തേൻകെണികൾ
മേടമെത്തും മുമ്പേ കാട്ടുകൊന്നകൾ വിഷുക്കണിയൊരുക്കി കാത്തിരിക്കാറുണ്ട്. ഒരു പച്ച ഇലപ്പുഴു മഞ്ഞപ്പാപ്പാത്തിയിയി ഉടലഴക് മാറുന്നതുപോലെ കൗതുകകരമാണത്. കറുത്ത വനമണ്ണിൽ കുരുത്ത പച്ചപ്പുൽപ്പരപ്പിൻ്റെ മാറിൽ അപ്പോൾ പുത്തൻ സ്വർണ്ണത്താലിപോലെ കൊന്നപ്പൂവിതളുകൾ പതിഞ്ഞുകിടക്കുന്നുണ്ടാകും. മുകളിൽ, ഇളംചാരനിറമുള്ള ഇലയില്ലാ കൊമ്പുകളിലാകെ നീളൻ കാശുമാലകൾ കണക്കെ കർണ്ണികാരങ്ങൾ നിറഞ്ഞു തൂങ്ങിയാടും. ഭാരിച്ച പൊന്നിൻപണ്ടങ്ങൾ ഊരി മരക്കൊമ്പുകളിൽ തൂക്കിയിട്ട്, പുതുമണവാളൻ്റെ വരവിനായി വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഏതോ കന്യകയുടെ കാതരഭാവമാണ് അപ്പോൾ കാടിനുള്ളതെന്ന് തോന്നും . അല്പം കാല്പനികത പുറത്തെടുത്ത് ഒന്ന് കണ്ണടച്ചിരിക്കാനായാൽ ഒരു നവോഢയുടെ ചുടുനിശ്വാസം നിങ്ങളുടെ പിൻകഴുത്തിൽ പതിക്കുന്നത് അനുഭവിക്കാനുമാകും ! കാട് മീനച്ചൂടിൽ വരണ്ടുതുടങ്ങി എന്നതിൻ്റെ സൂചകമാണാ ചൂടുകാറ്റ് !!
കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്ന കാടുകളിലൂടെ, ആ മാസ്മരിക ദർശനത്തിൽ ഭ്രമിച്ചുനടക്കുമ്പോൾ ആദിവാസി വാച്ചർമാരാണ് ആദ്യം അപകടസൂചന തന്നത്. ” സാർ, സൂക്ഷിക്കണം, ഇവിടെ കരടികൾ ഉണ്ടാകും !!”
ഞാൻ അന്തംവിട്ട് തലയുയർത്തി നോക്കി. തൂങ്ങിയാടുന്ന ഈ സ്വർണ്ണവർണ്ണം, തലയിൽ പതിക്കാവുന്ന ഇടിത്തീയുടെ പ്രതീകമാണോ ? കള്ളിയങ്കാട്ട് നീലിയെപ്പോലെ അഴകിൻ്റെ വശീകരണ താംബൂലം വച്ചുനീട്ടുന്ന കൊന്നകൾ കൊന്നുകളയാൻ കോപ്പുകൂട്ടിയാണോ കുണുങ്ങിയാടുന്നത് ? കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം പലരും കരുതുംപോലെ കടുവയോ ആനയോ അല്ല. കരടികളാണ് ! നമ്മുടെ വനങ്ങളിൽ അത് പന്നിക്കരടി (Sloth bear)യാണ് !!
കാടിന് ഒരുനേരുണ്ട് എന്ന് നമ്മുടെ ഗോത്രവംശക്കാരാകെ വിശ്വസിക്കുന്നുണ്ട്. ഒരുപരിധിവരെ വനപാലകർക്കും അത് പകർന്നുകിട്ടിയിട്ടുണ്ട്. ഒരുപക്ഷേ, ബോധമനസ്സിനെ കരുത്തുള്ളതാക്കാൻ അബോധമനസ്സ് മെനയുന്ന വെറുമൊരു തന്ത്രം മാത്രമാവുമത്. പക്ഷേ അതും തോൽക്കുന്നത് കരടികൾക്ക് മുന്നിലാണ്. എപ്പോൾ, എവിടെനിന്ന് വരുമെന്നോ എങ്ങനെ പ്രതികരിക്കുമെന്നോ നമുക്കറിയാത്ത ശുദ്ധ തെമ്മാടികളാണ് കരടികൾ. മരണം എത്ര സുന്ദരമാണെന്ന് ജീവൻ രക്ഷപ്പെട്ട ഇരകളേക്കൊണ്ട് പറയിപ്പിക്കുന്ന ഭീകരന്മാർ !
