കാട് കാതിൽ പറഞ്ഞത് – 7

ശുഭ്രവർണ്ണം ശുഭാംഗം

രംഗം ഒന്ന്

(വേദി: ചാത്തൻപാറ ആൻ്റിപോച്ചിങ്ങ് ക്യാമ്പ് ഷെഡ്ഡ്)

നിറകാടിൻ്റെ നടുവിൽ അരങ്ങേറുന്നത് ഏകാങ്ക നാടകമാണ്. കാട്ടുവിറകുകൾ കുത്തിച്ചാരി കത്തിച്ചെടുത്ത ആഴിയുടെ ജ്വലനവേഗത്തിനനുസരിച്ച് നടൻ്റെ വിയർപ്പു കിനിയുന്ന ഉടലിലേക്ക് ചൂടുള്ള മഞ്ഞവെളിച്ചം വാർന്നു വീണുകൊണ്ടിരുന്നു. അയാളുടെ മുഖത്തെ നടനരസങ്ങളും ശരീരഭാഷയുടെ സംവേദനങ്ങളും ഏതോ പേരറിയാ കാട്ടുവള്ളികളിൽ നിന്നു പൊട്ടിപ്പറക്കുന്ന അപ്പൂപ്പൻതാടി കണക്കെ ഞങ്ങളെ വന്നുതൊട്ടു. കനൽച്ചൂടിൽ വിറകുമുട്ടികൾ പൊട്ടിപ്പിളർന്ന് അന്തരീക്ഷത്തിലേക്ക് ഊതിത്തെറിക്കുന്ന തീച്ചില്ലുകളുടെ സ്ഥായിക്കുനുസരിച്ച്, നടൻ്റെ ഡയലോഗുകൾ കാടിനെ ഉണർത്തുകയും, വടക്കൻ ചെരുവിലെ കുന്നുകൾ അല്പം കഴിഞ്ഞ് അത് താഴ്ന്ന സ്ഥായിയിൽ പ്രോമ്ൻ്റിങ്ങ് നടത്തുകയും ചെയ്തു. കാടിൻ്റെ വിപരീത കരണിയാണത് !

അയാളിപ്പോൾ അതിരപ്പിള്ളിയിലെ താൽക്കാലിക വാച്ചർ സുപ്രൻചേട്ടൻ അല്ല; ഹരിശ്ചന്ദ്രനാണ് – സത്യഹരിശ്ചന്ദ്രൻ!

ക്യാമ്പ് ഷെഡ്ഡിലെ തീയും ആരവവും കണ്ടാകണം, താഴെ ചാലിനപ്പുറം ഒരാന ചിന്നംവിളിച്ചു. അതു കേട്ട് അയാളുടെ മുഖത്ത് ഒരു മസ്സിലിളക്കമുണ്ടായി!
തൻ്റെ യൗവ്വനകാലത്ത് പെരുമ്പാവൂരിൻ്റെ പ്രാന്തഗ്രാമങ്ങളിലെ ഉത്സവപ്പറമ്പിൽ മുഴങ്ങിയ ലൗഡ്സ്പീക്കർ അനൗൺസ്മെൻ്റിൻ്റെ അതേ ഊർജ്ജമാണ് ആ ആനക്കലി നടനിൽ നിറച്ചത് !

“രംഗവേദിയിൽ സത്യഹരിശ്ചന്ദ്രനായ് എത്തുന്നൂ…. കൂടാലപ്പാട് സുബ്രഹ്മണ്യൻ !! “

ആ അനൗൺസ്മെൻ്റ് കേട്ട്, ഉത്സവപ്പറമ്പിൽ ചടഞ്ഞിരുന്ന് ചൂടു കപ്പലണ്ടിയോ മഞ്ഞപ്പട്ടാണിയോ കൊറിച്ചിരുന്നവർ, ആ പേപ്പർകുമ്പിൾ മടിയിൽ വച്ച്, കുറക്കെ കയ്യടിച്ച കാലം മാഞ്ഞുപോയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു എന്ന കാലബോധത്തെ, അയാൾ അരഗ്ലാസ് വാറ്റുചാരായം കൊണ്ടാണ് മായ്ച്ചുകളഞ്ഞത് എന്നു തോന്നുന്നു ! ഇത് സുബ്രഹ്മണ്യനാണ് – അതിരപ്പിള്ളിക്കാരുടെ സുപ്രൻചേട്ടൻ .

ഞാൻ അതിരപ്പിള്ളിയിൽ എത്തുംമുമ്പേ സുപ്രൻചേട്ടനെക്കുറിച്ച് കേട്ടിരുന്നു. കേരളത്തിലെ പല പേരുകേട്ട വനമേഖലകളിലും, അവിടുത്തെ കാടും പ്രകൃതിയും പക്ഷി – മൃഗാദികളും മാത്രമല്ല, ചില മനുഷ്യ ജന്മങ്ങളും നിങ്ങളെ അമ്പരപ്പിക്കും. സൈലൻ്റ് വാലിക്കുവേണ്ടി മഴക്കാട്ടിലലഞ്ഞ ലച്ചിയപ്പൻ, പെരിയാറിന്റെ കാടകങ്ങളെ നടന്നുതോൽപ്പിച്ച താടിക്കണ്ണൻ, മൂന്നാർ ലക്കംകുടിയിലെ കൃഷ്ണൻ താത്ത… ആ പട്ടികയിൽ അതിരപ്പിള്ളിയിലെ കാട്ടാനകളുടെ കൂട്ടുകാരനായ സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ആ സുപ്രൻചേട്ടനാണ്, ചണ്ഡാല ഭൃത്യനായി ശ്മശാനത്തിൽ ജോലി ചെയ്യുന്ന സത്യഹരിശ്ചന്ദ്രനായി, ഭാര്യ താരാമതി ചുടലപ്പറമ്പിലേക്ക് കൊണ്ടുവന്ന മകൻ്റെ മൃതശരീരം കണ്ടു വിലപിക്കുന്ന ഭാഗം, ഒരു വലിയ വിറകുകൊള്ളിയെടുത്ത് മുറുകെ പുണർന്നുപിടിച്ച് തകർത്ത് അഭിനയിക്കുന്നത് !

