കാട് കാതിൽ പറഞ്ഞത് – 13

ദൈവക്കാടുകൾ

പല അധ്യായങ്ങളിലായി ഞാൻ കാടിൻ്റെ കഥകൾ പറയുന്നുണ്ട്. ഒന്നുചോദിക്കട്ടെ, എത്രപേർ വനയാത്രകൾ നടത്തിയിട്ടുണ്ട് ? കാട്ടിലൂടെ കുറച്ചേറെ നടക്കണം എന്ന ആഗ്രഹത്തോടെയുള്ള യാത്രകൾ ? മദ്യത്തിൻ്റെയോ വെടിവട്ടങ്ങളുടെയോ അകമ്പടിയില്ലാതെ നൂലട്ടകൾ എഴുന്നുനിന്ന് നമ്മെ തിരയുന്നതു കണ്ടും കാടിൻ്റെ നനുത്ത മണമറിഞ്ഞുമുള്ള കാൽനടയാത്രകൾ ?

അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ നമുക്ക് അങ്ങനെ പോകാനാകൂ. എങ്കിലും അത്തരം ഇടങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. നമ്മുടെ സംവേദന തന്തുക്കളെയാകെ ഉദ്ദീപിപ്പിക്കാവുന്ന ഇത്തരം കാടുകയറ്റങ്ങൾ വേണ്ടെന്നുവെച്ച് വാഹനത്തിലിരുന്നോ ഏതാനും മീറ്ററുകൾ മാത്രം നടന്നോ കാടുകണ്ട് മടങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒന്ന് ഭയമാണ്. കാടിൻ്റെ വന്യതയെക്കുറിച്ചുള്ള ഭയം !

വനപാലകനാണ് എന്ന് പരിചയപ്പെടുത്തുമ്പോൾ സ്ഥിരമായി കേട്ട ഒരു ചോദ്യമുണ്ട്. കാട്ടിൽ പേടി തോന്നില്ലേ എന്ന്. പുറത്തു നിൽക്കുന്നവർക്ക് കാട് മഹാകുഴപ്പംപിടിച്ച ഒരിടമാണ് എന്നു തോന്നുന്നത് സ്വാഭാവികമാണ്. കാടെന്നാൽ നാടെന്നതിൻ്റെ നേർ എതിർവാക്കാണ് എന്ന ഒരു പൊതുബോധം നമുക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ, നിഷ്ഠൂരനായ ഒരു ബലാൽസംഗവീരനെ നാം കാട്ടുമൃഗമെന്നു വിളിക്കും! ശതകോടികൾ തട്ടിച്ചവന് കാട്ടുകള്ളൻ എന്നും കാട്ടുകൊള്ളക്കാരൻ എന്നും പേരിടും. ഏത് അക്രമിയും യാതൊരു സങ്കോചവും ഇല്ലാതെ നിലവിലെ നിയമവ്യവസ്ഥക്ക് നേരേ വിരൽചൂണ്ടി, ഇത് കാട്ടുനീതിയാണ് എന്ന് ആക്രോശിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ആരാജക ചൂഷണത്തിൻ്റെ ചൊല്ലാണ് ‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി ‘ എന്നത് ! ഇപ്പറഞ്ഞ അതിക്രമങ്ങളിലൊക്കെ നാടിന്, കാടിൻ്റെ നൂറുമടങ്ങ് ഊക്കുണ്ട് എന്നറിഞ്ഞിട്ടും കാടിനെ അരുതായ്കകളുടെ സൂപ്പർലേറ്റീവ് ആയി പറയുന്നതിൽനിന്ന് നാം പിൻമാറാറില്ല. ഉള്ളിൽ പതിഞ്ഞുപോയ അത്തരം ധാരണകളുടെ കൂടെപ്പിറപ്പാണ് കാടിനെക്കുറിച്ചുള്ള ഭയവും.

മരണഭയം ചേർത്തുപിടിച്ചിട്ടുള്ള മുഹൂർത്തങ്ങൾ ചിലതെങ്കിലുമുണ്ട് വനജീവിതത്തിൽ. എങ്കിലും കാട് ഭയത്തിൻ്റെ ഇടമല്ല. സമ്മിശ്ര വികാരങ്ങളുടെ ഒരു പൂക്കൂടയാണത്. ഗോത്രബോധങ്ങളുടെ വനപക്ഷ നിലപാടുകളിൽ മുതൽ വനയാത്രികരുടെ ഉത്സാഹങ്ങളിൽ വരെ അത് കാണാനാകും. നാവിലെ രസമുകുളങ്ങളെ രുചിക്കൂട്ടുകളുടെ ഒരുഗ്രൻ തീൻമേശ എന്നപോലെ, പലപല മനുഷ്യവികാരങ്ങളെയും വിചാരങ്ങളെയും ഉദ്ദീപിപ്പിക്കാൻ കഴിയുന്നു എന്നതാണ് കാട് തരുന്ന സൗന്ദര്യലഹരി !