വനംവകുപ്പിൻ്റെ അരണ്യം മാസികക്കായി ഫോട്ടോകൾ എടുക്കുന്നതിന് കെ.എസ്സ്. സാജൻ എന്ന പ്രശസ്ത ഫോട്ടോഗ്രാഫറെയും കൂട്ടി പറമ്പിക്കുളത്ത് എത്തിയപ്പോഴാണ് കരടിയെ ആദ്യമായി കാടിനുള്ളിൽ കണ്ടത്. അന്ന് രണ്ടുദിവസം പകലാകെ കാട്ടിൽ അലഞ്ഞപ്പോൾ കാട്ടുപോത്തും ആനയും മാനും മയിലുമെല്ലാം ഒന്നിനുപിറകെ ഒന്നായ് വന്ന് ക്യാമറാഷട്ടറുകൾ തുറന്നടച്ചുകൊണ്ടിരുന്നു. കാണാൻ മോഹിച്ചവൻ മാത്രം കാണാമറയത്തായിരുന്നു. അതുകൊണ്ട്, ഫോട്ടോഗ്രഫി നടക്കില്ലെങ്കിലും ആ വനവില്ലനെ രാത്രിയിൽ തെരഞ്ഞിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.
അടിസ്ഥാനപരമായി രാത്രി സഞ്ചാരികളാണ് കരടികൾ; മിശ്രഭുക്കുകളും. ലോകത്തെ എട്ടിനം കരടികളിൽ ഭീമൻപാണ്ട തീർത്തും സസ്യഭുക്കാണ്. ഒട്ടുമുക്കാലും മാംസഭക്ഷണത്തെ ആശ്രയിക്കുന്ന ധ്രുവക്കരടികളാകട്ടെ ഏറ്റവുമധികം മാംസം കഴിക്കുന്ന മൃഗജാതിയുമാണ്. ഹിമമലകൾ മുതൽ മഴക്കാടുകൾ വരെയുള്ള അവയുടെ വിന്യാസവും മരംകയറാനും നീന്താനുമൊക്കെയുള്ള കഴിവും മറ്റൊരു സൂചനകൂടി തരുന്നുണ്ട്. അരിങ്ങോടരുടെ കളരിച്ചുവടുകളെല്ലാം നൽകിയാണ് പ്രകൃതി കരടികളെ അതിജീവനത്തിൻ്റെ അങ്കക്കളത്തിൽ എത്തിച്ചിട്ടുള്ളത്. കടുവയെ വരെ ആക്രമിക്കാൻ പാങ്ങുള്ള ആ ക്രൗര്യത്തിനു മുന്നിൽ മനുഷ്യൻ വെറും കുഞ്ഞിരാമൻ !
നമ്മുടെ കാടുകളിലെ ഉയർന്ന,വരണ്ട മേഖലകളാണ് പൊതുവേ കരടികളുടെ ആവാസ ഇടങ്ങൾ. അവയുടെ മുഖ്യഭക്ഷണം ചിതലും ഉറുമ്പുമൊക്കെ ആയതിനാൽ ഈ കുഞ്ഞൻമാരുടെ പ്രിയപ്രദേശങ്ങൾ കരടിയുടെയും താവളങ്ങളായി. പറമ്പിക്കുളം കരടിയുടെ വിഹാരവനമായതും അങ്ങനെയാണ്. അച്ചൻ കോവിലിലെ ആലപ്പാടി മെത്തും കരടിസംരക്ഷണ ഇടമാക്കാൻ പറ്റുന്ന വനമേഖലയാണ്.