ചില മനുഷ്യരും പ്രകൃതിയും തമ്മിലുള്ള തീവ്രപ്രണയത്തിൻ്റെ പൊരുൾ നമ്മുടെ സാമാന്യ ബുദ്ധിക്ക് വഴങ്ങുന്നതല്ല. പലർക്കുമത് love at first sight ആണ്. കാടാകെ കത്തിപ്പടരാൻ കാരണമാകുന്ന ഏതോ തീപ്പൊരിപോലെ ഒരു നിമിഷാർദ്ധത്തിൻ്റെ വെളിപാട് അവർക്ക് ഹരിതജ്ഞാനോദയം നൽകും!

അത്ര കാലവും കൊന്നു തിന്ന പക്ഷികളൊന്ന് അമ്പേറ്റുവീഴുമ്പോൾ ‘മാ നിഷാദ ‘ എന്ന് നിലവിളിക്കാൻ വാത്മീകിയെ പ്രേരിപ്പിച്ച ധന്യയാമം… അക്കാലമത്രയും വെടിവെച്ചു വീഴ്ത്തിയിരുന്ന ലൂസിയാന കരിങ്കരടികളിലൊന്നിനു നേരേ ഉന്നംപിടിച്ച തോക്ക് താഴ്ത്തി , ‘leave it ‘ എന്ന് പിറുപിറുത്ത്, ലോകത്തിന് റ്റെഡിബെയറിനെ സമ്മാനിച്ച അമേരിക്കൻ പ്രസിഡൻ്റ് റൂസ് വെൽറ്റിൻ്റെ അനുതാപത്തിൻ്റെ മാസ്മരിക മുഹൂർത്തം… അക്കാലമത്രയും എയർ ഗൺകൊണ്ട് വെടിവെച്ചു വീഴ്ത്തിയിരുന്ന കുരുവികളിലെ ഒരു മഞ്ഞത്താലിയെക്കണ്ട് ഭാരതത്തിൻ്റെ പക്ഷി പഠനത്തിൻ്റെ ആകാശത്തേക്ക് പറന്നുയരാൻ ഡോ. സാലിം അലിയെ പ്രാപ്തനാക്കിയ ആ നിമിഷാർദ്ധം …. ആ പട്ടിക എത്രയേറെ ദീർഘമാണ് !! അതിലെവിടെയെങ്കിലുമൊക്കെ ജീവിക്കാനായി കാടുകയറി, കാടാണ് ഉയിര് എന്ന് തിരിഞ്ഞ സുബ്രഹമണ്യനെപ്പോലുള്ള നമ്മുടെ നിസ്വരായ വനസംരക്ഷകരുടെ പേരും ലിപിരഹിതമായെങ്കിലും പതിഞ്ഞുകിടപ്പുണ്ടാകും!

ഇടവൂരുകാരി ശ്യാമളയെ മിന്നുകെട്ടി കൊണ്ടുവന്നപ്പോഴാണ് നാടകപ്പറമ്പിൽ കിട്ടുന്ന കപ്പലണ്ടിയുടെ മണമുള്ള കയ്യടികൊണ്ട് അടുപ്പുപുകയില്ല എന്ന് സുബ്രഹ്മണ്യന് മനസ്സിലായത്. അന്ന് ചുണ്ട് വളഞ്ഞുകൂർത്ത വെട്ടുകത്തിയുമെടുത്ത് അതിരപ്പിള്ളിയിലെ ആനക്കാട്ടിൽ കയറിയതാണ്. ആദ്യം ഈറ്റത്തൊഴിലാളിയായിരുന്നു. പിന്നെ വനം വകുപ്പിനു കീഴിൽ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ മറുവശത്തുള്ള ഊളാശ്ശേരി ക്യാമ്പ് ഷെഡ്ഡിലെ താൽക്കാലിക വാച്ചറായി. മുഖത്തു പടർന്ന വർണ്ണക്കൂട്ടുകൾ മായുംമുമ്പേ പുൽപ്പൊന്തകളെ അഭയം പ്രാപിച്ച ഒരു ഓന്തിനെപ്പോലെ സാവധാനം സുബ്രഹ്മണ്യൻ്റെ മുഖത്തെ മേക്കപ്പ് പൗഡർ മാഞ്ഞുപോവുകയും അയാൾ അടിമുടി പച്ചനിറത്തിലേക്ക് സംക്രമിക്കുകയും ചെയ്തു!

മുഖത്തു പടർന്ന വർണ്ണക്കൂട്ടുകൾ മായുംമുമ്പേ പുൽപ്പൊന്തകളെ അഭയം പ്രാപിച്ച ഒരു ഓന്തിനെപ്പോലെ സാവധാനം സുബ്രഹ്മണ്യൻ്റെ മുഖത്തെ മേക്കപ്പ് പൗഡർ മാഞ്ഞുപോവുകയും അയാൾ അടിമുടി പച്ചനിറത്തിലേക്ക് സംക്രമിക്കുകയും ചെയ്തു!

ഒരു കഥകളിക്കാരൻ്റെ മകനായതിനാലാകാം, ഓരോ വനപാലകനും പച്ചവേഷം കെട്ടി കളിയരങ്ങിലെത്തിയവരാണ് എന്ന് എനിക്കെന്നും തോന്നിയിട്ടുണ്ട്. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ എത്ര തവണ ഞാനത് കണ്ടിരിക്കുന്നു! എന്നും കഥകളിയുണ്ടാകും. ആരുടെയെങ്കിലും നേർച്ചയാണ്. കാണാനും കയ്യടിക്കാനും ആരും ഉണ്ടാകില്ല! എങ്കിലും ഭാരിച്ച ഉടുത്തുകെട്ടും കിരീടവും ചുമന്ന് നടന്മാർ, ഭാവുകത്വം ഒട്ടും ചോരാതെ, വിയർപ്പൊഴുക്കി തൻ്റെ വേഷം ഭംഗിയായി ആടിത്തീർക്കും. ഭഗവാൻ കാണുന്നുണ്ടത്രേ ! ഉണ്ടായിരിക്കാം!

