
സ്വദേശി സുഹൃത്ത് ജോലിക്ക് എത്താതിരുന്നതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞത് ‘ പുതിയ കുഞ്ഞ് പിറന്നു’ എന്നായിരുന്നു. യു എ ഇ തൊഴിൽ നിയമപ്രകാരം കുഞ്ഞ് ജനിച്ചാൽ പരിചരണത്തിനായി പിതാവിനും അഞ്ചു ദിവസം അവധിയുണ്ട്. അതു കഴിഞ്ഞാണ് അദ്ദേഹം ഓഫിസിലെത്തിയത് . കുട്ടിക്കെന്ത് പേരിട്ടു എന്ന അടുത്ത ചോദ്യത്തിനു മറുപടി ‘മഴ’ എന്നായിരുന്നു. അറബിഭാഷയിൽ ‘ഗൈഥ് ‘. പെയ്ത്തിൻ്റെ പെരുക്കത്തിന് അനുസരിച്ച് അറബിഭാഷയിൽ അൻപതിലധികം പേര് മഴയ്ക്കുണ്ടത്രെ! മഴയെ അത്രമേൽ ആഘോഷിക്കുന്നവരാണ് അറബ് സമൂഹം. കാരുണ്യത്തിൻ്റെയും സമൃദ്ധിയുടെയും ശുപാപ്തിവിശ്വാസത്തിൻ്റെയും ഉറവിടമാണവർക്ക് മഴ.
സന്ദർശക വിസയിൽ വരുന്നവരെ പോലെയാണ് ഗൾഫിൽ മഴ. ചുരുങ്ങിയ സമയം നിശ്ചയിച്ചൊരു പെയ്ത്ത്. പരമാവധി ആരവം മുഴക്കി, നാടിന്‍റെ മണലും മനസ്സും തണുപ്പിച്ച് , മുച്ചൂടും ‘വിറപ്പിച്ചാ’ണ് അരങ്ങൊഴിയുക. മഴ വരുമ്പോൾ അലക്കിയിട്ട വസ്ത്രവും ഉണക്കാനിട്ട അസംസ്കൃത വസ്തുക്കളും വാരിക്കൂട്ടി അകത്തേക്കിടാനാണ് വെമ്പിയിരുന്നതെങ്കിൽ പ്രവാസി അവരവരുടെ വാഹനം വെള്ളം വിഴുങ്ങാത്തവിധം ഒതുക്കിയിടാനാണ് ഓടുക.
മഴ ദുരിതപ്പെയ്ത്തായാൽ ആദ്യം ഗതാഗതം ഗതിമുട്ടും. റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ വാഹനങ്ങൾ നിശ്ചലമാകുന്നു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നു. ബലാരിഷ്ടതകൾ മാറാത്ത കൊച്ചു ക ച്ചവട സ്ഥാപനങ്ങള്‍ വെള്ളം കയറി നശമാകുന്നു. കടം വാങ്ങിയും വായ്പയെടുത്തും തട്ടിക്കൂട്ടിയ പലരുടെയും ചെറുസംരഭങ്ങളെ മഴ നനഞ്ഞ പടക്കം പോലെയാക്കി. ബാങ്ക് ഗഡുക്കളിൽ ഒപ്പിച്ചെടുത്ത വാഹനങ്ങൾക്കു മുകളിലേക്കാണ് മരുമരങ്ങൾ കടപുഴകി വീഴുന്നതെങ്കിൽ ഇൻഷൂറൻസ് പോലും കിട്ടാത്ത പരുവത്തിലായിരിക്കും.
മഴയ്ക്കൊപ്പം കാറ്റിൻ്റെ അകമ്പടിയുണ്ടായപ്പോൾ കെട്ടിടങ്ങളിൽ തലയെടുപ്പോടെ നിന്ന കൂറ്റൻ ബോർഡുകളും നിലംപൊത്തി. പാതയോരങ്ങളെ ചേതോഹരമാക്കുന്ന ഈന്തപ്പനകളും അടിയിളകി. റോഡിലേക്ക് വീണു വഴിമുടക്കിയ മരത്തടികൾ സ്വദേശികളും വിദേശികളും ഒന്നിച്ച് പൊക്കി മാറ്റിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. മലയോര പ്രദേശമായ റാസൽഖൈമയിലും ഖോർഫുഖാനിലും ഇതു കൂടുതൽ ദൃശ്യമായി. ഷാർജയിലെ ഖാലിദിയ്യയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടികളെ തങ്ങളുടെ ഫോർ വീൽ വാഹനത്തിൽ വീട്ടുപടിക്കൽ എത്തിച്ചത് രണ്ട് സ്വദേശി യുവാക്കളായിരുന്നു.