കരടിയെ കാണാനിറങ്ങിയ ഞങ്ങളുടെ ജീപ്പ്, അനുസരണയില്ലാത്ത കുസൃതിക്കുട്ടിയേപ്പോലെ ഡ്രൈവറുടെ കൈയിൽനിന്ന് കുതറിമാറാൻ ശ്രമിച്ച് ഓടിക്കൊണ്ടിരുന്നു. ഒടുവിൽ വാച്ചർ പറഞ്ഞ സ്ഥലത്ത് വണ്ടിയിട്ട് ഞങ്ങൾ കാത്തിരുന്നു. വെളുപ്പിന് രണ്ടുമണിയോടടുത്ത് മുമ്പിൽ ഇടതുവനഭാഗത്തുനിന്നും ശക്തമായ ചീറ്റൽശബ്ദം കേട്ടു. വാച്ചർ അവിടേക്ക് വിരൽചൂണ്ടി തലകുലുക്കി. കക്ഷി ഇവിടെയുണ്ട് എന്നാണതിൻ്റെ അർത്ഥം. കുറച്ചുനേരംകൂടി കാത്തിരുന്നപ്പോൾ ഒരാൾ വഴിവക്കിൽ പ്രത്യക്ഷപ്പെട്ടു. 150 മീറ്ററെങ്കിലും മുന്നിലാണ്. കാട്ടുമരക്കൊമ്പുകൾക്കിടയിലൂടെ പാളിവീഴുന്ന ചെറുനിലാവിൽ അവൻ കാട്ടുവഴിത്തിട്ടയിൽ, തല വശങ്ങളിലേക്ക് ആട്ടിക്കൊണ്ട് മണ്ണുപരിശോധന നടത്തുന്നത് വ്യക്തമായി കാണാം. മൺകുഴികളിൽ മറഞ്ഞിരിക്കുന്ന ഉറുമ്പിനെയും ചിതലിനെയും വായിലേക്ക് ഊതി വലിച്ചുകയറ്റുന്നതിൻ്റെ ശബ്ദമാണ് ചീറ്റൽപോലെ തോന്നിയത്. സാജൻ സൂം ഉള്ള ലെൻസ് ക്യാമറയിൽ പിടിപ്പിച്ചു. “കിട്ടില്ല, നോക്കാം ” എന്ന് മുൻകൂർ ജാമ്യമെടുത്തു.
ഞങ്ങൾ ജീപ്പിൽ നിന്നിറങ്ങി നാലുകാലിൽ മുന്നോട്ടു നീങ്ങി. 60 – 70 മീറ്ററോളം അടുത്തെത്തിയപ്പോൾ ഒരു കരടികൂടി കാട്ടിൽനിന്നും പുറത്തുവന്നു. മിക്കവാറും ഒറ്റക്ക് സഞ്ചരിക്കുന്നവരാണ് കരടികൾ. ഇനി മുന്നോട്ടു പോകുന്നത് അപകടമാണ് എന്ന് വാച്ചർ ആഗ്യംകാട്ടി. ഞങ്ങൾ മണ്ണിൽ അമർന്നുകിടന്നു. സാജൻ വീണുകിടന്നു കൊണ്ടുതന്നെ ക്യാമറ ക്ലിക്ക് ചെയ്തു. ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കരടികൾ ഞങ്ങളെ കണ്ടു എന്നുതോന്നുന്നു. അതിലൊന്ന് സംശയത്തിൽ കാടിൻ്റെ വശത്തേക്ക് മാറിനിന്നു. മറ്റേത് എഴുനേറ്റുനിന്ന് ഞങ്ങൾക്കുനേരേ തലയുയർത്തിനോക്കി. തുടർന്ന് ഒരു പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ട് ഞങ്ങൾക്കുനേരേ കുലുങ്ങിയാടിക്കുതിച്ചു ! അപ്പോൾ കൃത്യസമയത്ത്, പിന്നിൽ കാത്തുകിടന്ന ഡ്രൈവർ ജീപ്പ് സ്റ്റാർട്ടാക്കി വണ്ടി മുന്നോട്ടെടുത്തു. ആ വെളിച്ചവും ശബ്ദവും കരടിയെ നിശ്ചലനാക്കി. അത് ഒരുനിമിഷം അന്തിച്ചുനിന്ന് വീണ്ടും രണ്ടുകാലിൽനിന്ന് ശരീരംകുടഞ്ഞു. മണ്ണിൻ്റെയും പൊടിയുടെയും ഒരു വലയം അതിനുചുറ്റും ചിതറിപ്പരന്നു. കുതിച്ചെത്തുന്ന വണ്ടികണ്ട് വേഗം അവരണ്ടും പിൻതിരിഞ്ഞ് കാട്ടിൽ ഓടിമറഞ്ഞു. കറുത്ത നിഴലുകൾക്കപ്പുറം ചിത്രങ്ങളൊന്നും ക്യാമറക്ക് ലഭിച്ചില്ല. എങ്കിലും, വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ, തൂണു പിളർന്ന് പുറത്തെത്തിയ നരസിംഹത്തെപ്പോലെ, പൊടിപടലങ്ങളുടെ പരിവേഷംവിതറി നിവർന്നുനിന്ന ആ കരടിയുടെ രൗദ്രചിത്രം HD ക്ലാരിറ്റിയിൽ എൻ്റെ മനസ്സിൽ ഇന്നും ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട് !
