കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ

‘ഒരുപാട് ജീവിതം കണ്ടയാൾ ‘ എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും. ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ശ്രീ മധുപാലിന്റെ “ലോകം ഒരു ചെറിയ പട്ടണമാണ്” എന്ന ചെറുകഥ പൂർണ്ണമായി തുറന്നുപറയാത്ത ജീവിത വേദനകളും ദുരൂഹതയും അവശേഷിപ്പിക്കുന്നു.

കഥയിൽ രതീഷ് മേനോൻ എന്ന കഥാകൃത്തിന്റെ പുസ്തക പ്രകാശന ചടങ്ങിൽ മറ്റൊരു കഥാകൃത്ത് പുസ്തകത്തിൽ ഒപ്പിട്ടു കിട്ടാൻ ആഗ്രഹിച്ചു. രതീഷ് മേനോൻ എഴുത്തുകാരനായ അയാളുടെ പേര് ചോദിച്ചപ്പോൾ അയാളത് തട്ടിപ്പറിച്ച് അതിവേഗത്തിൽ നടന്നു പോവുകയായിരുന്നു. അയാൾ നല്ലൊരു വായനക്കാരനാണ്, കഥാകൃത്താണ്, കവിയാണ്. പക്ഷേ രതീഷ് മേനോൻ അതറിയുന്നില്ല. വ്യത്യസ്തമായ ജീവിതങ്ങൾ പറയുന്ന കഥകളായിരുന്നു അയാൾ എഴുതിയിരുന്നത്. എന്നാൽ അതിന് വായനക്കാരില്ലെന്നുള്ള ചിന്ത അയാൾക്കുണ്ടായിരുന്നു. അങ്ങനെ തന്റെ പന്ത്രണ്ടാമത്തെ കഥ ചന്ദ്രബോസ് എന്ന നല്ലൊരു വായനക്കാരന് അയാൾ കൊടുത്തു. ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്ന അയാളുടെ വാക്കുകൾക്ക് എഴുത്തുകാരനെക്കാൾ ശക്തി തോന്നിയിരുന്നു.

മധുപാൽ ( Image Courtesy :Facebook madhupal kannambath)

ഒരാളുടെ വായനശീലവും അറിവും, അവരുടെ സംഭാഷണത്തിലും ആശയവിനിമയത്തിലും വളരെ സ്വാധീനം ചെലുത്തുന്നു. പുസ്തകങ്ങൾ വായിച്ചവന്റെ വാക്കുകൾക്ക് എഴുത്തുകാരനെക്കാൾ ശക്തി തോന്നിക്കുന്നു . എഴുത്തുകാരനെഴുതിയ വാക്കുകൾക്ക് സ്വയം ശക്തി ഉണ്ട്, പക്ഷേ ആ വാക്കുകൾ വായിച്ചവന്റെ വായനയും അനുഭവവും കൂടിച്ചേരുമ്പോൾ അത് എത്രയും ശക്തമായൊരു പ്രഭാവം സൃഷ്ടിക്കുമെന്നുള്ളത് വാസ്തവം.

ചന്ദ്രബോസ് കഥ വായിച്ച ദിവസം അയാളെയും കൂട്ടി കഫേയിലേക്ക് പോയി. അവിടെവച്ചാണ് ജീവിതത്തിന്റെ പ്രധാന ലക്ഷ്യം അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് എന്നയാൾക്ക് മനസ്സിലായത് — അത് മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശമാകാൻ, സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ, അല്ലെങ്കിൽ സ്വന്തം ഉള്ളിലെ സാധ്യതകൾ കാണാൻ അങ്ങനെ എന്തുമാകാം. എന്നാൽ, “അത്ഭുതങ്ങൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാം ജനിച്ചത് എന്തിനാണ്?” എന്ന ചോദ്യം ജീവിതത്തിന്റെ അർത്ഥത്തെപ്പറ്റി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ നവീൻ ലോപ്പസ് എന്ന എഴുത്തുകാരന്റെ കഥ ചുരുളഴിയുകയായി.

ലോപ്പസിന്റെ അമ്മ, വേദനയെയും മറികടന്ന്, ധാരാളം പുസ്തകങ്ങൾ വായിച്ചു. കൂടുതലും മുൻപുണ്ടായിരുന്ന എഴുത്തുകാരുടെ കഥകളാണ് അവർ വായിച്ചിരുന്നത്. എഴുത്തുകാരന്‌ മനുഷ്യരെ മാത്രമല്ല, ചുറ്റുപാടുകളെയും കാണാനാവുന്ന കഴിവുണ്ട്; അത് പറയാൻ അദ്ദേഹത്തിന് മനോഹരമായ ഭാഷയുണ്ട്. ഇത്തരം പുസ്തകങ്ങൾ വായിച്ചതുകൊണ്ടാണ് അവർ സമാധാനം കണ്ടെത്തിയത്.പുതിയ എഴുത്തുകാർ മോശമല്ല, പക്ഷേ അവരുടെ ലോകം കാണാനോ അനുഭവിക്കാനോ പൂർണമായറിയാനോ അവർക്കു കഴിയുന്നില്ല. പഴയ കഥകളുടെ കരുത്താർന്ന ഭാഷ അമ്മയെ അത്ര പിടിച്ചിരിക്കുന്നു, പുതിയ കഥകൾക്ക് അവളുടെ ഉള്ളിലേക്ക് കടന്നുവരാൻ വഴിയില്ല.