പുരാണത്തിലെ ഒരു ഉദാഹരണം നോക്കൂ. 14 വർഷത്തെ ദുരിതപൂർണ്ണമായ വനവാസത്തിനും അപഹരണത്തിനും യുദ്ധത്തിനും ശേഷമാണ് സീത അയോധ്യയിൽ മടങ്ങിയെത്തുന്നത്. വൈകാതെ സീതയെ ഉപേക്ഷിക്കാൻ രാമൻ തീരുമാനിക്കുന്നു. അതിനുള്ള ഉപായമായി, ഗർഭിണിയായ സീതയുടെ ആഗ്രഹമെന്തെന്ന് അന്വേഷിക്കുന്നു. തനിക്ക് ഒരിക്കൽകൂടി കാടുകാണണം (ചിത്രകൂടം) എന്നാണ് സീതയുടെ മറുപടി ! ഒരു കൊടുംകാട് നൽകിയ എല്ലാ ദുരിതങ്ങൾക്കും അപ്പുറം അതിൻ്റെ ചില സുന്ദരമുഖങ്ങൾ നൽകിയ ഓർമകളാണ് തീവ്രമായ ഗർഭകാലമോഹമായി ഒരു സ്ത്രീയിൽപോലും വാത്മീകി ചേർത്തുവയ്ക്കുന്നത്. (ഒരുപക്ഷേ, കാടിൻ്റെ മകനായതിനാലാകാം ആദികവി അങ്ങനെ എഴുതിയത്). കാട് നൽകുന്ന പ്രലോഭനത്തിന് ഇതിലും നല്ല ഒരു ഉദാഹരണം ഞാൻ കണ്ടിട്ടില്ല.

പല വന പര്യടനങ്ങളുടെയും വനതീർത്ഥാടനങ്ങളുടെയും പ്രേരണയും അത്തരം ഒരു സമ്മിശ്ര അനുഭൂതി സൃഷ്ടിക്കുകയാണ്. കേരളത്തിലെ ഏറ്റവും ദീർഘമായ ഇക്കോടൂറിസം ട്രക്കിങ്ങ് പാത അഗസ്ത്യാർകൂടത്തിലേക്ക് ഉള്ളതാണ്. ബോണക്കാട് പിക്കറ്റിംഗ് പോയൻ്റിൽനിന്നും 20 കി.മീ ദൂരമുണ്ട് ഒരുവശത്തേക്ക്. 1868 മീറ്റർ ഉയരമുള്ള മല കയറി മടങ്ങിവരാൻ സാധാരണയായി 3 ദിവസം വേണം. ജീവിതത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട വനവഴിയാണിത്.

വിതുരക്ക് 10 കിലോമീറ്റർ അപ്പുറം കാണിത്തടം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് മുതൽ വനമാണ്. റോഡിന് ഇരുപുറവും വൻമരങ്ങൾ ധാരാളമാണെങ്കിലും കാട് കുറച്ചൊക്കെ തുറന്നതാണ്. ബ്രിട്ടീഷ് കാലത്തെ ബോണക്കാട് തേയില ഫാക്ടറി ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ്. അവിടുത്തെ ലയങ്ങളിലെ മനുഷ്യർ, കാട് ഒരു കാമധേനവാണ് എന്നു കരുതി അതിനെ ചൂഷണം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മനോഭാവത്തിൻ്റെ ഇരകളായി തൊഴിൽ നഷ്ടപ്പെട്ടവരും നിരാലംബരായവരുമാണ്. അവരുടെ ലയങ്ങളും കടന്നുവേണം പിക്കറ്റിംഗ് സ്റ്റേഷനിലെത്താൻ. അവിടെ വനപാലകർ സഞ്ചാരികളുടെ രേഖകളും, അനുവദനീയമായ വസ്തുക്കളാണോ ബാഗുകളിൽ ഉള്ളത് എന്നും പരിശോധിക്കും. ഒരു ഗൈഡിൻ്റ മേൽനോട്ടത്തിൽ 10 -15 പേരെ വീതം വനത്തിലേക്ക് കടത്തിവിടും. പേപ്പാറ റെയ്ഞ്ച് ഓഫീസറുടെ ചാർജ്ജ് വഹിക്കുമ്പോൾ ഒരു തവണ സീസൺ യാത്രകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.

ലേഖകൻ്റെ അഗസ്ത്യാർകൂട യാത്രക്കിടയിൽ

നടന്ന് 2 കിലോമീറ്റർ എത്തുമ്പോൾ വലതുവശം ഒരു കല്ലിനുമുമ്പിൽ ആളുകൾ സാമ്പ്രാണിത്തിരികൾ കത്തിക്കുന്നത് കാണാം. അതിൽ ജാതിയും മതവും ഒന്നും പരിഗണിക്കാതെ എല്ലാ വിശ്വാസികളും കൂടാറുണ്ട്. തങ്കയ്യൻ കോവിൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബോണക്കാട് തേയില തോട്ടത്തിലെ ഒരു തൊഴിലാളി ആയിരുന്നത്രേ തങ്കയ്യൻ ! തങ്കയ്യൻ്റെയോ ഈ കാട്ടുകല്ലിലുള്ള മൂർത്തിയുടെയോ പശ്ചാത്തലം ഒന്നും ആരും തിരയാറില്ല. കാടിൻ്റെ നിഗൂഡതയെ എന്നപോലെ, ആരോ തുടങ്ങിവെച്ച ഈ ആചാരത്തെയും അംഗീകരിക്കാൻ സഞ്ചാരികൾക്ക് മടിയില്ല.

