മദ്ധ്യകേരളത്തിലെ നാല്പത്തീരടി കളരികൾ

കളരി എന്ന മലയാള പദം ഖലൂരിക എന്ന സംസ്കൃത ഭാഷയിൽ നിന്നും വന്നതാണെന്നും അതല്ല കല്ലൂരി എന്ന ചെന്തമിഴിൽ നിന്നും വന്നതാണെന്നുമുള്ള വിഭിന്നാഭിപ്രായങ്ങൾ കളരി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ എന്തുതന്നെയായാലും ഈ രണ്ടു പദങ്ങളും ശസ്ത്ര – ശാസ്ത്ര – ശാസ്ത്രേതര വിഷയങ്ങൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലം അഥവാ കേന്ദ്രം എന്നാണ് അർത്ഥമാക്കുന്നത്. കളരി എന്ന മലയാള പദത്തിന്റെ രൂഢമൂലമായ അർത്ഥം ആയുധ പരിശീലന കേന്ദ്രം എന്നുതന്നെയാണെന്നാണ് ഭാഷാ പണ്ഡിതരുടെ അഭിപ്രായം. കൂടാതെ പ്രാദേശികമായി ശാസ്ത്ര- ശാസ്ത്രേതര വിഷയങ്ങളും ആരോഗ്യ മേഖലയിലെ വിഷയങ്ങളും പ്രാദേശിക ഭാഷയും ഗണതമടക്കമുള്ള മറ്റു വിജ്ഞാന സാങ്കേതിക വിഷയങ്ങളും കാലോചിതമായി അഭ്യസിപ്പിച്ചിരുന്ന സ്ഥലം എന്നും കൂടി മദ്ധ്യകേരളത്തിലെ കളരിയെ വിശേഷിപ്പിക്കാം.

കളരിയുടെയും കളരിവിദ്യകളുടെയും ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഐതീഹ്യങ്ങളും തലമുറകളായി കൈാറിവരുന്ന വാമൊഴികളും കെട്ടുകഥളുമാണ് ഇന്ന് നമുക്ക് ആധാരമായിട്ടുള്ളത്. സംഘകാല കൃതികളിൽ കളരി എന്ന പദം ആവർത്തന വിരസമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പിൽക്കാല കളരിയേയൊ കളരിവിദ്യകളേയൊ പൂർണ്ണമായും പ്രതിനിധീകരിക്കുന്നതായ പരാമർശങ്ങളൊ തെളിവുകളൊ ലഭ്യമല്ല. നഷ്ടപ്പെട്ടതെന്നു പറയപ്പെടുന്ന അതിപുരാതനമായ കളരിയാവിരൈ എന്ന അറിവധികാരങ്ങളക്കുറിച്ചുള്ള ഗ്രന്ഥവും പാരമ്പര്യ അറിവുകളെക്കുറിച്ചുള്ള അന്വേഷണവും വളരെ അടുത്തകാലത്ത് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അക്കദമിക് പ്രമുഖനും ചരിത്ര ഗവേഷകനുമായ പ്രൊഫ. ഡോ. പി. കെ. ശശീധരൻ ചരിത്രപരമായ ഗവേഷണം നടത്തിവരുന്നുണ്ട്. അക്കദമിക് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ചരിത്രാന്വേഷണം എന്നത് വളരെ ഗൌരവത്തോടെ കാണണം.

കളരിവിദ്യകൾ എന്നത് കേവലം കളരിപ്പയറ്റ് എന്ന നിലയിലേക്ക് ചുരുങ്ങിയത് അഥവാ ചുരുക്കിയത് വളരെ അടുത്ത കാലത്താണെന്നു് പൂർവ്വിക ചരിത്രത്തിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും കാണാം. കളരിവിദ്യ മർമ്മ ശാസ്ത്ര, സിദ്ധവൈദ്യം,ആയുർവ്വേദം, പാരമ്പര്യ വൈദ്യം എന്നിങ്ങനെ ഒട്ടനവധി വിദ്യകളും വിഷയങ്ങളും ഉൾപ്പെട്ടിരുന്ന ഒരു വലിയ അറിവധികാരത്തിൻറെ ഭണ്ഡാരത്തെയാണ് കേവലം ആയുധ വിദ്യ അഥവാ കളരിപ്പയറ്റ് എന്നതിലേക്ക് ചുരുക്കിയിരിക്കുന്നത് എന്നതാണ് സത്യം. കേരള സമൂഹത്തിലുണ്ടായ വലിയൊരു സാമൂഹിക, രാഷ്ട്രീയ, ഭരണ തല സാംസ്കാരിക പരിവർത്തനത്തിൻറെ പരിണതഫലമായിട്ടായിരിക്കാം ഈ ചുരുക്കൽ നടന്നിരിക്കുക. അധിനിവേശപരമായ കടന്നുകയറ്റവും നിർബന്ധിത പരിവർത്തന പ്രക്രിയയും പല പൂർവവീകതളിൽ വൈകൃതങ്ങളോടൊപ്പം നവീനതയും കടന്നു കയറിയിട്ടുണ്ട്.

