ഒരു മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ

മുകളിലാകാശ
മൊരുമരത്തണൽ
പോൽ തണുത്തു കിടന്നു .
ചില്ല തോറുമാടിത്തുടങ്ങി
കാർമേഘവവ്വാൽച്ചിറക് .
കിളി കുടഞ്ഞിട്ട തൂവൽ
അന്തിവെട്ടം കണക്കു താഴുമ്പോൾ
പാട്ടു വിത്തു വീണിട്ടുമണ്ണിനു
പേറ്റുനോവു തുടങ്ങി.

ഇരു കരിംപച്ചക്കൺ തുറന്നു
മിടയ്ക്കു ചിമ്മിയടച്ചും
*നിൻ്റെമൺമുറ്റത്തൊരു തണൽ
വട്ടമിട്ടു മരതകക്കാട് .
അവിടെയുണ്ടു ഭൂമിപ്പുറത്തൊ
രൂഞ്ഞാല് താനെയാടുന്നു.
ഈ കരിന്തണൽ, ഗ്രാമഫോൺ പാട്ട്
ഓർമച്ചാമ്പക്കച്ചാറ്,
പ്രാണികൾ സൂക്ഷ്മജീവികൾ
നെയ്ത മണ്ണുടുപ്പിട്ട വീട്,
സൂര്യനേത്രം തുറന്നു നോക്കും
പകലടുപ്പിലെ ചൂട്,
കരിയില പ്രാണി, ചപ്പിലക്കിളി
കീരി,ചെമ്പോത്തു,പുള്ള്
പകലിരവിൽ കുളിച്ചു പാർക്കുന്നീ
*ലോകമേ തറവാട്.

ഇലയനക്കത്തിലൊരു പദപ്രശ്നം
പൂർത്തിയാക്കും തിടുക്കം,
വീർത്ത ജലവേരു മുട്ടിയൊരു
കുളക്കോഴിത്തുള്ളി നടത്തം
നാട്ടിടവഴിച്ചൂട്ടു വെട്ടം കെടുമ്പൊഴും
ചിറിക്കോണിൽ മിന്നിബീഡിപ്പുകയ്ക്കകത്തു
നിന്നൂറിയെത്തും വെളിച്ചം .
മുഴു മുഴുത്തൊരു ചിരി പതഞ്ഞു
കവിഞ്ഞു രാത്രികനക്കേ
അറ്റമില്ലാപ്പരപ്പിലാകാശമുറ്റ
മാറിക്കിടക്കേ
ഒരു പെരും വയർ പോലെ
ഭൂമി പാതാളക്കിണർവാ തുറന്ന്
എത്തി നോക്കിപ്പുറത്തിറങ്ങുന്നു
നട്ടപ്പാതിരക്കോലം .

അരമണിച്ചാർത്തുലഞ്ഞു പാഞ്ഞ
ട്ടഹാസത്തീ പറപ്പിച്ച്
പാട്ടൊഴിഞ്ഞ മരച്ചോട്ടിലാരെയോ
കാത്തു കണ്ണു കഴച്ച്
വാക്കിലിറ്റു ചിരി പുരട്ടിക്കോർത്ത
മാലയിട്ടു തെളിഞ്ഞ്
അന്നമൂട്ടുന്നു സകല ജീവജാതിക്കു
മീ നിലാമുറ്റം .

*ആർക്കവകാശമീ ത്തറവാട്ടു
സ്വത്തിനെന്നൊരു ചോദ്യം
ഇല മറവിലിരുന്നൊരായിരം
കൈകൾ നീട്ടീ പ്രപഞ്ചം .
ഞാൻ ഞാനെന്നു പറഞ്ഞു
മത്തടിക്കുന്നൊരണ്ഡകടാഹം .

ലോക, മൊരു പച്ചമാമരമതിൻ
ചോട്ടിലെത്തണൽവട്ടം
*ഇനിയുറങ്ങു നീ രാജപുത്രിയീ
പാട്ടിലത്തൊട്ടി മേലേ,
ഒരു വെളിച്ചത്തിര പതഞ്ഞാർ
ത്തലച്ചു വീഴുമ്പോൾ
വാക്കുകൾ വിഷാദത്തരി പറ്റി
പ്പിടിച്ച കാൽ കുടയുമ്പോൾ
ചോരയൊട്ടിപ്പിടിച്ചതാൾ
മറിച്ചോടിപ്പോയ കാലത്തെ
ക്കെട്ടുവാൻ മുഴുത്തൊരു
ചിരിയെറിയുന്നമാന്ത്രികക്കയ്യിൽ
പേനയുന്തും തഴമ്പിൽ ചുംബിച്ചു
*തട്ടമിട്ടൊരു വാക്ക് .

*മാങ്കോസ്റ്റീൻ മരം
*വള്ളത്തോളിനോട് കടപ്പാട്
*ഭൂമിയുടെ അവകാശികൾ എന്ന കഥ
*സോജാ രാജകുമാരീ സോജാ എന്ന പാട്ട്
*ബാല്യകാല സഖിയിലെ സുഹറയുടെ ചുംബനത്തെ ഓർമിപ്പിക്കുന്നു .

ചേർത്തലയിൽ താമസം. ആലപ്പുഴ കലവൂർ ജി എച്ച് എസ് എസ്സിൽ നിന്നും ഹയർ സെക്കൻ്ററി മലയാളം അധ്യാപികയായി റിട്ടയർ ചെയ്തു. എഴുത്ത്, വായന, യാത്ര, സിനിമ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ സജീവം.