മതയുക്തികൾ തോൽക്കുകയും മനുഷ്യനിലെ ഗോത്രബോധങ്ങൾ മുൻകൈ നേടുകയും ചെയ്യുന്ന ഇത്തരം ആചാരഇടങ്ങൾ ഓരോ കാട്ടിലുമുണ്ട്. ദൈവാധീനം കൊണ്ട് മറുകരയെത്തേണ്ട ഒരിടമാണ് കാട് എന്നതോന്നൽ അവിശ്വാസികൾ ഒഴികെ എല്ലാവരും ഏറ്റെടുക്കുന്നു. മറ്റ് ആരാധനാ ഇടങ്ങളെപ്പോലെ ഭയം, ഭക്തി, ദ്രവ്യങ്ങൾ എന്നിവനൽകി അനുഗ്രഹം കൈപ്പറ്റുന്ന ഏർപ്പാട് കാട്ടിലില്ല. പ്രകൃതിക്ക് മുന്നിലുള്ള മനുഷ്യൻ്റെ വിനയത്തിൻ്റെ, നിൻ്റെ രക്ഷാവലയത്തിൽ എന്നെയും ഉൾപ്പെടുത്തണേ എന്ന ആഗ്രഹത്തിൻ്റെ ഒരിടം – അത്രക്ക് ആഴമേ ഈ വനബിംബങ്ങൾക്കുള്ളൂ. അങ്ങനെ കാട് അതിൻ്റെ വിശാലതയിൽത്തന്നെ ഒരു ദൈവത്തറയായി മാറുന്നു !

പുത്തൻ മതബോധങ്ങളുടെ കുടുക്കിൽ പെട്ടുപോയിട്ടും, നമ്മുടെ കാവുകളിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇത്തരം ഇണക്കത്തിൻ്റെ അവശേഷിപ്പുകൾ ഇപ്പോഴും കാണാനാകും. ഇവിടെ മാത്രമല്ല, ലോകത്ത് ഗോത്ര ജീവിതത്തിൻ്റെ അവശേഷിപ്പുകൾ അക്രമികൾ തല്ലിക്കെടുത്താത്ത ഇടങ്ങളിലാകെ, കാടിന് ദൈവ പരിവേഷം നൽകുന്ന രസകരമായ അടയാളങ്ങൾ പതിഞ്ഞുകിടപ്പുണ്ട്.

സൽമാൻ ഖാനെ അഴിയെണ്ണിച്ച ബിസ്നോയികളുടെ കഥ അത്തരത്തിലൊന്നാണ്. മഴപെയ്ത ഇടങ്ങളിലേക്ക് മാറ്റകൃഷിചെയ്ത്( Shifting cultivation) അലഞ്ഞിരുന്നവരായിരുന്നു രാജസ്ഥാനിലെ മരുഭൂമി വാസികൾ. ജാംഭോജി എന്നൊരു സന്യാസി, മരങ്ങൾ നട്ട് സംരക്ഷിച്ച് ഒരിടത്ത് താമസിച്ചാൽ മഴ അവിടെ കിട്ടും എന്ന് അവരെ ഉപദ്ദേശിച്ചു. അവരത് അനുസരിക്കുകയും മരങ്ങൾ വളരുന്നതിന് അനുസരിച്ച് മഴ കൃത്യമായി അവരെത്തേടി വരുകയും ചെയ്തു. അവർ നട്ടത് മരു വൃക്ഷമായ ഖേജരി (Prosopis cineraria) ആയിരുന്നു. ഈ മരം മരുഭൂമിയിലെ പക്ഷികൾക്കും മൃഗങ്ങൾക്കും അഭയവും ഭക്ഷണവും നൽകുന്നതുകൂടിയാണ്. അങ്ങനെ ഒരു മരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടു. മഴയുടെ മൂലമന്ത്രം തങ്ങൾക്ക് പറഞ്ഞുതന്ന വിശുദ്ധനെയും വൃക്ഷങ്ങളെയും അവർ ആരാധിച്ചു തുടങ്ങി. ഇവരാണ് ബിസ്നോയികൾ. മരുവൃക്ഷങ്ങളെ സംരക്ഷിക്കാൻ 1730-ൽ അവർ നടത്തിയ സഹന സമരത്തിൽ 363 മനുഷ്യരാണ് രക്തസാക്ഷികളായത്. അമൂർത്തമായ പരിസ്ഥിതിക അവബോധത്തെ വിശ്വാസത്തിൻ്റെ ഉടലുറപ്പിലേക്ക് ആവാഹിക്കുന്ന മനുഷ്യാവസ്ഥയുടെ പരകോടിയായ ആ ചരിത്രഭൂമി നമ്മെ അവിശ്വസനീയതയുടെ അമ്പരപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകും.

