സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -11

കൊടുക്കൽ വാങ്ങലുകൾ

1
കൊല്ലുന്നവൻറെ നെറ്റിമേലും
കാറ്റ് തന്റെ ഇളം കൈയ്യാൽ തലോടും.

2
പാപിയുടെ കാൽപ്പാദങ്ങളേയും
ജലം നിർന്നിമേഷം കഴുകും.

3
പലിശക്കാരൻറെ കൺപീലികളേയും ചന്ദ്രൻ
സ്നിഗ്ധമാം നിലാവിൽ മുക്കിയെടുക്കും.

4
വേട്ടക്കാരൻറെ കാൽച്ചുവട്ടിലും
ഭൂമി തന്നുടെ മാറ് അമർത്തിക്കിടക്കും.

5
മോഷ്ടാവിന്റെ ശരീരത്തേയും
ഇരുട്ട് തന്നാലാവും വിധം ചേർത്തുപിടിക്കും .

അഞ്ചു ദൃഷ്ടാന്തങ്ങൾ !
അവയെ അറിയുക;
നിങ്ങളുടെ പുറങ്കുപ്പായങ്ങളുടെ തിളക്കത്താൽ ചുറ്റുമുള്ളവരുടെ
കണ്ണുമഞ്ഞളിച്ചു പോകാതിരിക്കട്ടെ!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.