
ചക്രവാളസൂര്യൻ
പടവുകൾ ഇറങ്ങുന്നു….
ഓരോ ദിവസവും
ഓരോ നിറത്തിൽ-
ചായക്കൂട്ട്
മാറിമറിഞ്ഞു
കടും ചുവപ്പ്,
ഇളംമഞ്ഞ,
വെള്ളി നിറം,
തിരകൾക്കുമുണ്ട്..
ഈ ഭാവപ്പകർച്ച..
പച്ച, നീല, വെള്ള,
പിന്നെ പേരില്ലാത്ത നിറം!!
മനുഷ്യമനസ്സു പോലെ..
കടലാമകൾക്ക്
വഴിതെറ്റാറില്ല…
മുട്ടയിട്ടു, മണ്ണുമൂടി,
ഊളിയിടുന്നു….
ഞണ്ടുകൾ കരയിൽത്തന്നെ
ഓടിയിറങ്ങുന്നു…
പാഞ്ഞു വരുന്ന തിരമതിലുകൾ
ചെറിയ ഓളങ്ങളായി മാറും…
കരയ്ക്കു പിടിച്ചിട്ട-
മത്സ്യങ്ങൾ ശ്വാസം കിട്ടാതെ
പിടയുന്ന കാഴ്ചയ്ക്ക്
ഒരു മാറ്റവുമില്ല…
മാറ്റമില്ലാത്ത ഒന്നുകൂടിയുണ്ട്..
അസ്തമനം..
കടൽത്തീരത്തു താമസിക്കുന്ന
ഒരാളിന്,
ഇനിയും പറയാനുണ്ട്..
അഗാധതയെക്കുറിച്ച്,
കടലിന്റെയും മനസ്സിന്റെയും…!