ഞാൻ അതിരപ്പിള്ളിയിലെത്തി ഒരാഴ്ചക്കകം തന്നെ മൂന്നു ദിവസത്തെ ക്യാമ്പിന് പദ്ധതിയിട്ടു. സീനിയർ സ്റ്റാഫ് SFO, MP രാജു അടക്കം ഞങ്ങൾ നാലുപേരെ ഏഴാറ്റുമുഖം വഴി വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്താണ് ജീപ്പിൽ കൊണ്ടുചെന്ന് ഇറക്കി വിട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴ ഏറ്റുവാങ്ങി ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്. അവിടെയുള്ള മുളംചെങ്ങാടത്തിൽ കയറി പുഴ മുറിച്ചുകടന്നു വേണം ഊളാശ്ശേരിയിലെത്താൻ. പുഴക്കരയിലെ രണ്ട് മരങ്ങളിൽ വലിച്ചു കെട്ടിയ വടത്തിൽ ഒത്തുപിടിച്ച് മറുകരയിലേക്ക് ചങ്ങാടം ഞങ്ങൾ ആഞ്ഞു വലിക്കുമ്പോൾ, പുഴ ചങ്ങാടത്തെ താഴേക്ക് ഒഴുക്കിക്കൊണ്ടുപോകാൻ വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു. അവിടെ, 300- 350 മീറ്ററിനപ്പുറം, പരന്നൊഴുകുന്ന പുഴ വെട്ടിമുറിച്ചതു പോലെ ഇല്ലാതാകുന്നു! വെള്ളച്ചാട്ടമാണ് !! അവിടെ, നിറഞ്ഞൊഴുകുന്ന ഒരു പുഴ മുഴുവീതിയിൽ അഗാധതയിലേക്ക് പതിക്കുന്നതിൻ്റെ ഹുങ്കാരവും ധൂളികളും ഞങ്ങളെ പൊതിയുമ്പോൾ, ഒരു ഹാരി പോട്ടർ സിനിമയിലെ സംഭ്രമിപ്പിക്കുന്ന വിസ്മയ ലോകത്താണ് ഞങ്ങളെന്ന് തോന്നി. പുഴയോരത്തെ ഇല്ലിമുളം കൂട്ടങ്ങൾ കുട്ടനാടൻ വള്ളംകളിയിൽ ഞങ്ങളുടെ കളിവള്ളത്തെ എന്നപോലെ, ആവേശപൂർവ്വം ഫിനിഷിങ്ങ് പോയൻ്റിലേക്ക് പച്ചത്തോർത്തുകൾ വീശി ആർപ്പുവിളിച്ച് ക്ഷണിക്കുകയാണ്!! കയറിലെ പിടി ഒന്നയഞ്ഞാൽ വീടുകളിലേക്ക് ഞങ്ങളുടെ ‘ട്രോഫി’യുമായി ഒരു ഘോഷയാത്ര ഉറപ്പാണ് !

പുഴ കടന്ന് 200 മീറ്റർ വലത്തോട്ട് നടന്നാൽ ക്യാമ്പ് ഷെഡ്ഡായി . അവിടെ പകുതിയും കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമായി നിൽക്കുന്ന ചെറിയ മനുഷ്യൻ, തോളത്തെ നീലത്തോർത്തെടുത്ത് കൈകൂട്ടിത്തൊഴുതു.

“സുബ്രഹ്മണ്യനാ. സാറ് വരുമെന്ന് അറിഞ്ഞിരുന്നു “

ട്രഞ്ചിനുള്ളിൽ ഒരു ചെറിയ ഷെഡ്ഡ്. അതിൻ്റെ പുറത്ത് മുളകൊണ്ടുണ്ടാക്കിയ ഒരു തട്ടിൽ വൃത്തിയുള്ള കുറച്ച് അലുമിനിയം പാത്രങ്ങൾ കമഴ്ത്തി വച്ചിരിക്കുന്നു. രണ്ട് ചെറു തേക്ക്കഴകൾ ചേർത്തിട്ട നൂൽപ്പാലം കടന്നുവേണം ഷെഡ്ഡിലെത്താൻ. ട്രഞ്ചിനുള്ളിൽ നിൽക്കുന്ന രണ്ട് വലിയ പ്ലാവുകളിൽ കുറച്ച് ചക്കയുണ്ട്. അതിലൊരു തോട്ടി ചാരി വെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചപ്പോൾ BFO മോഹനൻ അടക്കം പറഞ്ഞു.

“കാട്ടാനക്ക് ചക്കയിട്ടുകൊടുക്കും, അതിനാ”

ആകാശം കാണാത്ത ഇലച്ചാർത്തുകൾക്ക് മുകളിലൂടെ പോകുന്ന മലമുഴക്കിയുടെ ചിറകടി പോലെ അറംപറ്റാവുന്ന ഒരങ്കലാപ്പ് അപ്പോഴെൻ്റെ വയറിനുള്ളിൽ മുഴങ്ങിപ്പറന്നു !

ചുറ്റും സമൃദ്ധമായി തേക്കും തേമ്പാവും മണിമരുതും നിറഞ്ഞ കാടാണ്. പുഴയോര വനപ്പച്ചകളിൽ പക്ഷികൾ വായ്ക്കുരവയിട്ട് ഞങ്ങളെ സ്വീകരിക്കുകയാണ്. മരവാഴകൾ നിറഞ്ഞ ശിഖരങ്ങളുമായി നിൽക്കുന്ന മരങ്ങളോരോന്നും ‘പരോപകാരാർത്ഥം ഇദം ശരീരം ‘ എന്നു ചൊല്ലിത്തരുന്നു. അത് കേട്ട്, സുപ്രൻ ചേട്ടൻ ഇട്ടുതന്ന കട്ടൻചായയും കുടിച്ച് ഞങ്ങൾ നടന്നുതുടങ്ങി.

ചപ്പാത്തിലെ കോൺക്രീറ്റ് പാലത്തിലെത്തിയപ്പോഴേ ആന ഞങ്ങളെ കൊക്കിവിളിച്ച് സ്വാഗതം ചെയ്തു.

“മോഴയാ, പാവത്താനാ” സുപ്രൻ ചേട്ടൻ പരിചയപ്പെടുത്തി.

