
പോകാൻ നേരം
ഒരു നരച്ച കുട
വരംപോലെ തണലുമായി
ഉമ്മറത്ത് കാത്തുനിന്നു
ഒടിയാറായ തുരുമ്പിച്ച
ഒറ്റക്കാലിലൂന്നിക്കൊണ്ട്.
കുടക്കീഴിൽ ഇരുട്ടത്ത്
ഒറ്റയ്ക്ക് നിൽക്കുമ്പോൾ
ആകാശമഴിച്ചിട്ട
ഈറൻ കപർദ്ദം ഞാൻ നോക്കുന്നു.
ഈരുകൾപോലെ
അങ്ങിങ്ങായി തനിച്ചായിപ്പോയ
നക്ഷത്രങ്ങൾ
എന്നെ ഓർമ്മിപ്പിച്ചു,
മരണപ്പെട്ട കൂട്ടുകാരിയുടെ
പേൻ നിറഞ്ഞ മുടികത്തിയ മണം.
ഒരു മുഷിഞ്ഞ
പഴന്തുണിക്കാറ്റ് മുഖത്തേക്ക്
പാറിവീഴുന്നു.
കുടപ്പുറത്തിരുന്ന്
നരവീണതിനെപ്പറ്റിയുള്ള
ആശങ്കകളുമായി
അസന്തുലിതമായ അകാലത്തെ
അവസാന നാളുകളെക്കുറിച്ച്
ഇരുവരും സംവദിച്ചു.
വേനലിലെ ആദ്യമഴ പോലെ
പനിച്ചൂടിൽ വിറച്ച കാറ്റിൻ
വിയർപ്പ് കൊണ്ടു
കുടയൊന്നാകെ.
മരണത്തോടടുക്കുമ്പോൾ
ജീവിതത്തിനായുള്ള
ദാഹംകൊണ്ട് വലഞ്ഞ
ഉന്മാദത്തിന്റെ നട്ടുച്ചയിൽ അവരുടെ
കണ്ണിലും മണ്ണിലും പ്രളയമായി.
ചക്രവാളത്തിൽ ഞാൻ
നിവർത്തിപ്പിടിച്ച കുടപോലെ
മരവിച്ചുപോയ നരച്ച കടല്.
അതിനുമീതെ
പള്ളിവാൾ കണക്കെ
മങ്ങിയ കടലിടുക്കിൽ
സ്തംഭിച്ച സൂര്യൻ.
ഒരു ഛായാഗ്രാഹിണിയെപ്പോലെ
യുഗാന്തരങ്ങളായി ഞാൻ
നരച്ച കടൽക്കുടയും ചൂടി
ചുഴിക്കുള്ളിൽ ഒളിച്ചിരിക്കുന്നു.
സുന്ദര സാഗരത്തിൽ
കടൽക്കുതിരകളായി
നമ്മളൊരിക്കൽ
രമ്യതയിലിരിക്കുമ്പോൾ
മത്സ്യം കൊത്തിയൊരിടമുണ്ട്,
എന്നിൽ.
കാകാസുര വൃത്താന്തം പോലൊരു
അടയാളവാക്യം.
നരച്ചതും പുതച്ച് ഞാൻ
പൊരിവെയിലത്ത്
ഒരു കുടയ്ക്കായി
ചുടുകാട്ടിൽ
കാത്തുനിൽക്കുന്നു
ഒടിയാറായ തുരുമ്പിച്ച ഒറ്റക്കാലുമായി.