നാട്ടുരാജാക്കന്മാരുടെ നിലനിൽപ്പിനും പ്രബലതക്കും വേണ്ടി നടത്തിയിട്ടുള്ള സൈനീക നീക്കങ്ങൾക്കായിട്ടുള്ള യുദ്ധമുറ എന്ന നിലയിലേക്ക് കളരിവിദ്യകൾ ചിരുങ്ങിയത് പന്ത്രണ്ടാം നൂറ്റാണ്ടോടെ അഥവാ അതിനുശേഷമാണ്. കളരിയുടെ പൂർവ്വീകതയിലേക്ക് സഞ്ചരിക്കുമ്പോൾ വ്യക്തമായ തെളിവുകൾ ലഭ്യമല്ലായെങ്കിലും വാമൊഴികളും തിരുശേഷിപ്പുകളും സാഹചര്യതെളിവുകളും യുദ്ധേതര വിഷയങ്ങളും പൊതുവിജ്ഞനങ്ങളും വിശേഷ വിജ്ഞാനങ്ങളും ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളും മന്ത്ര-തന്ത്രവിദ്യകളും പാരമ്പര്യങ്ങളും മറ്റും ഉൾപ്പെട്ടിരുന്ന ഒരു മഹത്തായ അറിവിൻറ ഭണ്ഡാരമായിരന്നുവെന്നു കാണാം.

പ്രാചീനകാലത്തും സംഘകാലത്തും തുടർന്നും കളരി ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പെരുമാക്കാന്മാരുടെ കാലത്തും തുടർന്നുള്ള ജന്മി- നാടുവാഴി വ്യവസ്ഥിതിയിലുമാണ് ഇന്ന് നാം അറിയുന്ന കളരിയും കളരിവിദ്യകളും കേവലം യുദ്ധകല അഥവാ ആയുധ വിദ്യ എന്ന നിലയിൽ വ്യാപകമായി പ്രചാരത്തിലാകുന്നത്. മധ്യകേരളത്തിൽ കളരിയും കളരിവിദ്യകളും പത്തൊമ്പോതാം നൂറ്റാണ്ടിന്റെ പ്രാരംഭം (1804) വരെ കാലോചിതമായ പരിവർത്തനങ്ങളോടെയാണെങ്കിലും “കളരിപഴയ” പൂർണ്ണമായും നഷ്ടപ്പെടാതെ കളരിയും കളരിവിദ്യകളും കളരി സംസ്കാരവും കളരിയാചാരാനുഷ്ഠനങ്ങളും നിലനിർത്തുവാൻ കളരി സമുദായത്തിനു കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കേരളമെന്ന പശ്ചിമ ഘട്ടത്തിനു പടിഞ്ഞാറൻ ഭൂപ്രദേശത്ത് നൂറ്റാണ്ടുകൾക്കു മുമ്പു മുതലെ കളരിയെന്നത് രണ്ടു വ്യത്യസ്ത ചിന്താധാരകളിലൂടെ (School of thoughts) വളർന്നുവന്ന അറിവധികാരങ്ങളുടെ പ്രചാരണ അഥവാ പരിശീലന ശൈലികളായിരുന്നുവെന്ന് ആര്യമതം വിശ്വാസിച്ചുവരുന്നു. പരശുരാമധാരയും അഗസ്ത്യ ധാരയുമാണവ. ഈ രണ്ടു ചാന്താധാരകളും ആര്യവംശത്തിലെ പരശുരാമനിലൂടെയും അഗസ്ത്യനിലൂടെയുമാണ് അറിയപ്പെടുന്നത്. ഇതിൽ പരശുരാമ നാമത്തിൽ നിലനിന്നിരുന്നത് തുളുനാടൻ സമ്പ്രദായവും അഗസ്ത്യ നാമത്തിലുണ്ടായിരുന്നത് തെക്കൻ സമ്പ്രദായവുമായിരുന്നു. കളരികളിലൂടെ മുഖ്യമായും മുന്നൂ മഹത്തരങ്ങളായ കാര്യങ്ങളാണ് കാലോചിതമായി വളർന്നതും പുലർന്നതും പ്രചരിപ്പിച്ചിരുന്നതുമെന്നു കാണാം. പരദേവതാ ഭജനം, ഗുരുശിഷ്യ ബന്ധം, ദേഹാരോഗ്യം അഥവാ പ്രതിരോധം എന്നിവയാകുന്നു അവ. പൊതുവെ ഈ വൈശിഷ്ഠ്യങ്ങളായ അവസ്ഥകൾ സാമ്പത്തികം, കീർത്തി, ഐശ്വര്യം, സുരക്ഷ എന്നിവക്കുള്ള ഉപാധികൾകൂടിയായിരുന്നു. ഇവിടെ ദേഹാരോഗ്യം, സുരക്ഷ എന്നിവ കായികമായും മാനസികമായും ഓരോ വ്യക്തിയെയും സുശക്തമാക്കുക എന്നതിലൂടെ ഒരു സമൂഹത്തെ സംരക്ഷിക്കുക അഥവാ ഓരോ യുവാക്കളെയും ഏതൊരു പ്രതികൂല സാഹചര്യത്തേയും അഭിമുഖീകരിക്കുവാൻ പ്രാപ്തരാക്കി രജ്യരക്ഷക്ക് സജ്ജരാക്കുക എന്നതായിരുന്നു അന്നുകാലത്തെ ലക്ഷ്യം. അതോടൊപ്പം ലഭ്യമായിരുന്ന ശാസ്ത്ര-ശാസ്ത്രേതര വിഷയങ്ങൾ പ്രാദേശികർക്കിടയിൽ കാലാനുസൃതമായി പ്രചരിപ്പിച്ച് അതാതു സമൂഹത്തെ പ്രബുദ്ധരാക്കുക, പ്രബലരാക്കുക, അറിവുള്ളവരാക്കുക എന്നതും കളരിയിലൂടെ കളരിയാചാര്യന്മാർ ലക്ഷ്യമിട്ടിരുന്ന സാമൂഹ്യ പ്രതിബന്ധതകളായിരുന്നുവെന്നു പറയാം.

കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർത്ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത /പാലി പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്നൊരു അഭിപ്രായം നിലനിൽക്കുന്നുണ്ട്. എം.ഡി. രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ, കളരി എന്നീ പ്രയോഗങ്ങൾ സംഘകാല കൃതികളിൽ പറയുന്നുണ്ട്. മധ്യകാലത്തോടെ പൊതുവിദ്യകൾ അഭ്യസിക്കാൻ പല ജനവിഭാഗങ്ങൾക്കും അനുവാദം ഇല്ലാതിരുന്നതുപോലെ കളരിപ്പയറ്റ് അഭ്യസിക്കാൻ എല്ലാ ജനവിഭാഗങ്ങൾക്കും ജാതീയ അനുമതി മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. മധ്യകാലം മുതൽ 15 ആം നൂറ്റാണ്ടു വരെ ചില പ്രത്യേക ജാതിക്കാർക്ക് മാത്രമാണ് ഈ കല അഭ്യസിക്കുവാനും അഭ്യസിപ്പിക്കുവനും പ്രചരിപ്പിക്കുവാനും അനുവാദം ഉണ്ടായിരുന്നൊള്ളു എന്ന് പറയപ്പെടുന്നു. അതോടൊപ്പം കരിവിദ്യകളെ ആയുധകല, യുദ്ധകല എന്നീ നിലകളിൽ ഉപയോഗിക്കുവാൻ ശൂദ്രരിലെ പുറത്തു ചാർന്നവർ എന്ന വിഭാഗത്തിനായിരുന്നു അനുമതിയുണ്ടായിരുന്നത്. ശൂദ്രർക്ക് കളരി പിരിശീലിപ്പിക്കുവാനുള്ള അനുമതി പഴയകാലങ്ങളിൽ ഉണ്ടായിരുന്നതായി കാണുന്നില്ല.

‘’വൃയാമകിവിദ്യ വിജ്ഞാൻ‘’ എന്ന കലാവിദൃയെ ഉപോത്ബലകമായിട്ടാണ് കളരിപ്പയറ്റ് അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ധനുർ വേദം, ആയുർ വേദം എന്നിവയാണ് മുഖ്യമായും ഇതിനു പിന്നിൽ ഉപയോഗിച്ചത്. അതോടൊപ്പം കേരളത്തിൽ നിലനിന്നിരുന്ന പ്രാചീന ആയുധ ഉപയോഗ രീതികളും പ്രാകൃത യുദ്ധ രീതികലും ഈ പ്രക്രിയയിൽ സമന്വയിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു കരുതണം. കളരികളിൽ ഉൾത്തിരിഞ്ഞുവന്ന കളരിപ്പയറ്റ് എന്ന ആയോധന വിദ്യാ ശൈലി ഭാരതത്തിൽ മറ്റൊരിടത്തും ഇല്ലാത്തതിനാലാണ് ഈ വിദ്യകൾ ആര്യ- ദ്രാവിഡ- പ്രാചീന ആയുധ ഉപയോഗരീതികളുടെ ഒരു സംമിശ്രമായ രീതിയാണെന്നു സാങ്കേതികമായി പറയേണ്ടിവരുന്നത്.