കൊമ്പില്ലാത്ത ആണാനകളാണ് മോഴകൾ (Makhna). കരുത്തിലും ഇണചേരാനുള്ള കഴിവിലുമൊക്കെ ഒരു കുറവുമില്ലാത്തവർ. കൊമ്പ് എന്ന ബ്രഹ്മാസ്ത്രം ഇല്ലാത്തതിനാൽ (മോഴയുടെ ചെറിയ കൊമ്പിന് തേറ്റ/tesh എന്നാണ് പറയുക) കരുത്തേറിയ തുമ്പികൈയ്യും വലുപ്പം കൂടിയ മസ്തകവും കൊണ്ടുള്ള മല്ലയുദ്ധമാണ് പ്രകൃതി ഇവനെ പഠിപ്പിച്ചിട്ടുള്ളത്. ഇന്ന് നമ്മുടെ കാടുകളിൽ അവയുടെ എണ്ണം കൊമ്പനെക്കാൾ കൂടുതലാണ്. കൊമ്പന്മാരെ വേട്ടയാടിയതിനാലും കൂടുതലായി കുഴികുത്തിപ്പിടിച്ചതിനാലുമുള്ള സ്വാഭാവിക തലമുറ മാറ്റമാണ് ഇതെന്നു കരുതുന്നവരുണ്ട്. അല്ല, ആയിരത്താണ്ടുകളായി കൊമ്പനെ ലക്ഷ്യമിടുന്ന മനുഷ്യരിൽ നിന്നും ആ ജീവിവർഗ്ഗത്തെ രക്ഷിക്കാൻ പ്രകൃതി നടത്തുന്ന അടവുനയമാണ് എന്ന അഭിപ്രായവും ചിലർക്കുണ്ട്. കൊമ്പനെപ്പോലെ ഉച്ചത്തിൽ ചിന്നം വിളിക്കാൻ ‘ മോഴക്ക് കഴിയാറില്ല. അവയുടെ വിളി പിടിയാനകളുടേതുമായി സാമ്യമുള്ളതാണ്. അതിനാൽ മോഴ ആനകളെ ചിലയിടങ്ങളിൽ കൊക്കിപ്പിടി എന്നും വിളിക്കാറുണ്ട്.

ഞങ്ങൾ നിരപ്പായ വനഭൂമിയിലൂടെ നടക്കുകയാണ്. കാട്ടുപൊന്തകളിൽ പക്ഷിക്കൂട്ടങ്ങൾ ഞങ്ങളെ പരിഗണിക്കാതെ അവരുടെ ജുഗൽബന്ദി തുടരുന്നു. തേക്കുതോട്ടം അവസാനിച്ചപ്പോൾ വയൽ പ്രദേശമായി. കാട്ടിലെ തടമേഖലകളാണ് വയലുകൾ. അവിടെ ആനകളുടെയും കാട്ടുപോത്തുകളുടെയും കുളമ്പടിപ്പാടുകൾക്കിടയിൽ കൈപ്പത്തിയോളം പോന്ന പഗ്മാർക്ക് സുപ്രൻചേട്ടൻ ഞങ്ങൾക്ക് കാട്ടിത്തന്നു.

” ഒരാഴ്ചമുമ്പ് ഒരു പോത്തിനെ ദാ അവിടെ തട്ടി. മൂന്നു ദിവസം മുമ്പുവരെ കക്ഷി ഇവിടെ ഉണ്ടായിരുന്നു “

വയലിനപ്പുറം ചാലുകടന്നതും ഈറ്റക്കാടായി. ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രം. ഞങ്ങൾ ഒരു ഈറ്റക്കമാനത്തിലേക്ക് കയറി. സുപ്രൻ ചേട്ടൻ കുറച്ചു മുന്നിലാണ്. താഴെ നിറം മങ്ങിയ ആനപ്പിണ്ടത്തിൻ്റെ പതുപതുത്ത മെത്ത. ഇടക്കിടെ നനവു മാറാത്തവയുമുണ്ട്. ഈറ്റപ്പടർപ്പുകൊണ്ട് പണിതീർത്ത ഒരു പച്ചത്തീവണ്ടിക്കുള്ളിലൂടെ മുന്നോട്ടു നടക്കുകയാണ്. ഇടക്ക് കമ്പാർട്ടുമെൻ്റുകളെ വേർതിരിക്കുന്ന തുറന്ന ഇടം പോലെ ആനത്താരകൾ പച്ചക്കുഴലിനെ പല കഷണങ്ങളായി തിരിക്കുന്നു.

പെട്ടെന്ന് സുപ്രൻ ചേട്ടൻ കമഴ്ന്നു വീണു! കൈ ഉയർത്തി ഞങ്ങളോട് കിടക്കാൻ ആംഗ്യം കാട്ടി. ഞാൻ തിരിഞ്ഞു നോക്കി. എനിക്കൊപ്പമുള്ള സ്റ്റാഫുകൾ മുട്ടിലിഴയാൻ തുടങ്ങുന്ന കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ നാലുകാലിൽ നിൽക്കുന്നു! ഞാനും അങ്ങനെ ശിശുവായിത്തീർന്നു!!

ഞങ്ങളിപ്പോൾ തവളകളെപ്പോലെ സഞ്ചരിക്കുകയാണ്. അടുത്ത വിടവ് എത്തിയപ്പോൾ എഴുന്നേറ്റ് പിൻതിരിഞ്ഞു വന്ന് സുപ്രൻ ചേട്ടൻ പടിഞ്ഞാറു ഭാഗത്തെ ആ കാഴ്ചയിലേക്ക് വിരൽ ചൂണ്ടി. തൊട്ടപ്പുറം ഒരാനക്കൂട്ടം! നാലുപേരുണ്ട്. അപ്പോൾ അല്പം മാറി നിൽക്കുന്ന ഒന്നിനെക്കൂടി കാട്ടിത്തന്നു.

“അവർ പാവങ്ങളാ, പക്ഷേ ആ ചില്ലിക്കൊമ്പൻ … അവൻ എന്നെ ഒത്തിരി ഓടിച്ചിട്ടുണ്ട്. “

മനുഷ്യഗന്ധം കിട്ടിയാൽ ആനകൾ തുമ്പികൈ രണ്ടു മീറ്ററോളം ഉയർത്തി മണംപിടിക്കും. അപ്പോൾ, നാം പരമാവധി താഴ്ന്ന് സഞ്ചരിച്ചാൽ ശരീരഗന്ധം മുകളിലെത്തില്ലത്രേ. അതുകൊണ്ടാണ് തവളകളാകേണ്ടി വന്നത്! ഫോറസ്റ്റ് ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാത്ത അതിജീവനപാഠം!!

വാച്ചർക്ക് ശിഷ്യപ്പെട്ടുള്ള ആ പഠനയാത്രയുടെ അവസാഭാഗമാണ് ഈ നാടകമായി അരങ്ങേറുന്നത്. നാടകം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ പാതിരാത്രി കഴിഞ്ഞു. അപ്പോഴും മുമ്പ് പ്രകോപിച്ച് ചിന്നംവിളിച്ച ആന ഇടക്കിടെ വെല്ലുവിളിക്കുന്നുണ്ടായിരുന്നു.