പിന്നീട് പലതവണ കരടിദർശന സൗഭാഗ്യമുണ്ടായി. മംഗളാദേവിയിലും മുത്തങ്ങയിലെ പകൽ സഞ്ചാരങ്ങൾക്കിടയിലും ഗവിയിലേക്കുള്ള രാത്രിയാത്രകളിലും മറ്റും.
മര്യാദകെട്ട ആ വന്യമൃഗത്തെ കാണുമ്പോഴൊക്കെ എന്നിലെ വനപാലകൻ കുഴങ്ങിപ്പോയിട്ടുണ്ട്. കഥകളിയിലെ ഏകലോചനം പോലെ, മനസ്സിൻ്റെ ഒരുപാതിയിൽ അങ്കലാപ്പും മറുപാതിയിൽ വാത്സല്യവുമാണ് കരടികളോട് തോന്നിയിരുന്നത് ! അതിൻ്റെ അകംപൊരുളെന്തെന്നറിയാൻ, നീണ്ടുവളഞ്ഞ നഖങ്ങൾകൊണ്ട് ചിതൽപ്പുറ്റുകൾ മാന്തിപ്പൊളിക്കുന്ന കരടിയെപ്പോലെ ഞാനെൻ്റെ അന്തക്കരണങ്ങളെയും ചികഞ്ഞിളക്കിയിട്ടുണ്ട്. ഒടുവിൽ, കാട്ടിൽവെച്ച് അഴിയാത്ത ആ കടുംകെട്ട് വീട്ടിൽവെച്ചാണ് കുരുക്കഴിഞ്ഞത് എന്നുമാത്രം !
വീട്ടിൽ, മുഖത്തും ചെവിക്കുള്ളിലും കാൽവെള്ളയിലും വെളുത്ത നിറമുള്ള ഒരു ചുവന്ന ടെഡിബെയർ എൻ്റെ മകൻ ഉണ്ണിയുടെ കളിക്കൂട്ടുകാരനായി ഉണ്ടായിരുന്നു ! അനുജൻ തനിക്കൊപ്പം കളിച്ചുതുടങ്ങുംവരെ, അഞ്ചുവർഷം അവൻ്റെ കളിക്കൂട്ടുകാരനായിരുന്നു ആ പാവ, ഞാൻ അറിയാതെതന്നെ എനിക്കും അരുമയായിത്തീർന്നിരുന്നു ! അക്രമകാരിയായ കാട്ടുകരടിയെ വാത്സല്യത്തിൻ്റെ പതുപതുപ്പിലേക്ക് ചേർത്തുവയ്ക്കാൻ എന്നേ പ്രേരിപ്പിച്ചത് എൻ്റെ കുഞ്ഞിൻ്റെ ആ കുഞ്ഞൻ കളിപ്പാവ ആയിരുന്നു എന്ന് സാവധാനമാണ് തിരിച്ചറിഞ്ഞത് !! ലോകമാകെയും കുട്ടികളും മുതിർന്നവരും സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്ന അതേ ടെഡിബെയർ !!
മുഖം മാന്തിപ്പൊളിക്കുന്ന അമേരിക്കൻ കരിങ്കരടി, കുട്ടികൾ കെട്ടിപ്പിടിച്ചുറങ്ങുന്ന ടെഡിബെയറായി മാറിയകഥ, അതറിയാത്തവർക്കായി ചുരുക്കിപ്പറയാം.
അമേരിക്കയുടെ 26-ാമത്തെ പ്രസിഡൻ്റ് തിയഡോർ റൂസ്വെൽറ്റ് ഒന്നാന്തരം ഒരു വേട്ടക്കാരനും ആയിരുന്നു. 1902 നവംബറിൽ പ്രസിഡൻ്റും അനുചരന്മാരും മിസിസ്സിപ്പി കാടുകളിൽ വേട്ടക്കുപോയി. എല്ലാവർക്കും ഇരകളെ കിട്ടിയെങ്കിലും പ്രഡിഡൻ്റിനു മാത്രം മൃഗങ്ങളെ വീഴ്ത്താനായില്ല. ഒടുവിൽ, മറ്റുള്ളവർ വേട്ടപ്പട്ടികളുടെ സഹായത്തോടെ ഒരു ചെറിയ കരിങ്കരടിയെ കുടുക്കി ഒരു വില്ലോ മരത്തിൽ കെട്ടിയിട്ടു. എന്നിട്ട് അതിനെ കൊല്ലാൻ റൂസ്വെൽറ്റിനെ പ്രേരിപ്പിച്ചു.