മധ്യകേരളത്തിലെ ചാലിയാർ തടങ്ങൾ മുതൽ പെരിയാറിന്റെ തടങ്ങൾ വരെയുള്ള ഭൂപ്രദേശത്ത് പെരുമാക്കാന്മാരുടെ കാലത്തും തുടർന്നും യോദ്ധാക്കളെ ആയുധ വിദ്യയും മെയ്-വഴക്കങ്ങളും മറ്റു അനുബന്ധ വിദ്യകളും പരിശീലിപ്പിച്ചിരുന്നത് കളരി സമുദായം എന്ന കളരിക്കുറുപ്പ് കളരിപ്പണിക്കർ എന്ന ജനവിഭാഗമായിരുന്നു.

പരമ്പരാഗത കളരിയുടെ നിർദ്ദിഷ്ട ആകൃതി, ഘടന, അളവുകൾ എന്നിവ വാസ്തുവിദ്യാ പ്രകാരമുള്ള നിർമിതിയെയാണ് പിന്തുടരുന്നത്. നാല്പത്തീരടിയെന്നാൽ നാല്പത്തിരണ്ട് അടി നീളവും ഇരുവത്തിയൊന്നടി വീതിയുള്ള തറയോടുകൂടിയ നിർമ്മിതിയാണ്. പഴയകാലങ്ങളിൽ മേൽക്കൂരകളോടു കൂടിയതായിരുന്നു കളരികൾ. മേൽക്കുരക്ക് പിന്നിൽ വിദ്യ നൽകുന്നതിന് അതാതു പ്രദേശങ്ങളിലെ അനുകൂലവും പ്രതികൂലവുമായ കാലവസ്ഥയും സാഹചര്യങ്ങളും തന്നെയായിരുന്നു. പഞ്ചമഹാഭൂത സിദ്ധാന്തം കളരിയിൽ വ്യക്തമായി കാണുവാനും കഴിയുന്നു.

“പഞ്ചഭൂതങ്ങളും തന്മാത്രകളും ചേർന്നാൽ പത്തല്ലൊ
ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ചേർന്നും പത്തല്ലൊ
അവയിരുവതും ശിവമയവും ചേർന്നാൽ ഇരുപത്തിയൊന്നും
അതിനോടു ശക്തി ഭാഗവും ചേർന്നാൽ നാല്പത്തീരടില്ലോ!”

കളരിയെ സാങ്കല്പീകമായി രണ്ടു ഭാഗങ്ങളായി തിരിച്ച് കണ്ടാൽ, ആദ്യ പകുതി ശിവനും രണ്ടാം പകുതി ശക്തിയും പങ്കിടുന്നു. ശിവശക്തിയുടെ സംയോജമാണ് കളരി എന്നാണ് പൂർവ്വീകരുടെ ഭാഷ്യം. പഞ്ചഭൂതങ്ങളും തന്മാത്രകളും ജ്ഞാനേന്ദ്രീയങ്ങളും കർമ്മേന്ദ്രീയങ്ങളും ഈ ശീവശക്തിയായ അർദ്ധനാരീശ്വര സങ്കല്പത്തോട് ഈ രണ്ടു ഭാഗത്തുമായി ചേരുന്നു നിൽക്കന്നുവെന്നാണ് സങ്കല്പം.

അന്യ ജാതി ജനവിഭാഗങ്ങൾ വിവിധ കാലഘട്ടങ്ങളിൽ കലോചിതമായി കളരികളിലൂടെ കേവലം യുദ്ധവിദ്യ എന്ന നിലയിൽ ആയോധന വിദ്യ, കായീക വിദ്യ, മെയ്-വഴക്ക വിദ്യ എന്നിവ അഭ്യസിച്ചുവന്നപ്പോൾ, കളരി സമുദായം ആയോധന വിദ്യ എന്നതിനുപരി ആത്മീയ- അദ്ധ്യാത്മീയ- ഭൌതീക- ലൌകീക വിദ്യകളുടെയും വിജ്ഞാനങ്ങളുടയും വിവിധ കലകളുടെയും പ്രാഥമീക തലം മുതൽ അത്യുന്ന തലങ്ങൾവരെയുള്ള അറിവധികാരങ്ങളിൽ ഗുരുകുല സമ്പ്രദായത്തിൽ പരിശീലിപ്പിച്ചുപോന്നു. ഇതുതന്നെയാണ് കളരിക്കുറുപ്പ്-കളരിപ്പണിക്കർ എന്ന ജനവിഭാഗത്തിന് ലഭിച്ച ഗുരുസ്ഥാനത്തിന്റെ അടിസ്ഥാനവും പ്രത്യേകതയും.