രംഗം രണ്ട്

വെളുപ്പിന് ആരുടെയോ ഒച്ച കേട്ടാണ് ഉണർന്നത്. MR മോഹനനാണ്. എൻ്റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറിയ സുബ്രഹ്മണ്യനെ ശാസിക്കുകയാണ്. മറ്റ് സഹപ്രവർത്തകരും സാകൂതം ആ കാഴ്ചകണ്ട് ചിരിക്കുന്നു. പുറംതിരിഞ്ഞ്, കാലിനിടയിൽ കൈതിരുകി സുപ്രൻചേട്ടൻ ഉറങ്ങുന്നത് എൻ്റെ പുതപ്പിൻ്റെ പകുതിക്കുള്ളിലാണ്. അവർ വഴക്കുപറഞ്ഞിട്ടും കല്ലിന് കാറ്റുപിടിച്ച പോലെ കിടക്കുന്നു !

“വഴക്കുപറയേണ്ട, ഉറങ്ങട്ടെ ” എൻ്റെ വാക്ക് അവരിൽ ചിരിപടർത്തി. അവരെല്ലാം വീണ്ടും ഉറക്കത്തിലേക്ക് വീണു.

എനിക്ക് പക്ഷേ ഉറക്കം വന്നില്ല. ഒറ്റ ദിവസത്തെ പരിചയമുള്ള ഒരാൾ ചേർന്നുകിടന്ന് കൂർക്കം വലിക്കുന്നു! എത്ര വേഗമാണ് ഈ മനുഷ്യൻ എന്നോടടുത്തത് ?

വനം വകുപ്പിലെ സ്റ്റേഷൻ സമ്പ്രദായം പോലീസ് സ്റ്റേഷനുകനുകളുടേതിന് സമാനമാണ്. പോലീസ് സ്റ്റേഷൻ അധികാരിയായ സബ് ഇൻസ്പക്ടർക്ക് തുല്യമാണ് രണ്ട് സ്റ്റാർ വെച്ച് യൂണിഫോമിടുന്ന ഡെപ്യൂട്ടി റെയ്ഞ്ചറുടെ ചുമതലകൾ. ASI മാർക്ക് സമാനരായ SFO മാർ, CPO മാരെപ്പോലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ (BFO), അതിനു താഴെ സ്ഥിരം വാച്ചർമാർ എന്നിവരാണ് യൂണിഫോം ധരിക്കുന്ന വനപാലകർ. ഇതുകൂടാതെയാണ് തദ്ദേശവാസികളായി സുപ്രൻചേട്ടനെപ്പോലെയുള്ള താൽക്കാലിക വാച്ചർമാരും ഉണ്ടാവുക.

കരുത്തുള്ള കാട് എന്നാൽ, മഹാവൃക്ഷങ്ങൾ മുതൽ അരിക്കൂണുകൾ വരെയും കടുവ മുതൽ തേനീച്ചകൾ വരെയും പാരസ്പര്യത്തോടെ സമ്മേളിക്കുന്ന ഇടമാകുന്നതുപോലെ സ്റ്റാഫിൻ്റെ ഒത്തൊരുമയാണ് നല്ല വനപാലനത്തിലെ ആദ്യ ചേരുവ. സർക്കാർ സംവിധാനത്തിൽ ഒരിടത്തും അത്തരം ഒരു അതിജീവന സഹകരണം നമുക്ക് കണ്ടുപിടിക്കാനാകില്ല. എൻ്റെ പുതപ്പിനുള്ളിലെ കൂർക്കംവലി അതിൻ്റെ പഠന ക്ലാസാണ് !

തുടർന്നുള്ള രണ്ട് ക്യാമ്പ് ദിവസങ്ങളും വനം – വന്യജീവി തീർത്ഥാടനം തന്നെയായിരുന്നു. വൻ മാർജ്ജാരൻമാർ ഒഴികെ എല്ലാവരും പുതിയ ഡെപ്യൂട്ടിക്ക് മുമ്പിൽ ഹാജരായി ‘പ്രസൻ്റ് സർ’ പറഞ്ഞു ! മൂന്നിടങ്ങളിൽ പഗ്ഗ്മാർക്ക് കണ്ടു. അതിലൊന്ന് ഒരു അമ്മയുടേയും കുഞ്ഞിൻ്റേതും ആയിരുന്നു. ക്യാമ്പ് കഴിഞ്ഞ് ഊള്ളാശ്ശേരിയിൽ നിന്ന് മടങ്ങുമ്പോൾ, BFO MR മോഹനനെ സുപ്രൻചേട്ടന് കൂട്ടായി ക്യാമ്പ് ഷെഡ്ഡിൽ നിർത്തിപ്പോന്നു. ഒറ്റക്കുള്ള വനയാത്രകൾ ചട്ടവിരുദ്ധമാണ്. യഥാർത്ഥത്തിൽ മൂന്നുപേരെങ്കിലും വേണം. ഒരാൾക്ക് വനയാത്രയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചുമന്നുകൊണ്ടുവരുന്നതിന് കൂടെ രണ്ടുപേർ വേണമല്ലോ ? ഞങ്ങൾ മടങ്ങുമ്പോൾ, ജീപ്പിലേക്ക് നോക്കി കൈവീശിക്കാട്ടുന്ന സുപ്രൻചേട്ടൻ്റെ ചിത്രം, മോഹനൻ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.

സുബ്രഹ്മണ്യൻ (Photo credit : Mohanan)

തുടർന്നുള്ള ഒന്നുരണ്ട് ഊളാശ്ശേരി സന്ദർശനത്തിലും സുപ്രൻചേട്ടനെ കണ്ടു. ഓരോ കാഴ്ചയിലും ചാലക്കുടിപ്പുഴ പോലെ ആനക്കഥകൾ ഒഴുകിയെത്തി. ഒരു ദിവസം സ്റ്റേഷനിൽ ഉച്ചയൂണിന് കൂണായിരുന്നു കറി. സുപ്രൻ അത് കൊണ്ടുതന്നിട്ട് ”സാറിന് വെച്ചു കൊടുക്കണം” എന്നു പറഞ്ഞ് അപ്പോഴേ മടങ്ങി എന്ന് പ്രഭാകരേട്ടൻ പറഞ്ഞു. ഒറ്റക്ക് ആനത്താരയിലൂടെയുള്ള സുപ്രൻചേട്ടൻ്റെ ആ വരവും പോക്കും, കൂൺകറിയുടെ ഗംഭീരരുചി ആകെ കെടുത്തുന്നതായിരുന്നു !

ജൂൺ അവസാന ദിവസങ്ങളിലെല്ലാം തകർപ്പൻ മഴയായിരുന്നു. 30-ന് വൈകിട്ട് 8 മണിക്ക് എനിക്ക് ലാൻ്റ് ലൈനിൽ ഒരു വിളിവന്നു. മറുതലക്കൽ തൃശൂർ സ്ലാങ്ങുള്ള ഒരു നേർത്ത സ്ത്രീ ശബ്ദം.