തോക്കുയർത്തി ആ മൃഗത്തെ ഉന്നം പിടിക്കുന്നതിന്നിടയിൽ, പന്നിയേയും പാമ്പിനേയും പുലിയേയും കടുവയേയും ആരാധിക്കുന്ന ഭാരതീയരുടെ തലതിരിവുപോലെ എന്തോ ഒന്ന് അമേരിക്കൻ പ്രസിഡൻ്റിനെ ബാധിച്ചു ! അദ്ദേഹം, ആ കരടിയുടെ മുഖത്ത് തുളുമ്പുന്ന ഓമനത്തവും കണ്ണുകളിൽ പ്രാണനുവേണ്ടിയുള്ള യാചനയും കണ്ടു !! ഭാരതീയ പൈതൃകത്തിൻ്റെ ഭൂതാവിഷ്ടനെപ്പോലെ റൂസ്വെൽറ്റ് തോക്കു താഴ്ത്തി. “അതിനെ അഴിച്ചുവിട്ടേക്കൂ” എന്ന്, ഏതോ മഹാമുനിയുടെ ചുണ്ടിലെ ഉപനിഷത്ത് മന്ത്രംപോലെ ഉരുവിട്ടു !!
പ്രസിഡൻ്റിൻ്റെ സഹചരന്മാർ ഞെട്ടിപ്പോയി. തമസാനദിയുടെ തീരത്ത് മുഴങ്ങിയ ‘മാ നിഷാദ’ മിസിസ്സിപ്പിയുടെ തീരത്ത് പ്രതിധ്വനിക്കുമോ ? ആ സംഭവം കാട്ടുതീയായി അമേരിക്കൻ സുമനസ്സുകളെ ചുട്ടുപൊള്ളിക്കുകയും സാവധാനം അനുകമ്പയായി പതംവരുത്തുകയും ചെയ്തു !! ഏതാനും ദിവസം കഴിഞ്ഞ്, നവംബർ 16-ന് ക്ലിഫോർഡ് ബെറിമാൻ എന്ന വിഖ്യാത കാർട്ടൂണിസ്റ്റ് ഈ സംഭവം ഒരു കാർട്ടൂണായി വാഷിങ്ങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ചു. വന്യജീവി സംരക്ഷണ അവബോധത്തിൻ്റെ പുതുമഴയിൽ അന്നാദ്യമായി ഐക്യനാടുകളുടെ വരണ്ട മനസ്സ് നനഞ്ഞുകുളിച്ചു !
ഈ സംഭവത്തിൻ്റെ ജനപ്രീതി മാർക്കറ്റ് ചെയ്യാനുള്ള അമേരിക്കൻ കച്ചവടതന്ത്രം പ്രസിഡൻ്റിനുമുന്നിൽ അപേക്ഷയായി വെച്ചത് കളിപ്പാട്ട നിർമ്മാതാവായ മോറിസ് മിച്ച്ടോം ആയിരുന്നു. പ്രസിഡൻ്റ് കൊല്ലാതെവിട്ട ആ കരടിക്കുട്ടിയുടെ ഒരു പാവ നിർമ്മിച്ച് അദ്ദേഹത്തിൻ്റെ പേരിട്ട് വിപണനം നടത്തിക്കോട്ടേ എന്നായിരുന്നു അഭ്യർത്ഥന. അത് അംഗീകരിക്കപ്പെടുകയും തിയഡോർ റൂസ്വെൽറ്റിൻ്റെ ചെല്ലപ്പേരായ ‘ടെഡി ‘ എന്ന പേരിൽ ആദ്യ കരടിപ്പാവ പിറക്കുകയും ചെയ്തു ! വന്യജീവികളോടുള്ള അനുകമ്പയുടെ ചിറകുവെച്ച ദേശാടനപ്പക്ഷികളായി ടെഡി ബെയറുകൾ ഭൂഖണ്ഡങ്ങളെയും രാജ്യാതിർത്തികളെയും മറികടന്ന് ലോകമാകെയെത്തുമ്പോൾ, തനിക്കുലഭിച്ച പിൻതുണയിൽ അന്തംവിട്ട റൂസ്വെൽറ്റ്, പ്രസിഡൻ്റായുള്ള അടുത്ത 7 വർഷവും സമാനതകളില്ലാത്ത വന്യജീവി സംരക്ഷണ തീരുമാനങ്ങളെടുത്ത് “The Conservation President” എന്ന ചരിത്ര പദവിയിലേക്ക് പറന്നുയരുകയായിരുന്നു. പിന്നീടിങ്ങോട്ട് നമ്മുടെ കുട്ടികൾക്കൊപ്പം, കാറുകളിൽ നമുക്കൊപ്പം, ഏകാന്തതയിലായ എല്ലാ പ്രായക്കാർക്കുമൊപ്പം ലോകമാകെയും പതുപതുപ്പുള്ള സ്നേഹ സ്പർശമായി ടെഡി ബെയറുകൾ മനുഷ്യരാശിയോട് പറ്റിച്ചേർന്നിരിക്കുന്നുണ്ട് !! അത് ഒരുനൂറ്റാണ്ടായി മനുഷ്യരാശിയിലുണ്ടാക്കിയ വന്യജീവികളോടുള്ള കാരുണ്യത്തിൻ്റെ ആഴം അളവില്ലാത്തതാണ്. പക്ഷേ അപ്പോഴും നമ്മുടേതടക്കമുള്ള വനവഴികളിൽ കരടികൾ അവരുടെ ക്രൗര്യം പുറത്തെടുത്തുകൊണ്ടേയിരുന്നു !