ജെയ്പൂരിൽ നിന്നും ഇൻ്റർസിറ്റി എക്സ്പ്രസ്സിലാണ് രാവിലെ 5 മണിക്ക് ജോഥ്പൂരിലേക്ക് പോയത്. 600 കിലോമീറ്ററിലേറെ നീളമുള്ള ആരാവല്ലി പർവ്വതനിരകളുടെ തെക്കുചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, രാജസ്ഥാൻ്റെ തലസ്ഥാന നഗരമായ പിങ്ക്സിറ്റി, മലമുകളിലെ കോട്ടകൊത്തളങ്ങളുടെയും കുറച്ചൊക്കെ പച്ചപ്പിൻ്റെയും ഇടമാണ്. അവിടെ നിന്നും ട്രെയിൻ പടിഞ്ഞാറേക്ക് പോകുന്തോറും മരുഭൂമിയുടെ ഭൂപ്രകൃതി നമ്മെ ഗ്രസിച്ചുതുടങ്ങും. കണ്ണെത്താ ദൂരത്തോളമുള്ള ഗോതമ്പുപാടങ്ങളും കടുകും കടലയും മറ്റെത്രയോ ധാന്യങ്ങളും വിളയുന്ന വയലുകളും പിന്നിടുമ്പോൾ അവിടവിടെ ഗ്രാമങ്ങൾ പ്രത്യക്ഷപ്പെടും. പത്തുമണിക്ക് ജോഥ്പൂരിൽ എത്തുംമുമ്പേ തീവെയിലിൻ്റെ തീഷ്ണത മണ്ണിനെയും മനുഷ്യരേയും പിടികൂടിയിരുന്നു. കാച്ചിച്ചുവപ്പിച്ച ഇരുമ്പുപോലെ, മഴക്കുവേണ്ടി, തണലിനു വേണ്ടി, പച്ചപ്പിനുവേണ്ടി ഒരു നാടിൻ്റെയും അവിടുത്തെ ജനത്തിൻ്റെയും മനോഭാവത്തെ പതംവരുത്താൻ ഉലയൊരുക്കുകയാണ് സൂര്യനും പ്രകൃതിയും എന്നുതോന്നി !

ജോഥ്പൂർ റെയിൽവേസ്റ്റേഷനിൽ പൊട്ടിപ്പൊളിഞ്ഞ മാരുതി ജിപ്സിയുമായി ട്രാവൽ ഗൈഡും ഡ്രൈവറും ഉണ്ടായിരുന്നു. 26 കിലോമീറ്റർ ദൂരമുണ്ട് ഹരിത രക്തസാക്ഷിത്വത്തിൻ്റെ ഇടത്തേക്ക്. ഖേജരി വൃക്ഷങ്ങളുടെ ഈ ഗ്രാമത്തിൻ്റെ പേരും അതുതന്നെ. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ ഉണങ്ങിവരണ്ട ഒരു ശുഷ്ണക്കനദിയുടെ മുകളിലെ പാലംകടന്നു. പാലത്തിനു താഴെ, കറുത്ത മലിനജലത്തിൽ ആയിരക്കണക്കിന് പക്ഷികൾ. അത് ലുനി നദിയാണെന്ന് ഗൈഡ് പറഞ്ഞുതന്നു. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ! ഉപ്പുവെള്ളമാണത്രേ ഇതിലുള്ളത് – ലവണ നദി. അതിൽ നിന്നാണ് ലുനി എന്ന പേര് ഈ നദിക്ക് ലഭിച്ചത്.

ചുറ്റും വിശാലമായ വരണ്ട പ്രദേശങ്ങൾക്ക് അതിരിട്ടു നിൽക്കുന്നത് മരുഭൂമിയിലെ ചിലതരം മുൾമരങ്ങളാണ്. അതിലൊന്നാണ് ഖജ്‌രി മരവും. മരത്തണലുകളിൽ മയിലും കൃഷ്ണമൃഗങ്ങളും വിശ്രമിക്കുന്നുണ്ട്. ബിസ്നോയികളുടെ ചെറുവീടുകൾ അവിടവിടെ കാണാം.

ജാംഭോജി, മരുഭൂമിയിലെ ജനങ്ങളുടെ അതിജീവനത്തിനായി 29 (ബീസ് നൗ ) നിർദ്ദേശങ്ങളാണ് നൽകിയത്. അത് അനുസരിക്കുന്ന ജനങ്ങളാണ് ബിസ്നോയികൾ . അവർക്ക് വിഷ്ണവുമായി ബന്ധമൊന്നുമില്ല. ഖേജരി മരം മുറിക്കരുതെന്നും കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കണമെന്നും ഉള്ളത് അതിൽ രണ്ടെണ്ണമാണ്. ലോകം ഈ പരിസ്ഥിതി മനുഷ്യരെ അറിഞ്ഞത് ഈ രണ്ട് നിർദ്ദേശങ്ങളുടെ ലംഘനം അവർ തടയാൻ ശ്രമിച്ചപ്പോഴാണ്. കൃഷ്ണമൃഗത്തെ വേട്ടയാടാൻ ശ്രമിച്ച സൂപ്പർസ്റ്റാറിനെ ആ ജനത ശരിക്കും വേട്ടയാടി.