” ഞാൻ വാച്ചർ സുബ്രഹ്മണ്യൻ്റെ ഭാര്യയാണ്. മകളെ ഇന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ വരാം എന്ന് പറഞ്ഞിട്ടാണ് പോയത്, വന്നില്ല, അത്യാവശ്യ ജോലി വല്ലതും …?”

ഇളംപച്ചനിറമുള്ള ഫോൺ റിസീവർ എൻ്റെ കയ്യിലിരുന്ന് ചെറുതായി ഒന്നുവിറച്ചു!

“പേടിക്കേണ്ട, ചേട്ടൻ നാളെയെത്തും” ഞാൻ ദൃഢസ്വരത്തിൽ പറയുമ്പോൾ “ശരി” എന്നു പറഞ്ഞ് നേർത്ത സ്വരം മാഞ്ഞു.

കുനിഞ്ഞ തലയുമായി ഞാൻ സ്റ്റേഷനിലേക്ക് കയറി. എന്നെ കണ്ടപ്പോഴൊക്കെ സുപ്രൻചേട്ടൻ ആനക്കഥയല്ലാതെ പറഞ്ഞ ഒരേയൊരു കാര്യം പെൺമക്കളെക്കുറിച്ചാണ്. രഞ്ജുവും മഞ്ജുവും. ഇളയവളെ പ്രസവത്തിന് കൊണ്ടുവന്നിട്ടുണ്ട്. അവളെ ആശുപത്രിയിലാക്കുമ്പോൾ രണ്ടുമൂന്നു ദിവസം ജോലിക്ക് കാണില്ല എന്നും പറഞ്ഞിരുന്നു.

വനപാലകരുടെ ക്ലേശജീവിതത്തിൻ്റെ തെളിമയുള്ള മറുവശമാണ് അവരുടെ കുടുംബ ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കാരണവശാലും അവർക്ക് കൃത്യത പാലിച്ച് കുടുംബത്തിൽ എത്താനാകില്ല. എത്തിയാൽ തന്നെ കുടുംബകാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കാതെ പലപ്പോഴും മടങ്ങേണ്ടിവരും . അങ്ങനെയങ്ങനെ, അവരുടെ പങ്കാളിയും മക്കളും മരത്തിൽ പടർന്നു കയറിയ വള്ളിയുടെ ദുർബലാവസ്ഥയിൽ നിന്നുമാറി, വെളിച്ചത്തിലേക്ക്, സ്വാശ്രയത്വത്തിലേക്ക് വളരും. ജീവിതച്ചുമതലകളെ നേരിടാൻ കുട്ടികൾ ശീലിച്ചുതുടങ്ങും. കാട്ടിലെ മിണ്ടാപ്രാണികളെ കാരുണ്യത്തോടെ സ്നേഹിക്കാൻ കഴിയുന്നവൻ മക്കളോട് അപാരസ്നേഹം പുലത്തുന്ന രക്ഷിതാവ് ആകുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ അവർക്കത് നേരിൽ യഥാസമയം നൽകാൻ കഴിയാറില്ല. എങ്കിലും ആ അതീന്ദ്രിയ സംവേദനത്തിൻ്റെ ഉറവകൾ അവരുടെ മക്കളിൽ മനുഷ്യത്വത്തിൻ്റെ നനവായി പടർന്നെത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. (കാട്ടിറച്ചി കമ്പക്കാരായ ഉദ്യോഗസ്ഥരുടെ മക്കളെ ഒഴിവാക്കുന്നു)

ഫോൺ വന്ന ശേഷമുള്ള എന്റെ കടുത്ത മുഖഭാവം SFO MP രാജു ശ്രദ്ധിച്ചു.

” വീട്ടിൽ വല്ല പ്രശ്നവും ഉണ്ടോ സാർ ?”

” ഇല്ല, എല്ലാവരും ഭക്ഷണം കഴിച്ച് വരണം. 9 മണിക്ക് ഒരു മീറ്റിങ്ങ് ഉണ്ട് “

ഭക്ഷണം കഴിച്ചു എന്നു വരുത്തി എല്ലാവരും വന്നു. ഞാൻ കാര്യം പറഞ്ഞു.

” സുപ്രൻ ചേട്ടന് അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു. നമുക്ക് അന്വേഷിക്കണം”

പെരുമഴയാണ്. രാത്രിയിലെ അന്വേഷണം എന്ന ആശയം അവർ ഒറ്റക്കെട്ടായി എതിർത്തു. ഒടുവിൽ, രാവിലെ 6 മണിക്ക് സർവ്വസന്നാഹവുമായി പോകുവാൻ തീരുമാനിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റഹിംകുട്ടി സാറിനെ വിവരം ധരിപ്പിച്ചു. അവധിയിലുള്ള സ്റ്റാഫുകളെ മടക്കി വിളിക്കാൻ നിർദ്ദേശിച്ചു.

“സാർ, ടെൻഷൻ ആകെണ്ട . പുള്ളി ആശുപത്രിക്കാര്യം മറന്നതായിരിക്കും” രാജു പറഞ്ഞു.

ഞാൻ മറുപടി പറഞ്ഞില്ല. ലാൻ്റ് ഫോണിൻ്റെ റീസീവർ എൻ്റെ കയ്യിലിരുന്ന് വിറച്ചത് എൻ്റെ വയറ്റിലൂടെ ഒരു മലമുഴക്കിയുടെ ചിറകടി ഇരമ്പൽ തൊട്ടു പോയപ്പോഴാണ് എന്നും അത്, ‘ആനക്ക് ചക്ക വെട്ടിക്കൊടുക്കും’ എന്ന് കേട്ടപ്പോൾ ഉണ്ടായ അതേ അങ്കലാപ്പിൻ്റെ മുഴക്കത്തിലുള്ളതായിരുന്നു എന്നും രാജുവിന് അറിയില്ലല്ലോ !