ചെങ്കരടികളുടെ സംരക്ഷണത്തിനായുള്ള ഗ്രിസ്‌ലി പീപ്പിൾ (Grizzly People) എന്ന സംഘടനയുടെ സ്ഥാപകനും വിഖ്യാത വന്യജീവി ഡോക്യുമെൻ്ററി നിർമ്മാതാവുമായ തിമോത്തി ട്രേഡ്വെല്ലിനേയും പെൺ സുഹൃത്തിനേയും അലാസ്ക്കൻ കരടികൾ കൊന്ന് പൂർണ്ണമായും തിന്നുതീർത്തത് 2003 ൽ ആണ്. നമ്മുടെ കാടുകളിൽ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ വനപാലകർ നിരവധിയാണ്. പറമ്പിക്കുളത്തെ വാച്ചർ മഹാലി രക്ഷപെട്ട് ജീവിതത്തിലേക്ക് മടങ്ങാനായ ഒരാളാണ്. കേരളമാകെ അങ്ങനെ എത്രയെത്ര പേർ !
ഇക്കഥകൾ ഒക്കെ അറിയുന്നതുകൊണ്ട്, ആര്യങ്കാവ് റെയ്ഞ്ചോഫീസറായി സ്ഥലംമാറിയെത്തി കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ചന്ദനക്കാടുകൾ പരിശോധിക്കുമ്പോൾ ഞാൻ അമ്പരന്നുപോയി. പൂത്തുലഞ്ഞ കണിക്കൊന്നകൾ കൊണ്ട് മുക്കാലും മൂടിനിൽക്കുകയാണ് ചന്ദനക്കാട് ! അപ്പോൾ, കറുത്ത ബലിഷ്ടമായ കയ്യിലെ വെളുത്തുവളഞ്ഞ കൊലനഖങ്ങൾ പോലെ ആ വാക്കുകൾ ഓർമവന്നു – സറേ, സൂക്ഷിക്കണം, ഇവിടെ കരടികളുണ്ടാകും !
ആ മുന്നറിയിപ്പിൻ്റെ പിന്നിലെ കഥയിതാണ്: കണിക്കൊന്നയുടെ വിത്ത് കട്ടിയേറിയ പുറന്തോട് ഉള്ളതാണ്. സാധാരണ നിലയിൽ അത് നെഴ്സറികളിൽ കിളിർപ്പിക്കുന്നത് 70 -80 ഡിഗ്രി ചൂടായ വെള്ളത്തിൽ ഇട്ടാണ്. കണിക്കൊന്നയുടെ കാട്ടിലെ ഈ വിത്തുപചാരത്തിൻ്റെ ഡ്യൂട്ടി പ്രകൃതി ഏല്പിച്ചത് കരടികളെ ആണത്രേ. ( വനവാസികളുടെ പ്രാദേശിക അറിവിനപ്പുറം ഇതിന് ശാസ്ത്രീയ പഠനങ്ങളും സാക്ഷ്യങ്ങളും വരാനിരിക്കുന്നതേയുള്ളൂ ). കൊന്നയുടെ വിളഞ്ഞുമുറ്റിയ നീളൻ കായിൽ വിത്തിനെ പൊതിഞ്ഞിരിക്കുന്ന പൾപ്പിൽ ഒരുചെറു തേനടമണം പ്രകൃതി ചേർത്തുവച്ചിട്ടുണ്ട്. അതിനാൽ, തേൻ കൊതിയന്മാരായ കരടികൾ പാകമായ കായകൾ തിന്നുംപോലും. അതിൻ്റെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ ഉപചാരം നടന്ന വിത്തുകൾ കാഷ്ടത്തിലൂടെ കാട്ടിൽ വീഴുമ്പോൾ ധാരാളമായി കിളിർക്കും ! ഈ പ്രാദേശിക വിജ്ഞാനത്തിലുള്ള വിശ്വാസമാണ് കടമാൻപാറയിലെ കണിക്കൊന്നകൾ കണ്ടപ്പോൾ എൻ്റെ ജാഗ്രതയിലെത്തിയത് !