“വർണ്ണനിഷ്ഠ പ്രകാരമുള്ള ക്ഷാത്രവിദയക്കാർ കേരളത്തിലില്ലെങ്കിലും ക്ഷത്രയരാക്കപ്പെട്ട നായർ പടയാളികളെയാണ് കളരിപ്പയറ്റിന്റെ ആസ്ഥാന കൈകർത്താക്കളായി കേരളചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കളരിക്കുറുപ്പ്, കളരിപ്പണിക്കർ എന്നീ പ്രകടമായ കളരിസ്ഥാനപ്പേരുകൾ കൈവശം വെയ്ക്കുന്ന തരംതാഴ്ത്തപ്പെട്ട അസവർണ്ണ സമുദായമുള്ളപ്പോൾത്തന്നെയാണ് കളരിവിദ്യാപാരമ്പര്യത്തിന്റെ കുത്തക നായർ സമുദായത്തിനു മാത്രമായി പതിച്ചുകൊടുത്തിട്ടുള്ളത്. ഈ രീതിയിൽ വളരെ വിഭാഗീയമായ താല്പര്യങ്ങളോടെയാണ് കളരിവിദ്യയുടെ ആശയലോകത്തെ വക്രീകരിക്കുകയും സ്വായത്തീകരിക്കുകയും ചെയ്തിരിക്കുന്നത്.” ഡോ. പി.കെ. ശശീധരന്റെ ഈ ചൂണ്ടികാട്ടൽ ഇവിടെ വളരെ പ്രസക്തമാണ്. അതോടൊപ്പം “കളരിയും കളരിക്കുറുപ്പും പണിക്കരും ഗുരുക്കന്മാരുമൊക്കെ നിലവിലുണ്ടായിരുന്നെങ്കിലും ആയുധപണിയിൽ പ്രത്യേകവത്കരിച്ച ഒരു വിഭാഗമോ അയുധ നിർമ്മാണ കേന്ദ്രമോ നിലനിന്നിരുന്നില്ല.” പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കരള ചരിത്രവും എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ചരിത്രപരമായി ചൂണ്ടികാട്ടിയ ഈ ഉദ്ധരണി ഇവിടെ കൂട്ടിവായിക്കാവുന്ന ഒന്നാണ്.

കളരിക്കുറുപ്പ് കളരിപ്പണിക്കർ എന്ന കളരി സമുദായത്തിന് രണ്ടു വ്യത്യസ്ത രീതികളിലുള്ള കളരികളുണ്ടായിരുന്നു. ഈ ജനവിഭാഗത്തിന്റെ കളരികളെ അക്ഷരകളരികളെന്നും ആയുധ-കളരികളെന്നും രണ്ടു വ്യത്യസ്ത രീതിയിലാണ് ആചാര്യന്മാർ ചൂണ്ടികാണിച്ചിരുന്നത്. ആയുധമടക്കം ക്ഷരം സംഭവിക്കാത്ത ഏതൊരു വിദ്യയും ജ്ഞാന- വിജ്ഞാന മേഖലകളും സാങ്കേതികമായ നാട്ടറിവുകളും പരിശീലിപ്പിച്ചിരുന്ന കളരികളെ അക്ഷര കളരികളെന്നും ആയുധ പ്രയോഗങ്ങളുടെയും മർമ്മ പ്രയോഗങ്ങളുടെയും അന്യചികിസ്താ രീതികളുടെയും ജ്ഞാന- വിജ്ഞാനങ്ങളുടെയും ഉപരിതല വിദ്യകളും രഹസ്യ വിദ്യകളും പരിശീലിപ്പിച്ചിരുന്ന കളരികളെ ആയുധ കളരികളെന്നും വിളിച്ചുപോന്നു. ഇത് ഇന്നത്തെ പ്രാഥമീക വിദ്യാഭ്യാസം മുതൽ ബിരുദ- ബിരുദാനന്തര ബിരുദം വരെയുള്ള വിഷയങ്ങളും ഗവേഷണാത്മകമായ ഉപരിപഠന വിദ്യാഭ്യാസ രീതികളും എന്ന നിലയിൽ സർവ്വകലാശാലകളുടെ രീതികളായി കണക്കാക്കാം.

