
ഒത്തിരുന്നൊരാളോർക്കാതെ പോകവേ
ഒറ്റയാവുന്നോർമ്മ തീ പിടിച്ചാവിയായി.
എത്ര ജന്മം പകർന്നാലും തീരാത്തത-
ത്രയും പങ്കുവയ്ക്കെ നീ മൗനമായി…
കാലദേശങ്ങൾ താരകജാലങ്ങൾ
താണ്ടിയെൻ ചാരെയെത്തിയ ജ്വാല നീ.
ഒറ്റ മാത്രയിൽ ചുട്ടുപൊള്ളും കനൽ
കുത്തിനിർത്തിയെൻ മോഹ ശൃംഗങ്ങളിൽ.
നീയടുത്തെത്തും നേരത്ത് മിന്നലിൻ
പൊള്ളലേറ്റെന്റെയുള്ളം പിടഞ്ഞതും
നിൻവിരൽ സ്പർശവീഥിയിൽ വർഷത്തിൻ
ഘോഷമോടാഴി കീഴ്മേൽ മറിഞ്ഞതും
കാറ്റുതേവിത്തുടുപ്പിച്ച കാർമുകിൽ
താണിറങ്ങി തൊഴുത പ്രഭാതവും
കോടി സൂര്യപ്രഭയിൽ തിളച്ചതാം
വേർപ്പു തൂവി നനഞ്ഞ മദ്ധ്യാഹ്നവും
കഞ്ജപംക്തികളഞ്ജലീബദ്ധരായി
ശുദ്ധസംഗീതസായാഹ്നമായതും
നാമൊന്നായിരുന്നോരിടങ്ങളിൽ
വീണുടഞ്ഞതാം ദീർഘനിശ്വാസവും
നാം നടന്ന വഴികളും കാഴ്ചയും
ഓർമ്മയിൽ നീറിനിൽക്കുന്നെന്നോമലേ..
ഓർത്തു ഞാനിന്നീ വീഥിതന്നോരത്ത്
കാത്തുനിൽക്കുന്നു നഷ്ടപ്രണയമേ…
ഏറെയില്ലിനി നീങ്ങുവാനിപ്പോഴും
കാത്തു നിൽപ്പാണറിയുമോ എൻ മനം?