അന്ത്യരംഗം

ജൂലൈ ഒന്നിന് രാവിലെ 6 മണിക്ക് ഞങ്ങൾ സ്റ്റേഷനിൽ നിന്ന് കാട്ടിലേക്ക് തിരിക്കുമ്പോൾ ചാറ്റമഴ ഉണ്ടായിരുന്നു. കാട്ടിൽ മഴവെള്ളം ചാലുകീറി ഒഴുകുന്ന മൺതിട്ടകളുടെ ഭാഗത്ത് ജീപ്പ് പലപ്പോഴും തെന്നിമാറി. തുടർച്ചയായി മഴകൊണ്ട വൻമരങ്ങൾ നനഞ്ഞ കോഴിയെപ്പോലെ ഇലച്ചാർത്ത് താഴ്ത്തിയാണ് നിന്നിരുന്നത്. ചപ്പാത്തിന് തൊട്ടുമുമ്പ് എത്തിയപ്പോൾ വണ്ടി നിർത്താൻ ഞാൻ ആവശ്യപ്പെട്ടു. എൻ്റെ സ്വരത്തിലെ കടുപ്പം സലിമിൻ്റെ കാലിലേക്ക് സംക്രമിച്ചപ്പോൾ ജീപ്പ് ചെളിയിൽ തെന്നിമാറി വിറച്ചുനിന്നു. ഞാൻ ജീപ്പിൽ നിന്നിറങ്ങി.

സ്റ്റാഫിന് പരിഭ്രമം ഉണ്ടായിരുന്നു.

“സുപ്രൻ ചേട്ടൻ ഇവിടെയുണ്ട്, നോക്ക് ” നനയുന്ന കണ്ണുകളോടെ ഞാൻ പറഞ്ഞു.

വനയാത്രകളിൽ ഒരിക്കലും എന്നെ ചതിച്ചിട്ടില്ലാത്തത് എൻ്റെ മൂക്കാണ്. ആനയേയും കടുവയേയും മാത്രമല്ല, കരടിയേയും പന്നിയേയും പ്രവചിക്കാൻ കഴിയുന്ന, കഴിഞ്ഞ ശ്വാനജന്മത്തിൻ്റെ ശിഷ്ടം ഈ ജന്മത്തിലും വാലാട്ടി എനിക്കൊപ്പം കൂടിയിരുന്നു. സുപ്രൻചേട്ടൻ്റെ ഗന്ധം എനിക്ക് കൃത്യമായി കിട്ടിയിരിക്കുന്നു!

ജീവനക്കാൻ നാലുപാടും ചിതറി പരതി. ചപ്പാത്തിൻ്റെ ഭാഗത്തേക്ക് നടന്ന പോൾ പൊന്നൻ വേഗം തിരിച്ചു വന്നു. എന്നിട്ട് താൻ പോയതിൻ്റെ അപ്പുറം ചപ്പാത്തിലേക്ക് ഭാഗത്തേക്ക് വിരൽ ചൂണ്ടി.

അവിടെ നീരൊഴുക്കിനപ്പുറം ഒരാൾ കിടക്കുന്നതുപോലെ! കുറച്ച് അടുത്തു ചെന്ന് നോക്കി. കാട്ടാനകളുടെ കൂട്ടുകാരനാണ്! 2-3 ദിവസം പഴക്കമുണ്ട് !!

ചപ്പാത്തു കടന്ന് അടുത്തുചെന്നു . കമഴ്ന്നാണ് കിടക്കുന്നത്. ഉടുത്തിരുന്ന കൈലിയുടെ ഒരു ഭാഗം കീറി വലത്തേ കണംകാലിൽ കെട്ടിയിരിക്കുന്നു. തൊട്ടടുത്ത് ഒരാന രണ്ടുമൂന്ന് ദിവസം മാറാതെ നിന്നതിൻ്റെ ആനപ്പിണ്ടക്കൂട്ടവും ചവിട്ടുപാടും. ഞങ്ങളുടെ ജീപ്പ് വന്നപ്പോൾ മാത്രമാണ് ആന പിൻമാറിയത് !!

(അടുത്ത ദിവസങ്ങളിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷവും നടത്തിയ വിലയിരുത്തൽ ഇതാണ്: 28 -ാം തീയതി രാവിലെ സുപ്രൻ ചേട്ടൻ പ്രാഥമിക കർമ്മങ്ങൾക്കായി ചപ്പാത്തിൻ്റെ ഭാഗത്തേക്ക് വരുന്നു. അവിടെ അദ്ദേഹത്തെ ഒരാന ആക്രമിച്ച് അടിക്കുന്നു. അദ്ദേഹം ദൂരേക്ക് തെറിച്ചു വീഴുന്നു. 7 വാരിയെല്ലുകൾ പൊട്ടുകയും വലതു കണംകാലിൽ ഒടിവ് ഉണ്ടാവുകയും ചെയ്യുന്നു. കാലില് ഒടിവ് മനസ്സിലായി മുണ്ടിൻ്റെ ഒരു ഭാഗം കീറി കണംകാൽ ചുറ്റിക്കെട്ടി അദ്ദേഹം ക്യാമ്പ് ഷെഡ്ഡിലേക്ക് നടക്കാൻ ശ്രമിക്കുന്നു. പക്ഷേ വാരിയെല്ലുകളുടെ ഒടിവ് ഉണ്ടാക്കിയ ആന്തരിക രക്തസ്രാവം കാരണം കുറച്ചു നടന്നശേഷം അബോധാവസ്ഥയിൽ നിലം പതിക്കുന്നു.)

അദ്ദേഹത്തെ അടിച്ച കാട്ടാനക്ക് അബദ്ധം പറ്റിയതായിരിക്കുമോ? അല്ലെങ്കിൽ പിന്നെ എന്താണ് വീണു കിടക്കുന്ന ആളിനെ കൂടുതൽ ആക്രമിക്കാതെ 2-3 ദിവസം കാവൽ നിന്നത് ?

അഥവാ മറ്റൊരു അക്രമിയാണ് അദ്ദേഹത്തെ അടിച്ചതെങ്കിൽ, സുപ്രൻ ചേട്ടൻ്റെ ഒരു ചങ്ങാതിയാന അവനെ തുരത്തി അതിരപ്പിള്ളിയുടെ കൂട്ടുകാരന് കാവൽ നിന്നു എന്നുറപ്പാണ് !!

ഏതോ അതീന്ദ്രിയ അവബോധത്തിൻ്റെ ഭൂതാവിഷ്ടനെപ്പോലെ കാട്ടിലഞ്ഞ മനുഷ്യനാണ് അതിരപ്പിള്ളിയുടെ കാട്ടിൽ വീണടിഞ്ഞു കിടക്കുന്നത്.
ആ ശരീരം പെട്ടെന്ന് എടുത്തു മാറ്റാനാകാത്തവിധം വനമണ്ണിൽ പതിഞ്ഞാണ് കിടന്നിരുന്നത്.