കളരി സമുദായം പരിപാലിച്ചുപോന്ന കിഴക്കു- പടിഞ്ഞാറായി കിടക്കുന്ന നാല്പത്തീരടി കളരികളെ അക്ഷര കളരികളെന്നും തെക്കു- പടിഞ്ഞാറായി കിടക്കുന്ന കളരികളെ ആയുധ കളരികളെന്നും പൊതുവെ പറഞ്ഞിരുന്നു. ഈ വ്യത്യസ്തയുള്ള കളരികളിലെ ദേവതാ സങ്കല്പങ്ങൾക്ക് ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. പിൽക്കാലത്ത് രചിക്കപ്പട്ട പ്രശ്ന കൌതുകം എന്ന ഒരു ജ്യോതിഷ പുസ്തകത്തിൽ കുറുപ്പ്- പണിക്കർ കളരികളിലെ ദേവതാ സങ്കല്പങ്ങളെക്കുറിച്ച് ചൂണ്ടികാട്ടുന്നുണ്ട്. ഈ പുസ്കത്തിന്റെ ആധികാരികതയിലേക്കൊ പ്രമാണങ്ങളിലെക്കോ ലേഖകൻ ഈ അവസരത്തിൽ വിമർശനാത്മകമായി കടക്കുന്നില്ല. എന്നാൽ കളരികളിലെ ഈ അക്ഷര- ആയുധ കളരികളെന്ന പരാമർശം കേവലം കളരി സമുദായം പരിപാലിച്ചുപോരുന്ന കളരികൾക്കിയിൽ മാത്രമാണ് കാണുന്നത് എന്നത് ഒരു പരമാർത്ഥമാണ്.
കളരിയെ സവർണ്ണവത്കരണമെന്നൊ ബ്രാഹ്മണവത്കരണമെന്നൊ പറയാവുന്ന പല രീതികളും കുറച്ചു നൂറ്റാണ്ടുകളായി കണ്ടുവന്നിരുന്നു. പരശുരാമകൽപസൂത്രത്തിലും, ധനുർവേദത്തിലും, നാട്യശാസ്ത്രത്തിലും, ശുക്രനീതിയിലുമാണ് കളരിയുടെ ആശയാടിത്തറ ബ്രാഹ്മണവത്കരണക്കാർ കാണുവാൻ ശ്രമിക്കുന്നത്. എന്നാൽ കളരിയും കളരി വിദ്യകളും എന്ന വിഷയം സ്വതന്ത്രമായ ആര്യമോ അഥവാ ദ്രാവിഡമോ ആണെന്നു പറയാനും വയ്യ. കാരണം കളരി എന്ന വിദ്യാദാന കേന്ദ്രത്തിലൂടെ അഭ്യസിപ്പിച്ചിരുന്ന വിവിധ വിഷയങ്ങൾ ആര്യവും ദ്രാവിഡവും പ്രാചീനവുമായ പലതും കുഴഞ്ഞു മറഞ്ഞു കിടക്കുന്നതായി കാണാം.