അതിവിശാലമായ ഒരു മതിൽക്കെട്ടിനുള്ളിൽ നിരയിട്ട് നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾക്കപ്പുറമാണ് ജാംഭോജി മഹാരാജിൻ്റെ ക്ഷേത്രവും തൊട്ടപ്പുറം രക്തസാക്ഷി സ്തൂപവും ഉള്ളത്. ഷൂസ് പുറത്തുവെച്ച് ഞാൻ ഉള്ളിലേക്ക് നടന്നപ്പോൾ ഏതാനും മയിലുകൾ ഉറക്കെ നീട്ടി വിളിക്കുകയും ചിലത് പീലിവിരിച്ച് സ്വാഗതംചെയ്യുകയും ചെയ്തു. വലിയ കുരങ്ങുകൾ അപ്പോൾ വേപ്പുമരങ്ങളിൽ നിന്നും താഴെയിങ്ങിവന്ന് സന്ദർശകനെ സൂഷ്മ നിരീക്ഷണം നടത്തി. അവയെ കൂടാതെ, ഏതാനും പശുക്കളും കുറെയേറെ പ്രാവുകളും അവിടെ ഉണ്ടായിരുന്നു. തലയിൽ നീളൻ തുണി ചുറ്റിക്കെട്ടിയ ചില മനുഷ്യർ ക്ഷേത്രപരിസരത്ത് അത്ഭുതത്തോടെ എന്നേ നോക്കുന്നുണ്ടായിരുന്നു. ദൂരെ നാടുകളിൽ നിന്നും സന്ദർശകർ വല്ലപ്പോഴുമേ അവിടെ എത്താറുള്ളൂ.

ക്ഷേത്രത്തിനു മുന്നിൽ തൊഴുത്, ചൊരിമണലിലൂടെ നടന്ന് രക്തസാക്ഷി സ്തൂപത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ എൻ്റെ കാൽവെള്ള തരിച്ചു. മരങ്ങളെ രക്ഷിക്കാൻ അതിൽ പുണർന്നുനിന്ന് ചിപ്കോ അനുഷ്ടിച്ച 363 മനുഷ്യരുടെ ചോരപുരണ്ട മണ്ണ്, കാടിനെയും വന്യജീവികളെയും ദുരന്തമായി കണുന്ന ഒരു നാടിൻ്റെ സന്തതിയെ തോണ്ടിവിളിച്ച് പരിഹസിക്കുകയാണോ ? നിറകാടിൻ്റെ സമൃദ്ധി ചുരത്തിയ മലഞ്ചരക്കുകൾ വിറ്റ് സമ്പന്നരായവർ കാടിന് തീയിടുന്നത്, വനംവകുപ്പിൻ്റെ ജീപ്പുകൾ കത്തിക്കുന്നത്, വനപാലകരെ കയ്യേറ്റം ചെയ്യുന്നത് ഒക്കെ ഈ മണൽത്തരികൾ അറിഞ്ഞിട്ടുണ്ടാകുമോ ? കാട് കയ്യേറാൻ വെമ്പുന്നവൻ്റെ പച്ചത്തെറിക്കുമുമ്പിൽ കമ്പകമരം പോലെ നിന്നുകൊടുക്കേണ്ടിവന്നവൻ്റെ ഉള്ളും ഉള്ളംകാലുമാണ് ഈ മണ്ണിൻ്റെ സ്പർശത്തിൽ, ഇവിടെ പൊഴിഞ്ഞുവീണു കിടക്കുന്ന മയിൽപ്പീലി പോലെ ലാഘവത്തോടെ ചലിക്കുന്നത് !