“ഇവിടെ കരടിയുണ്ടോ ?” എന്ന എൻ്റെ ചോദ്യത്തിന്, വല്ലപ്പോഴും കാണാറുണ്ട് എന്ന തണുപ്പൻ മറുപടിയാണ് വാച്ചർമാരിൽനിന്നും ലഭിച്ചത്. അവിടെ നിൽക്കുന്നത് ചന്ദനമരങ്ങളോളം തന്നെ പ്രായമുള്ള കണിക്കൊന്നകളാണ്. അതിനാൽ ചന്ദനസംരക്ഷണ വാച്ചർമാർ നിരന്തരം സഞ്ചരിച്ചു തുടങ്ങിയശേഷം കരടികൾ കണിക്കൊന്നകളെ ഉപേക്ഷിച്ചുകാണും എന്ന് ഞാനൂഹിച്ചു. അപ്പോളും കള്ളിയങ്കാട്ടു നീലിയെപ്പോലെ കണിക്കൊന്നകൾ ഗൂഢമായ ചിരിപൊഴിച്ച് അഴകിൻ്റെ കടക്കണ്ണെറിയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
2019 ജൂൺ നാലിനാണ്. രാവിലെ ഓഫീസിൽ പോകാൻ തയ്യാറാകുമ്പോൾ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജിൽസൺൻ്റെ ഫോൺവന്നു; ചന്ദനസംരക്ഷണ പട്രോളിങ്ങിനുപോയ സംഘത്തിലെ ഒരു വാച്ചറെ കരടി ആക്രമിച്ചിരിക്കുന്നു. പരിക്ക് ഗുരുതരമാണ്. കൂടെയുള്ള മറ്റു സ്റ്റാഫുകൾ ആളിനെ തമിഴ്നാട്ടിലെ S വളവുവഴി ചുമന്നിറക്കുകയാണ്.
വേഗം ആര്യങ്കാവ് ചെക്പോസ്റ്റിനപ്പുറം S വളവിലേക്ക് കുതിച്ചു. അവിടെ വണ്ടിയിട്ട് തമിഴ്നാടിൻ്റെ നെല്ലൈ വന്യജീവി സങ്കേതത്തിലൂടെ കുത്തുകയറ്റം കയറി 2 കിലോമീറ്റർ ഇടത്തേക്ക് എത്തിയപ്പോഴേക്കും മുകളിൽ നിന്ന് ആളിറങ്ങിവരുന്ന ശബ്ദം കേട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോബർട്ടും വാച്ചർമാരായ ജയനും സതീശനും തമിഴ്നാട് വനംവകുപ്പിൻ്റെ ഒരു വാച്ചറും ചേർന്ന് കാട്ടുകമ്പുകൾ കൊണ്ടുണ്ടാക്കിയ ഒരു സ്ട്രച്ചറിൽ ഒരാളെ ചുമന്നിറക്കുകയാണ്. വാച്ചർ ജോസാണത് ! കടമാൻപാറക്കാരുടെ ജോസ് അച്ചായൻ !!
വലതു കണങ്കാലിൽ ചുറ്റിക്കെട്ടിയ രണ്ടു തോർത്തുകളിൽ നിന്ന് ചോരകിനിയുന്നു. 7 കിലോമീറ്റർ മുകളിൽ ദർഭക്കുളത്തിന് സമീപത്തുവെച്ചാണ് കരടി ആക്രമിച്ചത്. രക്തം വാർന്ന് ആള് അവശനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. മുഖത്തോ ശരീരത്ത് മറ്റെങ്ങുമോ ആക്രമണമില്ല എന്ന ആശ്വാസത്തെ ഇല്ലാതാക്കുന്നതായിരുന്നു ഒന്നര മണിക്കൂറെങ്കിലുമായി രക്തം വാർന്നു കൊണ്ടിരിക്കുന്നു എന്ന അടക്കംപറച്ചിൽ.
