കവിതാദിനം

നിലാവിന്റെ
വിഷാദമൊക്കെയും
കവിതയായി
മാറിയതായിരിക്കാം..

മഴ നനഞ്ഞ
കിനാവുകൾ
വരികളായി
മാറുന്നതുമാകാം

പിന്നിട്ട വഴിയിലെ
ചിതറിയ മോഹങ്ങൾ
നിലാപക്ഷി
ഏറ്റുപാടുന്നതുമാകാം..

പുഴയോരത്തെ
വെയിലേറ്റ
കാഴ്ചകൾ
ഗാനമുതിർക്കുന്നതുമാവാം..

രുധിരമുതിരുന്ന
ചിന്തകൾ
കാട്ടുപൂക്കളോട്
പരിഭവം ചൊല്ലുന്നതുമാവാം..

രൂപം മാറിയ
കവിത ഒടുവിൽ
ബാഷോയുടെ
ഹൈക്കു കവിതയിൽ
എത്തിനിൽക്കുന്നു

അലങ്കരിക്കപ്പെട്ട
വരികളിൽ
ഇതളുകൾ പൊഴിഞ്ഞ്
സുഗന്ധമില്ലാത്ത
സുമങ്ങളുമാകാം
ചിതലരിച്ച ചില്ലകളുമാകാം

പൂരിപ്പിക്കാത്ത
നൊമ്പരങ്ങൾ
അപ്പോഴും
നെടുവീർപ്പുകൾ
ഉതിർത്തുകൊണ്ട്
രാവിൽ ചിതറിപ്പോയിരുന്നു

എമിലിഡിക്കൻസും
നെരൂദയും,സുഗതകുമാരിയും
ഓ.എൻ.വിയും ചങ്ങമ്പുഴയും
പ്രണയിച്ച കവിത..
പവിഴമല്ലിയുടെ സുഗന്ധം
പരത്തി തുടരട്ടെ യാത്ര..
ആകാശഗംഗയോളം..

ഏതോ വഴിയിൽ
പൊഴിഞ്ഞ പ്രണയമോ
കണ്ടു മറന്നുപോയ
കാഴ്ചകളോ
കവിതയുടെ
ചിറകുകളായ്…..