത്തിൽ ചാരേ തുടിച്ചങ്ങാറാടാനും

ഈറൻമാറ്റീട്ടുമേറെ നീർതട്ടിത്തെറിപ്പിക്കേ,
തേറുന്നെൻ കോപത്തെ നീ ചിരിയാൽ കെടുത്തിപ്പോയ്!

കടവിൽ മറന്നെന്റെ പമ്പരം, വെക്കം പോയ –
ങ്ങെടുക്കാം, കീശതന്നിലില്ലെന്ന ചിരിച്ചന്തം

കുഞ്ഞേ! നിൻ യാത്രാമൊഴിയെന്നതുമോർത്തീലമ്മ
കണ്മണീ,നിന്നോർമ്മയിൽ നീറാനോ മജ്ജീവിതം?

എൻകുഞ്ഞിൻതളിർമേനി പുൽകുവാൻ കൊതിച്ചതോ,
കുഞ്ഞലക്കൈയാൽ വീശിപ്പമ്പരം കളിച്ചതോ?

അമ്മതന്നാശ്ലേഷത്തിൻ ചുംബനം നൽകാനാറ്റി-
ന്നാഴത്തിൽ പ്രിയത്തോടെയാനയിച്ചതോ?ചൊല്ലൂ

വർഷങ്ങളേറെപ്പെയ്തുതോർന്നിട്ടും തോരാത്തൊരീ –
വിങ്ങലിൻവൈവശ്യം നീയറിഞ്ഞോ മണിക്കുഞ്ഞേ?

നീലിച്ച മാനം വിങ്ങിക്കരഞ്ഞു തളരുമ്പോൾ
നീർപറ്റിക്കിടക്കുന്നു തീരത്താക്കളിപ്പാട്ടം!!

പാലക്കാട് സ്വദേശി. റിട്ട. ഹയർ സെക്കണ്ടറി ടീച്ചർ. നാല് കഥാ സമാഹാരങ്ങളും രണ്ടു കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ എഴുതാറുണ്ട് .