
കട്ടിലിലോരം
ചേർന്നു കിടക്കെ,
മറുപുറമാകെ
അലക്കി മടക്കാത്തുണികൾ
നിരക്കെ,
ഒരിത്തിരി ഇടമുണ്ടല്ലൊ
ഉറക്കിനൊടൊപ്പമുരുണ്ടു
രസിക്കാനെന്നു വിചാരിക്കെ ,
ക്കൺവെട്ടത്തൂടൊരു
മിന്നാമിന്നി പറക്കെ ,
ഒന്നു തിരിഞ്ഞാക്കുഞ്ഞു വിളക്കി
ലുദിക്കും സൂര്യനെ
കരുണച്ചിരിയാൽ തൊട്ടു
വിളിയ്ക്കെ,
മാറിലുറങ്ങും പുസ്തകമക്ഷര
നഖമുനയുരസി രസിക്കെ ,
ഉറക്കമിതെന്തൊരലോസരമെന്നു
മടങ്ങിപ്പോകെ ,
നിലാവെട്ടത്തിൽ പുസ്തകമേശ
തെളിഞ്ഞു കിടക്കെ ,
ചുമരിൽ കയറിക്കൂടിയിരിയ്ക്കു
മെഴുത്തിൻ കുഞ്ഞനുറുമ്പുകൾ
കേറ്റമിറങ്ങിപ്പെരുവിരലറ്റത്തൂടെ
ക്കയറിയിറങ്ങിപ്പരതി നടക്കെ ,
അടിമുടി പരമാനന്ദത്തിരയേറ്റത്തിൻ
നടുവിൽ വേദന
കരിവാളിച്ചു കിടക്കെ ,
മുറിയുടെ ഇത്തിരിവട്ടം ചിറകു മുളയ്ക്കും
മായക്കമ്പളമാകെ ,
നിശയുടെ നീലാഞ്ജനമുഖവെട്ടം
വീണുകിടക്കെ ,
പ്രിയദർശനയാം ഭൂമി
മലർന്നു കിടക്കെ ,
കുത്തനെ കയറിപ്പോമൊരു
കോവണി മേലെ
എഴുത്താൾ നിന്നു ചിരിക്കെ ,
ചെമ്പട്ടാടയുലയ്ക്കും മട്ടിൽ
മുലകൾ നിന്നു തുടിയ്ക്കെ ,
കുളി നീരിറ്റും കാർമുടി ,
നരപാറും മുടിയുലയും മട്ടിൽ
പുറവടിവൊട്ടു തുളുമ്പെ ,
കണ്ണിലൊരൊത്തിരിവിശ്വാസത്തരി
വീണു കിടന്നു തിളയ്ക്കെ ,
പദരേണുക്കൾ പുരണ്ട മര-
പ്പടവൊക്കെയിരുട്ടിലൊളിക്കെ ,
വിറപാദങ്ങൾ അക്ഷരമണികൾ
കൊരുത്ത കൊലുസ്സണിയുന്നു ,
കറപറ്റിയവിരൽ മൊട്ടുകളാകെ
വിരിഞ്ഞു നിറംചാറുന്നു ,
ഉടലൊരു നർത്തന വടിവാർന്നുരഗം
പോലനുനിമിഷം പടരേ ,
മുറിയൊരു മന്ത്രച്ചതുരക്കളമായ്
പാതിയിരുട്ടിൽ പാതി വെളിച്ച_
ത്തിരകളിലൊഴുകി നടക്കെ ,
പിന്നിൽ നിന്നു പിടിച്ചു മുറുക്കു
മുറക്കം കണ്ണുകൾ തുന്നി
ക്കൂട്ടി രസിക്കെ,
ഇടതുകഴുത്തിൻ മൃദുവിൽ
ഇരുകോമ്പല്ലുകളാഴ്ത്തി രസിക്കെ ,
അണിവിരൽ കുത്തിയുയർന്നാടുന്നൊരു
നർത്തനശിലപോലംഗോപാംഗമിരുട്ടിൽ
മുങ്ങിയിരുന്നു ,
വിഷനീലത്തിലുടൽ മൂടുന്നു ,
ചുഴലിച്ചുറ്റിലെടുത്തെറിയുന്നു ,
ആരിവളെന്നൊരു നിറചിരി
ചുണ്ടിൽ പൂത്തു മറിഞ്ഞു കിടന്നു ,
വാക്കുമരിച്ചകനൽപ്പാടത്തിൽ
അടിമുടി വെന്തു കിടന്നു .