സമുദായ ഭരണകാലം എന്നു പറയപ്പെടുന്ന ആദ്യചേര അസ്തമത്തിനും പെരുമാക്കാന്മാരുടെ ഭരണ കാലത്തിനും ഇടയിലെ കാലഘട്ടത്തിൽ ആയുധധാരികളായ ചാത്തിര സംഘങ്ങളും കഴകാധികാരികൾ എന്ന നിലയിൽ വാൾ നമ്പിമാരും സർവ്വ സൈന്യാധിപൻ എന്ന സ്ഥാനിയായ അവരോധ നമ്പിയും ഭരതപ്പുഴയുടെ തീരങ്ങളിൽ 6 ബ്രാഹ്മണ കളരികളും പണിക്കർ സ്ഥാനികളായ ബ്രാഹ്മണരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ പണിക്കർ സ്ഥാനികളായ കളരികൾക്കധിപരായ ബ്രാഹ്മണർ യോഗ ഗുരുക്കൾ അഥവാ സമ്പ്രദായ ഗുരുക്കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പണിക്കർ സ്ഥാനികളായ ബ്രാഹ്മണരുടെ കളരികളിൽ ഒരു കളരിയുടെ തിരുശേഷിപ്പ് ഇന്നും പാലക്കാട് ജില്ലയിൽ തൃത്താലക്ക് അടുത്ത് ആലൂർ ദേശത്ത് കാണുന്നുണ്ട്. പഴയകാല ബ്രാഹ്മണ ഗ്രാമങ്ങളിലാന്നായ പെരിഞ്ചെല്ലൂർ ഗ്രാമക്ഷേത്രത്തിനടുത്ത് ഇന്നും ഒരു കളരിയുടെ തിരുശേഷിപ്പ് കാണുന്നുണ്ട്. ആ കളരിക്കാരെ സേനൻ അഥവാ മഹാസേനൻ എന്ന സ്ഥാനപ്പേരിലാണ് പഴയകാലത്ത് സംബോധന ചെയ്തിരുന്നത്.
നായന്മാരിലെ പണിക്കർ സ്ഥാനികളായവർക്ക് പഴയകാലങ്ങളിൽ കളരികളുണ്ടായിരുന്നു. ഈ പണിക്കർ സ്ഥാനികൾ ഏവരും രാജാവിന്റെയോ ദേശവാഴിയുടെയോ സൈനീക തലവന്മാരോ അഥവാ സൈനീക സേവനത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നവരോ ആയ യേദ്ധാക്കളായിരുന്നു. ഈ സൈനീക സേവനത്തിൽ ഉന്നത സ്ഥാനം ഉണ്ടായിരുന്നവർക്കാണ് കളരികളുണ്ടായിരുന്നത്. സാധാരണ ഗ്രാമവാസികളായ നായർ വിഭാഗത്തിന് കളരികളുണ്ടായിരുന്നില്ല. പണിക്കർ സ്ഥാനികളായ നായന്മാരുടെ കളരികളിൽ കളരി പരിശീലനം എന്നത് അവർക്കും അവരുടെ ആശ്രിതർക്കും അടുത്ത അനുയായികൾക്കും വേണ്ടിയായിരുന്നു പരിപാലിച്ചിരുന്നത്.

നാട്ടു രാജാക്കന്മാരുട ഭരണ കാലത്ത് പല ജാതി ജനവിഭാഗങ്ങളുടെ പടയാളി വ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത്തരം പടയാളികളിലെ സൈന്യാധിപന്മാർക്ക് കളരികളുമുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ തൃശ്ശൂർ മേഖലയിലെ പടനായകനായിരന്നു കൊട്ടേക്കാട് ദേശത്തെ ഈഴവ പ്രമുഖനും തണ്ടാൻ സ്ഥാനിയുമായിരുന്ന മാമുണ്ണി തണ്ടാർ. ഇദ്ദേഹത്തിന്റെ തറവാടിനോട് ചേർന്ന് ഒരു കളരിയുണ്ടായിരുന്നു. ഇന്ന് കളരിയുടെ സ്ഥാനത്ത് കളരി ക്ഷേത്രമാണ് ഉള്ളത്.

മധ്യകേരളത്തിലെ നസ്രാണികൾക്കും അവരുടെതായ പടയാളികളുണ്ടായിരുന്നു. അവരുടെ വ്യാപരത്തിന്റെയും ചരക്കു നീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിനായിട്ടായിരുന്നു അവർ പടയാളികളെ സജ്ജമാക്കിയിരുന്നത്. അങ്കമാലി എന്ന സ്ഥലം ക്രിസ്ത്യാനികളുടെ നാടെന്നാണ് അറിയപ്പെടുന്നത്. മർത്തോമ നസ്രാണികൾ എന്ന ഇവർ പഴയകാലം മുതൽ വ്യാപാരികളായിരുന്നു. ഇവിരിൽ നല്ലൊരു ഭാഗം ആളുകൾ പ്രാദേശിക കളരികളിലെ ഗുരുക്കന്മാരിൽ നിന്നും കളരിയഭ്യാസം പരിശീലിച്ചിരുന്നുവെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ 19-02-2022 ലെ ഒരു പ്രസിദ്ധീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി രാജാവിന്റെ സാമന്തനായരുന്ന ആലങ്ങാട് നാട്ടു രാജാവിന്റെ അംഗരക്ഷകരിൽ പലരും അകപ്പറമ്പ് കളരിക്കുറുപ്പിന്റെ കളരിയിൽ നിന്നും അയുധ വിദ്യകൾ അഭ്യസിച്ചവരായിരുന്നുവെന്നും പറയപ്പെടുന്നു.