തെന്മലയിലും പുനലൂരിലും പ്രാഥമിക ചികിത്സ നൽകി അദ്ദേഹത്തെ കൊല്ലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷമാണ് മനസ്സ് ശാന്തമായത്. ആഴത്തിലുള്ള മുറിവിൻ്റെ ഉള്ളിൽ ഏഴും പുറത്ത് പന്ത്രണ്ടും തുന്നലിടുമ്പോൾ, കടിയുടെ ഊക്കിൽ കാലസ്ഥി ഒടിഞ്ഞു പോകാത്തത് ഭാഗ്യം എന്നാണ് ഡോക്ടർ പറഞ്ഞത്.
15 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ജോസ് വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ കടമാൻപാറയിലെ കണിക്കൊന്നകൾക്കിടയിലൂടെയാണ് പോയത്. ഇളംപച്ച ഇലകളാൽ സ്വയംമൂടി ഞാനൊന്നു മറിഞ്ഞില്ലേ എന്ന ഭാവത്തിൽ കൊന്നകൾ നിരന്നുനിൽക്കുന്നു. തേൻ കൊതിയന്മാരായ കരടികളെ പറ്റിച്ച് സ്വന്തം അതിജീവനം സാധ്യമാക്കാൻ കായകളിൽ പ്രലോഭനത്തിൻ്റെ തേൻകെണികൾ ഒളിപ്പിക്കുന്ന കണിക്കൊന്നയുടെ കഥ സത്യമെങ്കിൽ അവയെ കണിക്കൊന്ന എന്നതിനു പകരം ‘ഹണിക്കൊന്ന ‘ എന്നാണ് വിളിക്കേണ്ടത് എന്ന് എനിക്കുതോന്നി !
കരടിക്കായി കണിക്കൊന്ന ഒരുക്കുന്ന ഹണിട്രാപ്പിൻ്റെ കഥ, കാടിനെക്കുറിച്ചുള്ള ഒരുപാട് ഇല്ലാക്കഥകളിൽ ഒന്നാകാനും മതി. പക്ഷേ ഒന്നെനിക്കറിയാം. ഈനാംപേച്ചിയെപ്പോലെ, മരനായയെപ്പോലെ ( Nilgiri marten) എത്രയോ ജീവികളുടെ വന്യജീവിത രഹസ്യങ്ങളുടെ ആദ്യതാളുപോലും വായിക്കുവാൻ കഴിയാത്തവരാണ് നമ്മളിന്നും. വന്യജീവികളുടെ പിന്നാലെ വർഷങ്ങളോളം കൂടി അവയുടെ സൂഷ്മജീവിത രഹസ്യങ്ങൾ ചോർത്താൻ നമ്മുടെ വനപാലകർ വിമുഖരാണ് എന്നതാണ് അതിൻ്റെ പ്രധാനകാരണം. അങ്ങനെ പഠിക്കാനിറങ്ങുന്നത് ‘പരിപാലകൻ ‘ എന്ന ധാർമ്മികതക്ക് എതിരും, വന്യജീവി സംരക്ഷണ നിയമത്തിലെ അലോസരപ്പെടുത്തൽ ( Teasing) എന്ന കുറ്റത്തിൻ്റെ പരിധിയിൽപെടുന്നതുമാകും എന്നതാണ് അവരുടെ മടിക്ക് ഒരു കാരണം. അതുകൊണ്ടുതന്നെ പുറമേനിന്നുള്ള ഗവേഷകർ ഓരോ വർഷവും പുതിയ സസ്യങ്ങളെ, ജന്തുജാതികളെ, അവയുടെ ജീവിത രഹസ്യങ്ങളെ നമ്മുടെ കാടുകളിൽ നിന്നും കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു !
അപ്പോൾ പിന്നെ, കവി അയ്യപ്പപ്പണിക്കർ കണിക്കൊന്നയെക്കുറിച്ച് ” എനിക്കാവതില്ലേ പൂക്കാതിരിക്കാൻ ” എന്ന് പാടിയതുപോലെ, കാട്ടിൽ കണ്ടതും അനുഭവിച്ചതുമൊന്നും പറയാതെപോകാൻ എനിക്കും ആകില്ലല്ലോ !