1930 സെപ്റ്റംബർ 11-നാണ്; മാർവാറിലെ അഭയ്സിംഗ് രാജാവിന് പുതിയ കൊട്ടാരം നിർമിക്കാൻ കുമ്മായം വേണം. ചുണ്ണാമ്പ് കല്ലുകളുടെ നാടായ ഇവിടെ അത് പൊട്ടിച്ച് ചൂളയിൽ നീറ്റിയെടുത്താൽ കുമ്മായം കിട്ടും. മരങ്ങൾ കുറവായ രാജ്യത്ത് ഖേജരി ഗ്രാമത്തിൽ ധാരാളം മരങ്ങൾ ഉണ്ട് എന്നറിഞ്ഞ രാജഭടന്മാർ വാളും കോടാലിയുമായി ഇവിടെയെത്തി. ബിസ്നോയികൾ അവരെ തടഞ്ഞു. എന്നെ കൊന്നിട്ട് എൻ്റെ മരം മുറിച്ചോളൂ ( Kill me before killing my Tree)എന്ന് മന്ത്രിച്ച് ആദ്യമരത്തെ കെട്ടിപ്പിടിച്ചുനിന്നത് അമൃതാദേവി എന്ന അമ്മയായിരുന്നു. ഭടന്മാർ അവരെ വെട്ടിവീഴ്ത്തി. ആ അമ്മയുടെ രണ്ട് പെൺമക്കൾ അലറിക്കരഞ്ഞ് അടുത്ത മരങ്ങളിൽ കെട്ടിപ്പിടിച്ചു. വാളുകൾ ഉയർന്നുതാണു. ആ വാർത്തകേട്ട് ഖേജരി ഗ്രാമം മുഴുവൻ ഇവിടേക്കൊഴുകി. 363 മനുഷർ മരങ്ങളെ കെട്ടിപ്പിടിച്ചുനിന്ന് വാളിനും കോടാലിക്കും ഇരയായി മരണംവരിച്ചു. വിവരമറിഞ്ഞ് രാജാവ് കുതിരപ്പുറത്ത് പാഞ്ഞെത്തി ഭടന്മാരെ തടഞ്ഞു; കരഞ്ഞ് മാപ്പു ചോദിച്ചു. അവിടെ ഒരു ക്ഷേത്രം നിർമ്മിച്ചുനൽകി. ഇന്ന് ഭാരതത്തിൻ്റെ വന രക്തസാക്ഷി ദിനമാണ് സെപ്റ്റംബർ 11. അന്നേ ദിവസം ഇവിടെ ബിസ്നോയികൾ ഒത്തുകൂടി, പൂജകളും പ്രാർത്ഥനകളും നടത്തുകയും പ്രകൃതിയെ രക്ഷിക്കാൻ രക്തസാക്ഷികളാകാനുള്ള സന്നദ്ധതയുടെ പ്രതിജ്ഞ പുതുക്കുകയും ചെയ്തുവരുന്നു. രാജ്യത്തെ പരമോന്നത പരിസ്ഥിതി പുരസ്കാരം അമൃതാദേവി ബിസ്നോയിയുടെ പേരിലാണ്.

രക്തസാക്ഷി സ്തൂപത്തിനു സമീപം ഒരു ഖേജരി മരത്തണലിൽ തലകുമ്പിട്ട് ഞാനിരിക്കുമ്പോൾ ഗൈഡ് ഒരു കുപ്പി വെള്ളവുമായെത്തി. പഴുത്ത പാറയിലൂടെ പാപനാശിനി കണക്കെ അതിറക്കുമ്പോൾ വരണ്ട കാറ്റ് എൻ്റെ കണ്ണിലെ നനവ് ഊതിയാറ്റുന്നുണ്ടായിരുന്നു.

ബിസ്നോയി രക്തസാക്ഷി സ്തൂപത്തിനരികിൽ

ഈ ജനതക്ക് ഈ ഗ്രാമം മുഴുവൻ ഒരു കാവാണ്. ഒരു ദൈവക്കാട്. അതിലെ മരങ്ങളും പക്ഷിമൃഗാദികളും സംരക്ഷിക്കപ്പെടേണ്ടതാണ്. അത് സ്വർഗ്ഗത്തിൽ പോകാനുള്ള ഉപാധിയല്ല അവർക്ക്. മറിച്ച് മരുഭൂമിയിലെ തങ്ങളുടെ അതിജീവനത്തിൻ്റെ മൂലമന്ത്രമാണ്. സ്വന്തം നിലനിൽപ്പിനായി പ്രകൃതിയെ സംരക്ഷിക്കാൻ തീരുമാനിച്ചുറച്ച മനുഷ്യർ അതിന് ദൈവത്തെ കൂട്ടുപിടിക്കുക മാത്രം ചെയ്യുന്നു ! വെറും മാസ്ക്കിങ്ങ് !!

ശബരിമലയുടെ കാര്യം കണ്ടോ ? 18 പടികളുള്ള ആ വനക്ഷേത്രത്തിനു ചുറ്റും 18 മലകൾ അതിരിടുന്ന പൂങ്കാവനം എന്ന വിശുദ്ധവനം നിലകൊള്ളുന്നു. (യഥാർത്ഥത്തിൽ അങ്ങനെ കൃത്യമായ18 മലകളൊന്നും അവിടെ കണ്ടെത്താനാകില്ല) കാൽനടയായി ശബരിമല ദർശനം നടത്തിയിരുന്ന പഴയകാലത്ത് ആ വനങ്ങളെയും തൊട്ടശുദ്ധമാക്കരുത് എന്ന് ഭക്തർ കരുതിയത് സ്വയരക്ഷക്ക് തന്നെയാവണം.