മധ്യകേരളത്തിലെ കളരി പാരമ്പര്യം അഥവാ കളരി സാംസ്കാരികത എന്നത് സംഘകാലത്ത് തുടങ്ങി നമ്പൂതരിമാരിലെ പണിക്കർ സ്ഥാനികളിലൂടെ കളരി സമുദായമായ കളരിക്കുറുപ്പ് കളരിപ്പണിക്കരിൽ എത്തുകയും തുടർന്ന് പല ജാതി-ജനവിഭാഗങ്ങളിലൂടെ കൈമാറി വളർന്ന് പിൽക്കാലത്ത് കേവലം യുദ്ധകല അഥവാ ആയുധ (കളരിപ്പയറ്റ്) വിദ്യയെന്ന നിലയിലേക്ക് ചുരുങ്ങിയതാണെന്നും പറയാം. അതേടൊപ്പം പറയാവുന്ന മറ്റൊരു കാര്യം, അന്യ ജനവിഭാഗങ്ങൾക്ക് ആയോധന വിദ്യയുമായി ബന്ധപ്പെട്ട് ലഭിച്ച ഗുരുസ്ഥാനീയ പദവി അഥവാ സ്ഥാന- നാമമായിരുന്നില്ല കുറുപ്പ്, പണിക്കർ എന്നിവ. ഈ സ്ഥാന- നാമങ്ങൾ സൈനീക സേവന മേഖലയിൽ അവർക്കു ലഭിച്ച പദവികളായിരുന്നു. നായന്മാർക്കിടയിലെ പണിക്കർ, കുറുപ്പ് എന്നീ സ്ഥാനങ്ങൾ പടനായകൻ അഥവാ സൈനീക പ്രമുഖൻ എന്ന നിലയിലാണ് ലഭിച്ചത്. തിരുവിതാംകൂറിലെ മാർത്താണ്ഡ വർമ്മാ മഹാരാജാവിന്റെ കാലത്ത് പടയാളികളായിരുന്ന ക്രിസ്ത്യാനികൾക്ക് പണിക്കർ സ്ഥാനവും കളരിക്കൽ വീട്ടുപേരും ലഭിച്ചത് സൈനീക സേവനത്തിൽ നിന്നുമായിരുന്നു.

ഉപസംഹരം- ജാതിനാമങ്ങളും അവക്ക് അടിസ്ഥാനമായിരുന്ന സ്ഥാനപ്പേരുകളും തൊഴിൽ നാമങ്ങളും മധ്യകാലത്തോടെയാണ് ഉയർന്നുവന്നത്. കളരിയുമായി ബന്ധപ്പെട്ട പണിക്കർ എന്നീ ഗുരുസ്ഥാന നാമങ്ങൾ പെരുമാക്കന്മാരുടെ കാലത്തിനു തൊട്ടുമുമ്പുള്ള സമുദായ ഭരണകാലത്ത് ബ്രാഹ്മണരിൽ കഴകങ്ങൾക്കു വേണ്ടി പേരാറിന്റെ പരിപാലിച്ചുപോന്ന ആറ് കളരികൾക്കുടയോരായ യോഗരുക്കന്മാർക്കായിരുന്നു പ്രാപ്തമായിരുന്നത്. തുടർന്ന് ശൂദ്രർക്ക് കളരവിദ്യകൾ പകർന്നു നൽകിയ ഗുരുക്കന്മാരായവർക്ക് കുറുപ്പ്-പണിക്കർ സ്ഥാനങ്ങൾ ലഭിച്ചു. കാലാന്തരെ ഈ ഗുരുസ്ഥാനീയർ കളരിക്കുറുപ്പ്- കളരിപ്പണിക്കർ എന്ന് അറിയപ്പെട്ടു. അതോടൊപ്പം സൈനീക പദവികളായി നായർ പടയാളികളിലെ പടാനായകന്മാർക്കാണ് കുറുപ്പ്, പണിക്കർ സ്ഥാനങ്ങൾ സാനീക പദവികൾ എന്ന നിലയിൽ ലഭിച്ചത്. പിന്നീട് ജന്മി- നാടുവാഴി ഭരണ കാലഘട്ടത്തിലാണ് അന്യജാതി- മത-ജനവിഭാഗങ്ങൾക്ക് സൈനീക മേഖലയിൽ പണിക്കർ സ്ഥാനം പ്രാപ്തമായതും കളരികൾ പരിപാലിക്കുവാൻ അനുമതി ലഭിച്ചതുമെന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രസ്താവിക്കാം.

(പ്രാദേശിക സൂക്ഷ്മ ചരിത്രാന്വേഷണ രീതിയനുസരിച്ചുള്ള ഒരു ഹൃസ്വ ലേഖനം )

40 വർഷം ഗുജറാത്തിൽ സംസ്ഥാന സർക്കാരിൻറ PRD യിൽ ഓഫീസറായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊതു ജനസമ്പർക്ക വിഷയവുമായി ബന്ധപ്പെട്ട് സേവനം ചെയ്തിട്ടുണ്ട്. ധാരാളം ചരിത്ര പുസ്തകങ്ങളും അനവധി ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.