മഴയിലലിഞ്ഞ് സുപ്രൻ ചേട്ടൻ്റെ ശരീരം ചപ്പാത്തിലേക്കൊഴുകി ചാലക്കുടിപ്പുഴയുടെ ഭാഗമാകുന്നുണ്ടായിരുന്നു. ആ നീരൊഴുക്കിന് പാൽനിറമായിരുന്നു – ശുഭ്രവർണ്ണം !

എത്രയോ പച്ചമനുഷ്യരുടെ വിയർപ്പും കണ്ണീരും ചോരയുമാണ് നമ്മുടെ കാടുകളുടെ നിലനില്പിൻ്റെ ഉഷ്ണമാപിനികളിലെ രസബിന്ദുക്കളായി ഒഴുകിപ്പരക്കുന്നത്! അവരുടെ ഇരുണ്ട് നിറംമങ്ങിയ സാധാരണ ജീവിതങ്ങളും അങ്ങനെ തിളങ്ങുന്ന ശുഭ്രവർണ്ണമുള്ള വനരക്തസാക്ഷിത്വത്തിലേക്ക് ഉയരുന്നുണ്ട്.

പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയപ്പോഴേക്കും നാലുമണിയായി. സ്റ്റാഫുകൾ സുപ്രൻചേട്ടൻ്റെ വേർപാടിൻ്റെയും ആ കാഴ്ചയുടെയും ഗന്ധത്തിൻ്റെയും ആഘാതത്തിലും വിശപ്പിലും തകർന്നുപോയിരുന്നു. അവരെ സമാശ്വസിപ്പിച്ച്, കൂടെകൂട്ടി മടങ്ങുമ്പോൾ, “പേടിക്കേണ്ട, ചേട്ടൻ നാളെ എത്തും ” എന്ന് ഇന്നലെ ആ സഹോദരിക്കു നൽകിയ ഉറപ്പിലെ ” കുഞ്ജര ” എന്ന യുധിഷ്ഠിര കാപട്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. മനസ്സ് വിങ്ങിയുള്ള രാത്രി മയക്കത്തിലും പാൽ നിറത്തിൽ കാട്ടിലൂടെ ഒഴുകിയ സുപ്രൻചേട്ടൻ്റെ കാഴ്ച എന്നേ പിൻതുടർന്നു….

എന്തിനാണ് അതിരപ്പിള്ളിക്കാർ സുബ്രഹ്മണ്യനെ സുപ്രൻ എന്ന് വിളിച്ചത് ? അതോ ശുഭ്രൻ എന്നാണോ ആ പേര് ? ശുഭ്രവർണ്ണത്തിൽ ഈ മനുഷ്യൻ്റെ കർമ്മവും കായവും കാട്ടിലലിഞ്ഞുചേരുമെന്ന് അവർ മുൻകൂട്ടി കണ്ടോ ? അപ്പോൾ അറിയാതെ, വള്ളിനിക്കറിട്ട് ചാണകം മെഴുകിയ തറയിൽ നിലവിളക്കിനു മുന്നിലിരുന്ന് ചെറുപ്പത്തിൽ ചൊല്ലിയ സന്ധ്യനാമത്തിൻ്റെ ഒരു വരി ഏതോ ഏകാങ്കനാടകത്തിലെ അവസാന ഡയലോഗുപോലെ എന്നെത്തേടിയെത്തി.

“ശുഭ്രവർണ്ണം ശുഭാംഗം !!”

( കർട്ടൻ )

അണിയറയിൽ :

സുബ്രഹ്മണ്യൻ്റെ നഷ്ടത്തിൽ വനംവകുപ്പും നാട്ടുകാരും ഒത്തുനിന്നു. അതിരപ്പിള്ളി കാടിനു വേണ്ടിയുള്ള ആ രക്തസാക്ഷിത്വം വെറുതെയാകരുതെന്ന് എല്ലാവർക്കും നിർബന്ധമുണ്ടായിരുന്നു. റെയ്ഞ്ച് ഓഫീസർ റഹിംകുട്ടി സാറും DFO അബ്ദുൾ നാസർ കുഞ്ഞു സാറും ആ വെല്ലുവിളി ഏറ്റെടുത്തു. വനം ആസ്ഥാനത്ത് സൂപ്രണ്ട് R S പ്രദീപ് സാർ, ഭരണ വിഭാഗം APCCF ഹരികുമാർ സാർ എന്നിവരിലൂടെ ആ ദൃഢനിശ്ചയം ഒരു ഹരിതരക്തസാക്ഷിത്വ കുറിപ്പായി ഒരുങ്ങി. സംസ്ഥാന വനം വകുപ്പിൽ നിന്നുള്ള ആദ്യ ഇ ഫയലായി CCF AK ഗോയൽ സാർ അത് സർക്കാരിലേക്ക് അയച്ചു. അർഹിക്കുന്ന ഗൗരവത്തോടെ വനം മന്ത്രി ഗണേഷ് കുമാർ അത് ഉമ്മൻചാണ്ടി സർക്കാരിൻ്റെ മന്ത്രിസഭായോഗത്തിന് മുന്നിലെത്തിച്ചു.

സുബ്രഹ്മണ്യൻ്റെ മകൻ വി എസ്സ് ലാലുവിന് ഡ്രൈവറായി സ്ഥിരനിയമനം നൽകുന്നതിന് മന്ത്രിസഭ അനുമതി നൽകി. സുബ്രഹ്മണ്യൻ്റെ രണ്ടു പെൺമക്കൾക്ക് ഓരോ ലക്ഷംരൂപ പ്രത്യേക സമാശ്വാസധനം നൽകുന്നതിനും ഭാര്യ ശ്യാമളക്ക് വന്യജീവി ആക്രണമരണത്തിനുള്ള സമാശ്വാസധനം (അന്ന് 3 ലക്ഷം രൂപ) നൽകുന്നതിനും തീരുമാനിച്ചു.

ഒരു താല്ക്കാലിക വാച്ചറുടെ കാര്യത്തിൽ ഇത്രക്ക് കാരുണ്യത്തോടെയുള്ള നിലപാട് അതിനുമുമ്പോ ശേഷമോ കേരളത്തിൽ ഉണ്ടായിട്ടില്ല. സുപ്രൻചേട്ടൻ്റെ ജീവിതം പോലെ, ആ നിലപാടും വനംവകുപ്പിൻ്റെ ചരിത്രത്തിലെ ഒരു ശുഭ്രവർണ്ണ ഏടായിത്തീർന്നു.)

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.