ഇരുമുടിക്കെട്ട് ശ്രദ്ധിച്ചിട്ടില്ലേ ? പുണ്യപാപങ്ങളുടെ രണ്ട് അറകളുള്ള ഒരു നീളൻ സഞ്ചിയാണത്. പാപത്തിൻ്റെ അറയിൽ ഭക്തനുള്ള വസ്തുക്കൾ. അതിൽ അരിയും തേങ്ങയും പഴവുമൊക്കെ അടങ്ങുന്ന ഭൗതീകജീവിത വസ്തുക്കൾ. പുണ്യത്തിൻ്റെ ഭാഗത്തേക്ക് നിറക്കേണ്ടത് നെയ് തേങ്ങയും അവിലും മലരും കൽക്കണ്ടവും മുന്തിരിയും കർപ്പൂരവും മറ്റുമാണ്. വന്യതയുടെ പ്രതിസന്ധിയിൽ അകപ്പെട്ടുപോയാൽ ഭക്തനെ രക്ഷിക്കാനുള്ള വസ്തുക്കളാണ് ഭഗവാൻ്റെ പേരിൽ അതിൽ നിറക്കുന്നത്. കേടാകാത്ത പോഷക ഭക്ഷണങ്ങൾ ! ഏത് കൊടും തണുപ്പിലും തീകത്തിച്ച് വന്യജീവികളെ ഓടിക്കാൻ പറ്റുന്ന കർപ്പൂരം !! കാടിൻ്റെ ഇരുളിമയുടെ മറവുപറ്റി നീങ്ങാൻ ഇണങ്ങുന്ന കറുത്ത വസ്ത്രം. വന്യമൃഗങ്ങളിൽനിന്ന് മനുഷ്യഗന്ധം മറയ്ക്കാൻ ഉപയോഗിക്കുന്ന ഭസ്മം ! കൊടുങ്കാട്ടിൽ ഒറ്റപ്പെട്ടു പോയാലോ വന്യമൃഗങ്ങളെ ഭയന്ന് മരങ്ങളിലോ പാറയിടുക്കുകളിലോ ഒളിക്കേണ്ടി വന്നാലോ മാത്രം പുറത്തെടുക്കേണ്ട സ്വയരക്ഷയുടെ അവസാന മാർഗ്ഗത്തിന് മനുഷ്യൻ ദൈവത്തിൻ്റെ പേരിടുന്നു – പുണ്യത്തിൻ്റെ ഇരുമുടി ഭാഗം – അതാണ് ശരിക്കും അദ്വൈതം ! മനുഷ്യൻ്റെ പ്രകൃതിദർശനം ദൈവദർശനം തന്നെയാകുന്ന തത്വമസി !!

എബ്രഹാമിക്ക് മതങ്ങളെല്ലാം പന്നിയെ നിഷിദ്ധമാക്കുന്നുണ്ട്. യവനരും സിറിയക്കാരും ആയിരത്താണ്ടുകൾക്ക് മുമ്പേ അവയെ വൻതോതിൽ വേട്ടയാടി വിളക്കുകത്തിക്കാൻ പന്നിക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു പോലും. ബുദ്ധനുമുമ്പ്, പശുക്കളെ വൻതോതിൽ വകവരുത്തി ഇറച്ചി കഴിച്ചിരുന്ന ഭാരതീയരുടെ മറ്റൊരു വകഭേദമായിരുന്നു പശ്ചിമേഷ്യക്കാരന്ന്.

വനസസ്യവിന്യാസത്തിൽ കാട്ടുപന്നികൾക്കുള്ള പങ്ക് സമാനതകൾ ഇല്ലാത്തതാണ്. മേൽമണ്ണിനുമുകളിൽ, ജൈവാംശത്തിനും (Humas) കരിയിലകൾക്കും പുറത്ത്, വീഴുന്ന ഫലങ്ങളുംവിത്തുകളും മണ്ണിൽ കുഴിച്ചിടുന്ന പ്രകൃതിയുടെ കർഷകരാണ് പന്നികൾ. ഇഷ്ടഭക്ഷണമായ മണ്ണിരകളെ കണ്ടെത്താൻ കാട്ടുമണ്ണ് ഇളക്കിമറിക്കുന്ന വന്യജീവികളാണവ. വനവത്ക്കരണത്തിൻ്റെ മൃഗഭടന്മാർ ! അവയെ ഇല്ലാതാക്കിയാൽ മരുപ്പച്ചകൾ ഉണ്ടാകില്ല എന്ന് അന്നാട്ടിലെ മനുഷ്യർക്ക് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടാകണം. പശുക്കളെ ഇല്ലാതായാൽ കാർഷിക ഭാരതം തകരുമെന്ന് ബുദ്ധൻ്റെ കാലഘട്ടം അറിഞ്ഞതുപോലെ ഒരു പരിസ്ഥിതിവെളിപാട്. അത് വിശ്വാസത്തിൻ്റെ മേൽച്ചട്ടയണിഞ്ഞ് മതദർശനമായി മനുഷ്യർക്ക് മുന്നിലെത്തി. പന്നികളെ തൊട്ടുപോകരുത് ! പശുക്കൾ വിശുദ്ധ മൃഗങ്ങളായി ഉയർത്തിയതുപോലെ ഒന്ന്! വന്യമൃഗ സംരക്ഷണത്തിനുള്ള നല്ലവഴി അതിനെ തൊട്ടു പോകരുത് എന്നുവിധിക്കുന്നതാണ്. എത്ര സുന്ദരമായാണ് നിഷേധത്തിൻ്റെയോ ആരാധനയുടെയോ പരിവേഷത്തിൽ ഓരോ ജനതയും അവരുടെ നിലനില്പിൻ്റെ ഹരിതരഹസ്യങ്ങൾ അവതരിപ്പിക്കുന്നത് !!

