
തിരികെ എനിക്കൊന്നു പോകണം
പോയകാലത്തിന്റെ സ്‌മൃതി നിഴൽ തേടണം ..
ചിരി തന്ന കാലവും, കരയിച്ച കാലവും
തിരയുന്ന വഴികളിൽ
മിഴിപാകി നിൽക്കണം .
കണ്ടു ഞാൻ ദൂരത്തു മായാത്ത
സന്ധ്യയിൽ ചിരിയും, വിഷാദവും
കൈകോർത്തുനിൽക്കുന്നു.
പറയുന്നവർ കഥകൾ, കഥനങ്ങളായിരം ആരിലും
തിരയുന്ന വ്യഥകൾക്കുള്ളുത്തരം.
കാലങ്ങൾ മായുന്നു –
മറയുന്നു, തെളിയുന്നു
വിധിതൻ വിഹായസ്സിൽ
അഴലായും അഴകായും
തേങ്ങുന്ന നിമിഷത്ത് താങ്ങുവാൻ കഴിയാതെ
പിൻവാങ്ങി നിൽക്കുന്നു
ചിരിയെ പുണർന്നവർ
ഓർമയിൽ വയ്ക്കുവാൻ ബാക്കിയായി
ഒരുപിടി നനവുള്ള കണ്ണുനീർ
‘ഓർമ്മകൾ’ മാത്രവും .!
ചിരിതന്ന കനവതും
മണ്മറഞ്ഞെവിടെയോ
അവിടെ കിളിർത്തതോ
നൊമ്പര ചെമ്പകം .!
വിടപറഞ്ഞൊരുപാട്
ചേർത്തുപിടിച്ചവർ,
ചേർന്ന് നിൽപ്പുണ്ടിന്നും സങ്കടം തന്നവർ..
ഇനിയും നടക്കണം
തുടരേണ്ട വഴിതേടി
എഴുതിയാൽ തീരാത്ത
കവിത തൻ വരികൾക്കായി..