മഴയില്‍ സഹായ ഹസ്തവുമായി ഷാര്‍ജ പൊലീസ്
ഷാർജയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യക്കാരിയായ പെൺകുട്ടിയെ റോഡിൻ്റെ മറുവശത്തുള്ള മാതാവിൻ്റെ ചാരത്ത് എത്തിക്കാൻ രക്ഷിതാവിനെപ്പോലെ തോളിലെടുത്ത് കൊണ്ടുപോയ ചിത്രം അറബ് സമൂഹമാധ്യമങ്ങളിലും വൈറലായ സ്നേഹ ചിത്രമായിരുന്നു. പ്രതിസന്ധികൾ വരിഞ്ഞുമുറുക്കുമ്പോൾ നിയമപാലകരും നന്മയുള്ള മനുഷ്യരും ഉണർന്ന് പ്രവർത്തിക്കുന്നതാണ് ദുരിതപ്പെയ്ത്തുകളുടെ സമ്മർദങ്ങൾക്ക് അയവ് വരുത്തുന്നത്. മനുഷ്യരുടെ മുഖം മനോഹരമാകുന്ന അനേകം അനർഘനിമിഷങ്ങൾക്കു മഴദിനങ്ങൾ സാക്ഷിയായി.
കാൻസർ രോഗിയെ കരകയറ്റിയ കരുണ
മഴമൂലം മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയ അർബുദ രോഗിക്ക് ഷാർജ പൊലീസിൻ്റെ അതിവേഗ സഹായം ലഭിച്ച വാർത്ത മഴക്കാഴ്ചകളിൽ വേറിട്ട് നിൽക്കുന്നതായി. കിമോതെറാപ്പി അടക്കമുള്ള ചികിത്സയ്ക്കായി ഷാർജ ബുർജീൽ ആശുപത്രിയിലേക്ക് പുറപ്പെട്ട അറബ് കുടുംബം അപ്രതീക്ഷിത ഗതാഗത കുരുക്കിൽ നടുക്കടലിൽ എന്നപോലെ ശ്വാസംമുട്ടി. ദുബായിൽ നിന്നും ഷാർജയിലേക്ക് ചികിത്സയ്ക്ക് പുറപ്പെട്ട ഇവർ മൂന്ന് മണിക്കൂറിലധികമാണ് റോഡിലായത്. പറഞ്ഞ സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ കാൻസർ രോഗിയായ യുവാവ് യാസീൻ തളർന്നു.
സമയം നീളുന്നതിനനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് താഴ്ന്നത് തളർച്ചയുടെ തീവ്രത കൂട്ടി. കൂടെ ഉണ്ടായിരുന്ന ഉമ്മ ലംയാ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. മകൻ്റെ അവസ്ഥ കണ്ട് മാതൃഹൃദയം പിടഞ്ഞു. കാറിൽ ഭക്ഷണമൊന്നും കരുതാത്തതിനാൽ പ്രമേഹരോഗി കൂടിയായ മകൻ്റെ നില ഓരോ നിമിഷവും ഗുരുതരമാകുകയായിരുന്നു.
രണ്ടും കൽപ്പിച്ച് അടിയന്തര സഹായത്തിനായി പൊലീസിനെ വിളിച്ചു. അറ്റമില്ലാത്ത വാഹന നിര മറികടന്ന് നിമിഷ നേരത്തിനകം എല്ലാ അടഞ്ഞ വഴികളും ഭേദിച്ച് പട്രോളിങ് വാഹനം യാസീൻ്റെ വാഹനത്തിനരികിലെത്തി. കൂടെ വൈദ്യസഹായവുമായി ആംബുലൻസും സഹായം നീട്ടി. യാസീനെ ആബുലൻസിലും കുടുംബത്തെ പൊലീസ് പട്രോളിങ് വാഹനത്തിലും കയറ്റി നേരെ ആശുപത്രിയിലേക്ക്. പൊലീസിനെ വിളിച്ച ശേഷം ഇരുപത് മിനിറ്റിനകം ഞങ്ങൾ ആശുപത്രിയിൽ എത്തിയെന്ന് യാസീനിൻ്റെ ഉമ്മ പറഞ്ഞു.’ ഈ രാജ്യത്തിൻ്റെ അവിസ്മരണീയമായ മാനുഷിക പ്രവൃത്തി ‘ എന്നാണ് മാതാവ് പൊലീസിൻ്റെ കടലോളമുള്ള കാരുണ്യത്തെ വിശേഷിപ്പിച്ചത്.

യാസീന്‍ ആശുപത്രിയില്‍ ചികിത്സയില്‍
‘എവിങ് സർകോമ’ എന്ന അപൂർവ അർബുദം യാസീനെ അക്രമിച്ചത് 2024 ൽ ആയിരുന്നു.കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും ഫുട്ബോൾ താരവുമായി ജ്വലിച്ച് നിൽക്കെയാണ് 21 വയസ്സുള്ള അദ്ദേഹത്തെ അർബുദം എല്ലുകളെ ബാധിച്ചത്. ചികിത്സയുടെ ഫലമായി രോഗം ഭേദമായിരുന്നെങ്കിലും ഈ വർഷം രോഗം തിരിച്ചെത്തിയത് ശ്വാസകോശത്തിലായിരുന്നു. ചികിത്സ പുനരാരംഭിക്കാനാണ് ബുർജീൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
കീമോതെറാപ്പിക്കായി ഉച്ചയ്ക്ക് മുൻപ് ദുബായിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട ഇവർക്ക് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായിരുന്നില്ല. നിർണായക ഘട്ടത്തിൽ അതിവേഗ രക്ഷാ സഹായം നൽകിയ പൊലീസിനോടും ആശുപത്രി, ആംബുലൻസ് ജീവനക്കാരോടും നന്ദിയും കടപ്പാടും കുടുംബം അറിയിച്ചു. അഴിയാത്ത ഗതാഗത കുരുക്ക് പൊട്ടിച്ച് രോഗിയുടെ ജീവൻ രക്ഷിച്ച ഷാർജ പൊലീസിൻ്റെ മനുഷ്യത്വ ദൗത്യം ഇപ്പോൾ സമൂഹ മധ്യമങ്ങളിലും വൈറലാണ് .