പ്രവാചകനോട് അദ്ദേഹത്തിൻ്റെ അനുചരന്മാർ ചോദിക്കുന്നുണ്ട് – ഇന്ന് ലോകാവസാനം സംഭവിക്കുമെങ്കിൽ അങ്ങ് എന്താവും ചെയ്യുക എന്ന്.
ഉത്തരം ലളിതമായിരുന്നു. ”ഇന്ന് ലോകാവസാനത്തിൻ്റെ ദിവസമാണെങ്കിലും ഒരു പനമരം നടാൻ ഞാൻ മറക്കുകയില്ല !” മരം നടുമെന്ന് ! ദൈവത്തിൻ്റെ നിറം പച്ചയാണ് എന്നു കരുതുന്ന ദർശനത്തിൻ്റെ ഉത്തരമാണത് !! മക്കയെക്കുറിച്ചുള്ള ഹദീസ് വിവരണങ്ങളിൽ (അൽ ബുഖാരി- വാല്യം II , ബുക്ക് 23, ഹദീസ് 432) അവിടുത്ത് മുൾക്കാടുകൾ പരിരക്ഷിത വനങ്ങളായിരുന്നു ( Sanctuary ) എന്ന് പറയുന്നുണ്ട്. സ്വർണ്ണപ്പണിക്കാർക്കും ശവംസംസ്ക്കാരത്തിനുമല്ലാതെ ആ മുൾക്കാടുകളിലെ ഒരു ചുള്ളിക്കമ്പുപോലും എടുക്കുന്നത് നിഷിദ്ധമാക്കുകയും ജന്തുക്കളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ വിശുദ്ധ നഗരം, ഒരു വിശുദ്ധ വനപരിസരത്തു നിന്നാണ് വളർന്നുവന്നത് എന്ന് ഈ ഹദീസ് സാക്ഷ്യപ്പെടുത്തുന്നു !

തോറ (യഹൂദരുടെ വിശുദ്ധ പുസ്തകം) മുതൽ തങ്കയ്യൻകോവിൽ വരെയും കന്നിമരച്ചുവടു മുതൽ കാനന ക്ഷേത്രങ്ങൾ വരെയും എത്രയോ അസ്പർശ്യ വനങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും തണൽ പരത്തിനിൽക്കുന്നുണ്ട്. ചില വനപരിസരങ്ങളെ സ്വനന്മക്കായി ആദരിക്കാൻ നാം കണ്ടെത്തിയ ഉപായങ്ങളാണ് ഖേജരി മരങ്ങളെ അസ്പർശ്യ വിശുദ്ധ വൃക്ഷങ്ങളായും പന്നികളെ തൊട്ടുകൂടാത്ത ജന്തുക്കളായും മാറ്റിയത് എന്ന് അപ്പോൾ ഞാനുറപ്പിച്ചു ! .

എൻ്റെ ആലോചനകളെ മുറിച്ചുകൊണ്ട് ജാംഭോജി മഹാരാജിൻ്റെ ക്ഷേത്രത്തിൽ നിന്നും മണിനാദം മുഴങ്ങി. സന്ധ്യക്ക് നടതുറക്കുകയാണ്. പ്രകൃതിയും മനുഷ്യനും ഒന്നുതന്നെ എന്ന് ബിസ്നോയികളെ പഠിപ്പിച്ച ആ മഹാജ്ഞാനിയുടെ നടയിൽ ഒരിക്കൽക്കൂടി നമസ്ക്കരിച്ച് ഞാൻ തിരികെ നടന്നു.

രാത്രിവണ്ടി പിടിക്കാൻ ജോഥ്പൂരിലേക്ക് ജിപ്സി കുലുങ്ങിക്കുതിമ്പോൾ ദൂരെ മുൾക്കാടുകൾ അതിരിട്ട മണൽപ്പരപ്പിനപ്പുറം സൂര്യൻ കെട്ടടങ്ങുന്നുണ്ടായിരുന്നു.
ക്ഷണിക നേട്ടങ്ങങ്ങൾക്കായുള്ള മനുഷ്യകേന്ദ്രീകൃതമായ വികല വീക്ഷണങ്ങളിൽ ആണ്ടുപോകുന്ന, പരിസ്ഥിതി ദർശനങ്ങളുടെ തനിമ കണക്കെ അത് വേഗം കാഴ്ചക്കപ്പുറത്തേക്ക് മങ്ങിമറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ, കാടുകളേയും വന്യജീവികളേയും നിലനിർത്താൻ വിശ്വാസങ്ങളെ പുണർന്നുനിന്ന സംശുദ്ധരായ മനുഷ്യരുടെ ചോരപോലെ പടിഞ്ഞാറേ ചക്രവാളത്തിലൂടെ ചുവപ്പ് രാശി പടർന്നുകൊണ്ടിരുന്നു. അതുകണ്ട്, ശിഖരങ്ങൾ കൂട്ടിത്തൊഴുത് ഖേജരി മരങ്ങൾ വൃക്ഷാസനത്തിൽ ധ്യാനനിരതരാകുന്നതായി എനിക്ക് തോന്നി !

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.