അതേസമയം, വാക്കുകൾ ചേർത്താലും, ജീവിതത്തിന്റെ മുഴുവൻ സത്യത്തെ പിടികൂടാനാകില്ല. അത് എല്ലായ്പ്പോഴും പറഞ്ഞുതീർന്നിട്ടില്ലാത്ത വിഷമപ്രശ്നമായിത്തന്നെ നിലനിൽക്കും. ജീവിതത്തിന്റെ എല്ലാ വേദനകളും എഴുത്തിലൂടെ തുറന്നു പറയാനാകില്ല. ചിലത് പറയാതിരിക്കാൻ വിധിക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെയാണ് അത് എന്നും ഒരു വിഷമപ്രശ്നമായി തുടരുന്നത്. ഓരോ പുസ്തകവും ഓരോ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, വായനയും ജീവിതത്തെ അനുഭവിക്കുന്ന ഒരുവഴി തന്നെയാണ്.

പഴയ പുസ്തകങ്ങൾ വായിക്കുന്ന നവീൻ ലോപ്പസിന്റെ അമ്മ പോലും രതീഷ് മേനോന്റെ കഥകൾ ഒറ്റയിരിപ്പിന് വായിച്ചിട്ടുണ്ട്. പക്ഷേ അയാൾക്ക് ഭാഷയുണ്ട്, പക്ഷേ കഥയില്ല എന്നതായിരുന്നു അവരുടെ അഭിപ്രായം . എഴുത്തിൽ വാക്കുകളുടെ സൗന്ദര്യം, ശൈലി, ഭാഷാപാടവം എല്ലാം ഉണ്ടെന്നാലും, കഥാപാത്രങ്ങൾ, സംഭവവികാസം, സംഘർഷം, കഥയുടെ ഗതി എന്നിവ വായനക്കാരനെ പിടിച്ചിരുത്തുന്നില്ല. കഥയ്ക്ക് ഒരു ‘ഹൃദയം’ ഉണ്ടാകണം. അങ്ങനെ കഥാശില്പം വളരണം എന്ന അഭിപ്രായക്കാരനാണ് ലോപ്പസ്.

എന്നാൽ സോഷ്യൽ മീഡിയയിൽ പേരുകേട്ട മിസ്റ്റർ രതീഷ് മേനോൻ ഒരുക്കുന്ന മായക്കാഴ്ചയിൽ വീണുപോയി, അയാളുടെ പുസ്തകങ്ങൾ മറ്റുള്ളവർ വാങ്ങുന്നു. പക്ഷേ സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുന്നവരെ കൊന്നുകളയുന്ന രീതിയിലേക്ക് ഇന്നത്തെ ജീവിതം മാറിക്കഴിഞ്ഞു. വായനയ്ക്ക് ഒരു സത്യമേയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ലോപ്പസ്. സത്യം പറയുന്ന എഴുത്തുകാരന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക കഥാവസാനത്തിൽ കാണാം.

എഴുത്തുകാർക്ക് വായനക്കാരുമായി നേരിട്ട് ഇടപെടാനുള്ള ഒരു സാധ്യത ഇന്ന് സോഷ്യൽ മീഡിയ തുറന്നു കൊടുക്കുന്നുണ്ട്. തന്റെ കൃതിയെക്കുറിച്ചുള്ള, അല്ലെങ്കിൽ എഴുത്തുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുത്തുകാരന് നേരിട്ടറിയാൻ ഇതുവഴി സാധിക്കുന്നു. സോഷ്യൽ മീഡിയ വഴി സ്വന്തം എഴുത്തു പരിപോഷിപ്പിച്ച പലരും പിന്നീട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് സാഹിത്യ രംഗത്ത് ഉറച്ചയിടം നേടി. എന്നാൽ വായനക്കാർ സോഷ്യൽ മീഡിയയിലെ ഈ ഹൈപ്പ് കണ്ടുകൊണ്ടുമാത്രം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു. ചില പുസ്തകങ്ങൾ ഗുണനിലവാരത്തേക്കാൾ ബുക്ക് റിലീസ് ഷോ, റീലുകൾ, പരസ്യപ്രചാരണങ്ങൾ എന്നിവയാൽ ഇമേജ് കൂട്ടുന്നു. വായനക്കാർക്കും അതിൽ ഒരു കൗതുകം ഉണ്ട്. എല്ലാവരും അതിനെപ്പറ്റി സംസാരിക്കുന്നു , അതുകൊണ്ട് വായിക്കണം എന്നൊരു മനോഭാവം ഉണ്ടാവുന്നു. എന്നാൽ ചില നല്ല കൃതികൾ പരസ്യം കിട്ടാതെ മറഞ്ഞു പോകുന്നുമുണ്ട്. അവ ബെസ്റ്റ് സെല്ലർ സ്റ്റിക്കർ കിട്ടാതെ തഴയപ്പെടുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കഥാകൃത്ത് ശ്രീ. മധുപാൽ.

ഗ്ലോബലൈസേഷൻ എന്ന ആശയത്തോടും ഡിജിറ്റൽ ലോകം എന്ന ആശയത്തോടും ബന്ധപ്പെട്ടതാണ് “ലോകം ഒരു ചെറിയ പട്ടണമാണ്” എന്ന തലക്കെട്ട്. ലോകം മുഴുവനും വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ ഇക്കാലത്ത് ആധുനിക ജീവിതത്തിന്റെ വേഗതയും മനുഷ്യജീവിതത്തിന്റെ അസ്ഥിരതയും ഒരുമിച്ചടയാളപ്പെടുത്തുന്നു കഥാകൃത്ത് ഈ കഥയിലൂടെ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.