അടുത്ത മഴപ്പുണ്യം സ്വദേശിയുടെ വീടിൻ്റെ മുന്നിലാണ് കണ്ടത്. നഗരം മുഴുവൻ മഴക്കെടുതിയിലായപ്പോൾ പടച്ചോൻ്റെ ദുനിയാവ് വാഹനം നിർത്തിയിടാൻ കഴിയാതായി. വാടക കൊടുത്ത് പാർക്ക് ചെയ്യുന്ന താമസ കെട്ടിട പാർക്കിങിൽ നിന്നു പോലും സെക്യൂരിറ്റി ജീവനക്കാർ വാഹനം പുറത്തേക്കെടുക്കാൻ നിർദേശിച്ചു. കൂടുതൽ പണം കൊടുത്ത് പലയിടത്തും വാഹനങ്ങൾക്ക് നങ്കൂരമിടേണ്ട സ്ഥിതി. അധിക പണം കൊടുത്തും പാർക്കിങ് ഒരക്കാൻ പെടാപാടുപ്പെട്ടവർ നിരവധി.
ഈ സങ്കീർണതകൾക്കിടയിലാണ് സ്വദേശി പൗരൻ അഹ്മദ് നാസർ ലൂത്ത തൻ്റെ ദുബായ് മുഹൈ സിനയിലെ വീട് ‘സുരക്ഷിത ഇടനാഴി ‘യാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തത്. വെള്ളക്കെട്ടുകളിൽ നിർത്താനാകാത്ത ലഘുവാഹനങ്ങൾക്ക് വീടും പരിസരവും വിട്ട് കൊടുത്ത് അദ്ദേഹം പ്രവാസികളുടെ കാറുകളുടെ കാവൽക്കാരനായി. സ്വദേശികളുടെ പലരുടെയും വലിയ വീടുകൾ ജനങ്ങൾക്ക് അസ്ഥിര കാലാവസ്ഥയിലെ അഭയ കേന്ദ്രമായിരുന്നു. തദ്ദേശീയരായ യുവാക്കൾ കുടുങ്ങിക്കിടന്ന വാഹനങ്ങൾ വലിച്ചെടുത്ത് രക്ഷപ്പെടുത്താൻ മഴ വകവയ്ക്കാതെ നിരത്തുകളിലിറങ്ങുന്നതും പതിവായി. ഒരു വിളി വന്നാൽ കൃതിച്ചോടാൻ പാകത്തിൽ അത്യാഹിത വാഹനങ്ങളും അഹ്മദിൻ്റെ വീട്ടുമുറ്റത്ത് കാത്തിരുന്നു.
മറ്റൊരു കാഴ്ച ഷാർജ എമിറേറ്റിൽ നിന്നായിരുന്നു. കനത്ത മഴ മറികടന്ന പല വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പുഴ പോലെ നിരത്തുകളില്‍ തിരോഭവിച്ചു. ഇതെല്ലാം തപ്പിയെടുത്ത് നിരത്തി വച്ചു ഉടമകൾക്ക് തിരിച്ചുനൽകാൻ സഹായിച്ച മലയാളിയായ സനീഹും മകൾ ഹസ്സയും സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ടവരായി. മുന്നൂറിലധികം നമ്പർ പ്ലേറ്റുകൾ ശേഖരിച്ച ഇവരുടെ വൈറൽ വീഡിയോ പങ്കുവെച്ചതു അറബ് സമൂഹം അത്യുത്സാഹത്തോടെ ആയിരുന്നു. മഴത്തുള്ളികൾ മുകളിൽ നിന്നിറങ്ങുമ്പോൾ ഹൃത്തടങ്ങളിൽ കനിവിൻ്റെ ഉറവയെടുക്കുന്ന മനുഷ്യരുടെ പുണ്യപ്രവൃത്തികളാണ് പ്രവാസത്തിൻ്റെ ജീവൽ സ്പര്‍ശം . മഴ മാറിയാലും മനസ്സിൽ നിന്ന് മാറാത്ത കൗതുക കാഴ്ചകള്‍ക്ക് മഴവില്ലിനേക്കാൾ അഴകുണ്ടായിരുന്നു.
(Photo Courtesy : Emarat Alyoum & Alkhaleej )








